November 23 Monday 2026

തിരിച്ചുപിടിക്കേണ്ട അടിത്തറ: ഫാസിസ്റ്റ് വിരുദ്ധ സാമ്പത്തിക ശാസ്ത്രം സംബന്ധിച്ച ചില ആലോചനകൾ

Isabella M. Weber
ഇസബെല്ല വെബർ-ൻ്റെ’ Anti-Fascist Economics: In defence of Affordability, Dignity & Democracy എന്ന പുസ്തകത്തിൻ്റെ വായന.

നവോമി ക്ലെയ്‌നും ആസ്ട്രാ ടെയ്‌ലറും ചേര്‍ന്നെഴുതിയ ‘ _End Times Fascism and The Fight for the Living World’_ എന്ന പുസ്തകം ആരംഭിക്കുന്നത് ഇങ്ങനെയാണ്.
”ശൈത്യകാല കാഠിന്യത്തിനിടയില്‍, ഒരു പര്‍വ്വതശിഖരത്തില്‍, തങ്ങളുടെ സ്വപ്നങ്ങള്‍ പങ്കുവെക്കാനായി ഏതാനുംപേര്‍ ഒത്തുകൂടി. സ്വര്‍ണ്ണപ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന, തിളങ്ങുന്ന ഒരു നഗരത്തെ തങ്ങള്‍ കണ്ടുവെന്ന് അവര്‍ പറഞ്ഞു. അവശിഷ്ടങ്ങള്‍ നിറഞ്ഞ ശൂന്യപ്രദേശങ്ങളില്‍ നിന്നും രക്തം ഒഴുകുന്ന നദികളില്‍ നിന്നും ആ നഗരം ഉയര്‍ന്നു വരും. അവര്‍ വിശദീകരിച്ചു;
സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നതുപോലെ, ഭൂമിക്ക് മുകളില്‍ പൊങ്ങിക്കിടക്കുന്നതായി തോന്നിക്കുന്നത്രയും മനോഹരമായ കെട്ടിടങ്ങളാല്‍ ആ നഗരം നിറഞ്ഞിരിക്കും. അവിടെയുള്ളവര്‍ക്ക് ഒന്നിനും ഒരു കുറവും ഉണ്ടാകില്ല; വയറുനിറയെ ഭക്ഷണവും, രോഗമുക്തി നേടിയ ശരീരങ്ങളും, അത്ഭുതങ്ങള്‍ക്കായി തുറന്നിട്ട മനസ്സുകളും അവര്‍ക്കുണ്ടാകും. അവരെ സുരക്ഷിതമായി കാത്തുസൂക്ഷിക്കാന്‍ സ്‌നേഹപൂര്‍ണ്ണമായ ഒരു നിരീക്ഷണം എപ്പോഴും അവിടെയുണ്ടാകും.
ആ പ്രകാശപൂരിതമായ നഗരത്തില്‍ ആയുധങ്ങളുണ്ടാകില്ല; പകരം, സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായ സമ്പത്തും ഓരോ പ്രവേശന കവാടത്തിലും ഗേറ്റുകളും ഉണ്ടായിരിക്കും. സംഘര്‍ഷഭരിതമായ എല്ലാ രാജ്യങ്ങളിലേക്കും ആ നഗരത്തില്‍ നിന്ന് പ്രകാശവും സമാധാനവും ഒഴുകിയെത്തും. ഈ സ്വപ്നം പങ്കുവെച്ചവരില്‍ ഒരാള്‍, ഭാവിയില്‍ രൂപപ്പെടാനിരിക്കുന്ന ആ നഗരത്തെ ഓര്‍ത്ത് നന്ദി പറയുമ്പോള്‍ കണ്ണീര്‍ അടക്കിപ്പിടിക്കാന്‍ പാടുപെട്ടു.
മറ്റൊരാള്‍, ഈ നഗരം ഉടന്‍ തന്നെ, ഒരുപക്ഷേ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്നു വരുമെന്ന് വാഗ്ദാനം ചെയ്തു. ഈ പ്രവചനത്തെ സാധൂകരിക്കുന്ന, വളരെ വ്യക്തവും ജീവസ്സുറ്റതുമായ ചിത്രങ്ങള്‍ അദ്ദേഹം കാണിച്ചുകൊടുത്തു. ”വിശ്വാസമര്‍പ്പിക്കൂ,” അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു, ”ഉദാരമായി സംഭാവന നല്‍കൂ.” ഈ സ്വപ്നത്തിന് ഒരു പേരുണ്ടെന്നും; അത് ‘ന്യൂ ഗാസ’ (New Gaza) എന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി.”

മുകളില്‍ പറഞ്ഞ കഥ കേവലം സാങ്കല്പികമായ ഒന്നല്ലെന്നും, സ്വിസ് ആല്‍പ്സിലെ ഡാവോസ് എന്ന റിസോര്‍ട്ട് പട്ടണത്തില്‍,
2026 ജനുവരിയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം വാർഷിക ഉച്ചകോടിക്കിടയിലാണ് ഈ സംഭവം നടന്നതെന്നും, ‘ന്യൂ ഗാസ’ എന്ന പേരിൽ ഒരു പറുദീസയെക്കുറിച്ചുള്ള സങ്കൽപനങ്ങൾ
‍ അവതരിപ്പിച്ചവര്‍ ഈ ഉച്ചകോടിയിലെ പ്രതിനിധികളായിരുന്നുവെന്നും ഭക്ഷണ സമൃദ്ധിയും, ‘നൂറു ശതമാനം തൊഴില്‍ ലഭ്യതയും’, എഴുപത്തിയഞ്ച് ചികിത്സാ കേന്ദ്രങ്ങളും, ഇരുന്നൂറ് സ്‌കൂളുകളും വാഗ്ദാനം ചെയ്തവര്‍ അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് പ്രമുഖരും, മിഡില്‍ ഈസ്റ്റിലേക്കുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധികളുമായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ആയിരുന്നുവെന്നും, ഈ പ്രഖ്യാപനം നടത്തുന്നതിനിടയില്‍ വികാരാധീനനായത് വിറ്റ്കോഫ് ആയിരുന്നുവെന്നും ഗ്രന്ഥകാരികള്‍ നമ്മോട് പറയുന്നു.

നവോമി ക്ലെയ്‌നും ആസ്ട്ര ടെയ്‌ലറും നമ്മുടെ മുന്നില്‍ അവതരിപ്പിച്ച ഈ കഥ നമുക്ക് പരിചതമാണ്. മറ്റൊരു കാലത്തും, രാഷ്ട്രീയ സന്ദര്‍ഭത്തിലും ആണെന്നുമാത്രം. 90കളില്‍ ലോകമെങ്ങും നവ ലിബറല്‍ ഇക്കണോമിയുടെ വാഴ്ത്തുപാട്ടുകാര്‍ നമ്മുടെ മുന്നിലേക്ക് എറിഞ്ഞുതന്നതും ഇത്തരമൊരു സങ്കല്പ സ്വര്‍ഗ്ഗം സംബന്ധിച്ച സ്വപ്നങ്ങളായിരുന്നു. ആഗോളമായി തുറന്നുവെക്കപ്പെട്ട ഒരു വിപണിയും, വിപണിയുടെ തടസ്സമില്ലാത്ത സഞ്ചാര സ്വാതന്ത്ര്യവും അതിലൂടെ വിമോചിതനാക്കപ്പെട്ട സ്വതന്ത്ര വ്യക്തിയും സംബന്ധിച്ച സ്വപ്നങ്ങളായിരുന്നു അന്ന് പങ്കുവെക്കപ്പെട്ടത്. നവ ലിബറല്‍ സാമ്പത്തിക പരിഷ്‌കരണത്തിന്റെ നാല് ദശാബ്ദങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആഗോള രാഷ്ട്രീയം എവിടെ എത്തി നില്‍ക്കുന്നുവെന്നതും അതിനെ കൈകാര്യം ചെയ്യുന്നതില്‍ ജനാധിപത്യ പ്രസ്ഥാനങ്ങളും ലിബറല്‍ മൂല്യങ്ങളും പരാജയപ്പെടുന്നതെന്തുകൊണ്ടെന്നും ആലോചനാവിഷയമാക്കുന്നത് ഈയൊരു സന്ദർഭത്തിൽ നന്നായിരിക്കും. അത്തരമൊരു ആലോചനകളിലേക്ക് നമ്മെ നയിക്കുന്ന പുസ്തകങ്ങളിലൊന്നിനെ പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

ജര്‍മ്മന്‍ സാമ്പത്തിക ശാസ്ത്രജ്ഞയും, യൂണിവേര്‍സിറ്റി ഓഫ് മസാച്ചുസെറ്റ്‌സ്, ആംഹെര്‍സ്റ്റ്, അസോസിയേറ്റ് പ്രൊഫസറുമായ ഇസബെല്ല വെബര്‍ (Isabella Weber) എഴുതി, 2026 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച, ‘ _Anti-Fascist Economics: In Defence of Affordability, Dignity and Democracy_ ‘ എന്ന ഗ്രന്ഥമാണ് അത്തരമൊരു അന്വേഷണത്തിന് മുതിരുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങളും ആഗോളവല്‍ക്കരണവും സൃഷ്ടിച്ച കടുത്ത പണപ്പെരുപ്പം, സാമ്പത്തിക അരക്ഷിതാവസ്ഥ, വര്‍ധിച്ചുവരുന്ന അസമത്വം, അമിത കോര്‍പ്പറേറ്റ് കേന്ദ്രീകരണം എന്നിവയ്ക്കിടയിലൂടെ ഫാസിസവും സ്വേച്ഛാധിപത്യവും തഴച്ചുവളരുന്നതെങ്ങിനെയെന്നാണ് ഇസബെല്ല തന്റെ ഗ്രന്ഥത്തിലൂടെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. ഏതാണ്ട് നാല് പതിറ്റാണ്ട് കാലമായി ലോകമെങ്ങും ശക്തമായി സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന വിപണി മൗലികവാദം അടിസ്ഥാന ഉപജീവനമാര്‍ഗ്ഗങ്ങളെ എങ്ങിനെ ഇല്ലാതാക്കുന്നുവെന്നും മനുഷ്യരെ കടുത്ത അരക്ഷിതാവസ്ഥയിലേക്കും ആശ്രിതത്വത്തിലേക്കും നയിക്കുന്നതെങ്ങിനെയെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ – ഭക്ഷണം, പാര്‍പ്പിടം, ഊര്‍ജ്ജം, ഗതാഗതം, ആരോഗ്യ സംരക്ഷണം – ഉറപ്പുവരുത്തുന്ന ഒരു ഫാസിസ്റ്റ് വിരുദ്ധ സാമ്പത്തികശാസ്ത്രം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും അവര്‍ ആഗോള രാഷ്ട്രീയ നേതൃത്വങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. വില സ്ഥിരത, അവശ്യ മേഖലകളിലെ പൊതു താല്‍പ്പര്യങ്ങള്‍, സ്റ്റോക്ക്‌ഹോള്‍ഡിംഗ്, കോര്‍പ്പറേറ്റ് കേന്ദ്രീകരണത്തിനെതിരായ ശക്തമായ ജനാധിപത്യ നിയന്ത്രണം, അന്താരാഷ്ട്ര സഹകരണം എന്നിവ ഇത്തരമൊരു സാമ്പത്തിക ക്രമത്തിന്റെ അടിത്തറയായി വെബര്‍ നിര്‍ദ്ദേശിക്കുന്നു.
ഫാസിസത്തിനെതിരായ ജനാധിപത്യ മുന്നേറ്റങ്ങളും കൂട്ടായ്മകളും കൃത്യമായ രാഷ്ട്രീയ ബദലുകളുടെയും സാമ്പത്തിക നയങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമായി രൂപപ്പെടേണ്ട ഒന്നാണോ എന്ന ചോദ്യത്തിന് ”അല്ല” എന്ന് തന്നെയാണ് ഉറച്ചതും സ്പഷ്ടവുമായ ഉത്തരം. വ്യത്യസ്തങ്ങളായ രാഷ്ട്രീയ ബോധ്യങ്ങളുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയിലൂടെ മാത്രമേ ഫാസിസ്റ്റ് ഭരണ കൂടങ്ങളുടെ അന്ത്യം കുറിക്കാന്‍ സാധിക്കുകയുള്ളൂ എന്നതും വസ്തുതയാണ്. എന്നലതേസമയം, ഫാസിസ്റ്റ് ഭരണക്രമത്തിലേക്ക് നയിക്കുന്നതോ, അതിനെ ഉറപ്പിച്ച് നിര്‍ത്തുന്നതോ ആയ സാമ്പത്തിക വികസന നയങ്ങളെ അടിമുടി പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയോ, പൊളിച്ചെഴുതുകയോ ചെയ്യാതെ അവയുടെ വളര്‍ച്ച തടയാന്‍ സാധിക്കുകയില്ലെന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനും നമുക്ക് കഴിയേണ്ടതുണ്ട്.
അത്തരമൊരു ആലോചനകളിലേക്ക് രാഷ്ട്രീയ നേതൃത്വങ്ങളെയും നയരൂപീകരണ കര്‍ത്താക്കളെയും ജനാധിപത്യവാദികളെയും നയിക്കുന്നു എന്നതാണ് ഇസബെല്ല വെബറിന്റെ ഗ്രന്ഥം നിര്‍വ്വഹിക്കുന്ന ധര്‍മ്മം. ആഗോള സാഹചര്യങ്ങള്‍ക്ക് പൊതുവായി ഉതകുന്ന കുറിപ്പടി അവതരിപ്പിക്കുക എന്നതിനല്ല ഗ്രന്ഥകാരിയുടെ ശ്രമം എന്നത് സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. അടുത്ത മൂന്ന് കുറിപ്പുകളിലൂടെ ഈ പുസ്തകത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.
(തുടരും)

Related