“Pretend I’m on the ballot”എന്ന് പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡൻ്റിന് ജനങ്ങൾ നൽകിയ മറുപടി ട്രംപിസത്തിൻ്റെ ഭക്തർക്കു കൂടിയുള്ള പാഠമാണ്. ഞാനാണ് രാജ്യം /എന്നെ ദൈവം പ്രത്യേകമായി ചുമതലപ്പെടുത്തിയിരിക്കുന്നു തുടങ്ങിയ വാചക കസർത്തുകൾ നടത്തി വരുന്ന നേതാക്കന്മാർക്കുള്ള / യുദ്ധകൊതിയന്മാർക്കുള്ള മറുപടിയാണ് ബഞ്ചമിൻ നെതന്യാഹുവിനും ഡൊണാൾഡ് ട്രംപിനും അവരുടെ ജനത നൽകിയത്.
1946 ന് ശേഷം മൂന്നാമത്തെ തവണയാണ് ഭരണകക്ഷിക്ക് അമേരിക്കൻ ജനസഭയിൽ ഇത്ര വലിയ തിരിച്ചടി സംഭവിക്കുന്നത്. തൻ്റെ തിരിച്ചടിക്കു കാരണം ഇറാനാണ് എന്ന് (Prize of Gasoline) അടി തെറ്റിയ അമേരിക്കൻ പ്രസിഡൻ്റ് തുറന്നു പറയുമ്പോൾ, താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണിരിക്കുന്നു എന്ന് നാട്ടുകാർ സമ്മതിപ്പിക്കുകയായി രുന്നു. 75000 സാധാരണക്കാരായ ഫലസ്തീനികളെ 2023 ഒക്ടോബറിനു ശേഷം കൊലപ്പെടുത്താൻ നേതൃത്വം കൊടുത്ത, 24 ലക്ഷം കോടി രൂപ ചെലവു വന്ന യുദ്ധത്തിൻ്റെ ഉത്തരവാദി, അഴിമതിയുടെ പേരിൽ ജയിലിൽ പോകേണ്ടിയിരുന്ന, മതഭ്രാന്ത രാഷ്ട്രീയത്തിൻ്റെ വക്താവിന്, അധികാരം നഷ്ടപ്പെടും എന്ന് ഇസ്രയേൽ ജനത ഉറപ്പിച്ചു.
സിയോണിസ്റ്റ് മമതയുടെ പേരിൽ ഇറാനിൽ ട്രംപ് നടത്തിയ ആക്രമണത്തിന് അമേരിക്കക്ക് ചെലവ് ഏതാണ്ട് 12500 കോടി ഡോളർ കടന്നു. ഓരോ കുടുംബത്തിനും 2000 ഡോളർ അധിക ബാധ്യത ഉണ്ടാക്കി. ട്രംപ് ഇറാനെ ആക്രമിച്ചതും ഏകദേശം 5000 ആളുകളെ കൊലപ്പെടുത്തികൊണ്ട് ഇറാനെ സാമ്പത്തികമായി തകർക്കാൻ ശ്രമിച്ചുവന്ന യുദ്ധ കൊതിയൻ ട്രംപിന് അമേരിക്കക്കാർ നൽകിയ ശിക്ഷ, സിയോണിസ്റ്റ് -കോർപ്പറേറ്റ് യുദ്ധകൊതിക്കെതിരായ താക്കീതാണ്.
ഇസ്ലാമോഫോബിയയെ കൂട്ടുപിടിച്ച ട്രംപിന് മിഷിഗൻകാർ, അബ്ദുൽ അൽ സഈദിനെ സെനറ്ററാക്കി കൊണ്ട് നാട്ടുകാർ നൽകിയ മറുപടി, ന്യൂയോർക്ക് മേയർ സൊഹ്റാന് മംമ്ദാനിയുടെ വിജയത്തെ ഓർമിപ്പിച്ചു. America’s jihad capital is Dearborn / മിഷിഗൺ എന്നു പറഞ്ഞ് അക്ഷേപിക്കാൻ Wall Street Journal (February 2024) ഉണ്ടായിരുന്നു. അമേരിക്കക്കാരായ മുസ്ലീം വിഭാഗത്തെ, ആര്.എസ്.എസ് -സിയോണിസ്റ്റ് മാതൃകയിൽ വിമർശിക്കാൻ മടി കാട്ടാതിരുന്ന ട്രംപിനെ ഹിസ്പാനികളും കറുത്ത വർഗ്ഗക്കാരും ഇപ്പോൾ കൈ ഒഴിഞ്ഞത് സ്വാഭാവികമാണ്.
വർധിച്ചു വരുന്ന സർക്കാർ കടം കുറയ്ക്കും, യുദ്ധചെലവുകൾ ചുരുക്കും, ഗ്യാസോലൈനിന് വില കുറയ്ക്കും അങ്ങനെ അമേരിക്കയുടെ പ്രതാപം മടക്കി കൊണ്ടുവരും (Make America Great Again), താരിഫുകൾ പരിഹരിച്ച് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കും തുടങ്ങിയ ഉറപ്പുകളാണ് ട്രംപിന് രണ്ടാം അവസരം നൽകിയത്. താൻ അധികാരത്തിൽ എത്തിയാൽ റഷ്യൻ – യുക്രൈന് യുദ്ധം അവസാനിപ്പിക്കും എന്നൊക്കെ വിവരിച്ച ട്രംപിന് എലോൺ മസ്കിനെ പോലെയുള്ള ട്രില്യയർമാരുടെ പിന്തുണയും ലഭിച്ചു.
ഒരു വർഷത്തിനുള്ളിൽ വിലക്കയറ്റം 3.7 ശതമാനം വർധിച്ചു. അമേരിക്കയിലെ ഡീസൽ ചില്ലറ വില, സെപ്റ്റംബറിൽ ഗാലൻ ഒന്നിന് 6.52 ഡോളർ എന്ന റെക്കോർഡ് നിലവാരത്തോളം എത്തി. ഇറാനെതിരായ ആക്രമണം വൻ തിരിച്ചടി ഉണ്ടാക്കി. അമേരിക്കയുടെ കടത്തിൽ 2025 നു ശേഷമുണ്ടായ വർധന 4 ലക്ഷം കോടി ഡോളർ (10 ശതമാനം കുതിപ്പ്). അമേരിക്കക്കാരുടെ ഇൻഷുറൻസ് ചെലവ് വൻ തോതിൽ വർധിച്ചു. ഇൻഷുറൻസ് ഇല്ലാത്തവർ 8.9 ശതമാനത്തിൽ നിന്ന് 11.2 ശതമാനത്തിൽ എത്തി. 1.2 കോടി ആളുകൾ പരിരക്ഷക്ക് പുറത്തായി; കാരണം, പ്രീമിയത്തിൻ്റെ വർധന. താരിഫ് യുദ്ധം അമേരിക്കക്കാരുടെ ചെലവ് കൂട്ടി. 3.38 ലക്ഷം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.
ഏറ്റവും അധികം പണം ചെലവഴിച്ച ഇടക്കാല തെരഞ്ഞടുപ്പിൽ 1200 കോടി ഡോളറാണ് കറങ്ങിയത്. കൂടുതൽ പണവും പാർട്ടിക്കാർക്ക് പുറത്തു നിന്ന് കിട്ടുന്നു (Super Political Action Committees(Super Pacs) രാഷ്ടീയ പാർട്ടികൾക്കും അതിലെ അംഗങ്ങൾക്കും പണം ഇറക്കുന്നതിൽ (political action committees(Pacs)) നിയന്ത്രണമുണ്ട്.S uper Pacs ന് അങ്ങനെ ഇല്ല. ഏറ്റവും കൂടുതൽ പണം ഈ പ്രാവശ്യവും എലോൺ മസ്ക് കൊടുത്തു, 44.5 കോടി ഡോളർ. ക്രിപ്റ്റോ ഗ്രൂപ്പുകൾ , AI മേഖലക്കാർ തുടങ്ങിയവര് പ്രധാന സംഭവാനക്കാരാണ്. ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് ടെലിവിഷന് പരസ്യത്തിനായി. മിഷിഗൺ, ടെക്സാസ്, ഒഹിയൊ, ലോവ, മയിൻ എന്നിവിടങ്ങളിലാണ് പരസ്യത്തിനായി അധികം പണം മുടക്കിയത്. അവിടെ റിപ്പബ്ലിക്കനുകൾ 96 കോടിയും ഡെമോക്രാറ്റുകൾ 63.6 കോടി ഡോളറും ചെലവാക്കി.
തൊഴിലാളി യൂണിയനുകൾ,പഴയ കാല ബാങ്കിംഗ് സംവിധാനങ്ങളായിരുന്നു മുൻകാലങ്ങളിലെ തെരഞ്ഞെടുപ്പിലെ പ്രധാന സംഭാവക്കാർ. ഇപ്പോൾ എലോൺ മസ്ക്, ചൂതാട്ടക്കാർ, AI ഉടമകൾ തുടങ്ങിയവർ പ്രധാന പണം മുടക്കുകാരായി. 2010 നു ശേഷം (സുപ്രീം കോടതി വിധി) തെരഞ്ഞെടുപ്പിൽ Dark Money പ്രധാന പങ്കുവഹിക്കുന്നു . വലിയ സംഭാവനകൾ (40 എണ്ണമെടുത്താൽ) ഏഴ് മടങ്ങാണ് 2014 ന് ശേഷം വർധിച്ചത്. അവരിൽ മൂന്നാളുകൾ ട്രംപിനെ സഹായിക്കുമ്പോൾ, ഒരാളാണ് ഡെമോക്രാറ്റുകളെ സഹായിച്ചത്. Super Pacs സംഭാവനകളുടെ ഉറവിടം തന്നെ രഹസ്യമായി മാറി.
2010 വരെ പ്രതിനിധി സഭ സ്ഥാനാർത്ഥിക്ക് 40.71 ലക്ഷം വരെയും സെനറ്റ് സ്ഥാനാർത്ഥികൾക്ക് 1.30 ലക്ഷം വരെയും ചെലവഴിക്കാൻ അനുവാദം ഉണ്ടായിരുന്നു. ആ നിയന്ത്രണം എടുത്തു കളഞ്ഞതോടെ റിയൽ എസ്റ്റേറ്റ് മുതൽ വിവിധ ചുതാട്ട കമ്പനികളുടെ രാഷ്ട്രീയ സ്വാധീനം വർധിച്ചു. തീവ്ര സിയോണിസ്റ്റ് വാദക്കാരായിയായ അമേരിക്കൻ യഹൂദ വനിത Miriam Adelson 6.7 കോടി ഡോളർ സംഭാവന നൽകിയത് ഇസ്രയേലിന് കൂടുതൽ സഹായങ്ങൾ ട്രംപ് നൽകും എന്ന ഉറപ്പിൻ്റെ ഭാഗമായാണ്.
അമേരിക്കയിലെ തെരഞ്ഞെടുപ്പിൽ ചൂതാട്ടക്കാർക്കും മറ്റ് തീവ്ര വലതുപക്ഷ (സിയോണിസ്റ്റ് ) നിലപാടുകൾ ഉയർത്തി പിടിക്കുന്ന ഗ്രൂപ്പുകൾക്കും പിടിമുറുക്കാനുള്ള അവസരങ്ങൾ വർധിക്കുമ്പോൾ, തെരഞ്ഞെടുപ്പിൽ സാധാരണക്കാരുടെ അവകാശങ്ങളും യുദ്ധ വിരുധ-മതേതര ആശയങ്ങളും അപ്രധാനമാകുകയാണ്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രംഗത്തെ അനാരോഗ്യകരമാക്കാൻ കോർപ്പറേറ്റുകളും തെരഞ്ഞെടുപ്പ് കമീഷനും ഹിന്ദുത്വ രാഷ്ട്രീയവും ഒന്നിക്കുകയാണ്. അമേരിക്കയിലെ ദ്വികക്ഷി സംവിധാനം കൂടുതൽ ജനവിരുധമായി മാറുകയാണ് എന്ന് തെരഞ്ഞെടുപ്പിലെ പണക്കൊഴുപ്പ് ഓർമിപ്പിക്കുന്നു. ഈ പ്രതികൂല ചുറ്റുപാടുകളിലും ട്രംപിസത്തിനും സിയോണിസ്റ്റുകൾക്കും ഉണ്ടായ തിരിച്ചടി ഇവരുടെ ചേരിയിൽ പെട്ട മറ്റ് രാഷ്ട്രീയ നേതാക്കൾക്ക് കൂടിയുള്ള താക്കീതാണ്.
