November 23 Monday 2026

വിഭവ പ്രതിസന്ധിയും വളർച്ചാസക്തിയും: സാമൂഹിക ഉപാപചയം, വിപണി ചംക്രമണം: സാമ്പത്തിക വളര്‍ച്ചയിലെ നിരര്‍ത്ഥക വൃത്തം – ഭാഗം 2

മനുഷ്യന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി പ്രകൃതി വിഭവങ്ങളെ പലവിധത്തില്‍ പരിവര്‍ത്തിപ്പിക്കുന്നതിനെയാണ് സാമ്പത്തിക ഇടപാടുകളായി നാം മനസിലാക്കുന്നതെന്ന് ഹംഗേറിയന്‍ സാമ്പത്തികശാസ്ത്രജ്ഞന്‍ കാള്‍ പോള്യാനി വിശദീകരിക്കുന്നു. (Free Trade and Market in Early Empires; Karl Polyani). മനുഷ്യ നിര്‍മിത സമ്പദ്‌വ്യവസ്ഥയിലെ ഒരു ഉപവ്യവസ്ഥ മാത്രമാണ് പ്രകൃതി എന്ന് നിയോക്ലാസിക്കല്‍ സമ്പദ് ശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നു. പ്രാകൃതിക സേവനങ്ങള്‍ക്ക് അതിനനുസരിച്ചുള്ള മൂല്യം മാത്രമേ അവ കല്‍പിച്ചുനല്‍കുന്നുള്ളൂ. മുന്‍കാലങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‍ക്കിടയില്‍ സ്ഥാനം ലഭിച്ചിരുന്നിട്ടില്ലാത്ത എല്ലാത്തരം വസ്തുക്കളെയും സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചരക്കുല്‍പ്പന്നങ്ങളാക്കി മാറ്റുന്ന പ്രവൃത്തി കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി നാം നടത്തിക്കൊണ്ടിരിക്കുന്നു. കാരണം, നാം വികസിപ്പിച്ചെടുത്ത സാമ്പത്തിക ക്രമത്തിന് നിരന്തരവും ക്രമാതീതവുമായ വളര്‍ച്ച എന്നത് ഒഴിച്ചുകൂടാനാകാത്ത സംഗതിയാണ്. സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഈ വളര്‍ച്ച തികച്ചും ജൈവീകമായ ഒന്നാണ്. അതേസമയം സമ്പദ്‌വ്യവസ്ഥയ്ക്ക് പുറത്തുള്ള ജൈവവ്യവസ്ഥയില്‍ നിരന്തരവും ക്രമാതീതവുമായ വളര്‍ച്ച അര്‍ബ്ബുദം പോലെ മാരകമായ ഒന്നാണെന്ന് നാം തിരിച്ചറിയുന്നു.
ഒരുകാലത്ത് സൗജന്യമായി നമുക്ക് ലഭിച്ചുകൊണ്ടിരുന്ന ഒട്ടനവധി പാരിസ്ഥിതിക സേവനങ്ങള്‍ ഇന്ന് അപ്രത്യക്ഷമാകുന്നതും വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. സാമ്പത്തിക സേവനങ്ങള്‍ കൂടുതല്‍ സുലഭമാകുന്ന മുറയ്ക്ക് പാരിസ്ഥിതിക സേവനങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നതായി നാം അനുഭവിക്കുന്നു. ദൗര്‍ലഭ്യം (Scarcity) സൃഷ്ടിക്കുകയും വിപണിയില്‍ ആവശ്യകത (demand) ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്ന സാമ്പത്തിക തന്ത്രങ്ങള്‍ വിജയം വരിക്കുന്നു. എന്നാല്,‍ പ്രകൃതിയുടെ സ്വാഭാവിക താളങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന ഈയൊരു സാമ്പത്തിക നയങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തുമ്പോഴേക്കും പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്ന കുമിളകളായി മാറുന്നു. ‘നിരന്തരമായ അഭിവൃദ്ധിയും (improvement) പുരോഗതി(progress)യുമെന്ന’ ആദം സ്മിത്തിന്റെ ആശയം നിയോ ക്ലാസിക്കല്‍ സാമ്പത്തികകാരന്മാരന്മാരിലേക്കെത്തുമ്പോഴേക്കും ‘നിരന്തര വളര്‍ച്ച’ (growth) എന്നായി പുനര്‍നിര്‍വ്വചിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
വളര്‍ച്ചാസക്തി (Growth mania)
നിരന്തരവും ക്രമാതീതവുമായ വളര്‍ച്ച എന്നത് സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ് എന്ന് നാം മനസിലാക്കുന്നു. അതുകൊണ്ടുതന്നെ ഭൂമിയുടെ ജൈവീകവും ഭൗതികവും ആയ പരിമിതികള്‍ എന്നത് അതിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒന്നല്ല. പ്രകൃതിവിഭവങ്ങളുടെ ദൗര്‍ലഭ്യം തെറ്റായ കാഴ്ചപ്പാടാണ് എന്ന് വിശ്വസിക്കുന്നവരാണ് നിയോ ക്ലാസിക്കല്‍ സമ്പദ്ശാസ്ത്രകാരന്മാരില്‍ പലരും. തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് അനുരൂപമായ വിധത്തില്‍ പ്രകൃതി വിഭവങ്ങളെയും ദൗര്‍ലഭ്യങ്ങളെയും നിര്‍വ്വചിക്കുവാന്‍ അവര്‍ ശ്രമിക്കുന്നു. ”പ്രകൃതി വിഭവങ്ങള്‍ മനുഷ്യ മനസ്സിന്റെ ഉത്പന്നങ്ങളാണ്. അവയുടെ പരിമിതി എന്ന് പറയുന്നത് ഭൗതികമല്ല, മറിച്ച്, മനുഷ്യാവശ്യങ്ങളെയും സങ്കല്പങ്ങളെയും പ്രശ്‌നപരിഹാരത്തിനുള്ള കഴിവിനെയും അടിസ്ഥാനമാക്കിയുള്ളതാണ്” (R.Judith, 1990).
ഭൗതികവളര്‍ച്ച യാതൊരു തടസ്സങ്ങളും കൂടാതെ തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സമ്പദ്ശാസ്ത്രകാരന്മാര്‍ ശുഭാപ്തിവിശ്വാസികളാകുന്നത്, അപരിമിതമായ ആശയങ്ങളുടെ നിരന്തര പ്രവാഹം സംഭവിക്കുമെന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ”മനുഷ്യ പുരോഗതിയെ മുന്നോട്ടുനയിക്കുന്നതില്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്നത് അറിവാണ് (knowledge)” എന്ന് അവര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതി വിഭവങ്ങളുടെ ദൗര്‍ലഭ്യത്തെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന അടിസ്ഥാന പ്രശ്‌നമായി കാണാന്‍ അവര്‍ തയ്യാറല്ലതന്നെ.
റോബര്‍ട്ട് സോലോവ് പറയുന്നത് ശ്രദ്ധിക്കുക: ”വിഭവ പ്രതിസന്ധി എന്നൊന്ന് തത്വത്തില്‍ ഇല്ല. പ്രകൃതി വിഭവങ്ങളില്ലാതെ തന്നെ ലോകത്തിന് മുന്നോട്ടുപോകാന്‍ സാധിക്കും. അതുകൊണ്ടുതന്നെ (പ്രകൃതി വിഭവങ്ങളുടെ) ക്ഷയം എന്നത് കേവലം ഒരു സംഭവം മാത്രമാണ്. മറിച്ച് അത് ഒരു വിപത്തല്ല”(Robert Solow 1973).
വളര്‍ച്ചയെ അടിസ്ഥാന ദര്‍ശനമായി സ്വീകരിച്ചിരിക്കുന്ന ഒരു വ്യവസ്ഥയ്ക്ക് മുന്നോട്ടുപോകുവാന്‍ ഇത്തരമൊരു ശുഭാപ്തി വിശ്വാസം കൂടിയേ തീരൂ. വളര്‍ച്ച എന്നത് ആധുനിക ലോകത്തിന്റെ മതമായി രൂപപ്പെടുമ്പോള്‍ അതിനോടുള്ള അന്ധമായ വിശ്വാസം പ്രകടിപ്പിക്കുക എന്നത് ഒഴിച്ചുകൂടാനാകാത്തതാണ്. കൂടുതല്‍ ഉത്പാദനം, കൂടുതല്‍ ഉപഭോഗം, കൂടുതല്‍ കൂടുതല്‍ ചരക്കുവല്‍ക്കരണം എന്നിവ അത്തരമൊരു വളര്‍ച്ചാ സിദ്ധാന്തത്തിന് പിന്‍ബലമേകി നിലയുറപ്പിക്കുന്നു. ‘വളര്‍ച്ചാസക്തി’ (growth mania) എന്ന് മിഷാന്‍ വിശേഷിപ്പിക്കുന്നത് ഇതിനെയാണ് (Mishan 1976).
പ്രയോജനത്വം (Utility) എന്ന ആശയത്തെ അളന്നു തിട്ടപ്പെടുത്താന്‍ സാധ്യമല്ല എന്ന വസ്തുത നാം മറന്നുപോകുന്നു. അതോടൊപ്പം തന്നെ മനുഷ്യന്റെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്ക് തടയിടാനോ പരിധി നിശ്ചയിക്കുവാനോ സമൂഹത്തിന് സാധിക്കാതെയും വരുന്നു. നൈതികാടിത്തറയില്‍ കെട്ടിയുയര്‍ത്താത്ത ഒരു സമ്പദ്ശാസ്ത്രം സ്വാഭാവികമായും നേരിടുന്ന ദര്‍ശനപരമായ പ്രതിസന്ധിയായി ഇതിനെ വിലയിരുത്തേണ്ടതുണ്ട്. സമൂഹത്തിന്റെ ഈയൊരു സവിശേഷ സ്വഭാവത്തെ മാക്‌സ് വെബര്‍ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്: ‘കൂടുതല്‍ കൂടുതല്‍ ആവശ്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു സാമൂഹിക സംവിധാനത്തിലാണ് മനുഷ്യന്‍ ഇന്ന് ജീവിക്കുന്നത്, കൂടുതല്‍ കൂടുതല്‍ ആവേശത്തോടെ വളര്‍ച്ചയെ പുല്‍കുന്നവയായി നമ്മുടെ സാമൂഹിക സ്ഥാപനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു’.
എന്തുകൊണ്ടാണിത്?
ഇതിനുള്ള ഉത്തരം കണ്ടെത്തണമെങ്കില്‍ ഇന്ന് ലോകമൊട്ടാകെ മേധാവിത്വം നേടിയിരിക്കുന്ന നിയോക്ലാസിക്കല്‍ സമ്പദ്‌വ്യവസ്ഥയുടെയും നാണയസമ്പദ്‌വ്യവസ്ഥയുടെയും ഉത്ഭവത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും ചില വസ്തുതകള്‍ നാം മനസിലാക്കേണ്ടതുണ്ട്. ആധുനിക സമ്പദ്‌വ്യവസ്ഥ വളര്‍ന്ന് വികസിക്കുന്നതിന് മുമ്പുള്ള സമൂഹങ്ങളെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. അവയുടെ തകര്‍ച്ചകളെയും വളര്‍ച്ചകളെയും കുറിച്ച് അറിയേണ്ടതുണ്ട്. ഇന്ന് നാം എത്തിനില്‍ക്കുന്ന ആധുനിക നാഗരികതയുടെ പ്രതിസന്ധികളെയും പരിമിതികളെയും കുറിച്ച് നാം വസ്തുനിഷ്ഠമായ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.

(അവസാനിച്ചു)

Related