(എഴുത്തച്ഛൻ പുരസ്കാരത്തിന്റെ നിറവിൽ മേതിൽ രാധാകൃഷ്ണന്റെ അപാരമ്പര്യമായ സർഗലോകത്തിലൂടെ ഒരു യാത്ര)
“ആരറിയുന്നു യാമിനീ
ഞാനാമുഷ്ണമാപിനീ”
മേതിൽ രാധാകൃഷ്ണന്റെ ഈ വരികൾക്കുള്ളിൽത്തന്നെയുണ്ട് അദ്ദേഹത്തിന്റെ എഴുത്തിന്റെ അടിസ്ഥാനസ്വഭാവം. പരിചിതമായ ഭാഷയ്ക്കുള്ളിൽ അപരിചിതമായൊരു ലോകം തുറന്നിടുക, നാം ഉറപ്പിച്ചുവെച്ച യാഥാർഥ്യത്തിന്റെ അതിരുകളെ സംശയത്തിലാക്കുക, മനുഷ്യന്റെ പതിവ് അനുഭവപരിധികൾക്കപ്പുറത്തേക്ക് ഭാവനയെ സ്വതന്ത്രമാക്കുക. മേതിലിനെ വായിക്കുമ്പോൾ നാം ഒരു എഴുത്തുകാരന്റെ കഥകളിലൂടെ സഞ്ചരിക്കുകയല്ല ചെയ്യുന്നത്; യാഥാർഥ്യം എന്നു കരുതിയിരുന്ന നമ്മുടെ ലോകത്തിന്റെ അടിത്തറയിൽത്തന്നെ വിള്ളലുകൾ വീഴുന്നതു കാണുകയാണ്. അവിടെ മനുഷ്യൻ മാത്രമല്ല കഥാപാത്രം. പുഴുവും പഴുതാരയും നത്തയും ഉറുമ്പും പക്ഷിയും കല്ലിന്റെ വിള്ളലുകളിൽ ഒളിഞ്ഞിരിക്കുന്ന ജീവനും ഒരുപോലെ അസ്തിത്വത്തിന്റെ അവകാശികളാണ്. വസ്തുക്കൾക്ക് സ്ഥിരമായ രൂപമില്ല. സമയത്തിന് ഒരേയൊരു ദിശയില്ല. സംഭവങ്ങൾക്ക് ഉറപ്പായ പരിണതിയില്ല. ഭാഷയ്ക്കുപോലും നാം കൽപ്പിച്ചുനൽകിയ അർത്ഥങ്ങളുടെ അതിരുകളില്ല. അതുകൊണ്ടുതന്നെ മേതിലിന്റെ സാഹിത്യം വായനക്കാരനെ ആശ്വസിപ്പിക്കുന്നില്ല; അയാളെ ഉണർത്തുകയും അസ്വസ്ഥനാക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നു.
രണ്ടു നൂറ്റാണ്ടുകൾക്കു മുൻപ്, മാന്ത്രികവിദ്യയുടെ ചരിത്രത്തിൽ ലൂയി കോംറ്റെ എന്ന ഫ്രഞ്ച് മജീഷ്യൻ തന്റെ തൊപ്പിയുടെ ശൂന്യതയിൽനിന്ന് ഒരു മുയലിനെ പുറത്തെടുത്തപ്പോൾ കാണികൾ അത്ഭുതപ്പെട്ടെങ്കിലും ഭയപ്പെട്ടില്ല. ശൂന്യതയിൽനിന്ന് ദ്രവ്യമുണ്ടാകുന്ന അത്ഭുതത്തിന് മാന്ത്രികന്റെ മധ്യസ്ഥതയുള്ളതിനാൽ അതിൽ അസ്വാഭാവികതയില്ലായിരുന്നു. എന്നാൽ ദുരൂഹതയുണ്ടാകുന്നത് മാന്ത്രികന്റെ നിയന്ത്രണം വിട്ട് സ്വതന്ത്രമാകുന്ന മന്ത്രവിദ്യകളിലാണ്. അങ്ങാടി പിരിയുന്ന സന്ധ്യയ്ക്ക് മൈതാനിയിലെത്തിയ മേതിലിന്റെ കഥയിലെ തെരുവ് മാന്ത്രികനെ ഓർക്കുക. അന്തരീക്ഷത്തിലേക്ക് ഒരു കയർ എറിഞ്ഞ് വടിപോലെ നിർത്തിയിട്ട്, തന്റെ സഹായിച്ചെറുക്കനെ അതിലൂടെ ആകാശത്തേക്ക് കയറ്റിക്കൊണ്ടാണ് അയാൾ മായാജാലം ആരംഭിക്കുന്നത്. കാഴ്ചക്കാരുടെ ചുണ്ടുകൾ ‘ഓ’ എന്നൊരു ആശ്ചര്യചിഹ്നത്തിന്റെ ജ്യാമിതീയരൂപം സ്വീകരിക്കുന്നു. എന്നാൽ യഥാർത്ഥ വിസ്മയം ആരംഭിക്കുന്നത് അതിനുശേഷമാണ്. ജാലവിദ്യ പാതിവഴിയിൽ നിർത്തി, കയറിനെ അന്തരീക്ഷത്തിൽ ഉപേക്ഷിച്ച് മാന്ത്രികൻ സ്ഥലം വിടുന്നു. കയറിലൂടെ കയറിപ്പോയ ബാലൻ തിരിച്ചെത്തുന്നില്ല. കയർ മാത്രം ആകാശത്ത് അവശേഷിക്കുന്നു. റോപ്പ് ട്രിക്കിന്റെ പതിവനുസരിച്ച് ബാലൻ തിരിച്ചിറങ്ങേണ്ടതായിരുന്നു; മാന്ത്രികൻ തന്റെ തൊപ്പി ഉയർത്തി കാണികളുടെ ആശ്ചര്യത്തിന്റെ നാണയത്തുട്ടുകൾ സ്വീകരിക്കേണ്ടതുമായിരുന്നു. എന്നാൽ അതൊന്നും സംഭവിക്കുന്നില്ല. അടിയിൽ കുത്തില്ലാത്തൊരു ആശ്ചര്യചിഹ്നം പോലെ കയർ മാത്രം അന്തരീക്ഷത്തിൽ തൂങ്ങിനിൽക്കുന്നു. ഏതു സ്ഥലകാലത്തിന്റെ അതിരിലാണ് ആ മായാജാലം അവസാനിച്ചത് എന്നറിയാതെ കാണികൾ കൂടുതൽ ദുരൂഹതയിലേക്കു വീഴുന്നു.
മേതിലിന്റെ മാന്ത്രികത ഇതാണ്. സാധാരണ മജീഷ്യൻ അത്ഭുതം കാണിച്ച് അതിന്റെ നിയന്ത്രണം കൈവശംവെക്കുന്നു. മേതിലിന്റെ മാന്ത്രികൻ അത്ഭുതത്തെ സ്വതന്ത്രമാക്കി ഉപേക്ഷിക്കുന്നു. അതോടെ കാണി വെറും കാണിയല്ലാതാകുന്നു. കയറിന്റെ അറ്റം തേടേണ്ടിവരുന്ന അന്വേഷണിയായി അയാൾ മാറുന്നു. കഥയിലെ ആ തുരുമ്പിച്ച ചോദ്യചിഹ്നം അസഹനീയമായി തോന്നിയ ഒരു കാണി രാത്രിയിൽ മാന്ത്രികൻ ഉപേക്ഷിച്ച കയറിലൂടെ കയറിച്ചെല്ലുന്നത് നടപ്പുഭൗതിക നിയമങ്ങൾ ബാധകമല്ലാത്ത മറ്റൊരു ലോകത്തേക്കാണ്. മാന്ത്രികന്മാർ തൊപ്പിയിലിട്ട് കാണാതാക്കുന്ന മുയലുകളും ചെപ്പും പന്തും കളിയിൽ അപ്രത്യക്ഷമാകുന്ന പന്തുകളും അവിടെ തങ്ങിനിൽക്കുന്നു. ഒരു പന്ത് ഇല്ലാതാകുകയും മറ്റൊരു ലോകത്ത് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. മാന്ത്രികന്റെ പ്രകടനം അവസാനിച്ചിട്ടും മായാജാലം അവസാനിക്കുന്നില്ല. അതാണ് മേതിലിന്റെ കഥയുടെ യഥാർത്ഥ തുടക്കം.
രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പുള്ള മാന്ത്രികവിദ്യയുടെ ഈ രൂപകം മേതിലിന്റെ രചനാലോകത്തെ മനസ്സിലാക്കാനുള്ള ഒരു താക്കോലാണ്. അദ്ദേഹത്തിന്റെ കഥകളിൽ ദ്രവ്യത്തിന് ഉറപ്പായ അസ്തിത്വമില്ല. അലമാരയെന്നു കരുതി ലംബമായി നിർത്തിയ ഒരു പെരുന്തച്ചൻ പെട്ടി നിലംപതിച്ച് തിരശ്ചീനമാകുമ്പോൾ ശവപ്പെട്ടിയായി മാറുന്നു. അതിനുള്ളിൽ കുടുങ്ങിയ ഈർച്ചക്കാരൻ മൂന്നാം നാൾ ഹൗഡിനിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുന്നു. ഒരേ വസ്തുവിന് രണ്ട് രൂപങ്ങൾ, ഒരേ സംഭവത്തിന് ഒന്നിലധികം സാധ്യതകൾ. മേതിലിന്റെ സംഭവങ്ങളിലെല്ലാം മുട്ടിയുരുമ്മി ഒരു ഷ്രോഡിങ്ങറുടെ പൂച്ച മുരണ്ടുനടക്കുന്നുണ്ട്. നിരീക്ഷിക്കപ്പെടുന്നതുവരെ ഒരേസമയം പല സാധ്യതകളിൽ നിലനിൽക്കുന്ന അസ്തിത്വത്തെക്കുറിച്ചുള്ള ശാസ്ത്രീയ സങ്കൽപ്പം മേതിലിന്റെ ഭാവനയിൽ സാഹിത്യാനുഭവമായി മാറുന്നു. ഇതേ അനിശ്ചിതത്വം വാക്കുകളിലും പ്രവർത്തിക്കുന്നു. അടുത്തിടെ അദ്ദേഹം എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് തന്നെ നോക്കുക: ഇവിടെ ഒരു വവ്വാൽ ഇല്ല. വായനക്കാരൻ വരിയുടെ അറ്റത്ത് പ്രതീക്ഷിക്കുന്ന വവ്വാലിനെ ശീർഷകംതന്നെ നിഷേധിക്കുന്നു. ഇല്ലായ്മയെക്കുറിച്ചുള്ള പ്രഖ്യാപനം വായനക്കാരന്റെ മനസ്സിൽ ഇല്ലാത്തതിന്റെ സാന്നിധ്യം സൃഷ്ടിക്കുന്നു. ഇല്ലാത്ത വവ്വാലിനെ തിരയാൻ വായനക്കാരൻ നിർബന്ധിതനാകുന്നു. ഇതൊരു ഷ്രോഡിങ്ങർ വാക്യമാണ്. വാക്കുകൾ ഇവിടെ വസ്തുക്കളെ അടയാളപ്പെടുത്തുന്നവ മാത്രമല്ല; സാന്നിധ്യവും അസാന്നിധ്യവും തമ്മിലുള്ള അതിർത്തിയിൽ നടത്തുന്ന മാന്ത്രികപ്രവർത്തനങ്ങളാണ്.
മേതിലിന്റെ കഥകളിൽ അസാധാരണത്വം സംഭവങ്ങളുടെ വിചിത്രതയിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു പൊതുഫോൺ ബൂത്തിലെ തൂങ്ങിക്കിടക്കുന്ന നിശ്ശബ്ദമായ റിസീവർ, സൈറൺ മുഴക്കുന്ന അഗ്നിശമനസേനാ വാഹനത്തേക്കാൾ ഭയപ്പെടുത്തുന്നതാകാം. ഒരു വാതിലിന്റെ വിജാഗിരിയിൽനിന്ന് ഉയരുന്ന നേരിയ ശബ്ദം പ്രാവിന്റെ കുറുകലായി മാറാം. ഒരു മൂർഖൻ പാമ്പ് കൊത്തുന്നതിനു തൊട്ടുമുമ്പ് പത്തി പിൻവലിക്കുന്ന നിമിഷത്തിൽ ജീവന്റെ ഭയവും ആക്രമണവും ഒരുമിച്ചു പ്രത്യക്ഷപ്പെടാം. ജൂൺ മാസത്തിന്റെ വിശപ്പ് ജൂലൈയുടെ കക്ഷത്തിൽ ശമിക്കുന്നതുപോലുള്ള അസാധാരണമായ ഭാഷാചിത്രങ്ങൾ കാലത്തെ ശരീരാനുഭവമാക്കി മാറ്റുന്നു. ഒരു വീഞ്ഞുകുപ്പിക്കുള്ളിൽ ഭൂഖണ്ഡങ്ങളുടെ ചരിത്രകാലം അടച്ചുവെക്കപ്പെടുന്നു. വേനലിൽ വരയുള്ള കുതിരയുടെ പാർശ്വത്തിൽനിന്ന് ചെസ്സിലെ കരുക്കൾ ഉരുകിവീഴുന്നതുപോലുള്ള ദൃശ്യങ്ങൾ യാഥാർഥ്യത്തിന്റെ പരിചിതമായ ക്രമത്തെ തകർക്കുന്നു. ഇവയെല്ലാം ഭാവനയുടെ വിചിത്രമായ അഭ്യാസങ്ങളായി മാത്രം വായിച്ചാൽ മേതിലിന്റെ എഴുത്തിന്റെ ആഴം നഷ്ടപ്പെടും. ഈ ചിത്രങ്ങൾ വായനക്കാരന്റെ അനുഭവലോകത്തെ പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്.
അദ്ദേഹത്തിന്റെ ഭാഷ വായനക്കാരന് ഒരു ദൃശ്യം കാണിച്ചുകൊടുക്കുന്നില്ല; അയാളെ ആ ദൃശ്യത്തിന്റെ സംവിധായകനാക്കുന്നു. കാഴ്ചയുടെ ഫ്രെയിം എവിടെ തുടങ്ങണം, വെളിച്ചം എവിടെ പതിക്കണം, ഏത് ശബ്ദമാണ് ദൃശ്യത്തിന്റെ അർത്ഥം മാറ്റുന്നത്, ഏത് നിശ്ശബ്ദതയാണ് സംഭവത്തെക്കാൾ വലിയതാകുന്നത് എന്നെല്ലാം വായനക്കാരൻ തന്നെ തീരുമാനിക്കണം. ശൈലജയും ലാറസ് പക്ഷികളും ഒരു കഥയുടെ സഹകഥാപാത്രങ്ങളായി മാറുമ്പോൾ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അതിർത്തി മങ്ങുന്നു. ഒരു കസേരയുടെയോ വാതിലിന്റെയോ ശബ്ദം മറ്റൊരു ജീവിയുടെ സാന്നിധ്യത്തെ ഓർമ്മിപ്പിക്കുന്നു. ഒരു നിമിഷത്തെ ദൃശ്യം മറ്റൊരു കാലത്തിന്റെ ഓർമയിലേക്ക് തുറക്കുന്നു. മേതിലിന്റെ വാക്യങ്ങൾ അർത്ഥം വിളമ്പുന്ന പാത്രങ്ങളല്ല; വായനക്കാരന്റെ ഭാവനയ്ക്ക് പ്രവർത്തിക്കാനുള്ള ഇടങ്ങളാണ്.
അതുകൊണ്ടാണ് മേതിലിന്റെ എഴുത്ത് ഭൂരിപക്ഷത്തിന്റെ ആസ്വാദനശീലങ്ങളുമായി എളുപ്പത്തിൽ ഒത്തുപോകാത്തത്. കഥയ്ക്ക് പരിചിതമായ തുടക്കവും വികാസവും പരിണതിയും വേണമെന്ന് കരുതുന്ന വായനക്കാരന് അദ്ദേഹത്തിന്റെ രചനകൾ പലപ്പോഴും അസ്വസ്ഥതയുണ്ടാക്കും. കാരണം, അയാൾ തയ്യാറാക്കിയ അർത്ഥം വായനക്കാരന് കൈമാറുന്നില്ല. അർത്ഥനിർമാണത്തിന്റെ അധ്വാനം വായനക്കാരനെ ഏൽപ്പിക്കുന്നു. കെ.പി. അപ്പൻ മേതിലിന്റെ എഴുത്തിനെ വിശേഷിപ്പിച്ച ‘അപാരമ്പര്യത്തിന്റെ ഊർജപ്രവാഹം’ എന്ന പ്രയോഗം ഈ സന്ദർഭത്തിൽ കൂടുതൽ പ്രസക്തമാകുന്നു. അത് പാരമ്പര്യത്തെ നിഷേധിക്കുന്നതിന്റെ പേരിലുള്ള പുതുമയല്ല; പാരമ്പര്യം നിർമ്മിച്ച വായനാശീലങ്ങളുടെ അതിരുകൾക്കപ്പുറത്തേക്ക് ഭാഷയെ കൊണ്ടുപോകുന്ന സർഗാത്മക ഊർജമാണ്. ഭൂരിപക്ഷത്തിന്റെ സൗന്ദര്യബോധവും ആധിപത്യം പുലർത്തിയ വിമർശനരീതികളും ദീർഘകാലം ശ്രദ്ധിക്കാതെ പോയ ഒരു എഴുത്തുകാരനാണ് മേതിൽ. എന്നാൽ അദ്ദേഹം എഴുതിയത് എല്ലാവരും ഒരേപോലെ ആസ്വദിക്കണമെന്ന പ്രതീക്ഷയിലല്ല. വായനയെ ഒരു ബൗദ്ധികവും സൗന്ദര്യാത്മകവുമായ അധ്വാനമായി കാണുന്ന ചെറിയൊരു വായനാസമൂഹത്തിനുവേണ്ടിയാണ്.
മേതിലിനെ വായിക്കുമ്പോൾ വായനക്കാരന്റെ സന്തോഷത്തിന്റെ കർത്താവും കർമ്മവും ക്രിയയും വായനക്കാരൻ തന്നെയാണെന്ന ബോധം ഉണ്ടാകുന്നു. അദ്ദേഹത്തിന്റെ രചനകളിലെ ആന്തരിക ഘടന ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനെപ്പോലെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന നിരവധി ഘടകങ്ങൾകൊണ്ട് നിർമ്മിതമാണ്. അതിനെ ഒറ്റനോട്ടത്തിൽ മനസ്സിലാക്കാനാവില്ല. ഒരു കുട്ടി കളിപ്പാട്ടം അഴിച്ചുനോക്കി അതിന്റെ ഉള്ളിലെ പ്രവർത്തനരീതി കണ്ടെത്തുന്നതുപോലെ വായനക്കാരൻ ഓരോ വാക്യവും ചിത്രവും സൂചനയും ക്ഷമയോടെ പരിശോധിക്കണം. ആ അധ്വാനത്തിനൊടുവിൽ ലഭിക്കുന്നതാണ് മേതിലിന്റെ വായനയുടെ ആനന്ദം. ക്ലാസ് മുറികളിൽ പഠിപ്പിച്ചെടുത്ത പാഠങ്ങളുടെ ഫലമല്ല അദ്ദേഹത്തിന്റെ എഴുത്തിലെ പല ചിത്രങ്ങളും. അസാധാരണമായ ഭാവനാചാട്ടങ്ങളിൽനിന്ന് പിറന്നവയാണ്. അവയെ വിശദീകരണത്തിന്റെ ചട്ടക്കൂടിൽ അടച്ചിടാൻ ശ്രമിക്കുമ്പോൾ അവയുടെ ജീവൻ നഷ്ടപ്പെടും.
ഈ സർഗാത്മകതയുടെ മറ്റൊരു വലിയ തലമാണ് മനുഷ്യകേന്ദ്രിതമല്ലാത്ത അദ്ദേഹത്തിന്റെ പ്രകൃതിദർശനം. മനുഷ്യൻ ലോകത്തിന്റെ കേന്ദ്രമാണെന്നും പ്രകൃതി മനുഷ്യന്റെ ആവശ്യങ്ങൾക്കായി നിലനിൽക്കുന്നുവെന്നും കരുതുന്ന പതിവ് കാഴ്ചപ്പാടിനെ മേതിൽ നിരന്തരം ചോദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ കഥകളിൽ പുഴുക്കൾക്കും പഴുതാരകൾക്കും നത്തകൾക്കും ഉറുമ്പുകൾക്കും മീനുകൾക്കും സ്വന്തം ജീവിതവും ചരിത്രവും സമയവുമുണ്ട്. മീൻ ഒരു ജീവി മാത്രമല്ല; ആഴങ്ങളുടെ സവിശേഷ ഗന്ധം കൂടിയാണ്. ഉപേക്ഷിക്കപ്പെട്ട പുറന്തോടുകൾ തിരിച്ചുപിടിക്കാൻ ഉറുമ്പുകൾ നടത്തുന്ന ഘോഷയാത്ര ഒരു ജീവലോകത്തിന്റെ സാമൂഹികപ്രവർത്തനമായി മാറുന്നു. പഴുതാരയുടെ ജീവചരിത്രം ഉറക്കത്തിനെതിരായ ജാഗ്രതയുടെ ചരിത്രമാണ്. അത് പിസാ ഗോപുരംപോലെ ചെരിഞ്ഞുനിൽക്കുന്ന ശരീരത്തിലൂടെ സ്വന്തം നിലനിൽപ്പിന്റെ ഭാരം വഹിക്കുന്നു. പാറകളിലെ വിള്ളലുകൾക്കുള്ളിൽ മറ്റൊരു ഭൂഗർഭജീവിതത്തിന്റെ പ്രവേശനകവാടങ്ങൾ തുറക്കുന്നു. എഴുത്തുകാരൻ ഒരു സംവേദനക്ഷമമായ ഉരഗത്തെപ്പോലെ ഭൂമിയുടെ അടിയൊഴുക്കുകൾ തിരിച്ചറിയുന്നു.
മനുഷ്യൻ എഴുതിയ ചരിത്രത്തിൽ ഇടംനേടാത്തവരുടെ ജീവിതത്തെക്കുറിച്ചും മേതിലിന് താൽപര്യമുണ്ട്. പിടിച്ചുപറിക്കാരന്റെയും ലൈംഗികത്തൊഴിലാളിയുടെയും വെടിയേറ്റുവീണ മനുഷ്യന്റെയും ചരിത്രത്തോടൊപ്പം മനുഷ്യനല്ലാത്ത ജീവികളുടെ നിലനിൽപ്പും അവിടെ കടന്നുവരുന്നു. ഒരു നത്തയുടെ പുറന്തോടിൽ കാലത്തിന്റെ ശബ്ദമുണ്ട്. ഒരു പരുക്കേറ്റ മൃഗം സ്വന്തം രക്തത്തുള്ളികൾ പതിഞ്ഞ വഴിയിലൂടെ മുറിവിന്റെ ഉറവിടം തേടി തിരിച്ചുനടക്കുമ്പോൾ അത് ഒരു ജീവിയുടെ അതിജീവനശ്രമം മാത്രമല്ലാതാകുന്നു. സ്വന്തം നാശത്തിന്റെ കാരണത്തെ അന്വേഷിക്കുന്ന ജീവന്റെ ദുരന്തചിത്രമായി അത് മാറുന്നു. ആ വഴിയിൽ മനുഷ്യനും പ്രതിക്കൂട്ടിലാകുന്നു. വികസനം, അധികാരം, വേട്ട, അധിനിവേശം തുടങ്ങിയ മനുഷ്യനിർമിത വ്യവസ്ഥകൾക്കു പുറത്തുനിന്ന് ലോകത്തെ കാണാനുള്ള അപൂർവമായ ഒരു ജൈവരാഷ്ട്രീയബോധമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
മാർക്സിസത്തെക്കുറിച്ചുള്ള മേതിലിന്റെ നിരീക്ഷണങ്ങളും ഈ ലോകബോധത്തിന്റെ ഭാഗമാണ്. മനുഷ്യചരിത്രത്തെ മനോഹരമാക്കാൻ ചരിത്രത്തിന് സൗന്ദര്യവർധക ശസ്ത്രക്രിയ നടത്തിയ മഹാനായ മനുഷ്യനെന്ന നിലയിൽ മാർക്സിനെ അംഗീകരിക്കുമ്പോഴും, മനുഷ്യനെ കേന്ദ്രമാക്കിയുള്ള ചരിത്രവായനയുടെ പരിമിതികളെ അദ്ദേഹം ചോദ്യം ചെയ്യുന്നു. പ്രാണികൾക്കുവേണ്ടി വിപ്ലവം നടത്താൻ ആരുമില്ലെന്ന നിരീക്ഷണം ഒരു തമാശയല്ല. വിപ്ലവത്തിന്റെ ഭാഷയിൽനിന്നുപോലും പുറത്താക്കപ്പെട്ട ജീവികളുടെ രാഷ്ട്രീയ അദൃശ്യതയെക്കുറിച്ചുള്ള ഗൗരവമുള്ള ചോദ്യമാണ്. ഇത് മാർക്സിനെ നിരാകരിക്കുന്നതോ ആരാധിക്കുന്നതോ അല്ല; മനുഷ്യന്റെ വിമോചനത്തെക്കുറിച്ചുള്ള ചിന്തയിൽനിന്ന് മനുഷ്യനപ്പുറമുള്ള ജീവലോകം എങ്ങനെ പുറത്തായി എന്ന അന്വേഷണം കൂടിയാണ്. എല്ലാ മനുഷ്യസമൂഹങ്ങളും ഇല്ലാതായാലും ഒരു പുഴുവിന്റെ നിലനിൽപ്പിന് അർത്ഥമുണ്ടാകുമോ എന്ന ചോദ്യം മേതിലിന്റെ ഭൂമിരാഷ്ട്രീയത്തെ കൂടുതൽ വിശാലമാക്കുന്നു.
അദ്ദേഹത്തിന്റെ ലോകത്ത് ഒരു ഞാഞൂലിന് നൂറു വാക്കുകളുണ്ട്. നൂറു ഞാഞൂലുകളുടെ വളയങ്ങളണിഞ്ഞ വധുവിനെപ്പോലുള്ള സങ്കൽപ്പങ്ങൾ മനുഷ്യന്റെ സൗന്ദര്യബോധത്തെ മാത്രമല്ല, ഭാഷയുടെ അധികാരത്തെയും ചോദ്യം ചെയ്യുന്നു. മനുഷ്യൻ പ്രകൃതിയെ വർഗീകരിക്കുകയും പേരിടുകയും അതിന്റെ നിലനിൽപ്പിനെ സ്വന്തം അറിവിന്റെ പരിധിയിൽ ഒതുക്കുകയും ചെയ്യുന്നു. എന്നാൽ മനുഷ്യന് അറിയാത്തതുകൊണ്ട് മറ്റൊരു ജീവിയുടെ ലോകം ഇല്ലാതാകുന്നില്ല. മനുഷ്യന്റെ ഭാഷയിൽ പേരില്ലാത്ത ജീവികൾക്കും സ്വന്തം അനുഭവലോകമുണ്ട്. മനുഷ്യൻ ഭൂമിയുടെ ഉടമസ്ഥനല്ല, അതിലെ അനേകം ജീവിവർഗങ്ങളിൽ മറ്റൊരു സ്പീഷീസ് മാത്രമാണ് എന്ന ബോധം മേതിലിന്റെ രചനകളുടെ ആന്തരിക രാഷ്ട്രീയമായി മാറുന്നു. രാഷ്ട്രം, മതം, വർഗം, വംശം, പ്രത്യയശാസ്ത്രം എന്നിവ മനുഷ്യൻ നിർമിച്ച അതിരുകളാണ്. ഭൂമിയുടെ ചരിത്രം ഈ അതിരുകളേക്കാൾ പഴക്കമുള്ളതും അവയെ അതിജീവിക്കുന്നതുമാണ്. മനുഷ്യന്റെ ദേശീയതകൾ ഇല്ലാതായാലും ഒരു പുഴുവിന്റെ ജീവിതം തുടരും. ആ ജീവിതത്തിനും അതിന്റേതായ രാഷ്ട്രീയം ഉണ്ടായിരിക്കും.
സംഗീതം ഒരു സമയകലയാണ് എന്ന കഥയിലെ പ്ലേഗ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഭൂമധ്യരേഖയിൽ നിരത്തിവെച്ചാൽ ദൂരെനിന്ന് അത് ശനിയുടെ വളയങ്ങൾപോലെ തോന്നുമെന്ന സങ്കൽപ്പം മേതിലിന്റെ ഭാവനയുടെ മറ്റൊരു വിസ്മയമാണ്. മനുഷ്യദുരന്തത്തെ ഒരു പ്രപഞ്ചദൃശ്യമായി മാറ്റുന്ന ആ വാക്യത്തിന്റെ പിന്നാലെ, പ്ലേഗിൽ ചത്ത എലികളെ മനുഷ്യരുടെ കണക്കെടുപ്പിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന ഓർമ്മപ്പെടുത്തൽ വരുന്നു. ഒരു നിമിഷം മുമ്പ് മനുഷ്യദുരന്തത്തിന്റെ പ്രപഞ്ചസൗന്ദര്യത്തിൽ വിസ്മയിച്ചിരുന്ന വായനക്കാരൻ അടുത്ത നിമിഷം സ്വന്തം അറിവിന്റെ മനുഷ്യകേന്ദ്രിതമായ അടിത്തറയെ ചോദ്യം ചെയ്യേണ്ടിവരുന്നു. മനുഷ്യന്റെ മരണം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നു; അതേ ദുരന്തത്തിൽ മരിച്ച എലികളുടെ മരണം കണക്കിൽപോലും വരുന്നില്ല. ഇവിടെ മേതിൽ ഒരു ജീവിയെ മറ്റൊന്നിനേക്കാൾ ഉയർന്നതോ താഴ്ന്നതോ ആയി സ്ഥാപിക്കുന്നില്ല. ജീവന്റെ അസ്തിത്വത്തെ മനുഷ്യന്റെ അളവുകോലിൽ മാത്രം അളക്കാനാവില്ലെന്ന ബോധമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.
ഇതേ കഥയിലെ മറ്റൊരു ദൃശ്യം മേതിലിന്റെ രൂപബോധത്തിന്റെ പ്രത്യേകത വ്യക്തമാക്കുന്നു. ഇരുട്ടിൽ കിടക്കുന്ന ഒരു കെട്ടിടത്തിന്റെ മരക്കമ്പികളിൽ ജീപ്പിന്റെ ഹെഡ്‌ലൈറ്റ് പതിക്കുമ്പോൾ, മുറിക്കുള്ളിൽ ഒരു സീബ്ര ഓടുന്നതുപോലുള്ള ദൃശ്യം രൂപപ്പെടുന്നു. പുറത്തുള്ള വെളിച്ചവും അകത്തുള്ള ഇരുട്ടും മരക്കമ്പികളും ചേർന്ന് ഒരു അസാധ്യമായ ജീവിയെ സൃഷ്ടിക്കുന്നു. ഇത് കേവലം വാക്കുകളുടെ സൗന്ദര്യപ്രയോഗമല്ല. വെളിച്ചവും ഇരുട്ടും വസ്തുവും കാഴ്ചയും തമ്മിലുള്ള ബന്ധത്തെ പുനർനിർമിക്കുന്ന രചനാരീതിയാണ്. മേതിലിന്റെ രൂപബോധം അലങ്കാരപരമായ സൗന്ദര്യവാദത്തിൽ ഒതുങ്ങുന്നില്ല; കാഴ്ചയുടെ പിന്നിലുള്ള അസ്തിത്വത്തെയും അതിന്റെ അനിശ്ചിതത്വത്തെയും അന്വേഷിക്കുന്നു.
ഇത്തരം രചനകളുടെ മുന്നിൽ വായനക്കാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, താൻ ഇതുവരെ ലോകത്തെ മനസ്സിലാക്കിയിരുന്ന രീതിയെ ഉപേക്ഷിക്കേണ്ടിവരുന്നു എന്നതാണ്. മനുഷ്യന്റെ അനുഭവമാണ് ലോകത്തിന്റെ കേന്ദ്രമെന്ന വിശ്വാസം, പ്രകൃതിയിലെ ഓരോ വസ്തുവിനും സ്ഥിരമായ രൂപമുണ്ടെന്ന ഉറപ്പ്, ഭാഷയിലെ ഓരോ വാക്കിനും ഒരേയൊരു അർത്ഥമേയുള്ളൂ എന്ന ധാരണ, കഥകൾക്ക് നിർബന്ധമായും ഒരു പരിണതിയുണ്ടാകണമെന്ന പ്രതീക്ഷ—ഇവയെല്ലാം മേതിൽ പതുക്കെ അഴിച്ചുവിടുന്നു. അദ്ദേഹത്തിന്റെ കഥകൾ വായിച്ചുതീരുമ്പോൾ കഥയിലെ സംഭവങ്ങൾ മാത്രം ഓർമയിൽ നിൽക്കുന്നില്ല; സ്വന്തം കാഴ്ചപ്പാടിന്റെ പരിമിതികളെക്കുറിച്ചുള്ള ഒരു അസ്വസ്ഥതയും നമ്മിൽ അവശേഷിക്കുന്നു.
ഇങ്ങനെയൊരു എഴുത്തുകാരനെ മലയാളസാഹിത്യത്തിന്റെ പൊതുധാര എപ്പോഴും എളുപ്പത്തിൽ ഉൾക്കൊണ്ടിട്ടില്ല. ഭൂരിപക്ഷത്തിന്റെ ആസ്വാദനശീലങ്ങൾക്ക് പുറത്തുനിന്ന് എഴുതിയതിനാൽ മേതിൽ പലപ്പോഴും ഏകാന്തനായ എഴുത്തുകാരനായി നിലകൊണ്ടു. എന്നാൽ ആ ഏകാന്തത ഒരു പരാജയത്തിന്റെ അടയാളമല്ല. അത് സ്വന്തം ഭാവനയോടും ഭാഷയോടും പുലർത്തിയ വിട്ടുവീഴ്ചയില്ലാത്ത വിശ്വാസത്തിന്റെ ഫലമാണ്. സാഹിത്യം ഒരു മത്സരമല്ലെന്ന അദ്ദേഹത്തിന്റെ നിലപാടും ഇവിടെ ഓർക്കേണ്ടതാണ്. എഴുത്തുകാർക്കിടയിൽ ആരാണ് ഒന്നാമൻ, ആരാണ് രണ്ടാമൻ എന്ന കണക്കെടുപ്പിൽ സാഹിത്യത്തിന്റെ അർത്ഥം കണ്ടെത്താനാവില്ല. ഒരു പുരസ്കാരം മറ്റൊരാളുടെ പരാജയത്തിൽനിന്ന് ഉയരുന്ന വിജയമല്ല. ഒരു എഴുത്തുകാരന്റെ വ്യതിരിക്തമായ സർഗലോകത്തെ സമൂഹം തിരിച്ചറിയുന്ന സന്ദർഭമായിരിക്കണം അത്. എഴുത്തച്ഛൻ പുരസ്കാരം മേതിലിനെ തേടിയെത്തുമ്പോൾ അതിനെ അങ്ങനെത്തന്നെ വായിക്കണം. മത്സരത്തിന്റെ അവസാനഘട്ടത്തിൽ ഒരാളെ തിരഞ്ഞെടുത്തതുപോലെയല്ല, മറ്റാരുമായും അളന്നുതീർക്കാനാവാത്ത ഒരു എഴുത്തുകാരന്റെ ഏകാന്തമായ സർഗയാത്രയെ അംഗീകരിക്കുന്നതുപോലെയാണ് ഈ പുരസ്കാരത്തിന്റെ സാംസ്കാരിക പ്രസക്തി.
മേതിലിന്റെ സാഹിത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള സ്വയംവിലയിരുത്തലും ഓർമിക്കപ്പെടേണ്ടതാണ്. സ്വന്തം ജീവിതത്തെ ‘ടോട്ടൽ വേസ്റ്റ്’ എന്നു വിശേഷിപ്പിച്ചിട്ടും സ്വന്തം ഭാഷയോട് ആദരവുണ്ടെന്ന് പറയുന്ന ആ എഴുത്തുകാരനിൽ ഒരു വിചിത്രമായ വൈരുധ്യമുണ്ട്. ജീവിതത്തിന്റെ പരാജയങ്ങളെ അംഗീകരിക്കുമ്പോഴും ഭാഷയുടെ സാധ്യതകളെ ഉപേക്ഷിക്കാത്ത ഒരാൾ. മനുഷ്യജീവിതം വെറുതെയായിപ്പോയെന്ന തോന്നലുണ്ടായാലും ഭാഷയിലൂടെ മറ്റൊരു പ്രപഞ്ചം സൃഷ്ടിക്കാനാകുമെന്ന വിശ്വാസം നിലനിർത്തുന്ന ഒരാൾ. എഴുത്തുകാരന്റെ ജീവിതവിജയവും സാഹിത്യത്തിന്റെ മൂല്യവും ഒരേ അളവുകോലിൽ അളക്കാനാവില്ലെന്ന് ഈ വൈരുധ്യം നമ്മെ ഓർമിപ്പിക്കുന്നു.
എഴുത്തച്ഛൻ പുരസ്കാരത്തിന്റെ നിറവിൽ മേതിലിനെ വീണ്ടും വായിക്കേണ്ടതിന്റെ ആവശ്യകതയും ഇതുതന്നെയാണ്. ഒരു പുരസ്കാരം ഒരു എഴുത്തുകാരനെക്കുറിച്ചുള്ള അവസാന വിധിയല്ല; അദ്ദേഹത്തിന്റെ കൃതികളിലേക്കുള്ള പുതിയൊരു പ്രവേശനകവാടമാണ്. മേതിലിന്റെ എഴുത്ത് വായനക്കാരനോട് ആവശ്യപ്പെടുന്നത് അംഗീകാരത്തിന്റെ ആഘോഷത്തിൽ പങ്കുചേരുക മാത്രമല്ല, അദ്ദേഹത്തിന്റെ കഥകളുടെ ഉള്ളിലേക്ക് വീണ്ടും കടന്നുചെല്ലുക എന്നതുമാണ്. അവിടെ കാത്തിരിക്കുന്നത് മനുഷ്യകേന്ദ്രിതമായ ലോകത്തിന്റെ പരിചിതമായ സുരക്ഷിതത്വമല്ല. പുഴുക്കൾക്കും പഴുതാരകൾക്കും പക്ഷികൾക്കും നത്തകൾക്കും തുല്യമായ അസ്തിത്വാവകാശമുള്ള ഒരു ഭൂമി; വസ്തുക്കൾ രൂപം മാറുന്ന, സമയത്തിന് അതിരുകളില്ലാത്ത, ഭാഷ സ്വന്തം അർത്ഥത്തെത്തന്നെ ചോദ്യം ചെയ്യുന്ന ഒരു പ്രപഞ്ചം.
ഒടുവിൽ, മേതിലിന്റെ കഥയിലെ ആകാശത്ത് തൂങ്ങിക്കിടക്കുന്ന കയറിലേക്ക് നമുക്ക് വീണ്ടും മടങ്ങാം. അതിലൂടെ കയറിയ ബാലൻ എവിടെപ്പോയി? കയർ ഇപ്പോഴും അവിടെത്തന്നെയുണ്ടോ? അതോ അതൊരു കാഴ്ചയുടെ ശേഷിപ്പു മാത്രമായിരുന്നോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മേതിൽ മടങ്ങിവരുന്നില്ല. അയാൾക്ക് അതിന്റെ ആവശ്യമില്ല. കാരണം, കയറിന്റെ അറ്റം തേടിത്തുടങ്ങിയ നിമിഷം മുതൽ വായനക്കാരൻ ഇതിനകം ആ കഥയുടെ ഭാഗമായിക്കഴിഞ്ഞു. മാന്ത്രികൻ കാണാതാക്കിയ മുയലിനെയും പന്തിനെയും വവ്വാലിനെയും തിരയുന്നതിനിടെ അയാൾ സ്വന്തം ഉറപ്പുകളെത്തന്നെ നഷ്ടപ്പെടുത്തുന്നു. യാഥാർഥ്യം എന്ന് കരുതിയിരുന്നതിന്റെ പിന്നിൽ മറ്റൊരു യാഥാർഥ്യം കാത്തുനിൽക്കുന്നു. അവിടെ മനുഷ്യൻ മാത്രമല്ല ജീവിക്കുന്നത്; പുഴുവും പഴുതാരയും നത്തയും എലിയും പക്ഷിയും കല്ലിന്റെ വിള്ളലിലൂടെ കടന്നുപോകുന്ന അദൃശ്യജീവനും സ്വന്തം അസ്തിത്വവുമായി നിലകൊള്ളുന്നു.
മേതിൽ നമുക്കുവേണ്ടി ലോകത്തെ മാറ്റുന്നില്ല; നാം ലോകത്തെ കണ്ടിരുന്ന രീതിയെ മാറ്റുകയാണ് ചെയ്യുന്നത്. അദ്ദേഹം ഉപേക്ഷിച്ച കയറിലൂടെ കയറുമ്പോൾ നാം എത്തിച്ചേരുന്നത് മറ്റൊരു കഥയിലേക്കു മാത്രമല്ല, മറ്റൊരു കാലത്തിലേക്കും മറ്റൊരു ജീവലോകത്തിലേക്കും മറ്റൊരു പ്രപഞ്ചത്തിലേക്കുമാണ്. ആ കയറിന്റെ അറ്റം കാണിച്ചുതരാതെ അദ്ദേഹം നടന്നുപോകുന്നു. അവിടെ അവശേഷിക്കുന്നത് ഒരു ചോദ്യചിഹ്നം മാത്രം. എന്നാൽ, ആ ചോദ്യചിഹ്നം അവസാനത്തിന്റെ അടയാളമല്ല; നമ്മുടെ ഭാവനയുടെ അടുത്ത യാത്ര ആരംഭിക്കുന്ന ഇടമാണ്. മേതിലിന്റെ യഥാർത്ഥ മാന്ത്രികത അതാണ്-യാഥാർഥ്യത്തിന്റെ കയർ അന്തരീക്ഷത്തിൽ ഉപേക്ഷിച്ച്, അതിനപ്പുറമുള്ള പ്രപഞ്ചത്തിലേക്ക് വായനക്കാരനെ ഒറ്റയ്ക്ക് പറഞ്ഞയക്കുക.
എഴുത്തച്ഛൻ പുരസ്കാരത്തിന്റെ നിറവിൽ മേതിൽ രാധാകൃഷ്ണന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
