ചോദിക്കണം. വിദ്യാർത്ഥികൾ ചോദ്യങ്ങൾ ഉന്നയിക്കണം. ചോദ്യങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ അവർ വിദ്യാർത്ഥികളാവുന്നുള്ളു. ചോദ്യമില്ലാത്തവർ അടിമകളോ ജഡങ്ങളോ ആണ്. ചോദ്യം എങ്ങനെ അന്യോന്യ ആദരവുകൾ കൈവിടാതെ ചോദിക്കണം എന്ന് അറിയാതെ പോകുന്നവർ നാട്ടിൽ പെരുകുകയാണ്. ‘ഞങ്ങൾക്കു മീതെ ആര്’ എന്ന അഹങ്കാരം ചോദ്യങ്ങളുടെ തിളക്കം കെടുത്തും. മുനയൊടിക്കും.
അലൻ, താഹ എന്നീ രണ്ടു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതും യു എ പി എ ചുമത്തിയതും എന്തിനായിരുന്നു എന്ന് ചോദിക്കാൻ നാവു പൊന്താത്തവർ വെറും അടിമകളായിരുന്നു. പി എം ശ്രീയുടെ ഉപരി പി എം ശ്രീയായ പി എം ഉഷ പദ്ധതി ആരും അറിയാതെ പിൻവാതിലിലൂടെ കടത്തിക്കൊണ്ടുവന്നപ്പോൾ ചോദ്യം അട്ടത്തുവെച്ചവർ അടിമകളോ അന്ധരോ ആണ്. അവർ കേന്ദ്ര ഫാഷിസ്റ്റ് അജണ്ടക്ക് കുട പിടിച്ചവരാണ്. കണ്ണൂർ സർവ്വകലാശാലയിൽ ഹിന്ദുത്വ തീവ്രവാദികളുടെ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോൾ ന്യായീകരണത്തിന് ഇറങ്ങിയവർ വേറൊരാളെ ചൂണ്ടി അതാ ഹിന്ദുത്വവാദി എന്ന് ആക്രോശിക്കുന്നത് കോമാളിത്തമാണ്. ഒരു മന്ത്രിക്കെതിരെ മുമ്പ് കരിങ്കൊടിയുമായി പൊലീസ് വളയത്തിനപ്പുറം പ്രതിഷേധിച്ച കുട്ടികളെ വധശ്രമത്തിന് ജയിലിലടച്ചപ്പോൾ ഒരു ചോദ്യവും പിറക്കാത്ത കുട്ടികൾ മന്ത്രി റോജിജോണിനെ വളഞ്ഞ് ആക്രമിച്ചിട്ടും വധശ്രമത്തിന് കേസിൽ പെടാതെ പോകുന്നത് ഭരിക്കുന്നവരുടെ രാഷ്ട്രീയ മാന്യതകൊണ്ടാവണം.
അഹങ്കാരത്തിന്റെയും ഹിംസയുടെയും ഭാഷ ജനാധിപത്യത്തിന് ഭൂഷണമല്ല. അതല്ല സോഷ്യലിസ്റ്റ് നിർമ്മാണത്തിന്റെ വഴിയും. സമത്വം എന്ന സങ്കൽപ്പത്തിന്റെ വിദൂരവാസനപോലും അവർ അറിഞ്ഞു കാണില്ല. ആ കൊടിയിൽ എഴുതിയത് എന്താണെന്ന് കൊടി പൊക്കുന്നവർ അറിയുന്നില്ലല്ലോ!
എറണാകുളം മഹാരാജാസ് കോളേജിൽ നടന്നത് ലജ്ജാകരമായ ധാർഷ്ട്യത്തുള്ളലാണ്. ഏതെങ്കിലും ചില വിദ്യാർത്ഥി സംഘടനകൾ കോളേജ് അന്തരീക്ഷത്തിനും അവിടത്തെ അധികാരികൾക്കും വിദ്യാഭ്യാസ വകുപ്പിനും മീതെ ഒരധികാരശക്തിയല്ല. എന്നാൽ ദർശനംകൊണ്ടും ധൈഷണിക ശേഷികൊണ്ടും ജനാധിപത്യ അവകാശങ്ങൾകൊണ്ടും എല്ലാ അധികാര കേന്ദ്രങ്ങളെയും തിരുത്താനുള്ള ശക്തി ആർജ്ജിക്കേണ്ടവരാണ് വിദ്യാർത്ഥികളും അവരുടെ സംഘടനകളും. അവർ ഏതെങ്കിലും സങ്കുചിത കക്ഷി രാഷ്ട്രീയത്തിന്റെ കളിപ്പാവകളായി മാറരുത്. ചിന്താശേഷിയും യുക്തിബോധവും വിവേചനശേഷിയും പണയം വെച്ചവരാവരുത്. അക്കാദമികവും ജ്ഞാനനിഷ്ഠവുമായ ഒരു സർഗാത്മക രാഷ്ട്രീയം ഉയർത്തി പൊതുസമൂഹത്തെയാകെ ആവേശം കൊള്ളിക്കുകയും നയിക്കുകയും ചെയ്യേണ്ടവരാണ്. ഇപ്പോൾ ദില്ലിയിൽ ആ വെളിച്ചം കാണുന്നുണ്ട്. പക്ഷേ, അവരിൽ പലരുടെയും കേരളത്തിലെ പ്രവർത്തനം ആ വെളിച്ചം അണയ്ക്കുന്ന രീതിയിലാണ്.
‘ഞങ്ങളുടെ സർക്കാർ ഭരിക്കുമ്പോൾ മിനിമം യോഗ്യതപോലുമില്ലെങ്കിലും ഞങ്ങൾക്കു ജോലി കിട്ടും. അതിനാൽ പഠനമല്ല കക്ഷി രാഷ്ട്രീയ ദാസ്യമാണ് ഭാവി ജീവിതം സുരക്ഷിതമാക്കുക’ എന്ന സന്ദേശമാണ് കാമ്പസുകളെ ഭരിക്കുന്നത്. ഈ മാനസികവും ശാരീരികവുമായ അടിമത്തത്തിൽനിന്ന് കാമ്പസുകളെയും കേരളത്തെയും രക്ഷിക്കേണ്ടതുണ്ട്.
(ആസാദ് ഫെയ്സബുക്കില് എഴുതിയത്)
