2026 മാർച്ചിലാണ് മാത്യു ആരോൺ വാൻഡേയ്ക്ക് എന്ന അമേരിക്കക്കാരനെ കൽക്കത്ത എയർപോർട്ടിൽ വച്ച് എൻഐഎ അറസ്റ്റ് ചെയ്തത്. തുടർന്ന് അയാളുടെ സംഘത്തിൽ ഉൾപ്പെട്ട ആറ് ഉക്രൈൻകാരേയും അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലേക്ക് വരികയും അസം, മിസോറം എന്നിവിടങ്ങളിൽ വിദേശികൾക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളിലേക്ക് പോവുകയും അവിടെ നിന്ന് മ്യാൻമറിലേക്ക് കടക്കുകയും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സായുധ സംഘങ്ങളുമായി ബന്ധമുള്ള മ്യാൻമറിലെ സായുധ ഗ്രൂപ്പുകൾക്ക് ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ടുള്ള ആക്രമണങ്ങൾക്ക് പരിശീലനം നൽകുകയും ചെയ്തു എന്നായിരുന്നു അവർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം.
യുഎപിഎ ഉൾപ്പടെയുള്ള നിയമങ്ങൾ ചുമത്തിയാണ് മാത്യുവിനും ഉക്രൈൻകാർക്കുമെതിരെ എൻഐഎ കേസ്സെടുത്തത്. എന്നാൽ, അന്വേഷണത്തിൽ അത്ഭുതങ്ങൾ സംഭവിച്ചു. മ്യാൻമറിൽ മാത്യുവും സംഘവും സായുധ ഗ്രൂപ്പുകൾക്ക് നൽകിയ പരിശീലനം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ഇന്ത്യയുമായി നേരിട്ട് ബാധിക്കുന്നതല്ലെന്നു കണ്ടെത്തി. അങ്ങനെ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ ഒഴിവാക്കപ്പെട്ടു. പിന്നെ ബാക്കിയായത് ഇമിഗ്രേഷൻ നിയമ ലംഘനങ്ങൾ മാത്രം. അതാകട്ടെ 5.5 ലക്ഷം രൂപ ഫൈൻ അടച്ചു കൊണ്ട് ശിക്ഷാ ഇളവ് നൽകുകയും ചെയ്തു. ഇവർക്കെതിരെ എൻഐഎ അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട്. യുഎപിഎ കുറ്റങ്ങൾക്ക് അറസ്റ്റിലായ വിദേശികൾക്ക് ഒരു കാരണവശാലും ജാമ്യം കൊടുക്കരുതെന്നാണ് നിയമം പറയുന്നത്. പക്ഷെ, യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ പിൻവലിക്കപ്പെട്ടതോട് കൂടി മാത്യുവിനു ജാമ്യം ലഭിച്ചു. ഏറ്റവും ഒടുവിൽ എൻഐഎ കോടതി അനുമതി നൽകിയതിനെ തുടർന്ന് ഒരു മാസത്തേക്ക് അമേരിക്കയിലേക്ക് മാത്യു വാൻ ഡേയ്ക്ക് തിരിച്ചു പോയിരിക്കുന്നു. ആറ് ഉക്രൈൻ പൗരന്മാരും അവരുടെ നാട്ടിലേക്ക് തിരിച്ചു പോയിരിക്കുന്നു. ഒരു മാസത്തെ അനുമതിയാണ് കോടതി നൽകിയത് എങ്കിലും അവർ തിരിച്ചു വരാനുള്ള സാധ്യത കുറവാണ്. അവർക്കെതിരായ കേസ് മുന്നോട്ട് പോകാനുള്ള സാധ്യതയും കുറവാണ്.
ആറ് മാസങ്ങൾക്കുള്ളിൽ വിദേശ പൗരന്മാർക്ക് മുന്നിൽ സ്വാതന്ത്ര്യത്തിൻ്റെ വാതിൽ തുറക്കപ്പെട്ടു.
ഇനി മറ്റൊരു അറസ്റ്റും തടവും
2025 മാർച്ചിൽ കർണ്ണാടക സ്വദേശിയായ കോട്ടെ ഹോണ്ട രവി എന്ന രവീന്ദ്ര കർണ്ണാടക സർക്കാരിന് മുന്നിൽ കീഴടങ്ങി. മാവോയിസ്റ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലും കർണാടകത്തിലും രജിസ്റ്റർ ചെയ്ത നിരവധി കേസ്സുകളിൽ പ്രതിയാണ് ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ട രവീന്ദ്ര. മാനസിക പ്രശ്നങ്ങൾ ഉള്ള ഒരാൾ കൂടിയാണ് അദ്ദേഹം. പിന്നീട് കേന്ദ്ര ഏജൻസിയായ എൻഐഎയുടെ കൊച്ചി ബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ടു കേസ്സുകളിൽ കൂടി രവീന്ദ്രയെ പ്രതിയാക്കി. കർണാടക സർക്കാരിൻ്റെ സറണ്ടർ പോളിസി പ്രകാരം കീഴടങ്ങിയ ആളാണ് രവീന്ദ്ര എന്നാണ് മനസിലാക്കുന്നത്. സറണ്ടർ ചെയ്തെങ്കിലും അദ്ദേഹത്തെ കേസ്സുകളിൽ നിന്നും ഒഴിവാക്കാൻ കേരള-കർണാടക സർക്കാരുകളും കേന്ദ്ര സർക്കാരും തയ്യാറായിട്ടില്ല.
കേരളസർക്കാരിന് ഒരു സറണ്ടർ പോളിസി കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഉണ്ടാക്കിയിരിക്കുന്നു. കേന്ദ്ര സർക്കാരിനും അപ്രകാരം ഒരു സറണ്ടർ പോളിസി ഉണ്ട്. ഇതൊക്കെ ഉണ്ടെങ്കിലും മാനസിക പ്രശ്നങ്ങൾ നേരിടുന്ന രവീന്ദ്രക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ പോലും അധികാരികൾ തയ്യാറായില്ല. കഴിഞ്ഞ ദിവസങ്ങളിൽ മാനസിക പ്രശ്നങ്ങൾ കാരണം അസ്വസ്ഥതകൾ പ്രകടിപ്പിച്ച രവീന്ദ്രയെ ചികിത്സിക്കാൻ ജയിൽ അധികൃതർ തയ്യാറായില്ല. രവീന്ദ്രയുടെ മാനസിക നിലയെ സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ വന്നാൽ അത് അദ്ദേഹത്തിൻ്റെ കേസ് വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്ന ചിന്തയാണ് ചികിത്സാ നിഷേധത്തിനു പുറകിലുള്ളതെന്നു വ്യക്തം. ഏറ്റവും മിനിമം രവീന്ദ്രയെ കർണാടകയിലെ ജയിലിലേക്കെങ്കിലും മാറ്റമായിരുന്നു. പക്ഷെ, മാറ്റം ആവശ്യപ്പെടാൻ കാരണം പറയണം. അപ്പോഴും മനസിക പ്രശ്നങ്ങളുടെ പേരിൽ മാറ്റം ആവശ്യപ്പെട്ടാൽ അത് ഡിഫൻസ് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടത് കൊണ്ടാണ് അതും ചെയ്യാതിരുന്നതെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴിതാ ഒരാഴ്ചയായി രവീന്ദ്ര ഭക്ഷണം കഴിച്ചിരുന്നില്ല എന്ന് അറിയുന്നു. ഭക്ഷണം കഴിക്കാതെ ആരോഗ്യ നില മോശമാവുകയും അദ്ദേഹത്തിന് സ്ട്രോക്ക് വന്നു ഒരു വശം തളർന്നെന്നും മെഡിക്കൽ കോളജിൽ ചികിത്സയിൽ ആണെന്നും അറിയുന്നു.
ലോകത്താകമാനം സഞ്ചരിച്ച് സായുധ സംഘങ്ങൾക്ക് ആയുധപരിശീലനം നൽകുന്ന കൂലിപ്പടയാളിയായ അമേരിക്കക്കാരൻ മാത്യു വാൻഡേയ്ക്ക് ആറ് മാസം കൊണ്ട് യുഎപിഎ കുറ്റങ്ങളിൽ നിന്നും തടവിൽ നിന്നും മോചിതനാകുന്നു. ഇന്ത്യയിൽ എന്തിനാണ് അയാൾ വന്നത് എന്താണ് ഇവിടെ ചെയ്തത് എന്നൊന്നും ഇപ്പോഴും വ്യക്തമല്ല. പക്ഷെ, അയാൾക്കെതിരെ യുഎപിഎ കുറ്റങ്ങൾ ഒഴിവാക്കപ്പെട്ടു. സർക്കാരിന്റെ സറണ്ടർ പോളിസി പ്രകാരം കീഴടങ്ങിയ, മാനസിക പ്രശ്ങ്ങൾ നേരിടുന്ന, ആദിവാസിയായ രവീന്ദ്ര സ്ട്രോക്ക് വന്ന് ഒരു വശം തളർന്നിട്ട് പോലും തടവിൽ കഴിയുന്നു. ജാമ്യം പോയിട്ട് അദ്ദേഹത്തിന് മതിയായ ചികിത്സ പോലും സമയത്തിന് നൽകാൻ അധികാരികൾ തയ്യാറായില്ല. സ്വന്തം സംസ്ഥാനമായ കർണാടകയിലെ ജയിലിലേക്ക് പോലും മാറ്റം നിഷേധിക്കപ്പെടുന്നു. അധികാരി വർഗ്ഗത്തിൻ്റെ നീതിബോധത്തെ കുറിച്ച് എന്താണ് ഈ സംഭവങ്ങളിൽ നിന്നും മനസ്സിലാക്കേണ്ടത് ?
