രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ ബലാത്സംഗക്കേസുകളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുന്നു സുപ്രീം കോടതി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഭരണ സംവിധാനങ്ങളുടെയും നീതിപാലകരുടെയും വീഴ്ചയാണെന്ന് കുറ്റപ്പെടുത്തിയ കോടതി സ്വമേധയ കേസെടുക്കുകയും ചെയ്തിരിക്കുന്നു. രാജ്യത്ത് കൂട്ടബലാത്സംഘങ്ങള്ക്കും സ്തീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്നത് ദലിതുകളും ആദിവാസികളും ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങളാണന്നത് ഒരു യാഥാര്‍ഥ്യമാണ്. ഭരണകൂടത്തിന്റെ നിസ്സംഗതയാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ ആധിക്യത്തിലേക്ക് നയിക്കുന്നത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ സ്വൈര്യവിഹാരം നടത്തുകയും അവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുകയാണ് ഭരണകൂടം. കുറ്റവാളികള്‍ക്ക് വീരപരിവേഷം നല്‍കുകയും അവരെ ആദരിക്കുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ രാജ്യം ഭരിക്കുമ്പോള്‍ മറിച്ചൊന്നും പ്രതീക്ഷിക്കാതെ വയ്യ.
ബലാത്സംഗങ്ങളുടെ രാജ്യതലസ്ഥാനം
ഡൽഹി സ്വരൂപ് നഗറിൽ 17 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കുത്തിക്കൊന്ന വാർത്ത കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. സെപ്തംബർ 11 ന് നടന്ന സംഭവം ദിവസങ്ങൾക്കു ശേഷമാണ് പുറം ലോകം അറിയുന്നത്. തൊട്ടടുത്ത ദിവസമാണ് തെക്കുകിഴക്കൻ ഡൽഹിയിലെ കൽക്കാജിയില്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തിയ പതിനേഴുകാരിയെ സമീപമുള്ള പാർക്കിൽ വെച്ച്, പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ മൂന്ന് പേർ കൂട്ടബലാത്സംഗം ചെയ്ത വാർത്തയും പുറത്തുവന്നത്. സെപ്തംബർ 21-ന് നടന്ന സംഭവത്തിലെ പ്രതികളിലൊരാളെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴടക്കിയത്. ഇതേ ദിവസങ്ങളിൽ തന്നെ, ബീഹാറിലെ ജമുയിയിലും സമസ്തിപൂരിലും പെൺകുട്ടികളെ നടുറോഡിൽ പരസ്യമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നു. കഴിഞ്ഞ ആഗസ്റ്റ് 21 നാണ് ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്കുള്ള യാത്രക്കിടെ പതിനാറുകാരി കൂട്ട ബലാത്സംഗത്തിനിരയായത്.
പഞ്ചാബിലെ ലവ് ലി സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ സര്‍വകലാശാല ജിവനക്കാരന് പീഡിപ്പിച്ച വിദ്യാര്‍ഥിനി വീട്ടിലെത്തി ആത്മഹത്യചെയ്ത സംഭവം വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങിയിരിക്കുന്നു. തുടര്‍ച്ചയായുണ്ടാകുന്ന സംഭവങ്ങളെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന ബലാത്സംഗ കുറ്റകൃത്യങ്ങളെ കുറിച്ചും മുൻപ് നടന്ന സംഭവങ്ങളെ കുറിച്ചുമുള്ള ചർച്ചകളും സജീവമായിട്ടുണ്ട്. സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച സുപ്രീംകോടതി സ്വമേധയ കേസെടുത്തിരിക്കുന്നു.
ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഏകദേശം മൂന്ന് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. നാഷ്ണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം 2018 മുതൽ എല്ലാ വർഷവും ഇന്ത്യയിൽ 28,000 മുതൽ 33,000 വരെ ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2024-ൽ മാത്രം ഏകദേശം 29,500 കേസുകളാണ് ഉണ്ടായത്. അതായത് ഒരു ദിവസം ഏകദേശം 84 ബലാത്സംഗങ്ങൾ. ഇത് പൊലീസിൽ പരാതിപ്പെട്ട കേസുകളുടെ കണക്ക് മാത്രമാണ്. ഇതിലും എത്രയോ അധികം സംഭവങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ എത്താതെ പോകുന്നുണ്ടകാം.
അതേസമയം, പരാതി നൽകിയ കേസുകളിൽ തന്നെ അന്വേഷണമോ മറ്റു നടപടികളോ ഇല്ലാതെ അവസാനിക്കുന്നതായും കാണാൻ കഴിയും. 2024-ൽ പൊലീസ് ഏകദേശം 40,000 കേസുകൾ അന്വേഷിച്ചു. എന്നാൽ, അതിൽ 25,000 കേസുകളിൽ മാത്രമാണ് കുറ്റപത്രം (കോടതിയിൽ സമർപ്പിക്കുന്ന ഔദ്യോഗിക കേസ് രേഖ) നൽകിയത്. ബാക്കിയുള്ളവയിൽ അന്വേഷണം ഇപ്പോഴും തുടരുന്നു. അല്ലെങ്കിൽ “വ്യാജ പരാതി”, “തെളിവില്ല”, “സിവിൽ തർക്കം” എന്നൊക്കെ പറഞ്ഞ് പോലീസ് തന്നെ കേസ് അവസാനിപ്പിച്ചു.
കേസുകൾ കോടതികളിലെത്തിയാലും വലിയ മാറ്റമൊന്നുമില്ല. 2018 അവസാനത്തോടെ ഏകദേശം 1.4 ലക്ഷം ബലാത്സംഗ കേസുകളാണ് വിചാരണ കാത്തുകിടന്നിരുന്നത്. 2024 അവസാനമായപ്പോഴേക്കും ഇത് 1.9 ലക്ഷമായി ഉയർന്നു. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു. 2024-ൽ രണ്ട് ലക്ഷത്തിലധികം ബലാത്സംഗ കേസുകളാണ് കോടതികൾക്ക് പരിഗണിക്കാനുണ്ടായിരുന്നത്. എന്നാൽ, അതിൽ ഏകദേശം 20,600 കേസുകളിൽ മാത്രമാണ് വിചാരണ പൂർത്തിയായത്. തീർപ്പാക്കിയ കേസുകളിൽ തന്നെ 14,000 എണ്ണത്തിലും പ്രതികളെ വെറുതെ വിട്ടു. നാലിൽ ഒന്ന് കേസുകളിൽ മാത്രമാണ് കുറ്റക്കാർക്ക് ശിക്ഷ ലഭിച്ചത്.
2024-ൽ വിചാരണക്കെടുത്ത മൊത്തം കേസുകളിൽ ഏകദേശം 400 എണ്ണത്തിൽ മാത്രമാണ് ആ വർഷം തന്നെ പ്രതികൾ ശിക്ഷിക്കപ്പെട്ടത്. അതായത് വെറും രണ്ട് ശതമാനം മാത്രം. 2012-ലെ നിർഭയ കേസിന് ശേഷം നിയമങ്ങൾ കർശനമാക്കുകയും വിചാരണ പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ, യഥാർത്ഥത്തിൽ, ഇരയാക്കപ്പെട്ടവർ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു. ഭൂരിഭാഗം പേർക്കും ഒടുവിൽ ഒരു നീതിയും ലഭിക്കുന്നുമില്ല.
സ്ത്രീകളുടെ സുരക്ഷ ഉത്തരവാദിത്തമായി കാണാത്ത ഒരു പ്രത്യയശാസ്ത്രത്തെ പിന്പറ്റുന്നവര് ഭരണം കയ്യാളുമ്പോള്‍ ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ നേരിടുന്ന നീതിനിഷേധവും വിവേചനനും തുടരുകതന്നെ ചെയ്യും. കാരണം, ഈ ഭരണകൂടത്തിന്റെ രാഷ്ട്രീയം സ്ത്രീകളെ തുല്യ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ല എന്നതുതന്നെ. സംഘ്പരിവാറിന്റെ സ്വന്തം ആചാര്യനായ വി.ഡി. സവർക്കർ തന്റെ ‘ഇന്ത്യൻ ചരിത്രത്തിലെ ആറ് സുവർണ്ണ കാലഘട്ടങ്ങൾ’ (Six Glorious Epochs of Indian History) എന്ന പുസ്തകത്തിൽ, പിടികൂടിയ മുസ്ലിം സ്ത്രീകളെ ആദരവോടെ തിരിച്ചയച്ചതിന് ശിവജിയെ വിമർശിച്ചിട്ടുണ്ട്. “ശത്രു” വിഭാഗത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് ന്യായമാണെന്നാണ് അയാൾ വാദിച്ചത്. ഈ ചിന്താഗതിയെയാണ് സംഘ് ഭരണകൂടം പിന്തുടരുന്നതും പ്രാവർത്തികമാക്കുന്നതും എന്നത് മുന്‍കാല സംഭവങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.
2018-ൽ കത് വയിൽ എട്ട് വയസ്സുള്ള നാടോടി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ച് നടത്തിയ റാലിയിൽ ബിജെപി മന്ത്രിമാർ തന്നെ പങ്കെടുത്തു. 2022-ൽ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കുറ്റവാളികളെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് വിട്ടയച്ചപ്പോള്‍ പൂമാലയിട്ടും മധുരം നൽകിയുമാണ് അവരെ സ്വീകരിച്ചത്.
ബിജെപി എം.പി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങൾ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചപ്പോൾ, അവരെ ഡൽഹിയിലെ തെരുവുകളിലൂടെ വലിച്ചിഴച്ചു. അപ്പോഴും പാർട്ടി ആ കുറ്റാരോപിതനൊപ്പമാണ് നിന്നത്. 2020-ൽ ഹാഥ്റസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒരു ദലി ത് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരെപ്പോലും അറിയിക്കാതെ പോലീസ് രാത്രിക്ക് രാത്രി കത്തിച്ചുകളഞ്ഞു.
ബലാത്സംഗ വീരന്മാരെ പൂമാലയിട്ട് സ്വീകരിക്കുമ്പോഴും, പ്രതികൾ “വേണ്ടപ്പെട്ട” ജാതിയിലോ മതത്തിലോ പാർട്ടിയിലോ പെട്ടവരായതുകൊണ്ട് സംരക്ഷിക്കപ്പെടുമ്പോഴും, തങ്ങൾ സുരക്ഷിതരാണെന്ന സന്ദേശമാണ് ഓരോ കുറ്റവാളിക്കും ലഭിക്കുന്നത്. ബലാത്സംഗത്തെ ഒരു ആയുധമായി ന്യായീകരിച്ച സവർക്കർ മുതൽ, ബിജെപി സംരക്ഷിച്ച ബ്രിജ് ഭൂഷൺ വരെയുള്ളവരെയും, സ്വന്തം കൂട്ടത്തിലെ ബലാത്സംഗികളെ സംരക്ഷിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തെയും അവരുടെ നേതാക്കളെയും അധികാരത്തിന് പുറത്തുനിര്ത്തിയാലെ രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടാകൂ.
മുട്ടിന് മുട്ടിന് നാരീശക്തി, ബേട്ടി ബച്ചാവോ പോലുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയതുകൊണ്ടു മാത്രം സ്ത്രീകൾക്ക് സുരക്ഷ ലഭിക്കില്ല. സ്ത്രീകളെയും ദലിതരെയും മുസ്ലിംകളെയും മത ന്യൂനപക്ഷങ്ങളെയും വെറുക്കുന്ന ഈ ഫാസിസ്റ്റ് ഭരണ രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയാൽ മാത്രമേ അത് സാധ്യമാകൂ.
