November 23 Monday 2026

UPI ഇടപാടുകളിലെ പരിഷ്കാരങ്ങളും താല്‍പര്യങ്ങളും

രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്തെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് ഒക്ടോബർ 15 മുതൽ വരുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള ചില UPI വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം Merchant Discount Rate അഥവാ MDR ഏർപ്പെടുത്താനാണ് തീരുമാനം. വർഷങ്ങളായി സൗജന്യമായി തുടരുന്ന UPI സംവിധാനത്തിൽ ഇതോടെ പുതിയൊരു അധ്യായം തുറക്കുകയാണ്.

എന്നാൽ, ഇതിന്റെ പേരിൽ UPI വഴി പണമടയ്ക്കുന്ന ഉപഭോക്താവിൽ നിന്ന് നേരിട്ട് 0.4 ശതമാനം ഫീസ് ഈടാക്കുമെന്നല്ല തീരുമാനം. ചാർജ് ഈടാക്കുന്നത് വ്യാപാരികളിൽ നിന്നാണ്. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള UPI ഇടപാടുകൾക്ക് യാതൊരു MDR-ഉം ഉണ്ടാകില്ല. 2,000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകളും തുടർന്നും സൗജന്യമായിരിക്കും. കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഏകദേശം 96 ശതമാനം P2M ഇടപാടുകളെയും പുതിയ MDR ബാധിക്കില്ല.

എങ്ങനെയാണ് പുതിയ ചാർജ്?

സാധാരണ വിഭാഗത്തിൽ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനമാണ് MDR. ഉദാഹരണത്തിന് 3,000 രൂപയുടെ ഇടപാടിന് 12 രൂപയും 10,000 രൂപയുടെ ഇടപാടിന് 40 രൂപയും MDR വരും. എന്നാൽ ഒരു ഇടപാടിന് പരമാവധി 300 രൂപയാണ് ഈടാക്കാൻ കഴിയുക. അതായത് 75,000 രൂപയോ അതിന് മുകളിലോ ഉള്ള ഇടപാടുകളിൽ MDR 300 രൂപയിൽ പരിമിതപ്പെടും.

അതേസമയം എല്ലാ വ്യാപാരികളെയും ഒരേ രീതിയിൽ ഈ നിരക്ക് ബാധിക്കില്ല. UPI QR വഴി പ്രതിമാസം ഒരു ലക്ഷം രൂപ വരെ സ്വീകരിക്കുന്ന നിർദ്ദിഷ്ട ചെറുകിട വ്യാപാരികൾക്ക് MDR ഇളവ് തുടരും. ഒരു ഇടപാട് മാത്രം 2,000 രൂപയ്ക്ക് മുകളിലാണെന്ന കാരണത്താൽ ഇത്തരം ചെറുകിട വ്യാപാരികൾക്ക് ചാർജ് വരണമെന്നില്ല.

റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ ചില മേഖലകൾക്കും പ്രത്യേക ഇളവുണ്ട്. 2,000 രൂപയ്ക്ക് മുകളിലുള്ള ഇത്തരം നിർദ്ദിഷ്ട ഇടപാടുകൾക്ക് 0.4 ശതമാനത്തിന് പകരം 5 രൂപയുടെ ഫ്ലാറ്റ് MDR ആയിരിക്കും ബാധകമാകുക.

എന്തുകൊണ്ടാണ് MDR തിരികെ കൊണ്ടുവരുന്നത്?

UPIയുടെ വൻ വളർച്ചയ്ക്കൊപ്പം അതിന്റെ പ്രവർത്തനച്ചെലവും ഉയർന്നുവന്നിട്ടുണ്ട്. ബാങ്കുകൾ, പേയ്‌മെന്റ് ആപ്പുകൾ, മറ്റ് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൽ പേയ്‌മെന്റ് ശൃംഖലയെ സാമ്പത്തികമായി കൂടുതൽ സുസ്ഥിരമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

MDR സർക്കാർ ഈടാക്കുന്ന നികുതിയല്ലെന്നും NPCIയോ കേന്ദ്രസർക്കാരോ നേരിട്ട് ഈ തുക കൈപ്പറ്റുന്നില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പേയ്‌മെന്റ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾക്കിടയിലാണ് തുക വിതരണം ചെയ്യുന്നത്.

2025-26ൽ UPI വഴി ഏകദേശം 24,000 കോടി ഇടപാടുകളിലായി 14 ലക്ഷം കോടി രൂപയുടെ പണമിടപാട് നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഏകദേശം നാല് ശതമാനം മാത്രമാണെങ്കിലും, ഉയർന്ന മൂല്യമുള്ള ഇടപാടുകളായതിനാൽ അവയുടെ സാമ്പത്തിക പങ്ക് വളരെ വലുതാണ്.

രാഷ്ട്രീയ എതിര്‍പ്പുകള്‍

പുതിയ MDR പ്രഖ്യാപിച്ചതോടെ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്, ഉപഭോക്താവിൽ നിന്ന് നേരിട്ട് ഫീസ് ഈടാക്കുന്നില്ലെങ്കിലും വ്യാപാരികൾക്ക് വരുന്ന അധിക ചെലവ് ഒടുവിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ പ്രതിഫലിക്കാമെന്നാണ്. അതുവഴി സാധാരണ ഉപഭോക്താവിനാണ് സാമ്പത്തിക ബാധ്യത എത്തുകയെന്നും അദ്ദേഹം വാദിച്ചു.

കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഇതിനെ കൂടുതൽ രാഷ്ട്രീയമായി വിമർശിച്ചു. UPI സൗജന്യമായതോടെ Visa, Mastercard പോലുള്ള അമേരിക്കൻ പേയ്‌മെന്റ് കമ്പനികൾക്ക് ഇന്ത്യൻ വിപണിയിൽ വെല്ലുവിളി ഉയർന്നുവെന്നും, അവയുടെ താൽപര്യത്തിന് അനുകൂലമായാണ് UPIയിൽ MDR കൊണ്ടുവരുന്നതെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. 0.4 ശതമാനം നിരക്ക് ഡെബിറ്റ് കാർഡ് MDR നിരക്കുമായി സാമ്യമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ വാദം?
പ്രതിപക്ഷ ആരോപണങ്ങൾ കേന്ദ്രം തള്ളുകയാണ്. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്കും ചെറിയ വ്യാപാരികൾക്കും സാധാരണ ഉപഭോക്താക്കൾക്കും UPI തുടർന്നും സൗജന്യമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു. പുതിയ സംവിധാനം പ്രധാനമായും വലിയ വ്യാപാരി ഇടപാടുകളുടെ പേയ്‌മെന്റ് ഇക്കോസിസ്റ്റത്തിന് വേണ്ടിയുള്ള ചാർജാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

അതേസമയം, വ്യാപാരിക്ക് വരുന്ന MDR ഒടുവിൽ ഉപഭോക്താവിലേക്ക് കൈമാറുമോ എന്നതാണ് പ്രധാന ചർച്ച. നിലവിലെ നിയമത്തിൽ ഉപഭോക്താവിന്റെ UPI പേയ്‌മെന്റിന് നേരിട്ട് 0.4 ശതമാനം ഫീസ് ഏർപ്പെടുത്തുന്നില്ല. എന്നാൽ, വ്യാപാരികൾക്ക് വരുന്ന ചെലവ് അവർ വിലയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമോ എന്നത് വേറൊരു സാമ്പത്തിക ചോദ്യമാണ്.

അതിനാൽ ഒക്ടോബർ 15 മുതൽ UPI പണമിടപാടുകൾ മുഴുവനായി ‘പണമടയ്ക്കുന്നവർക്ക് ചാർജുള്ള സംവിധാനം’ ആകുന്നില്ല. 2,000 രൂപയ്ക്ക് മുകളിലുള്ള നിർദ്ദിഷ്ട വ്യാപാരി ഇടപാടുകളിൽ MDR തിരിച്ചെത്തുന്നു എന്നതാണ് യഥാർത്ഥ മാറ്റം. ചെറുകിട വ്യാപാരികൾക്കും വ്യക്തി-വ്യക്തി ഇടപാടുകൾക്കും വലിയൊരു വിഭാഗം ഉപയോക്താക്കൾക്കും സൗജന്യ UPI തുടരും.

എന്നാൽ വർഷങ്ങളായി ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവത്തിന്റെ പ്രധാന സവിശേഷതയായിരുന്ന ‘സീറോ MDR’ സംവിധാനത്തിൽ നിന്ന് ഭാഗികമായെങ്കിലും മാറുന്നത്, UPIയുടെ ഭാവി ചെലവുകളെക്കുറിച്ചും വ്യാപാരികളിലേക്കും ഒടുവിൽ ഉപഭോക്താക്കളിലേക്കും ഈ ചെലവ് എങ്ങനെ വിതരണം ചെയ്യപ്പെടുമെന്നതിനെക്കുറിച്ചും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.

Related