രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) പ്രക്രിയ ജനാധിപത്യത്തെ ഇല്ലാതാക്കുന്ന രക്തരഹിത കൂട്ടക്കൊലയാണെന്ന് നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. മുസ്ലിംകൾ, ക്രൈസ്തവർ, ദലിതർ, ആദിവാസികൾ എന്നിവരെ രാജ്യത്തെ രണ്ടാംകിട പൗരന്മാരാക്കി മാറ്റാനുള്ള ആസൂത്രിതമായ നീക്കമാണ് ഇതിന് പിന്നിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞി. ഹൈദരാബാദിലെ ലമാക്കാനിൽ ഫലസ്തീൻ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഇബ്തിസാം അസീമിന്റെ ‘ദി ബുക്ക് ഓഫ് ഡിസപ്പിയറൻസ്’ എന്ന നോവലിന്റെ തെലുങ്ക് പരിഭാഷ പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് പ്രകാശ് രാജ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കേന്ദ്രസര്ക്കിരിനെതിരെയും കടുത്ത വിമർശനം നടത്തിയത്.
സാമ്പത്തിക വിദഗ്ധൻ പരകല പ്രഭാകറുടെ വാക്കുകൾ കടമെടുത്താണ് വോട്ടർപട്ടികയിലെ വൻതോതിലുള്ള വെട്ടിനിരത്തലുകളെ രക്തരഹിത കൂട്ടക്കൊല എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. ചോരയൊഴുക്കാതെയുള്ള ഒരു വംശഹത്യയാണ് രാജ്യത്ത് നിശബ്ദമായി നടക്കുന്നത്. 12 കോടിയോളം വോട്ടർമാരെയാണ് ഇതിനകം വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തിട്ടുള്ളത്. വരുന്ന ഫെബ്രുവരി വരെ ഈ പ്രക്രിയ തുടരുമെന്നും അതിനുശേഷം സെൻസസ് ആരംഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്. ആത്യന്തികമായി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകൾ അധികാരമില്ലാത്ത വെറും ചെറിയ മുറികളായി ചുരുങ്ങും. മുഴുവൻ പൗരന്മാരുടെയും ഡാറ്റ ഭരണാധികാരികൾ സ്വന്തം കൈപ്പിടിയിലാക്കും. ആരെല്ലാമാണ് മിശ്രവിവാഹം കഴിക്കുന്നത്, ആരെല്ലാം ഏത് സമുദായത്തിൽ ഉൾപ്പെടുന്നു, ആരെയൊക്കെ രണ്ടാംകിട പൗരന്മാരാക്കി മാറ്റണം എന്നിവ കൃത്യമായി നിരീക്ഷിക്കാനാണ് ഈ വിവരശേഖരണം ഉപയോഗിക്കുകയെന്ന് അദ്ദേഹം ആരോപിച്ചു.
ഭരണഘടന നിലനിൽക്കുന്നതുകൊണ്ടാണ് അയൽരാജ്യങ്ങളെപ്പോലെ ഇന്ത്യയിൽ നേരിട്ടൊരു സൈനിക അട്ടിമറി സാധ്യമാകാത്തതെന്നും പ്രകാശ് രാജ് പറഞ്ഞു. അതിനാൽ ജനാധിപത്യ സ്ഥാപനങ്ങളെ വരുതിയിലാക്കിയാണ് അധികാരികൾ രാജ്യത്തെ നിയന്ത്രിക്കുന്നത്. ഇന്ത്യയിലെ സെൻസർഷിപ്പ് ഇപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു രൂപമാണ് കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. സിനിമകളോ പുസ്തകങ്ങളോ നേരിട്ട് നിരോധിക്കുന്നതിന് പകരം, എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും ഭയം കാരണം സ്വയം നിയന്ത്രിക്കുന്ന രീതിയിലുള്ള ഭീതിയുടെ അന്തരീക്ഷമാണ് ഭരണകൂടം സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളിൽ ആഴത്തിലുള്ള ഭയം കുത്തിവെച്ച് അവരെ നിരന്തരമായ ഉത്കണ്ഠയിലേക്ക് തള്ളിവിടുകയാണ്. ഇതിനായി ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്, നോട്ടുനിരോധനം, ആൾക്കൂട്ട അക്രമങ്ങൾ എന്നിവയെല്ലാം അവർ ആയുധമാക്കുന്നു. ചോദ്യം ചെയ്യുന്ന ശബ്ദങ്ങളെ തടയാൻ എപ്പോഴും ഭരണകൂട ഉപകരണങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കൊപ്പം താൻ അഭിനയിച്ച ജനനായകൻ എന്ന ചിത്രത്തിലെ സെൻസർ ബോർഡ് ഇടപെടലുകൾ അദ്ദേഹം പ്രസംഗത്തിൽ തുറന്നുകാട്ടി. ചിത്രത്തിൽ പ്രോജക്ട് ഓം എന്നൊരു പരാമർശമുണ്ടായിരുന്നു. എന്നാൽ, ഓം എന്ന് ഉച്ചരിക്കാൻ സെൻസർ ബോർഡ് അനുവദിച്ചില്ലെന്നും പകരം ഇംഗ്ലീഷ് അക്ഷരങ്ങളായ ഒ, എം എന്ന് പ്രത്യേകം പറയണമെന്നാണ് അവർ നിർബന്ധിച്ചതെന്നും പ്രകാശ് രാജ് വെളിപ്പെടുത്തി. മറ്റൊരു ചിത്രത്തിൽ അഭിഭാഷകനായി അഭിനയിച്ചപ്പോൾ സരസ്വതി എന്ന കഥാപാത്രം ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സന്ദർഭമുണ്ടായിരുന്നു. എന്നാൽ, സരസ്വതി പീഡിപ്പിക്കപ്പെട്ടു എന്ന് പറയാൻ പാടില്ലെന്നും, എൽ സരസ്വതി എന്ന് വിളിക്കണമെന്നുമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പങ്കുവെച്ചു. സിനിമ നിർമിക്കുന്നതിന് മുൻപ് തന്നെ കഥാകൃത്തോ സംവിധായകനോ ഇത് സെൻസർ ബോർഡ് തടയുമോ, നിർമാതാവ് പിന്തുണയ്ക്കുമോ എന്ന് ഭയക്കേണ്ട അവസ്ഥയാണിപ്പോൾ ഉള്ളത്. നീതിന്യായ പ്രക്രിയകളെയും ഫാസിസ്റ്റ് ഭരണകൂടങ്ങൾ തങ്ങൾക്ക് അനുകൂലമായി വളച്ചൊടിക്കുകയാണെന്ന് പ്രകാശ് രാജ് കുറ്റപ്പെടുത്തി.
സ്റ്റാൻ സ്വാമി, ജിഎൻ സായിബാബ, ഉമർ ഖാലിദ് എന്നിവരുടെ കേസുകൾ ചൂണ്ടിക്കാണിച്ച് സംസാരിച്ച പ്രകാശ് രാജ്, കുറ്റവാളികളെ ശിക്ഷിക്കാൻ വേണ്ടിയുള്ളതാണ് നീതിന്യായ പ്രക്രിയയെന്നും എന്നാൽ, അതേ പ്രക്രിയയെ നിരപരാധികളെ പീഡിപ്പിക്കാനുള്ള ഉപകരണമാക്കി മാറ്റുകയാണെന്നും കുറ്റപ്പെടുത്തി.. നിയമപരമായി അവർ ശരിയായിരിക്കാം, എന്നാൽ ധാർമികമായി അവർ ചെയ്യുന്നത് ശരിയാണോ എന്ന് അദ്ദേഹം ചോദിച്ചു. നീതിന്യായ വ്യവസ്ഥയെ ശിക്ഷയായി മാറ്റുന്നതും ആധുനിക സെൻസർഷിപ്പിന്റെ മറ്റൊരു രൂപമാണ്. സ്വന്തം ശരീരത്തിലുണ്ടാകുന്ന മുറിവുകളിൽ കണ്ണീരൊഴുക്കുന്നവരാണ് നമ്മൾ. എന്നാൽ, വിദൂരമായ ഗസ്സയിലോ മണിപ്പൂരിലോ ഒരു മനുഷ്യൻ യാതന അനുഭവിക്കുമ്പോൾ ആ വേദനയുടെ കണ്ണീർ സ്വന്തം കണ്ണുകളിലേക്ക് കൂടി ആവാഹിക്കാൻ നാം തയാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തെക്കുറിച്ചും പ്രകാശ് രാജ് പരാമർശിച്ചു. നീറ്റ് ചോദ്യക്കടലാസ് ചോർച്ചയ്ക്കെതിരെ വിദ്യാർഥികൾ തെരുവിലിറങ്ങി ശക്തമായി സമരം ചെയ്തപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രാജി സമർപ്പിക്കേണ്ടി വന്നു. ചെറുപ്പക്കാരുടെ ആ പോരാട്ടവീര്യത്തിന് മുന്നിൽ അധികാരികൾക്ക് ഭയം തോന്നിയിട്ടുണ്ട്. പുഴയുടെ ഒഴുക്കിനൊപ്പം നീങ്ങാൻ ചത്ത മീനുകൾ മതിയാകും, എന്നാൽ ജീവനുള്ള ഒരു മത്സ്യത്തിന് മാത്രമേ ഒഴുക്കിനെതിരെ നീന്താൻ സാധിക്കൂ എന്ന് ഓർമിപ്പിച്ചാണ് പ്രകാശ് രാജ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
