November 23 Monday 2026

9/11-ന് ശേഷം ഹോളിവുഡ് സിനിമകളിലെ മുസ്‌ലിം പ്രതിനിധാനവും ഇസ്‌ലാമോഫോബിയയും

ഹോളിവുഡ് സിനിമകളിൽ ഒരു മുസ്‌ലിം കഥാപാത്രം പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾ സാധാരണയായി എന്താണ് പ്രതീക്ഷിക്കുന്നത്? അയാൾ ഒരു ഭീകരവാദിയായിരിക്കുമോ? സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്ന കുറ്റവാളിയായിരിക്കുമോ? അല്ലെങ്കിൽ പാശ്ചാത്യലോകത്തിന് ഭീഷണിയായ ഒരു മതതീവ്രവാദിയായിരിക്കുമോ? അതേസമയം, ഒരു ക്രൈസ്തവ കഥാപാത്രമോ ക്രിസ്തുമതവുമായി ബന്ധപ്പെട്ട സന്ദർഭമോ വരുമ്പോൾ പ്രാർഥന, ആത്മീയത, വിശ്വാസം, ദൈവികത, അനുഗ്രഹം തുടങ്ങിയ ആശയങ്ങളായിരിക്കാം നമ്മൾ പ്രതീക്ഷിക്കുന്നത്. ഈ വ്യത്യാസം വ്യക്തിപരമായ തോന്നൽ മാത്രമാണോ, അതോ ഹോളിവുഡ് സിനിമകളുടെ ഭാഷയിൽത്തന്നെ ഇത്തരം ഒരു ഘടനാപരമായ വ്യത്യാസമുണ്ടോ?

9/11-ന് ശേഷമുള്ള മാറ്റവും ആഗോള സ്വാധീനവും
2001 സെപ്റ്റംബർ 11-ലെ ആക്രമണങ്ങൾക്കുശേഷം അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച ആഗോള ഭീകരവിരുദ്ധ യുദ്ധം മുസ്‌ലിംകളെക്കുറിച്ചുള്ള ഭയവും സംശയവും വ്യാപിപ്പിച്ചു. രാഷ്ട്രീയ പ്രസംഗങ്ങളിലും വാർത്താമാധ്യമങ്ങളിലും ജനപ്രിയ സംസ്കാരത്തിലും മുസ്‌ലിം സ്വത്വം സുരക്ഷാഭീഷണിയുമായി നിരന്തരം ബന്ധിപ്പിക്കപ്പെട്ടു. ലോകത്താകെ ഇസ്‌ലാമോഫോബിക് മനോനില രൂപപ്പെടുത്താൻ ആസൂത്രിത ശ്രമങ്ങളുണ്ടായതായി പല നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും സ്വാധീനമുള്ള ജനപ്രിയ കലാരൂപമായ സിനിമയെയും ഈ പ്രക്രിയയിൽ വ്യാപകമായി ഉപയോഗപ്പെടുത്തി.

ആഗോളതലത്തിൽ സിനിമ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഏറ്റവും ശക്തമായ സാംസ്കാരിക വ്യവസായങ്ങളിലൊന്നാണ് ഹോളിവുഡ്. അതുകൊണ്ടുതന്നെ മുസ്‌ലിംകളെക്കുറിച്ചുള്ള ആഗോള പൊതുബോധത്തെ രൂപപ്പെടുത്തുന്നതിൽ ഹോളിവുഡിന് വലിയ പങ്കുണ്ട്. 9/11-ന് മുൻപ് സിനിമകളിലെ വില്ലന്മാർ പലപ്പോഴും പണത്തിനോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ വേണ്ടി പോരാടുന്നവരായിരുന്നു. എന്നാൽ, അതിനുശേഷം രാഷ്ട്രീയമോ മതപരമോ ആയ ലക്ഷ്യങ്ങളുള്ള ഭീകരവാദികളായി വില്ലന്മാർ മാറി. ഭീകരനായ മുസ്‌ലിം വില്ലൻ സിനിമകളിലെ വാർപ്പുമാതൃകയായത് വലിയ തോതിൽ വിമർശിക്കപ്പെട്ടു. ഇത്തരം ചിത്രങ്ങൾ മതസൗഹാർദ്ദം തകർക്കുകയും മുസ്‌ലിംവിരുദ്ധ വികാരങ്ങൾക്ക് ആക്കം കൂട്ടുകയും സാമൂഹിക ധ്രുവീകരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു എന്ന് വിമർശകർ ആരോപിക്കുന്നു.

ഹോളിവുഡിലെ മുസ്‌ലിം പ്രതിനിധാനത്തിന്റെ മാതൃകകൾ
ഹോളിവുഡ് സിനിമകളിൽ മുസ്‌ലിം കഥാപാത്രങ്ങൾ പലപ്പോഴും അക്രമം, മതതീവ്രവാദം, ഭീകരവാദം, സാംസ്കാരികമായ അപരത്വം എന്നിവയുമായി ബന്ധിപ്പിക്കപ്പെടുന്നു. മുസ്‌ലിംകളുടെ കുടുംബജീവിതം, ആത്മീയത, പ്രണയം, സൗഹൃദം, തൊഴിൽ, കല, ചിന്ത, ദൈനംദിന അനുഭവങ്ങൾ എന്നിവയ്ക്കു പകരം സുരക്ഷയും സംഘർഷവുമാണ് പ്രമേയമായി വരുന്നത്.

ജാക് ഷാഹീൻ എഴുതിയ Reel Bad Arabs: How Hollywood Vilifies a People എന്ന പുസ്തകം ഈ വിഷയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പഠനങ്ങളിലൊന്നാണ്. നിരവധി സിനിമകൾ പരിശോധിച്ച ഷാഹീൻ, ഹോളിവുഡ് അറബികളെ ക്രൂരരും അപരിഷ്കൃതരും സ്ത്രീകളെ അടിച്ചമർത്തുന്നവരും ഭീകരവാദികളുമായി ചിത്രീകരിക്കുന്ന ആവർത്തിച്ചുള്ള മാതൃക ചൂണ്ടിക്കാണിച്ചു. 9/11-നുശേഷം ഈ മേഖലയിലെ ഗവേഷണം കൂടുതൽ ശക്തമായി.
ചില പ്രധാന ഉദാഹരണങ്ങൾ:
അമേരിക്കൻ സ്‌നൈപ്പർ (2014): ഇറാഖിലെ സാധാരണക്കാരെ മൃഗങ്ങൾക്ക് തുല്യമായി ചിത്രീകരിക്കുകയും അധിനിവേശത്തെ ന്യായീകരിക്കുകയും ചെയ്തതായി വിമർശനമുയർന്നു.
സീറോ ഡാർക്ക് തേർട്ടി (2012): ഗ്വണ്ടനാമോയിലെയും മറ്റു രഹസ്യ തടങ്കൽ പാളയങ്ങളിലെയും ക്രൂരമായ പീഡനമുറകളെ ന്യായീകരിക്കുന്നതായി ആരോപണം.
ദി കിങ്‌ഡം (2007), ടേകെൻ സീരീസ്: മുസ്‌ലിം സമുദായത്തിൽപെട്ടവരെ ജന്മനാ ഭീകരവാദികളായോ കുറ്റവാളികളായോ സ്റ്റീരിയോടൈപ്പ് ചെയ്തു.
ഇന്നസെൻസ് ഓഫ് മുസ്‌ലിംസ് (2012): പ്രവാചകനെ അപമാനിക്കുന്നതായി ആരോപിക്കപ്പെട്ട ഈ ഹ്രസ്വചിത്രം ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ സംഘർഷങ്ങൾക്ക് കാരണമായി. ചരിത്രപരമായ കൃത്യതയില്ലാത്ത ചിത്രീകരണങ്ങളും വസ്തുതകൾക്ക് വിരുദ്ധമായ അവകാശവാദങ്ങളും ഇത്തരം ചിത്രങ്ങളിൽ സാധാരണമാണ്.
ഫിത്‌ന (2008): ഗീർട്ട് വിൽഡേഴ്സ് നിർമ്മിച്ച ഈ ഷോർട്ട് ഫിലിം ഖുർആൻ വാക്യങ്ങൾക്കൊപ്പം ഭീകരാക്രമണ ദൃശ്യങ്ങൾ ചേർത്തുകൊണ്ട് ഇസ്‌ലാമിനെ അക്രമത്തിന്റെ മതമായി ചിത്രീകരിക്കാൻ ശ്രമിച്ചു.
യുനൈറ്റഡ് 93 (2006), വേൾഡ് ട്രേഡ് സെന്റർ (2006), റെയ്ൻ ഓവർ മീ (2007) തുടങ്ങിയ ചിത്രങ്ങൾ 9/11-നെ ആസ്പദമാക്കി നിർമിക്കപ്പെട്ടവയാണ്.
ഇവ ഭീകരാക്രമണത്തിന്റെ ദാരുണതയും അതിജീവനവും കാണിക്കുമ്പോഴും, മുസ്‌ലിം സ്വത്വത്തെ സുരക്ഷാഭീഷണിയുമായി ബന്ധിപ്പിക്കുന്ന വിശാലമായ ആഖ്യാനത്തിന്റെ ഭാഗമായി മാറുന്നു. പുതിയ ചിത്രങ്ങളിലും (ഉദാ: റൺ, ഹൈഡ്, ഫൈറ്റ്: ഇൻഫിഡൽസ് പോലുള്ളവ) മുസ്‌ലിംകളെയും ഫലസ്തീൻ അനുകൂല വിദ്യാർഥികളെയും തീവ്രവാദികളായി ചിത്രീകരിക്കുന്ന പ്രവണത തുടരുന്നതായി ആരോപണങ്ങളുണ്ട്. ‘ഫ്രണ്ട്സ്’, ‘സാറ്റർഡേ നൈറ്റ് ലൈവ്’ തുടങ്ങിയ ടെലിവിഷൻ ഷോകളും 9/11-നെ ആസ്പദമാക്കി നിർമിക്കപ്പെട്ടു.

ഘടനാപരമായ മുൻവിധിയും ബോധപൂർവമായ ചിത്രീകരണവും
എല്ലാ തിരക്കഥാകൃത്തുക്കളും ബോധപൂർവം മുസ്‌ലിംവിരുദ്ധ സിനിമകളെഴുതുന്നു എന്നാണ് ഇതിനർത്ഥമില്ല. ഘടനാപരമായ മുൻവിധിയും ബോധപൂർവമായ തെറ്റായ പ്രതിനിധാനവും തമ്മിൽ വ്യത്യാസമുണ്ട്. ഏതുതരം കഥകളാണ് നിർമിക്കപ്പെടുന്നത്? ആരുടെ കഥകൾക്കാണ് ധനസഹായം ലഭിക്കുന്നത്? ആരാണ് തിരക്കഥ എഴുതുന്നത്? ആരെയാണ് നായകനും ശത്രുവുമായി തിരഞ്ഞെടുക്കുന്നത്? ഏത് കഥകൾക്കാണ് വിപണിയിൽ വിജയസാധ്യതയുണ്ടെന്ന് നിർമാതാക്കൾ കരുതുന്നത്? ഇത്തരം തീരുമാനങ്ങളെ സ്വാധീനിക്കുന്ന ചരിത്രപരവും സ്ഥാപനപരവും സാംസ്കാരികവുമായ സാഹചര്യങ്ങളിൽനിന്നാണ് ഘടനാപരമായ മുൻവിധി രൂപപ്പെടുന്നത്. അത് എല്ലായ്പ്പോഴും വ്യക്തികളുടെ ബോധപൂർവമായ വിദ്വേഷത്തിന്റെ ഫലമായിരിക്കണമെന്നില്ല. ഉദാഹരണമായി, മുസ്‌ലിം കഥാപാത്രത്തെ ഉൾപ്പെടുത്തിയാൽ ഭീകരവാദമോ യുദ്ധമോ സുരക്ഷയോ സ്വാഭാവിക പ്രമേയമാകുന്നു. ഇത്തരം ഒരു ബന്ധം സിനിമാവ്യവസായത്തിൽ നേരത്തേതന്നെ സാധാരണമാക്കപ്പെട്ടിട്ടുണ്ടാകാം. തിരക്കഥാകൃത്ത് അതിനെ ചോദ്യം ചെയ്യാതെ ആവർത്തിക്കുന്നു. നേരെമറിച്ച്, മുസ്‌ലിംകളെ ബോധപൂർവം തീവ്രവാദികളായി ചിത്രീകരിക്കുകയും മുസ്‌ലിം സ്വത്വത്തെ ഏകതാനമായ ഭീഷണിയായി അവതരിപ്പിക്കുകയും ചെയ്യുന്നത് മനഃപൂർവമായ തെറ്റായ പ്രതിനിധാനമാണ്. രാഷ്ട്രീയമോ വാണിജ്യപരമോ ആയ ആവശ്യങ്ങൾക്കായി “മുസ്‌ലിം അപരനെ” ഉപയോഗിക്കുന്ന ആഖ്യാനതന്ത്രമാണത്.

ഹോളിവുഡ് സിനിമകൾ കേവലം വിനോദമല്ല; അവ ആഗോള പൊതുബോധത്തെ രൂപപ്പെടുത്തുന്ന ശക്തമായ മാധ്യമമാണ്. 9/11-ന് ശേഷം മുസ്‌ലിം കഥാപാത്രങ്ങളെ സുരക്ഷാഭീഷണിയുമായും തീവ്രവാദവുമായും ബന്ധിപ്പിക്കുന്ന ആവർത്തിച്ചുള്ള മാതൃകകൾ ഇസ്‌ലാമോഫോബിയയുടെ സാംസ്കാരിക ഉൽപാദനത്തിൽ പ്രധാന പങ്ക് വഹിച്ചു. ഘടനാപരമായ മുൻവിധിയും ബോധപൂർവമായ തെറ്റായ പ്രതിനിധാനവും ഇടകലർന്ന്, മുസ്‌ലിംകളുടെ വൈവിധ്യമാർന്ന ജീവിതങ്ങളെ അപരത്വത്തിന്റെയും ഭയത്തിന്റെയും ചട്ടക്കൂട്ടിലേക്ക് ചുരുക്കി. ഈ പ്രവണതയെ വിമർശനാത്മകമായി പരിശോധിക്കുകയും ബദൽ ആഖ്യാനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്, കൂടുതൽ സമതുലിതമായ പ്രതിനിധാനത്തിലേക്കുള്ള ആദ്യപടിയാണ്.

Related