ചരിത്രത്തിന് തീർത്തും പരിചിതവും സാധാരണവുമായ വിരസമായൊരു കാലത്തിലൂടെയാണ് സിപിഐ(എം) കടന്നുപോകുന്നത്. തങ്ങളുടെ വിമർശകരും എതിരാളികളുമെല്ലാം പിണറായി വിജയനെന്ന വിപ്ലവപ്രഹേളികയുടെ തന്ത്രഭാഷയുടെ ചില്ലക്ഷരങ്ങളിൽ തൂങ്ങിമരിക്കുകയാണ് എന്നവർ കരുതുന്നു. വിമർശകരും എതിരാളികളുമകപ്പെട്ട ഈ വിഷമവൃത്തത്തെ നോക്കി അവർ ആഹ്ലാദിക്കുകപ്പോലും ചെയ്യുന്നു. ഓടക്കുഴലും കൊടികളുമായി വിശ്വചക്രവളങ്ങളിലേക്ക് ഓടിയെത്തുന്ന അനിവാര്യരായ അന്തിമ ഭരണദൗത്യമുള്ള അശ്വാരൂഢന്മാരായ അധികാരികളായി അവർ സ്വയം പ്രഖ്യാപിക്കുന്നു. നമുക്കൊന്ന് സ്വയം വിമർശനം നടത്താൻ പോലും കഴിയാത്ത വിധത്തിൽ പാർട്ടിയെ ഇവർ സദാ ആളിക്കത്തുന്നൊരു തീപ്പന്തമാക്കി നിർത്തുകയാണല്ലോ എന്ന് രാത്രിയിൽ പടകുടീരങ്ങളിലവർ പരസ്പരം തമാശ പറയുന്നു. എതിരാളികൾപ്പോലുമില്ലാതെ, അപ്രസക്തിയാൽ ശൂന്യമായിപ്പോകുന്നൊരു പടനിലത്തിലെ ഏകാന്തതയെ വിജയമെന്ന് കരുതുന്ന വിഡ്ഢികളുടെ കഥയിലെ മരക്കുതിരകളുടെ പുറത്തിരുന്ന് അശ്വവേഗമന്ത്രം പരീക്ഷിക്കുന്ന കോമാളികൾ ഒരിക്കലും തോൽക്കാറില്ല.
Enforcement directorate നീണ്ട ഇടവേളകൾക്കിടയിൽ നടത്തുന്ന രാഷ്ട്രീയ പരിപാടികളിൽ നമ്മൾ വലിയ ആവേശമൊന്നും കാണിക്കേണ്ടതില്ല. പക്ഷേ, അടിസ്ഥാനപരമായി എന്തുതരം രാഷ്ട്രീയത്തിന്റെ ബലത്തിലാണ് പിണറായി വിജയനടങ്ങുന്ന സിപിഎം നേതൃത്വം കർത്ത- വീണ ഇടപാടുകളെ ന്യായീകരിക്കുന്നത് എന്നതാണ് പ്രശ്നം. പിണറായി വിജയനെന്ന സിപിഎം സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും അധികാരത്തിന്റെ വിളക്കിലേക്കാണ് അദ്ദേഹത്തിന്റെ മകൾക്ക് നൽകിയ വായ്പയും പൊള്ളയായ സേവനകരാറുമെല്ലാം എണ്ണയൊഴിച്ചുകൊണ്ടിരുന്നത് എന്നത് ഇനിയുമാർക്കും സംശയമുണ്ടാകേണ്ട സംഗതിയല്ല. അതിനി ED വന്നിട്ടറിയേണ്ട കാര്യവുമില്ല.
പാർട്ടിയുടെ കോഴിക്കോട് ജില്ലാ നേതൃത്വത്തിലുള്ള ആളുകൾക്ക് വീണയുമായി സാമ്പത്തിക ഇടപാടുകളുണ്ടാകുന്നത് സ്വാഭാവികമാണെന്നും വനിതാ സംരഭകയുടെ മിടുക്കാണെന്നും നമ്മൾ കരുതണം. അതിൽപ്പെട്ട ഒരാളുടെ പേരിൽ ഇവർ സിം കാർഡ് എടുക്കുകയും അതെന്തിന് ഉപയോഗിച്ചു എന്നയാൾക്ക് അറിയാതിരിക്കുകയും ചെയ്യുന്നത് സ്വാഭാവികമായ വ്യാപാര വ്യവഹാരമാണെന്നും നമ്മൾ കരുതണം. ഇത്രയേറെ മിടുക്കുള്ള സംരഭക വളരെപ്പെട്ടെന്ന് കച്ചവടം കെട്ടിപ്പൂട്ടി സ്വസ്ഥം ഗൃഹഭരണത്തിലേക്ക് മാറുന്നതും ഒരു സംശയത്തിനും ഇടയില്ലാത്തതെന്ന് വിശ്വസിക്കണം.
പിണറായി വിജയന്റെ മകൾ സംരഭക വീണയാകട്ടെ പാർട്ടിയും തന്റെ അച്ഛനും ഇത്രയേറെ പ്രതിസന്ധികളിൽ താൻമൂലം കുരുങ്ങിയിട്ടും ഒരുതരത്തിലും വ്യക്തത വരുത്തിയിട്ടില്ല. പകരം അവരുടെ ഭർത്താവായ സിപിഎം നേതാവ് അവർക്കുകൂടിവേണ്ടി സംസാരിക്കുന്നു. തൊഴിലാളികളുടെയും ചൂഷിതരുടേയും ശബ്ദമാകേണ്ട പാർട്ടി, ഒരു വിവാദ വ്യവസായിയുടെ സാമ്പത്തിക ഇടപാടുകളിൽ നിയമത്തെ പറ്റിക്കുന്ന കൗശലത്തോടെ പണമുണ്ടാക്കിയ ഒരു സ്ത്രീക്കും അവർക്കുവേണ്ടി തന്റെ രാഷ്ട്രീയാധികാരത്തിന്റെ മൂലധനം ദുരുപയോഗിച്ചൊരു നേതാവിനും വേണ്ടി വിയർത്തും തളർന്നും തങ്ങളുടെ മുഴുവൻ രാഷ്ട്രീയ, സംഘടനാ സംവിധാനത്തേയും രക്തവാർച്ചയുടെ മരണവിധിക്ക് വിട്ടുകൊടുത്തുകൊണ്ട് പടവെട്ടുന്നു. ED യുടെ രാഷ്ട്രീയവേട്ടയെന്ന, തങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്കുവരെ ചേരാവുന്നൊരു ആഖ്യാനം മാത്രമാണവർക്ക് പരിച.
അപ്പോഴും നിയമത്തിന്റെ സൂക്ഷ്മമായ തെളിവുഭാരങ്ങൾക്കപ്പുറം എന്ത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കർത്തയുടെ കാശ് നിങ്ങളുടെ വീട്ടിലെത്തിയതെന്ന് ഒരാൾപോലും ചോദിക്കാനില്ലാത്തൊരു പാർട്ടി സകലരേയും പ്രാകി മുടിയഴിച്ചിട്ട് തള്ളുന്നു. തന്റെ മകളുടെ തൊഴിൽ, വ്യാപാര സംരഭ ജീവിതത്തെക്കുറിച്ച് പിണറായി വിജയൻ ഇന്ന് വീണ്ടും അണികൾക്ക് ഏറ്റുപാടാൻ ഒരു തട്ടിപ്പുകഥ ഇറക്കിയിട്ടുണ്ട്. വിദേശ ജോലികളൊക്കെ വേണ്ടെന്നുവെച്ച് നാട്ടിൽ സംരഭകയാകാൻ തുനിഞ്ഞ പ്രതിഭാധനയായ സ്ത്രീയുടെ കഥ. ഇനിയും ആ ദുർഗന്ധ നുണ പറയാൻ ലജ്ജയില്ലാത്തവിധം പാർട്ടിയുടെ സംഘടനാശരീരത്തെ മാറ്റിയെടുത്തതുകൊണ്ട് അന്ധമായ ആത്മവിശ്വാസത്തോടെ അയാളിനിയുമത് പറയും.
വർഗരാഷ്ട്രീയത്തിന്റെ ജൈവഭാഷയിൽ സ്വയം പുതുക്കിയെടുക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യാതൊരു ലക്ഷണവും ഈ പാർട്ടിക്കില്ല. എന്നാലോ, നേതൃപൂജയും അധികാരത്തിന്റെ ജനാധിപത്യവിരുദ്ധമായ ജീർണ്ണഭാഭാഷയുമടക്കം ചരിത്രത്തിലെ വരണ്ട ശ്മശാനങ്ങളിലേക്ക് ഓടിപ്പോകുന്ന ദുരധികാര സംഘങ്ങളുടെ സകല രോഗപീഡയും അതിൽക്കാണാനാകും. അത് കാണാനുള്ള കണ്ണാടി അവർ പൊട്ടിച്ചുകളഞ്ഞിരിക്കുന്നു. ഇനിയുള്ളത് ഇരുട്ടും വെളിച്ചമെന്ന് പറയുന്ന വിശ്വാസിയുടേയും അവസാനധാന്യപ്പുരയും കത്തുമ്പോഴും ഊണിന് തൂശനില മുറിക്കാൻ പോകുന്ന ശുഭാപ്തിവിശ്വാസികളുടേയും ആഘോഷങ്ങൾ മാത്രമാണ്. അവിടെ വർഗ, ജനാധിപത്യ രാഷ്ട്രീയത്തിന്റെ സംവാദധീരത പ്രതീക്ഷിക്കരുത്.
(പ്രമോദ് പുഴങ്കര ഫെയ്സ്ബുക്കിൽ കുറിച്ചത്)
