November 22 Sunday 2026

എം. ഹലീമാബീവിയും കേരളീയ വനിതാനവോത്ഥാനവും

ആദ്യകാല പത്രപ്രവർത്തക, സ്വാതന്ത്ര്യസമരസേനാനി, ഉജ്ജ്വലപ്രഭാഷക, മികച്ച സംഘാടക, സർ സി.പി.യെ സധീരം വിമർശിച്ച പത്രമുടമ, നവോത്ഥാന നായിക എന്നീ നിലകളിൽ പ്രസിദ്ധയാണ് എം. ഹലീമാബീവി. കേരളീയ നവോത്ഥാനചരിത്രത്തിലെ വിശിഷ്യാ, മുസ്ലിംപരിഷ്‌കരണചരിത്രത്തിലെ അദ്വിതീയ വനിതാ സാന്നിധ്യമാണ് ഹലീമാബീവി. കേരളീയ നവോത്ഥാന ചരിത്രത്തിൽ ഹലീമാബീവിയെ മാറ്റിനിർത്തിയാൽ സ്ത്രീ സാന്നിധ്യം ഇല്ലെന്നുതന്നെ പറയാം. ഹലീമാബീവിയുടെ സംഭാവനകളെപ്പറ്റി അക്കാദമിക് പഠനങ്ങൾ ഒട്ടേറെയായിട്ടുങ്കിലും ഇന്നും നവോ ത്ഥാനത്തെക്കുറിച്ചുള്ള പൊതുമണ്‌ഡല ചർച്ചകളിലും സംവാദങ്ങളിലും ഈ പേര് ഏറെയൊന്നും പരാമർശിക്കപ്പെടാറില്ല എന്നതാണ് വസ്തുത.

1918 നവംബർ 29നു പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് ഹലീമാബീവി ജനിച്ചത്. തിരുവിതാംകൂറിൽ നിന്ന് ആദ്യമായി ഹിന്ദിരാഷ്ട്രഭാഷാ വിശാരദ് പരീക്ഷ പാസ്സായ മൈതീൻബീവിയും ഉൽപതിഷ്‌ണുവായ പീർമുഹമ്മദുമാണ് മാതാപിതാക്കൾ. വക്കം മൗലവിയുടെ ശിഷ്യനും ‘അൻസാരി’ മാസികയുടെ പത്രാധിപരുമായ കെ.എം. മുഹമ്മദ് മൗലവിയായിരുന്നു ഭർത്താവ്. പതിനേഴാം വയസ്സിലായിരുന്നു വിവാഹം. കെ.എം. മുഹമ്മദ്‌ മൗലവിയുമായുള്ള വിവാഹമാണ് ഹലീമാവീവിയുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും വഴിത്തിരിവായത്.
അടൂർ എൻ.എസ്.എസ്.സ്‌കൂളിൽ പഠിക്കുന്നകാലത്ത് അവിടെ പ്രവർത്തിച്ചിരുന്ന എൻ.എസ്.എസിൻ്റെ’ വനിതാസമാജം’ ഹലീമാബീവിയെ ഏറെ ആകർഷിക്കുകയുണ്ടായി. അതിൻ്റെ മാതൃകയിൽ മുസ്ലീംപെൺകുട്ടികൾക്കിടയിൽ ഒരു സംഘടനയുണ്ടാക്കണമെന്നും അതിലൂടെ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തെ ബോധവത്കരിക്കണമെന്നും സമുദായത്തിൽ അള്ളിപ്പിടിച്ചു നിൽക്കുന്ന അനാചാര ങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാട്ടണമെന്നും അവർ ആഗ്രഹിച്ചു. അതിന്റെ അടിസ്ഥാനത്തിൽ തൻ്റെ ഇരുപതാമത്തെ വയസ്സിൽ അവർ തിരുവല്ലയിൽ ഒരു വനിതാസമ്മേളനം നടത്തി. ആ സമ്മേളനത്തിൽ 200ലേറെ സ്ത്രീകൾ പങ്കെടുക്കുകയുണ്ടായി. ഇത് മുസ്ലീം നവോത്ഥാന ചരിത്രത്തിലെ എന്നല്ല, കേരളചരിത്രത്തിലെ തന്നെ ആദ്യ വനിതാസമ്മേളനമാണ്.

സമ്മേളനത്തിൻ്റെ മുഖ്യലക്ഷ്യം മുസ്ലീം വനിതകൾക്കായി ഒരു സംഘടനയുണ്ടാക്കുകയും അതിന് എല്ലാ കലാലയങ്ങളിലും യൂണിറ്റുകൾ തുടങ്ങുകയും ചെയുക എന്നതുമായിരുന്നു. മുസ്ലീം പെൺകുട്ടികൾക്ക് സ്‌കൂൾ ഫീസ് റദ്ദാക്കുക, പെൺകുട്ടികളുടെ പ്രാഥമികവിദ്യാഭ്യാസം നിർബന്ധിതമാക്കുക, അഭ്യസ്തവിദ്യരായ വനിതകൾക്ക് ഉദ്യോഗം നൽകുക എന്നിവയായിരുന്നു സമ്മേളനം അംഗീകരിച്ച മറ്റുചില പ്രമേയങ്ങൾ. സമ്മേളനത്തിൻ്റെ സ്വാഗത പ്രസംഗത്തിൽ ഹലീമാബീവി ഇങ്ങനെ പറഞ്ഞു: “അസ്വാതന്ത്ര്യ കാരാഗാരത്തിൽ വലയുന്ന സ്‌തീകളുള്ള സമുദായത്തിലെ പുരുഷൻമാർക്ക് ഒരിക്കലും അവരുടെ പ്രവർത്തികളുടെ സുന്ദരമായ ഫലം അനുഭവിക്കുന്നതിനു സാധിക്കയില്ല, ഭാവി പൗരൻമാരുടെ ധീഷണാവിലാസ ത്താൽ ഉത്തരോത്തരം പ്രശാഭനമായിതീരുന്ന ലോകം കേവലം ഭൂഭാരത്തിനു മാത്രം അവശേഷിക്കുന്ന യുവാക്കളെയും ശിശുക്കളെയും ആരാധിച്ചുകഴിയണമെന്നു വന്നാൽ അത് പ്രകൃത്യാ നിഷ്പ്രഭമായിത്തീർന്നു പോകും. അവരെ ചുമതലാബോധ മുളളവരും വിവേകികളും വിജ്‌ഞാനികളും ആക്കിതീർക്കേ ഭാരം ആർക്കാണുള്ള തെന്നും അല്പം ആലോചിച്ചു നോക്കുവിൻ…’
സമ്മേളനത്തിൽ രൂപംകൊണ്ട­ ‘അഖില തിരുവിതാകൂർ മുസ്ലീം വനിതാ സമാജം’ എന്ന സംഘടനയ്ക്ക് തിരുവിതാംകൂറിൽ പലേടത്തും പിന്നിടു യൂണിറ്റു കമ്മറ്റികൾ രൂപീകരിക്കപ്പെട്ടു. ആയിരത്തിലേറെ മുസ്ലീം സ്ത്രീകൾ ഈ സംഘടനയിൽ അംഗത്തമെടുത്തതായാണ് കണക്ക്. തുടർന്ന് സംഘടനയുടെ ചെറുതും വലുതുമായ ഒട്ടേറെ സമ്മേളനങ്ങൾ നടന്നു. തിരുവല്ലയിലേയും പരിസരപ്രദേശങ്ങളിലേയും മുസ്ലീം സ്ത്രീകളിൽ സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കുന്നതിലും ശാക്തീകരണത്തിലും ഈ വനിതാകൂട്ടായ്‌മ വഹിച്ച പങ്ക് ചെറുതല്ല. തിരുവിതാംകൂറിൽ നടന്ന വനിതാ സമ്മേളനത്തെപ്പറ്റി ഹലീമാ ബീവിയുടെ വിലയിരുത്തൽ ഇങ്ങനെ:

”തിരുവിതാംകൂറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു ധാരാളം അഭ്യസ്തവിദ്യകളും സംസ്കാരസമ്പന്നകളുമായ വനിതകൾ ആ സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. തിരുവിതാം കൂറിൽ ഇദംപ്രഥമമായി സമ്മേളിച്ച മുസ്‌ലിം വനിതാ സമ്മേളനം എന്ന നിലയ്ക്കും, പ്രതീക്ഷിച്ചതിൽ കൂടുതൽ സ്ത്രീകൾ സംബന്ധിച്ചു എന്ന നിലയ്ക്കും ആ സമ്മേളനം തികച്ചും വിജയിച്ചു. അന്നത്തെ സമ്മേളനത്തിൽ സംബന്ധിച്ചിരുന്ന മുസ്‌ലിം വനിതകളിൽ പലരുടെയും വിജ്ഞേയമായ പ്രസംഗങ്ങളും ധീരോദാത്തമായ അഭിപ്രായ പ്രകടനങ്ങളും, സംഘടനാ പ്രവർത്തനത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും തഴക്കവും പഴക്കവും സിദ്ധിച്ചിട്ടുള്ള തിരുവല്ലയിലെ അമുസ്ലിം സ്ത്രീകളെപ്പോലും അതിശയിപ്പിച്ചവയായിരുന്നു. ആ സമ്മേളനത്തിൽ അന്നു പാസാക്കിയ പല നിശ്ചയങ്ങളിൽ ഒന്ന് തിരുവിതാംകൂറിലെ മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ, സ്കോളർഷിപ്, ഫീസ് ആനുകൂല്യം, പരീക്ഷാ വിജയികൾക്കുള്ള ഉദ്യോഗക്കാര്യം തുടങ്ങിയവയായിരുന്നു. അക്കാര്യങ്ങൾക്ക് അന്നത്തെ സർ സിപിയുടെ ഗവൺമെൻ്റ് പരിഗണന നൽകുകയും പലവിധ ആനുകൂല്യങ്ങളും മുസ്ലിം വിദ്യാർഥിനികൾക്ക് ചെയ്‌തുകൊടുക്കുകയുമുണ്ടായി. ഒരു ബിഎക്കാരിക്ക് പ്രമോഷൻ നൽകുന്നതിനു സമ്മേളനം ആവശ്യപ്പെട്ടത് ഒരാഴ്ചയ്ക്കുള്ളിൽ പ്രയോഗത്തിൽ വരുത്തിക്കൊണ്ട്‌ ഗവൺമെൻ്ററിൽ നിന്നു മറുപടി കിട്ടി. ആ സമ്മേളനത്തിൽ വെച്ച് ‘അഖില തിരുവിതാംകൂർ മുസ്‌ലിം വനിതാ സമാജം’ എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുകയും നാട്ടിൻ്റെ നാനാഭാഗങ്ങളിലും അതിന്റെ ശാഖകൾ സ്ഥാപിക്കണമെന്നു നിശ്ചയിക്കുകയും ചെയ്‌തു. കൂടാതെ അന്നു മലബാറിൽ നിലവിലുണ്ടായിരുന്ന അറിയപ്പെട്ടിരുന്ന തലശ്ശേരിയിലെ മുസ്ലിം മഹിളാ സമാജക്കാരുമായി ആലോചന നടത്തി കേരളവ്യാപകമായ നിലയിൽ സംഘടന വളർത്തണമെന്നുകൂടി അന്നു ഞങ്ങൾ നിശ്ചയിച്ചിരുന്നുവങ്കിലും അതിനു വേണ്ടി കുറേക്കാലം ഞാൻ എഴുത്തുകുത്തുകൾ നടത്തുകയും ഒടുവിൽ ഞാൻ തന്നെ തലശ്ശേരിയിൽ പോയി അതിൻ്റെ പ്രസിഡൻ്റായിരുന്ന പരേതയായ ടി.സി കുഞ്ഞാച്ചുമ്മ സാഹിബയുമായി കൂടിക്കാഴ്‌ച നടത്തിയെങ്കിലും അന്നത്തെ ചുറ്റുപാടുകൾ അതിനു സഹായകമായില്ല. തിരുവല്ല സമ്മേളനം പാസാക്കിയ മാറ്റൊരു നിശ്ചയപ്രകാരം, വിവിധ സ്ഥലങ്ങളിൽ ശാഖകൾ സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിലും ആയിരത്തിൽപരം സ്ത്രീകൾ കേന്ദ്ര സംഘടനയിൽ അംഗങ്ങളായി ചേരുകയായി. തിരുവല്ലയിൽ അതിൻ്റെ കേന്ദ്ര ആപ്പീസ് സജീവമായി പ്രവർത്തിച്ചിരുന്നതുകൊണ്ട്‌ അതിന്റെ ആഭിമുഖ്യത്തിൽ പലപ്പോഴും പൊതുസമ്മേളനങ്ങൾ നടത്തുകയും ധാരാളം സ്ത്രീകൾ പല ഭാഗങ്ങളിൽ നിന്നും അതിൽ സംബന്ധിക്കുകയും പതിവായിരുന്നു. സംഘടനയുടെ രണ്ട്‌ മൂന്നു കൊല്ലത്തെ പ്രവർത്തനം മൂലം ഉണ്ടായിട്ടുള്ള ഏറ്റവും പ്രധാനമായ നേട്ടങ്ങൾ, സ്ത്രീവിദ്യാഭ്യാസത്തിന് ആ സംഘടനയും സമ്മേളനവും നൽകിയിരുന്ന പ്രേരണയും പ്രചോദനവും ധനസഹായവുമായിരുന്നു. പെൺകുട്ടികളെ സ്‌കൂളുകളിൽ അയക്കുന്നതിനു പ്രേരണ നൽകുകയും സാധുക്കളായ വിദ്യാർഥിനികൾക്ക് താഴ്ന്ന്‌ ക്ലാസുകളിൽ ചെറിയ തോതിലെങ്കിലും പഠനച്ചെലവുകൾ നിർവഹിച്ചു കൊടുക്കുകയും ഉയർന്ന ക്ലാസുകളിലുള്ളവർക്ക് മുസ്ലിം സ്ഥാപനങ്ങളുമായി എഴുത്തുകുത്തുകൾ നടത്തി സ്കോളർഷിപ്പുകൾ വാങ്ങിക്കൊടുക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ഗവൺമെൻ്റ് സ്കോളർഷിപ്പുകൾ യഥാസമയം ലഭിക്കുന്നതിനും സംഘടന വേണ്ട ശ്രമങ്ങൾ നടത്തുകയും, അതു പ്രയോജനപ്പെടുകയും ചെയ്ത‌ിട്ടുണ്ട്‌. സമ്മേളനങ്ങളിൽ വന്നുചേരുന്ന സ്ത്രീകൾ പരസ്പ‌രം പരിചയപ്പെടുക മൂലം വിധത്തിലും സമുദായത്തിനു പ്രയോജനപ്പെടുന്ന പലതും ചെയ്യുന്നതതിന് അന്നു ഞങ്ങൾക്കു സാധിച്ചിട്ടുണ്ട്‌. അങ്ങനെ രണ്ട്‌ മൂന്നു വർഷം സജീവമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ആ സംഘടന ചില പ്രവർത്തകകളുടെ അഭാവം മൂലം നിർജീവമായിത്തീർന്നു. എങ്കിലും അതിൻ്റെ നേട്ടങ്ങളും പ്രയോജനങ്ങളും അവിസ്‌മരണീയമായ നിലയിൽ ഇന്നും അവശേ ഷിക്കുന്നു.”

അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽനിന്നും സ്ത്രീ സമു ഹത്തെ രക്ഷിക്കുക, വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുക തുടങ്ങിയ തന്റെ നവോത്ഥാന,പരിഷ്കരണ സ്വ‌പ്നങ്ങൾ സഫലീകരിക്കുന്നതിനുവേണ്ടി ഹലീമാബീവി കണ്ട രണ്ട്‌ മാർഗ്ഗങ്ങൾ പത്രപ്രവർത്തനവും പ്രഭാഷണവുമായിരുന്നു. അതിനായി ഹലീമാബീവിയുടെ പത്രാധിപത്യത്തിൽ മുസ്ലീംവനിത(1938) ഭാരത ചന്ദ്രിക ആഴ്ചപതിപ്പ് (1946 )ഭാരത ചന്ദ്രിക ദിനപത്രം (1947) ആധുനിക വനിത(1970) എന്നീ പത്രമാസികകൾ നടത്തുകയുണ്ടായി. ഹലീമാബീവി മാനേജിംഗ് എഡിറ്ററും പബ്ലിഷറുമായിരുന്ന ഭാരതചന്ദ്രികയിൽ വൈക്കം മുഹമ്മദ് ബഷീർ, വക്കം അബ്‌ദുൾഖാദർ, വെട്ടൂർ രാമൻനായർ എന്നിവർ സബ് എഡിറ്റർമാരായിരുന്നു. ബഷീറിന്റെ പാത്തുമ്മ യുടെ ആട്, വിശുദ്ധരോമം, നീലവെളിച്ചം എന്നിവ ആദ്യം അച്ചടിമഷി പുരണ്ടത് ഭാരതച ന്ദ്രികയിലാണ്. ചങ്ങമ്പുഴ, പൊൻകുന്നം വർക്കി, ബാലാമണിയമ്മ, പി.എ.സെയ്ദ് മുഹമ്മദ്, ഒ.എൻ.വി കുറുപ്പ്, ഗുപ്‌തൻനായർ തുടങ്ങി അക്കാലഘട്ടത്തിലെ മുൻനിര എഴുത്തുകാരിൽ പലരും ഭാരത ചന്ദ്രികയിൽ എഴുതിയിട്ടുണ്ട്‌.

ഭാരത ചന്ദ്രിക ആഴ്‌ചപതിപ്പിനു വൻ സ്വീകാര്യത കിട്ടിയതേടെ ഒരു പത്രം തുടങ്ങുതിനെപ്പറ്റി ആലോചിക്കുവാൻ പലരും ഹലീമാബീവിയെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ഭാരത ചന്ദ്രികാദിനപത്രം ആരംഭിച്ചത്. ഭാരത ചന്ദ്രികയിൽ സർ സി.പിയുടെ കിരാത ഭരണത്തിനെതിരെ തുറന്നെഴുതിയതുകാരണം ഹലീമാബീവിക്കു കടുത്ത എതിർപ്പുകൾ നേരിടേണ്ടിവന്നു. ഒരുഘട്ടത്തിൽ തനിക്കനുകൂലമായി എഴുതിയാൽ മേത്തരം പ്രിന്റിംഗ് മെഷീൻ ജപ്പാനിൽ നിന്ന് വരുത്തിതരാമെന്ന വാഗ്ദാനവുമായി സർ സി.പിയുടെ ദുതൻമാർ ഹലീമാബീവിയെ സമീപിച്ചു. വാഗ്ദാനം നിരസിച്ചതോടെ ഭർത്താവ് മുഹമ്മദ് മൗലവിയുടെ ടീച്ചിംഗ് ലൈസൻ സ് റദ്ദാക്കികൊണ്ട്‌ സർ സി.പി പ്രതികാരം ചെയ്തു‌. ഇക്കാലത്ത് സ്വയം കംപോസ്സിഗും പ്രിന്റ്റിഗും ചെയ്തു കൊണ്ട്‌ അതീവ രഹസ്യമായി കെ.എം. മാത്യുവിനും മറ്റും ലഘുലേഖകളും നോട്ടീസുകളും ഭാരതചന്ദ്രികയിൽ നിന്നു അച്ചടിച്ചു കൊടുത്തിരുന്നുവത്രെ. മലയാളമനോരമ ദിനപത്രം നിരോധിക്കപ്പെട്ട ഘട്ടമായിരുന്നു അത്.

ഭാരതചന്ദ്രിക ദിനപത്രത്തിന് ഏറെക്കാലം പിടിച്ചുനിൽക്കാനായില്ല. സാമ്പത്തിക പരാധീനതകൾമൂലം 1949ൽ അതു പൂട്ടി. അതോടെ പത്രപ്രവർത്തന രംഗത്തുനിന്ന് താൽക്കാലികമായി അവർ വിടവാങ്ങുകയും സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ സജീവമാവുകയും ചെയ്തു. ഒരഭിമുഖത്തിൽ ഭാരതചന്ദ്രിക ആഴ്‌ചപ്പതിപ്പിനെക്കുറിച്ച് ഹലീമാബീവി ഓർത്തെടുക്കുന്നത് ഇങ്ങനെ:

‘ഭാരതചന്ദ്രിക’യെന്നായിരുന്നു ആഴ്‌ചപ്പതിപ്പിൻ്റെ പേര്. ഞാൻ മാനേജിംഗ് എഡിറ്റർ. സബ് എഡിറ്റർമാർ വൈക്കം മുഹമ്മദ് ബഷീർ, വക്കം അബ്ദുൽ ഖാദർ, വെട്ടൂർ രാമൻ നായർ എന്നിവർ. തിരുവല്ലയിൽ നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്. 1946ലാണ് ഭാരതചന്ദ്രിക തുടങ്ങിയത്. സാഹിത്യവിഷയങ്ങൾക്കായിരുന്നു ആഴ്ച പ്പതിപ്പിൽ മുൻതൂക്കം നൽകിയിരുന്നത്. ചങ്ങമ്പുഴയുടെ കവിതകൾ, വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥകൾ അങ്ങനെയ ങ്ങനെ. പുതിയ എഴുത്തുകാരുടെ ഒരു കളരി കുടിയായിരുന്നു ഭാരത ചന്ദ്രിക. പ്രത്യേകിച്ചും മുസ്‌ലിം എഴുത്തുകാരെ നന്നായി പ്രോത്സാഹിപ്പിച്ചു. ‘ഞാൻ എഴുതിത്തെളിഞ്ഞത് ഹലീമാബീവിയുടെ വാരികയിലൂടെയാണെ’ന്ന് പി.എ. സെയ്ദ് മുഹമ്മദ് മുമ്പേതോ പ്രസിദ്ധീകരത്തിൽ എഴുതിയത് ഓർക്കുന്നു. അങ്ങനെ എത്രയോ എഴുത്തുകാർ. ഒ എൻ വി കുറുപ്പ്, ഗുപ് തൻ നായർ, ബാലാമണിയമ്മ, കമുകറ പുരുഷോത്തമൻ തുടങ്ങി നിരവധി പ്രശസ്‌തർ വാരികയ്ക്കു വേണ്ടി എഴുതിയിരുന്നു. വൈക്കം മുഹമ്മദ് ബഷീർ അന്നു തിരുവല്ലയിൽ ഞങ്ങളുടെ കൂടെത്തന്നെയാണ് താമസം. ആയിടെ ബഷീറിനെ അറസ്റ്റു ചെയ്യാൻ സർ സിപിയുടെ കൽപന വന്നപ്പോൾ രാത്രി തന്നെ അദ്ദേഹം എറണാകുളത്തേക്കു രക്ഷപ്പെടുകയായിരുന്നു. അതൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓർമയുണ്ട്‌. ഒരു ദിവസം വൈകുന്നേരം പ്രസ്സിൽ നിന്നു മടങ്ങിയെത്തിയ എൻ്റെ ഭർത്താവാണ് വിവരങ്ങൾ അറിയിച്ചത്. അറസ്റ്റു നടന്നേക്കുമെന്ന് കേൾക്കുന്നുന്നും രാത്രി തന്നെ സ്ഥലം വിടണമെന്നും അദ്ദേഹമാണ് ബഷീറിനെ നിർബന്ധിച്ചത്. ഒരു വർഷത്തിനു ശേഷം വാരിക ദിനപത്രമാക്കി. പി എസ് മുഹമ്മദ്, കെ എം മുഹമ്മദ്, വി എ എ അസീസ്. പി കെ കുഞ്ഞ്, എ മരക്കാർ തുടങ്ങിയവരുടെ നിർബന്ധമായിരുന്നു പത്രം തുടങ്ങുന്നതിനു പിന്നിൽ. അക്കാലത്ത് മുസ്ലിം സമുദായത്തിനു പ്രത്രങ്ങൾ കുറവാണല്ലോ. ഏതാണ്ട്‌ ഒരു വർഷത്തെ പ്രസിദ്ധീകരണത്തിനു ശേഷം അതും പൂട്ടി. കാരണങ്ങളിൽ പലതും നേരത്തെ പറഞ്ഞതു തന്നെ. പ്രസ് പിന്നീട് ലിമിറ്റഡ് കമ്പനിയാക്കാൻ ഞാൻ ഡിക്ലറേഷൻ എഴുതിക്കൊടുത്തു. പിന്നീടാണത് നഷ്ടത്തിലായത്. എന്തായാലും ഒടുവിൽ നമുക്ക് ഒന്നും കിട്ടിയില്ല. പ്രസ്സിനു വേണ്ടി പെരുമ്പാവൂരിലെ വീടും പുരയിടവും വിൽക്കേണ്ടിവന്നതു മിച്ചം.’
1953ൽ കൊച്ചിയിൽ നടന്ന മുജാഹിദ് വനിതാസമ്മേളനത്തിലും 1956ൽ കോഴിക്കോട് ഇടിയങ്ങരയിൽ നടന്ന മുജാഹിദ് പൊതുസമ്മേളനത്തിലും ഹലീമാബീവി നടത്തിയ പ്രഭാഷണങ്ങൾ ഏറെ പ്രസിദ്ധമാണ്. എറണാകുളത്ത് ഇന്ദിരാഗാന്ധി പങ്കെടുത്ത ഒരു സമ്മേളനത്തിൽ ഹലീമബീവി നടത്തിയ ഉജ്ജ്വലപ്രഭാഷണം അവർ എന്നും ഓർക്കാറുണ്ടായിരുന്നുവെന്ന് മകൾ അൻസാർ ബീഗം പറയുന്നു.

നീണ്ട ഇടവേളക്കുശേഷം 1970 ൽ ഹലീമാബീവി പത്രപ്രവർത്തനത്തിലേക്കു തിരിച്ചു വന്നു. ‘ആധുനികവനിത’ എന്നപേരിൽ പെരുമ്പാവൂരിൽ നിന്നും ഒരു മാസിക ഹലീമാ ബീവി മുഖ്യപത്രാധിപരായി ആരംഭിച്ചു. വീടും പറമ്പും വിറ്റാണ് അതിനുള്ള പണം അവർ സ്വരൂപിച്ചത്. ഫിലോമിന കുര്യൻ, ബി.സുധ, കെ.കെ.കമലാക്ഷി, എം.റഹ്മബീഗം, ബേബി. ജെ.മുരിക്കൻ എന്നിവരായിരുന്നു ആധുനിക വനിതയുടെ പ ത്രാധിപസമിതി അംഗങ്ങൾ. കഥ, കവിത, ലേഖനം, നോവൽ, ചരിത്രം എന്നിവയെല്ലാം പ്രസിദ്ധീകരിച്ചിരുന്ന സാഹിത്യ-സാംസ്‌കാരിക മാസികയായിരുന്നു’ ആധു നികവനിത’. സി.അച്യുതമേനോൻ, സി.എച്ച്. മുഹമ്മദ്കോയ, കെ.എം.ജോർജ്, ബാലാമണിയമ്മ, ഡോ.പി.കെ. അബ്ദുൾഗഫൂർ, കെ.അവുക്കാദർകുട്ടിനഹ, അബുസബാഹ് അഹമ്മദലി മൗലവി, പി.എ. സെയ്‌ദ്‌മുഹമ്മദ്, കെ.എം. ചെറിയാൻ എന്നിവർ ആദ്യലക്കത്തിൽ ആശംസകൾ അർപ്പിച്ചവരിൽ ചിലരാണ്. മാനേജിംഗ് എഡിറ്റർ, സഹപത്രാധിപൻമാർ, പ്രിൻ്റർ, പബ്ലിഷർ എന്നിവരെല്ലാം വനിതകളായിരുന്നുയെന്നൊരു പ്രത്യേകതകൂടി ആധുനിക വനിതയ്ക്കുണ്ട്‌. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെയെല്ലാം രചനകൾ പ്രസിദ്ധീകരിച്ചിരുന്ന ആധുനികവനിത കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം 1971 ൽ പ്രസിദ്ധീകരണം നിർത്തി.

കേരളത്തിൽ സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നതിനും പതിറ്റാണ്ട്‌കൾക്കുമുമ്പേ സ്ത്രീകളെ സംഘടിപ്പിച്ച്, അവരെ ശാക്തീകരിക്കുന്നതിനുവേണ്ടി അക്ഷീണം പ്രവർത്തിച്ച ഹലീമാബീവി ‘ഉത്തരവാദിത്ത പ്രക്ഷോഭ’ത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ചിട്ടുണ്ട്‌. രാഷ്ട്രീയത്തിലും ഹലീമാബീവി സജീവപങ്കാളിത്തം വഹിച്ചിട്ടുണ്ട്‌. വനിതാലീഗ് രൂപം കൊള്ളുന്നതിനും പതിറ്റാണ്ട്‌കൾക്കുമുമ്പ് തിരുവല്ല താലൂക്ക് മുസ്ലീംലീഗ് സെക്രട്ടറിയായിട്ടുണ്ട്‌ ഹലീമാബീവി. ധാരാളം സ്ത്രീകളന്ന് തിരുവിതാം കൂർ സ്റ്റേറ്റ് മുസ്ലീംലീഗിൽ സജീവമായി പ്രവർത്തിക്കുകയും കമ്മിറ്റികളിൽ അംഗങ്ങളാവുകയും ചെയ്തിരുന്നു. ഹലീമാബീവി രൂപീകരിച്ച വനിതാസമാജത്തിന്റെ പ്രതി ഫലനം കൂടിയായിരുന്നു അത്.

സ്ത്രീകൾ വിദ്യഅഭ്യസിക്കുകയും ശാക്തീകരിക്കപ്പെടുകയും ചെയ്യപ്പെടേണ്ടത് അനിവാര്യമാണെന്ന് ഹലീമാബീവി അടിയുറച്ചു വിശ്വസിച്ചു. എങ്കിലേ സമുദായ പുരോഗതി യാഥാർഥ്യമാവുകയുള്ളൂ എന്നവർ എഴുത്തിലും പ്രഭാഷണങ്ങളിലും ഊന്നിപ്പറഞ്ഞിരുന്നു. ഹലീമാബീവി എഴുതി:
‘ഓർമകളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ ആധുനിക മുസ്‌ലിം സമുദായത്തിലേക്കു കണ്ണോടിക്കുമ്പോൾ ആശാവഹമായ ഒരനുഭൂതിയും ആത്മസംതൃപ്‌തിയും സംജാതമാകുന്നുങ്കിലും വസ്തുനിഷ്‌ഠമായി ചിന്തിക്കുമ്പോൾ ചലനാത്മകമായ ഒരു പുരോഗതി മുസ്ലിം സമുദായത്തിന് ഇനിയും ഉണ്ടായിട്ടില്ലെന്നു കാണാവുന്നതാണ്. അതിനുള്ള പ്രധാന കാരണം സമുദായത്തിൻ്റെ പകുതിയിലേറെ വരുന്ന സ്ത്രീസമുദായത്തിലെ ബഹുഭൂരിപക്ഷവും ഇന്നും അറിവില്ലായ്‌മയുടെ കൂരിരുട്ടിൽ സംസ്‌കാരശൂന്യരായി തപ്പിത്തടയുന്നു എന്നുള്ളതാണ്. ഇസ്‌ലാമിൻറെ സംസ്‌കാര മൂല്യങ്ങളെ കലിമതുത്തൗഹീദിൻ്റെ ബാലഹൃദയങ്ങളിൽ രൂഢമൂലമാക്കുന്നതിനും ജീവിതവിജയത്തിന് ആവശ്യമായ ഭൗതികവിജ്ഞാന മൂല്യങ്ങളെ ശാസ്ത്രീയാടിസ്ഥാനത്തിൽ പകർന്നുകൊടുക്കുന്നതിനു കഴിവും കരുത്തുമുള്ള അമ്മമാരെ സൃഷ്ടിക്കുന്ന കാര്യത്തിൽ സമുദായം ഇനിയും സംഘടിതമായി യാതൊരു ശ്രമവും ചെയ്യുന്നില്ല. സമുദായോത്തേജകന്മാരും ഉൽപതിഷ്ക്കളും അടുത്ത കാലത്തു രംഗത്തുവന്നു കാണുന്നത് അടിസ്ഥാനത്തിൽ ആശാവഹമാണെന്നിരിക്കിലും സ്ത്രീകളുടെ കാര്യത്തിൽ കാര്യമായ സേവനം അവരും അനുഷ്‌ഠിച്ചു കാണുന്നില്ല. ഇന്നും ചില പത്രങ്ങളിൽ കാണുന്ന വനിതാ പംക്തികളും അതിനെക്കുറിച്ചുള്ള വിമർശനങ്ങളും വായിക്കുമ്പോൾ സങ്കടം തോന്നുകയാണ്. പ്രായമായ പെൺകുട്ടികളെ വിദ്യാഭ്യാസത്തിന് അയക്കുന്നതു ഹറാമാണെന്ന് വിധിക്കുന്നവരുടെ എണ്ണം കുറവല്ല. തങ്ങളുടെ കുട്ടികളെ നാലുകെട്ടിനുള്ളിൽ സൂര്യപ്രകാശം കാണിക്കാതെ അടച്ചു സൂക്ഷിക്കുകയും, ഉന്നതപഠനത്തിനു പോകുന്ന പെൺകുട്ടികളെപ്പറ്റി അപവാദം പറഞ്ഞു പരത്തുകയും ചെയ്യുന്നവർ മുസ്ലിം സമുദായത്തിൽ ധാരാളമുണ്ട്‌. സ്വയം നന്നാവില്ലെന്നു മാത്രമല്ല, മറ്റുള്ളവരെ അതിന് അനുവദിക്കുകയുമില്ല! ഇത്തരക്കാർ സമുദായത്തിന് ഒരു ശാപമാണ്. പൊന്നണിയുന്നതിലും പട്ടുടുക്കുന്നതിലും ജീവിതസാഫല്യം കത്തുന്ന നിരക്ഷരകുക്ഷികളും ശുാത്മാക്കളുമായ പെൺകുട്ടികളെ പണത്തിനു ഭാര്യമാരായി സ്വീകരിച്ച് നരകയാതനയ്ക്ക് ഇരയാക്കുന്ന പഠിച്ച മായന്മാരും നമ്മുടെ സമുദായത്തിൽ വിരളമല്ല. ഇത്തരം ദുഷ്പ്രവണതകളെ സമുദായത്തിൽ നിന്നു തൂത്തുമാറ്റുന്നതിനു പ്രഗൽഭമതികളായ സമുദായ പരിഷ്കർത്താക്കൾ മുമ്പോട്ടു വരേതാണ്’.

അവസാനകാലത്ത് കോൺഗ്രസ്സിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഹലീ മാബീവി എറണാകുളം ഡി.സി.സി അംഗവും സേവാദൾ കോൺഗ്രസ്സിന്റെ എക്സ‌ി ക്യൂട്ടീവ് മെമ്പറുമായിരുന്നു. അഞ്ചുവർഷക്കാലം തിരുവല്ല നഗരസഭ കൗൺസിലറായിട്ടുണ്ട്‌ ഹലീമാ ബീവി. എന്നാൽ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പത്രപ്രവർത്ത മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഹലീമാബീവിയെ കോൺഗ്രസ്സുകാർക്കറിയാമോ എന്ന ചോദ്യത്തിൽ അർത്ഥമുണ്ടെന്ന്‌ തോന്നുന്നില്ല. നവോത്ഥാനവും സ്ത്രീവിമോചനവും സജീവ വിഷയമായ വർത്തമാനകാലത്ത് ഈ രണ്ടു കാര്യത്തിലും മുമ്പേ സഞ്ചരിച്ച ഹലീമാബീവിയെ തമസ്ക്‌കരിക്കുന്നത് അക്ഷന്തവ്യമായ തെറ്റുതന്നെ
യാണ്. 2000 ജനുവരി 14നു ഹലീമാബീവി അന്തരിച്ചു.

അടിക്കുറിപ്പുകൾ
1. ഹലീമാ ബീവിയുടെ തെരഞ്ഞെടുത്ത രചനകൾ, അബ്ദുറഹിമാൻ മങ്ങാട്, യുവത ബുക്സ‌്, 2023
2. ഹലീമാബീവി, മുസ്ലിം സ്ത്രീകൾ സംഘടനാ രംഗത്ത്, അൽമനാർ, 1959 ഒക്റ്റോബർ 5, ബുക്ക് 9, ലക്കം 6
3. ബഷീർ രത്താണി, ഒരു പത്രാധിപയുടെ ഓർമകൾ, (അഭിമുഖം) ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1995, ໝູ 8
4. ഹലീമാ ബീവി,സ്നേഹോപഹാരം, സി ഒ ടി കുഞ്ഞിപ്പക്കി സാഹിബിന് (അബ്ദുറഹിമാൻ മങ്ങാട്, ഹലീമാ ബീവിയുടെ തെരഞ്ഞെടുത്ത രചനകൾ, യുവത ബു 2023)

Related