കേരളത്തിലെ ദലിത് നവോത്ഥാനത്തിന്റെ ചരിത്രം അയ്യങ്കാളിയിൽ നിന്ന് മാത്രം ആരംഭിക്കുന്നില്ല. എന്നാൽ, ആ ചരിത്രത്തിലെ ഏറ്റവും ശക്തമായ ജനകീയ അധ്യായങ്ങളിലൊന്ന് അയ്യങ്കാളിയുടെ സമരങ്ങളാണ്. ആ സമരങ്ങൾ ഉയർന്നുവന്ന സാമൂഹിക പശ്ചാത്തലം കൂടി മനസ്സിലാക്കുമ്പോഴാണ് അതിന്റെ യഥാർഥ പ്രാധാന്യം വ്യക്തമാകുന്നത്.
19-ാം നൂറ്റാണ്ടിലെ തിരുവിതാംകൂറിൽ ദലിതർക്ക് വിദ്യാഭ്യാസവും പൊതുവഴികളിലൂടെയുള്ള സഞ്ചാരവും പോലുള്ള അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ക്രിസ്ത്യൻ മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഒരു പുതിയ സാധ്യത തുറന്നത്. മിഷൻ സ്കൂളുകളിലൂടെ ചില ദലിത് കുട്ടികൾക്ക് അക്ഷരജ്ഞാനം ലഭിച്ചു. മതപരിവർത്തനം നടത്തിയ ചിലർക്ക് പുതിയ സാമൂഹിക ബന്ധങ്ങളും ജീവിതസാധ്യതകളും ലഭിച്ചു.
മിഷനറിമാരുടെ ലക്ഷ്യങ്ങളിൽ മതപ്രചാരണം പ്രധാനമായിരുന്നു എന്നത് നിഷേധിക്കാനാവില്ല. എന്നാൽ, അതിന്റെ സാമൂഹിക പ്രത്യാഘാതം അതിനപ്പുറത്തേക്ക് പോയി. ദലിതരുടെ ജീവിതത്തിലെ ജാതിവിലക്കുകൾ ഭരണകൂടത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു വിദ്യാഭ്യാസം, പൊതുവഴി, സാമൂഹിക അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ പരിഷ്കാരത്തിന്റെ ചർച്ചകളിലേക്ക് വരികയും തിരുവിതാംകൂർ ഭരണകൂടത്തിന്റെ രാജകീയ ഉത്തരവുകൾ ആവുകയും ചെയ്തു. വിദ്യാഭ്യാസത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുമുള്ള ഈ രാജകീയ ഉത്തരവുകളുടെ പിൻബലത്തിലാണ് മഹാത്മ അയ്യങ്കാളി വില്ലുവണ്ടി യാത്രയും വിദ്യാഭ്യാസ സമരവും നടത്തിയത്.
ഈ കാലഘട്ടത്തിലെ മാറ്റത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധമായ നിരീക്ഷണം ഏറെ പ്രസക്തമാണ്: “നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്.” പഴയ സാമൂഹിക-മതക്രമത്തിൽ ചില വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ടിരുന്ന സന്യാസാവകാശം പുതിയ ഭരണ-നിയമക്രമത്തിൽ സാധ്യമായതിനെ ചൂണ്ടിക്കാണിക്കുന്നതായിരുന്നു ഗുരുവിന്റെ ഈ വാക്ക്. അതിനെ ബ്രിട്ടീഷ് ഭരണത്തെ പുകഴ്ത്തലായി കാണേണ്ടതില്ല; പഴയ ജാതി അധികാരത്തിൽ മിഷനറിമാരും ബ്രിട്ടിഷ് ഉദ്യോഗസ്ഥരും പുതിയ നിയമ-ഭരണക്രമം സൃഷ്ടിച്ച വിള്ളലിനെ തിരിച്ചറിഞ്ഞ ഒരു ചരിത്രബോധമായാണ് കാണേണ്ടത്.
അതേ പശ്ചാത്തലത്തിലാണ് മിഷൻ വിദ്യാഭ്യാസത്തിലൂടെ ഉയർന്നുവന്ന ദലിത് തലമുറയുടെ പ്രാധാന്യവും കാണേണ്ടത്. ദലിതർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന സമൂഹത്തിൽ മിഷൻ വിദ്യാഭ്യാസത്തിലൂടെ ഉയർന്നുവന്ന ആദ്യ തലമുറയിലെ ദലിത് ബുദ്ധിജീവികളും അധ്യാപകരും എഴുത്തുകാരും സംഘടനാപ്രവർത്തകരുമാണ് പിന്നീട് അയ്യങ്കാളിയുടെ നേതൃത്വത്തിലുള്ള സമരങ്ങൾക്ക് ആശയവും ഭാഷയും സംഘടനാശേഷിയും നൽകുന്നതിൽ നിർണായക പങ്കുവഹിച്ചത്.
അയ്യങ്കാളിക്ക് ഔപചാരിക വിദ്യാഭ്യാസം പരിമിതമായിരുന്നു. പക്ഷേ അതിനെ അദ്ദേഹം തന്റെ പ്രസ്ഥാനത്തിന്റെ പരിമിതിയാക്കിയില്ല. വിദ്യാഭ്യാസം നേടിയ ദലിത് സഹപ്രവർത്തകരെയും സ്വന്തം ജനകീയ നേതൃത്വത്തെയും കൂട്ടിയിണക്കി അദ്ദേഹം വിദ്യാഭ്യാസാവകാശത്തിനും പൊതുവഴി സഞ്ചാരാവകാശത്തിനും വേണ്ടി സമരങ്ങൾ നയിച്ചു.
പിന്നീട് മറ്റൊരു ഘട്ടത്തിലേക്ക് കടന്നത് ഡോ. ബി. ആർ. അംബേദ്കറുടെ നേതൃത്വത്തിൽ രൂപപ്പെട്ട ഭരണഘടന ഇന്ത്യക്കാരന് പുതിയൊരു പൗരത്വബോധം നൽകിയതോടെയാണ്. സമത്വം, വിവേചനനിരോധനം, അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിനു മുന്നിലെ സമത്വം തുടങ്ങിയവ ഭരണഘടനാപരമായ അവകാശങ്ങളായി മാറി. ഭരണഘടന മൗലികാവകാശങ്ങൾ ഉറപ്പാക്കുകയും സാമൂഹിക നീതിയെ രാഷ്ട്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി സ്ഥാപിക്കുകയും ചെയ്തു. അതോടെ ദലിത് വിമർശനത്തിന്റെ ഭാഷയും കൂടുതൽ മാറി.
