November 24 Tuesday 2026

തലപ്പാവിനെന്ത് തിളക്കം; ‘ദി റിഥം ഓഫ് റിവോൾട്ട്’ ന് നാളെ തുടക്കം

തലസ്ഥാനനഗരിയിലെ ഓണാഘോഷങ്ങൾക്ക് വേറിട്ട സാംസ്കാരികാനുഭവം പകരുന്ന തലപ്പാവ് – ദി റിഥം ഓഫ് റിവോൾട്ട് സാംസ്‌കാരികോത്സവത്തിന് നാളെ തുടക്കമാകും. നീലം കൾച്ചറൽ സെന്ററിൻ്റെ ആഭിമുഖ്യത്തിൽ 27, 28 തീയതികളിൽ തിരുവനന്തപുരം കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ടിലാണ് പരിപാടി.

മുഖ്യധാരയിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാത്ത ദലിത്-ആദിവാസി-പിന്നാക്ക ജനവിഭാഗങ്ങളുടെ ചരിത്രം, കല, അറിവ്, ജീവിതാനുഭവങ്ങൾ എന്നിവയ്ക്ക് ശക്തമായ പൊതുവേദി സൃഷ്ടിക്കുകയും പുതിയ തലമുറയിലെ കലാകാരന്മാരെയും സാംസ്‌കാരിക പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന പ്രധാന ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സാംസ്‌കാരിക പ്രസ്ഥാനമായ നീലം കൾച്ചറൽ സെന്റർ

സാമൂഹികനീതി, സമത്വം, ജനാധിപത്യം, കല, സാഹിത്യം, സിനിമ, സംഗീതം, ജനകീയ സംസ്‌കാരം എന്നിവയെ മുൻനിർത്തി പ്രവർത്തിക്കുന്ന സാംസ്‌കാരിക പ്രസ്ഥാനമായ നീലം കൾച്ചറൽ സെന്റർ കേരളയുടെ ഔദ്യോഗിക തുടക്കത്തിന്റെ ഭാഗമായി, മഹാത്മാ അയ്യങ്കാളിയുടെ 163ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന രണ്ടു വിവസത്തെ സാംസ്‌കാരികോത്സവത്തിൻറെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തെയും സമകാലിക വിഷയങ്ങളെയും കല, സംഗീതം, സാഹിത്യം, സിനിമ, സംവാദം എന്നിവയിലൂടെ പൊതുസമൂഹവുമായി ബന്ധിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.

സംവിധായകനും നീലം കൾച്ചറൽ സെന്റർ സ്ഥാപകനുമായ പാ. രഞ്ജിത്ത്, റാപ്പർമാരും സംഗീതപ്രവർത്തകരുമായ വേടൻ, അറിവ്, വിവിധ സിനിമാസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കും. മത്തായി സുനിലിന്റെ ബാൻഡ്, കേരളത്തിലെ പണിയ, കാട്ടുനായ്ക്കർ ഗോത്രകലാസംഘങ്ങൾ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ ജനകീയ സംഗീതകലാസംഘങ്ങൾ എന്നിവരുടെ അവതരണങ്ങളും ഉണ്ടായിരിക്കും.

സംഗീത-സാംസ്‌കാരിക പരിപാടികൾക്കൊപ്പം കേരളത്തിലെ പ്രമുഖ എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന സാഹിത്യോത്സവം, ആശയസംവാദങ്ങൾ, പുസ്തകമേള, പരമ്പരാഗത ഭക്ഷ്യമേള എന്നിവയും സംഘടിപ്പിക്കും. വ്യത്യസ്ത കലാരൂപങ്ങളെയും ഭാഷകളെയും സംസ്‌കാരങ്ങളെയും ഒരേ വേദിയിൽ അണിനിരത്തി, എല്ലാവർക്കും പങ്കാളികളാകാവുന്ന ജനകീയവും ഉൾക്കൊള്ളുന്നതുമായ സാംസ്‌കാരിക അനുഭവം സൃഷ്ടിക്കുകയാണ് ”തലപ്പാവ്” ലക്ഷ്യമിടുന്നത്. ടിക്കറ്റ് വഴിയാണ് പ്രവേശനം. ടിക്കറ്റുകളും പരിപാടിയുടെ കൂടുതൽ വിവരങ്ങളും www.thalappavu.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9633033070.

 

Related