കോവിഡ് കാലത്ത് ആരംഭിച്ച പി.എം കെയേഴ്സിന്റെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. മൂന്നു വർഷങ്ങൾക്കുശേഷമാണ് സർക്കാർ പി.എം കെയേഴ്സ് ഫണ്ടിന്റെ കണക്കുകളുടെ വിവരം പുറത്തുവിടുന്നത്. ദുരന്തങ്ങൾക്കിടയിലും ഫണ്ടുകൾ ചിലവഴിക്കാതെ അനാവശ്യമായി പിശുക്ക് കാണിച്ചതിന്റെ നേർചിത്രമാണ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടുന്നത്.
ദി പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റന്റ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് എന്ന് ചുരുക്കപ്പേരിലാണ് പിഎം കെയേഴ്സ് എന്ന ഫണ്ട് അറിയപ്പെടുന്നത്. ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം പൊതുജന ആരോഗ്യ അടിയന്തരാവസ്ഥകൾ, ദുരന്തങ്ങൾ എന്നിവയ്ക്കാണ് ഈ ഫണ്ട് വിനിയോഗിക്കുക. കോവിഡ് മഹാമാരി സമയത്ത് രൂപീകരിച്ച ഈ ഫണ്ട് പ്രതിസന്ധിഘട്ടങ്ങളിലോ ദേശീയ അടിയന്തരാവസ്ഥകളിലോ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നാണ് സർക്കാർ വാദം. പി.എം കെയേഴ്സ് ഒരു പൊതു ചാരിറ്റബിൾ ട്രസ്റ്റ് ആയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയാണ് പി.എം കെയേഴ്സ് ട്രസ്റ്റിന്റെ എക്സ് ഒഫിഷ്യോ ചെയർപേഴ്സൺ. നിലവിൽ നരേന്ദ്രമോദിയാണ് ആ സ്ഥാനത്തുള്ളത്. കൂടാതെ മൂന്ന് ക്യാബിനറ്റ് മന്ത്രിമാരായ പ്രതിരോധ വകുപ്പ് മന്ത്രി രാജനാഥ് സിംഗ്, ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ, ധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ എന്നിവരാണ് ട്രസ്റ്റിലെ മൂന്ന് എക്സ് ഒഫിഷ്യോ അംഗങ്ങൾ. പാർലമെന്റ് ബജറ്റിലെ വിഹിതത്തിൽ നിന്നല്ല ഈ പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നത്. ജനങ്ങളിൽ നിന്നും സ്വമേധയാ ലഭിക്കുന്ന സംഭാവനകളെയാണ് പി എം കെയേഴ്സ് ആശ്രയിക്കുന്നത്.
വിവരാവകാശ നിയമത്തിലെ ‘പൊതു അധികാര സ്ഥാപനം’ എന്നതിന് കീഴിലോ ഭരണഘടനയുടെ അനുച്ഛേദം 12ന് കീഴിലെ ‘ സ്റ്റേറ്റ് ’ എന്ന നിർവചനത്തിലോ പി.എം കെയേഴ്സ് ഫണ്ട് വരില്ലെന്ന് ഡൽഹി ഹൈക്കോടതി മുമ്പാകെ കേന്ദ്രസർക്കാർ ബോധിപ്പിച്ചിട്ടുണ്ട്. പാർലമെന്ററി നിയമങ്ങൾ പ്രകാരം പി.എം കെയേഴ്സ് സംബന്ധിച്ച ചോദ്യങ്ങൾ പാർലമെന്റിൽ അനുവദനീയമല്ല എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ ലോക്സഭാ സെക്രട്ടറിയേറ്റിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഫണ്ടിന് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിന്റെ പിന്തുണ ഇല്ല എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണമായി സർക്കാർ അറിയിച്ചത്. ആയതിനാൽ, സംഭാവന നൽകിയ ആളുടെ പേര് വിവരങ്ങൾ, പണമിടപാട് രേഖകൾ, വരവ് ചിലവ് കണക്കുകൾ എന്നിവയൊക്കെ തന്നെ പൊതുജനങ്ങളിൽ നിന്നും സർക്കാരിന് മറച്ചു വെക്കാം. “ ട്രസ്റ്റികളുടെ വിവേകത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല ” എന്ന് നിരീക്ഷിച്ചുകൊണ്ട് പി.എം കെയേഴ്സിൽ സിഎജി ഓഡിറ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീംകോടതി തള്ളുകയാണ് ഉണ്ടായത്. വിവരാവകാശ നിയമത്തിനും, പാർലമെന്റിനും, സിഎജിക്കും കീഴിൽ വരാത്ത ഈ ഫണ്ടിന്റെ സുതാര്യതയെ കുറിച്ച് അതുകൊണ്ടുതന്നെ ഏറെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്
കോവിഡ് 19 മഹാമാരി മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട അനാഥരായ വിദ്യാർഥികൾക്ക് വർഷം ഇരുപതിനായിരം രൂപ പി.എം കെയേഴ്സിൽ നിന്നും നൽകുമെന്നത് കേന്ദ്രസർക്കാരിന്റെ ഉറച്ച വാഗ്ദാനമായിരുന്നു. എന്നാൽ, 2024-2025 സാമ്പത്തിക വർഷത്തിൽ ഈ പദ്ധതിക്കായി ചെലവഴിച്ചതാവട്ടെ വെറും 88 ലക്ഷം രൂപ മാത്രമാണ്. 3,383 കുട്ടികളെ പദ്ധതിയിൽ ഉൾക്കൊള്ളിച്ചപ്പോൾ ഒരു കുട്ടിക്ക് ലഭിച്ചതാവട്ടെ വെറും 2,596 രൂപ!. ചുരുക്കത്തിൽ പദ്ധതിക്കായി മാറ്റിവെച്ച് 88 ലക്ഷം രൂപയിൽ കേവലം 0.001 ശതമാനമാണ് 2024-2025 സാമ്പത്തിക വർഷം സർക്കാർ ചെലവാക്കിയത്.
2021 മേയ് മാസമാണ് കോവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നത്. വിദ്യാർത്ഥികളുടെ പഠനത്തിനായുള്ള സഹായം, ആരോഗ്യ ഇൻഷുറൻസ്, ഭക്ഷണത്തിനും താമസത്തിനുമായുള്ള പിന്തുണ, പതിനെട്ട് വയസ്സ് പൂർത്തിയാകുമ്പോൾ പത്ത് ലക്ഷം രൂപ നൽകൽ എന്നിവയെല്ലാമാണ് സർക്കാർ വാഗ്ദാനം ചെയ്തിരുന്നത്. പി എം കെയേഴ്സിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കേവലം 4,543 അപേക്ഷകൾ മാത്രമാണ് ഈ കാലയളവിൽ അംഗീകരിക്കപ്പെട്ടത്. സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം പോയ വർഷം ഡിസംബറിലെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ വ്യക്തമാക്കിയതനുസരിച്ച് ഇരുപതിനായിരം രൂപ വീതം ഒരു കുട്ടിക്കായി നൽകിയിട്ടുണ്ട്. എന്നാൽ കുട്ടികൾക്കായുള്ള പി.എം കെയേഴ്സിലെ നീക്കിയിരിപ്പ് തുകയിൽ വൻ ഇടിവാണ് തുടർന്നുള്ള വർഷങ്ങളിൽ ഉണ്ടായത്. 2023 സാമ്പത്തിക വർഷം 346 കോടി രൂപ നീക്കി വെച്ചപ്പോൾ 2024 സാമ്പത്തിക വർഷം വെറും 15 കോടിയിലേക്കാണ് വിഹിതം കൂപ്പുകുത്തിയത്. 2025 ആകുമ്പോഴേക്കും അത് ചുരുങ്ങിയതാവട്ടെ വെറും 25 ലക്ഷം രൂപയിലേക്കാണ്.
2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ പി എം കെയേഴ്സ് ഫണ്ടിന്റെ 93 ശതമാനവും അതായത് 7,847 കോടി രൂപ സ്ഥിരനിക്ഷേപമാണ്.605 കോടി രൂപയാണ് സേവിങ്സ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്.പി എം കെയേഴ്സ് വെബ്സൈറ്റിൽ പങ്കുവെച്ച ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റിൽ നിന്നുള്ള വിവര പ്രകാരം 2026 ഓഗസ്റ്റ് ഏഴിനാണ് ഓഡിറ്റ് നടന്നത്. 2023-25 സാമ്പത്തിക വർഷ കാലയളവിലെ റിപ്പോർട്ടാണ് നിലവിൽ സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഫണ്ടിലേക്ക് കോടിക്കണക്കിന് രൂപയാണ് ഈ കാലയളവിൽ ഒഴുകിയെത്തിയത്. എന്നാൽ ചിലവഴിച്ചതാവട്ടെ വളരെ തുച്ഛമായ പണവും എന്നാണ് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഓഡിറ്റ് റിപ്പോർട്ടിലെ Unique document identification number (UDIN) ന്റെ അഭാവം വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
2024-24 കാലയളവിൽ ഫണ്ടിലേക്ക് ഒഴുകിയെത്തിയത് 1,279 കോടി രൂപയാണ്. എന്നാൽ ഇതിൽ സർക്കാർ ചെലവഴിച്ചതാട്ടെ വെറും 87 ലക്ഷം രൂപ. അതായത് ഫണ്ടിന്റെ 0.1 ശതമാനം മാത്രം. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 1162 കോടി രൂപ പി എം കെയേഴ്സ് ഫണ്ടിലേക്ക് എത്തിയെങ്കിലും ആകെ ചെലവഴിച്ചതാകട്ടെ വെറും പതിനാറ് കോടി രൂപ മാത്രം. ജനക്ഷേമ പ്രവർത്തനങ്ങളെ ലക്ഷ്യം വെച്ച് 2020 ൽ ആരംഭിച്ച പദ്ധതിയിൽ ആകെ ചിലവായത് 18.7 ശതമാനം മാത്രമാണ്. അതായത് ആകെ ഫണ്ടിന്റെ അഞ്ചിലൊന്നു പോലും സർക്കാർ ജനങ്ങൾക്കായി മാറ്റി വെച്ചില്ല എന്ന് സാരം. നിലവിലെ കണക്ക് പ്രകാരം 8,452 കോടി രൂപയാണ് സർക്കാരിന്റെ കൈവശം ഫണ്ടിന്റെ ഇനത്തിൽ ഉള്ളത്. ഇതിൽ 7837 കോടി സ്ഥിരം നിക്ഷേപമാണ്.മുൻ വർഷത്തേക്കാൾ 17.8 ശതമാനം ഈ കാലയളവിൽ വർധനവ് ഉണ്ടായി. ഇത്രയും രൂപ സർക്കാർ ചെലവഴിക്കാത്തതിനെതിരെ പ്രതിഷേധങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ടുണ്ട്.
വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ കൊണ്ട് പല സംസ്ഥാനങ്ങളും സാമ്പത്തികമായി പൊറുതി മുട്ടുമ്പോളായിരുന്നു കേന്ദ്രസർക്കാരിന്റെ ഈ പിശുക്ക് എന്നത് ഓർക്കണം. എന്ത് ദുരിതാശ്വാസത്തിന് ആണോ ഈ ഫണ്ട് രൂപീകരിച്ചത് അത് വെറും പ്രയോജനം ഇല്ലാത്ത പണമായി മാത്രം ഒതുങ്ങി കിടക്കുന്ന അവസ്ഥയാണ് നിലവിൽ.
ദേശീയ ദുരന്ത പ്രതികരണ നിധി (NDRF -National disaster response fund) നിലനിൽക്കുമ്പോഴാണ് സമാന്തരമായി പി.എം കെയേഴ്സ് എന്നപേരിൽ മറ്റൊരു നിധിയും നിലനിൽക്കുന്നത്. പി.എം കെയേഴ്സിനെയും, ദേശീയ ദുരന്ത പ്രതികരണനിധിയെയും രണ്ട് വ്യത്യസ്ത നിയമപ്രവർത്തന ഘടനകളുള്ള സംവിധാനങ്ങളായാണ് കോടതി പരിഗണിച്ചത്. സിഎജി ഓഡിറ്റിനും വിവരാവകാശ നിയമത്തിനും വിധേയമായ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് നിലനിൽക്കെ സി എ ജി ക്കും വിവരാവകാശ നിയമത്തിനും വിധേയമാകാത്ത പി.എം കെയേഴ്സ് എന്തിനാണ് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. പി.എം കെയേഴ്സിലേക്ക് ഒഴുകിയെത്തുന്ന പണം പാർലമെന്റിന് വിധേയമായ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിലേക്ക് പകരം എത്തുന്നത് ഇടപാടിന്റെ സുതാര്യതയും അതിന്മേലുള്ള ആരോഗ്യകരമായ ചർച്ചകൾക്കും വഴിയൊരുക്കും. 2020 ആഗസ്റ്റിൽ പി.എം കെയേഴ്സ് ഫണ്ടിനെ ദേശീയ ദുരന്ത പ്രതികരണനിധിയിലേക്ക് മാറ്റം ചെയ്യാനുള്ള അപേക്ഷ കോടതി നിരസിച്ചിരുന്നു. സമീപദിവസം പുറത്തുവിട്ട സിഎജി (Comptroller and audit general) റിപ്പോർട്ട് പ്രകാരം ദേശീയ ദുരന്ത പ്രതികരണ നിധിയുടെ (NDRF) പകുതി മാത്രമേ കേന്ദ്രസർക്കാർ ചിലവഴിച്ചിട്ടുള്ളൂ എന്ന് വ്യക്തമാക്കുന്നുണ്ട്.
11,474 കോടി രൂപ എൻഡിആർഎഫ് ഫണ്ടിലേക്ക് അനുവദിച്ചപ്പോൾ അതിൽ നിന്നും 5,356 കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയത്. അസമിലെ വെള്ളപ്പൊക്കം, കോരളത്തിലെ വയനാട് ഉരുള് ദുരന്തം എന്നിവയൊക്കെ ഈ കാലയളവിൽ രാജ്യത്ത് സംഭവിച്ച ദുരന്തങ്ങളാണ് എന്നോർക്കണം. 2021 ഏപ്രിൽ-മേയ് മാസങ്ങളിൽ കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് ഓക്സിജൻ സിലിണ്ടറുകൾ കിട്ടാതെ രോഗികൾ തെരുവിൽ മരിച്ചുവീഴുമ്പോൾ പി.എം കെയേഴ്സ് പദ്ധതി നോക്കുകുത്തിയായി നിന്നു. സ്ഥിരനിക്ഷേപത്തിലൂടെയും പലിശ വരുമാനത്തിലൂടെയും ഫണ്ട് കുമിഞ്ഞു കൂടുന്നുവെങ്കിലും ദുരിതങ്ങളിലെ അടിയന്തരാവശ്യങ്ങൾ നിർവഹിക്കുന്നതിൽ പദ്ധതി പരാജയപ്പെടുകയാണ്.
“ എന്തുകൊണ്ടാണ് ഈ പണം സ്കൂളുകൾ നിർമിക്കാൻ ഉപയോഗിക്കാത്തത്? ഉയർന്ന നിലവാരത്തിലെ സൗകര്യങ്ങളുള്ള ഒരു മോഡൽ സ്കൂൾ നിർമ്മിക്കുവാൻ ഏകദേശം 8 കോടി ചിലവാകും. അങ്ങനെയെങ്കിൽ ആ 8452 കോടി കൊണ്ട് (പി.എം കെയേഴ്സ് ഫണ്ടിൽ ഓഡിറ്റിനുശേഷം നിലവിലുള്ള തുക) ആയിരത്തിലധികം ഹൈടെക് സ്കൂളുകൾ പണിയാം ” പി.എം കെയേഴ്സ് ഫണ്ട് വിനിയോഗത്തിന്റെ വാർത്തകൾ പുറത്തുവരുന്ന വേളയിൽ കൊക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ പ്രതികരണമാണിത്.
എൻഡിആർഎഫ് പോലെയല്ല പി.എം കെയേഴ്സ് ഫണ്ട്. എൻഡിആർഎഫിലേക്ക് കേന്ദ്രസർക്കാർ ബജറ്റ് പണം അനുവദിക്കുമ്പോൾ പി.എം കെയേഴ്സിലേക്ക് ജനങ്ങളാണ് വിശ്വസിച്ച് പണം നൽകുന്നത്, തങ്ങളുടെ പണം ദുരിതം അനുഭവിക്കുന്നവരുടെ സാഹചര്യം ഭേദമാക്കും എന്ന പ്രതീക്ഷയോടെ. ജനസംഖ്യയിൽ ലോകത്ത് ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്. പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തിലും നാം ഒട്ടും പിന്നോട്ടല്ല. മഹാമാരികളിലും ദുരന്തങ്ങളിലും പ്രതീക്ഷകളറ്റ് രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ പ്രയാസപ്പെടുന്ന ദരിദ്രനാരായണന്മാരുടെ ഒരു രാജ്യത്ത് പി.എം കെയേസ് പോലുള്ള ദുരിതാശ്വാസനിധികൾ ചിലവഴിക്കപ്പെടാതിരിക്കുന്നത് നീതീകരിക്കാനാവില്ല.
