മനുഷ്യശരീരം വെറും ജൈവഘടനയല്ല. അത് വ്യക്തിയുടെ സ്വത്വവും ഓർമ്മയും അനുഭവവും വേദനയും അധികാരബന്ധങ്ങളും രേഖപ്പെടുത്തുന്ന ഒരു രാഷ്ട്രീയ ഇടം കൂടിയാണ്. ശരീരത്തെ നിയന്ത്രിക്കുന്നതും ശരീരത്തെ പ്രദർശിപ്പിക്കുന്നതും ശരീരത്തെ മറയ്ക്കുന്നതും ശരീരത്തെ ശിക്ഷിക്കുന്നതുമെല്ലാം സാമൂഹിക-രാഷ്ട്രീയ അർത്ഥങ്ങളുള്ള പ്രവൃത്തികളാണ്. അതുകൊണ്ടുതന്നെ ആധുനിക കലയിൽ ശരീരം ഒരു മാധ്യമമായി മാറിയപ്പോൾ അത് സൗന്ദര്യശാസ്ത്രത്തിന്റെ അതിരുകൾ കടന്ന് രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്കും പ്രവേശിച്ചു.
1960-70കളിൽ ആഗോള കലാരംഗത്ത് ശക്തമായ സാന്നിധ്യമായി ഉയർന്നുവന്ന ബോഡി ആർട്ട്, അഥവാ ശരീരത്തെ തന്നെ കലയുടെ മാധ്യമമാക്കുന്ന പെർഫോമൻസ് ആർട്ട്, ഈ മാറ്റത്തിന്റെ നിർണായക ഘട്ടമായിരുന്നു. ക്യാൻവാസിനും ശില്പത്തിനും പകരം കലാകാരന്റെ സ്വന്തം ശരീരം തന്നെയായി കലയുടെ ഉപകരണം. ശരീരത്തിന്റെ ചലനം, ക്ഷീണം, വേദന, അപകടസാധ്യത, സഹനശേഷി, ചിലപ്പോൾ നഗ്നത എന്നിവയിലൂടെ കലാകാരൻ അധികാരത്തെയും ലിംഗരാഷ്ട്രീയത്തെയും സാമൂഹിക വിലക്കുകളെയും ചോദ്യം ചെയ്തു.
മരീന അബ്രമോവിച്ചിന്റെ Rhythm 0 പോലുള്ള പ്രകടനങ്ങളിൽ കലാകാരന്റെ ശരീരം തന്നെ പ്രേക്ഷകന്റെ ഇടപെടലിന് വിട്ടുകൊടുക്കപ്പെടുന്നു. ക്രിസ് ബർഡന്റെ Shoot പോലുള്ള കൃതികൾ ശരീരത്തിന്റെ പരിധിയും അപകടവും അധികാരവും തമ്മിലുള്ള ബന്ധത്തെ അതീവ തീവ്രമായി മുന്നോട്ടുവച്ചു. ഇവിടെയൊന്നും ശരീരം ഒരു ചിത്രത്തിലെ കഥാപാത്രം മാത്രമല്ല; അത് തന്നെയാണ് കലാസൃഷ്ടി. ശരീരത്തിൽ സംഭവിക്കുന്നത് തന്നെയാണ് ആശയം. ഇതോടെ ഒരു പ്രധാന ചോദ്യം ഉയർന്നു: ശരീരത്തിന് രാഷ്ട്രീയമായി സംസാരിക്കാനാകുമോ?
ഉത്തരം അതെ എന്നുതന്നെയാണ്. കാരണം, ശരീരം അധികാരത്തിന്റെ നിയന്ത്രണത്തിൽ നിന്ന് ഒരിക്കലും പൂർണമായി സ്വതന്ത്രമല്ല. എന്ത് ധരിക്കണം, എത്രത്തോളം ശരീരം കാണിക്കണം, ആരുടെ ശരീരം മാന്യമായി കണക്കാക്കണം, ആരുടെ ശരീരം ശിക്ഷിക്കാം, ആരുടെ ശരീരം പൊതുസ്ഥലത്ത് അംഗീകരിക്കപ്പെടണം-ഇവയെല്ലാം സമൂഹവും ഭരണകൂടവും മതവും ജാതിയും ലിംഗക്രമങ്ങളും നിർണയിക്കുന്ന വിഷയങ്ങളാണ്.
അതിനാൽ ശരീരത്തെക്കുറിച്ചുള്ള ഓരോ ഇടപെടലിനും ഒരു രാഷ്ട്രീയ അർത്ഥമുണ്ട്.
ശരീരം: കലയിൽ നിന്ന് പ്രതിരോധത്തിലേക്ക്
ഇന്ത്യൻ സാംസ്കാരിക പാരമ്പര്യത്തിലും ശരീരം പ്രകടനത്തിന്റെ പ്രധാന മാധ്യമമാണ്. കേരളത്തിലെ തെയ്യം, കഥകളി, പുലിക്കളി, തിരയാട്ടം തുടങ്ങിയ കലാരൂപങ്ങളിൽ ശരീരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉപകരണം മാത്രമല്ല; അത് തന്നെ പരിവർത്തനത്തിന്റെ വേദിയാണ്. തെയ്യത്തിൽ കലാകാരന്റെ ശരീരം ഒരു ദൈവിക രൂപത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു. മുഖഛായവും വേഷവും ചലനവും ശരീരഭാഷയും ചേർന്ന് മറ്റൊരു സ്വത്വം സൃഷ്ടിക്കുന്നു. കഥകളിയിലും ശരീരം തന്നെ ഭാഷയായി മാറുന്നു. കണ്ണിന്റെ ചലനം മുതൽ കൈമുദ്രയും മുഖഭാവവും വരെ വാക്കുകളെ അതിജീവിക്കുന്ന ഒരു ആശയവിനിമയം അവിടെ സാധ്യമാകുന്നു.
എന്നാൽ, ആധുനിക പെർഫോമൻസ് ആർട്ടിൽ ശരീരത്തിന്റെ രാഷ്ട്രീയ സാധ്യതയാണ് കൂടുതൽ വ്യക്തമായി മുന്നിലെത്തുന്നത്. ശരീരം ഓർമ്മയുടെ ഇടമാകുന്നു; പ്രതിഷേധത്തിന്റെ ഇടമാകുന്നു; അധികാരത്തിനെതിരായ സാക്ഷ്യമായി മാറുന്നു.
ഇന്ത്യയിലെ സമകാലിക കലാരംഗത്ത് ഈ സാധ്യതകൾ വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഖോജ് പോലുള്ള കലാ സ്ഥാപനങ്ങളും കൊച്ചി-മുസിരിസ് ബിനാലെ പോലുള്ള അന്താരാഷ്ട്ര വേദികളും പെർഫോമൻസ് ആർട്ടിന് പുതിയ ഇടങ്ങൾ തുറന്നു. കലാകാരന്മാർ ശരീരത്തെ വ്യക്തിപരമായ അനുഭവങ്ങളുടെ മാത്രമല്ല, ജാതി, വർഗം, ലിംഗം, കുടിയേറ്റം, രാഷ്ട്രീയ അക്രമം തുടങ്ങിയ വിഷയങ്ങളുടെ അവതരണത്തിനും ഉപയോഗിച്ചു.
2016-ൽ പി.എസ്.ജയ കറുത്ത നിറം ശരീരത്തിൽ പൂശി കൊച്ചിയുടെ തെരുവുകളിൽ ദീർഘകാലം നടത്തിയ പ്രകടനം ശരീരം സാമൂഹിക അധികാരബന്ധങ്ങളെ ചോദ്യം ചെയ്യാനുള്ള മാധ്യമമാകുന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്. നിറം, ജാതി, ശരീരത്തിന്റെ സാമൂഹിക വായന എന്നിവ തമ്മിലുള്ള ബന്ധം ആ പ്രകടനം ചർച്ചയാക്കി. അവിടെ ശരീരം ഒരു ‘വസ്തു’ ആയിരുന്നില്ല. അത് ഒരു പ്രസ്താവനയായിരുന്നു.
അടിയന്തരാവസ്ഥ: ശരീരത്തെ ശിക്ഷിച്ച ഭരണകൂടം
ഈ പശ്ചാത്തലത്തിലാണ് തൃശൂരിൽ നടന്ന ഡിവൈഎഫ്ഐയുടെ 16-ാമത് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ‘മിസ’ എന്ന നാടകത്തെ വായിക്കേണ്ടത്. കോഴിക്കോട് ചിലങ്ക തിയേറ്റേഴ്സ് അവതരിപ്പിച്ച നാടകം ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായ അടിയന്തരാവസ്ഥയെ കേന്ദ്രീകരിച്ചുള്ളതാണ്. 1975 മുതൽ 1977 വരെ നീണ്ട അടിയന്തരാവസ്ഥയിൽ ഭരണകൂടം രാഷ്ട്രീയ എതിരാളികളെയും വിമതരെയും പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും വ്യാപകമായി അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തു. അതിന് നിയമപരമായ അടിത്തറകളിലൊന്നായിരുന്നു MISA -Maintenance of Internal Security Act.
‘മിസ’ എന്ന നാടകത്തിന്റെ പേര് തന്നെ ആ ചരിത്രത്തിലേക്കുള്ള സൂചനയാണ്. നാടകം അവതരിപ്പിക്കുന്നത് നടിയും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകയുമായ സ്നേഹലത റെഡ്ഡിയുടെ ജീവിതമാണ്. അടിയന്തരാവസ്ഥക്കാലത്തെ തടവും പീഡനവും അവരുടെ ജീവിതത്തെ തകർത്തു. ജോർജ് ഫെർണാണ്ടസുമായുള്ള ബന്ധത്തിന്റെ പേരിൽ ബറോഡ ഡൈനാമൈറ്റ് കേസുമായി ബന്ധപ്പെടുത്തി അവർ അറസ്റ്റിലായി. ദീർഘകാല തടവും ആരോഗ്യപ്രശ്നങ്ങളും ജയിലിലെ ദുരനുഭവങ്ങളും അവരുടെ ജീവിതത്തിന്റെ അവസാനഘട്ടത്തെ നിർണയിച്ചു.
സ്നേഹലത റെഡ്ഡിയുടെ കഥയിൽ ശരീരം തന്നെയാണ് പ്രധാന സാക്ഷി. ജയിൽ ഒരു രാഷ്ട്രീയ തടവുകാരന്റെ സ്വാതന്ത്ര്യം മാത്രമല്ല കവർന്നെടുക്കുന്നത്. ശരീരത്തിന്റെ സ്വാതന്ത്ര്യവും അത് കവർന്നെടുക്കുന്നു. ഉറക്കം, ഭക്ഷണം, സ്വകാര്യത, ചികിത്സ, ചലനസ്വാതന്ത്ര്യം-ശരീരവുമായി ബന്ധപ്പെട്ട അടിസ്ഥാന അവകാശങ്ങൾ പോലും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാകുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയ തടവിന്റെ ചരിത്രത്തിൽ ശരീരം ഒരു രേഖയാണ്. സ്നേഹലത റെഡ്ഡിയുടെ അനുഭവങ്ങൾ ഈ സത്യത്തിന്റെ ശക്തമായ ഉദാഹരണമാണ്.
വിവാദമായ രംഗം
‘മിസ’യിലെ ഒരു രംഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നാടകം വിവാദത്തിലായത്. നാടകത്തിന്റെ മുഴുവൻ സന്ദർഭത്തിൽ നിന്ന് വേർതിരിച്ചെടുത്ത രംഗത്തെ അടിസ്ഥാനമാക്കി “നഗ്നതാ പ്രദർശനം”, “സദാചാരവിരുദ്ധം” തുടങ്ങിയ ആരോപണങ്ങൾ ഉയർന്നു. ഇവിടെയാണ് ഒരു പ്രധാന പ്രശ്നം ഉയരുന്നത്.
ഒരു പീഡിത ശരീരത്തിന്റെ ചരിത്രം അവതരിപ്പിക്കുമ്പോൾ ശരീരത്തെ എങ്ങനെ കാണണം? അത് വെറും കാഴ്ചയാണോ? അതോ ചരിത്രത്തിന്റെ സാക്ഷ്യമാണോ?
രംഗത്തെ അതിന്റെ രാഷ്ട്രീയ-ചരിത്രപരമായ പശ്ചാത്തലത്തിൽ നിന്ന് വേർതിരിച്ചാൽ അത് ഒരു ശരീരപ്രദർശനമായി മാത്രം തോന്നാം. എന്നാൽ, നാടകത്തിന്റെ മുഴുവൻ ഘടനയിൽ അതിനെ വായിക്കുമ്പോൾ ശരീരം അധികാരത്തിന്റെ പീഡനത്തിന് വിധേയമായ ഒരു ചരിത്രരേഖയായി മാറുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് ഉയർത്തിയ വാദത്തിന്റെ കേന്ദ്രവും ഇതുതന്നെയാണ്: നാടകത്തിലെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണിലൂടെ കാണുമ്പോൾ അടിയന്തരാവസ്ഥയിലെ രാഷ്ട്രീയ പീഡനത്തിന്റെ ചരിത്രം മറയുന്നു. നാടകപ്രവർത്തക ചിന്നു ചിലങ്കയും രംഗത്തെ ചരിത്രപരമായ പശ്ചാത്തലത്തിൽ നിന്ന് വേർതിരിച്ചുള്ള വിമർശനത്തെ ചോദ്യം ചെയ്തു. ഇവിടെ വിമർശകരുടെ ഉദ്ദേശ്യത്തെക്കുറിച്ച് വിധിയെഴുതുന്നതിനെക്കാൾ പ്രധാനമാണ് മറ്റൊരു കാര്യം: ഒരു കലാസൃഷ്ടിയെ അതിന്റെ മുഴുവൻ സന്ദർഭത്തിൽ നിന്ന് മുറിച്ചുമാറ്റുമ്പോൾ അതിന്റെ രാഷ്ട്രീയ അർത്ഥം എങ്ങനെ മാറുന്നു എന്നത്.
നഗ്നതയും സദാചാരവും
കലയിൽ നഗ്നത പുതിയ കാര്യമല്ല. മനുഷ്യശരീരത്തെ നഗ്നമായി ചിത്രീകരിക്കുകയും ശില്പമാക്കുകയും അവതരിപ്പിക്കുകയും ചെയ്ത പാരമ്പര്യം ലോകകലാചരിത്രത്തിൽ വളരെ പഴക്കമുള്ളതാണ്. എന്നാൽ, നഗ്നശരീരത്തിന്റെ അർത്ഥം ഒരിക്കലും ഏകമാനമായിരുന്നിട്ടില്ല. സ്നേഹലത റെഡ്ഡിയുടെ അനുഭവം അവതരിപ്പിക്കുന്ന ഒരു നാടകത്തിൽ ശരീരത്തിന്റെ അനാവരണം ലൈംഗികമായ അർത്ഥത്തിൽ മാത്രം വായിക്കുന്നത് ചരിത്രത്തെ ചുരുക്കിക്കളയുന്നു. ഇവിടെ ശരീരം അപമാനത്തിന്റെ സാക്ഷ്യം കൂടിയാണ്.
അധികാരം ഒരു ശരീരത്തെ അപമാനിക്കുമ്പോൾ അതിന്റെ ലക്ഷ്യം ശരീരത്തെ മാത്രം വേദനിപ്പിക്കുക എന്നതല്ല. വ്യക്തിയുടെ ആത്മാഭിമാനത്തെയും സ്വത്വത്തെയും തകർക്കുക എന്നതുമാണ്. അതിനാൽ പീഡിത ശരീരത്തെ കലയിൽ പുനഃസൃഷ്ടിക്കുന്നത് ചിലപ്പോൾ അസ്വസ്ഥത സൃഷ്ടിച്ചേക്കാം. എന്നാൽ, ആ അസ്വസ്ഥത തന്നെയാണ് കലയുടെ രാഷ്ട്രീയ ശക്തി. കല എപ്പോഴും സുഖകരമായ കാഴ്ചകൾ മാത്രം നൽകേണ്ടതില്ല. ചിലപ്പോൾ അത് നമ്മെ അസ്വസ്ഥരാക്കണം. നമ്മൾ മറക്കാൻ ശ്രമിച്ച ചരിത്രത്തിലേക്ക് നമ്മെ തിരികെ കൊണ്ടുപോകണം.
ശരീരം ഒരു മെമ്മറി സൈറ്റ്
ഇവിടെയാണ് ബോഡി ആർട്ടും ‘മിസ’യും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനാകുന്നത്.
ബോഡി ആർട്ടിൽ കലാകാരന്റെ ശരീരം ഓർമ്മയുടെ ഒരു സൈറ്റായി മാറുന്നു. വ്യക്തിപരമായ അനുഭവം സാമൂഹിക അനുഭവമായി പരിവർത്തനം ചെയ്യപ്പെടുന്നു. ‘മിസ’യിലും സ്നേഹലത റെഡ്ഡിയുടെ ശരീരാനുഭവം ഒരു വ്യക്തിയുടെ ദുരന്തത്തിൽ ഒതുങ്ങുന്നില്ല. അത് അടിയന്തരാവസ്ഥയുടെ രാഷ്ട്രീയ പീഡനത്തിന്റെ പ്രതീകമായി മാറുന്നു. ഒരർത്ഥത്തിൽ നാടകം ഒരു ഓർമ്മയുടെ പുനരവതരണം ആണ്.
ചരിത്രപുസ്തകങ്ങളിൽ അടിയന്തരാവസ്ഥയെ വായിക്കാം. നിയമങ്ങളുടെ പേരുകൾ പഠിക്കാം. അറസ്റ്റുകളുടെ കണക്കുകൾ പരിശോധിക്കാം. എന്നാൽ, ഒരു മനുഷ്യശരീരം അധികാരത്തിന്റെ പീഡനം അനുഭവിച്ചുവെന്ന ബോധം പ്രേക്ഷകനിലേക്ക് എത്തിക്കുന്നത് മറ്റൊരു അനുഭവമാണ്. അവിടെയാണ് പെർഫോമൻസിന്റെ ശക്തി.
ചരിത്രം പുസ്തകത്തിൽ നിന്ന് ശരീരത്തിലേക്ക് മാറുന്നു.
തെയ്യത്തിൽ നിന്ന് ‘മിസ’യിലേക്ക്
കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളുമായി ഈ ആശയത്തെ ബന്ധിപ്പിക്കുമ്പോൾ കൗതുകകരമായ ഒരു തുടർച്ച കാണാം. തെയ്യത്തിൽ ശരീരം പരിവർത്തനത്തിന്റെ മാധ്യമമാണ്. കലാകാരന്റെ ശരീരം ഒരു ചരിത്ര-സാംസ്കാരിക സ്മൃതിയെ വഹിക്കുന്നു. ആ ശരീരത്തിലൂടെയാണ് ഒരു സമൂഹം തന്റെ വിശ്വാസങ്ങളെയും കഥകളെയും ഓർമ്മകളെയും പുനരാവിഷ്കരിക്കുന്നത്. ‘മിസ’യിൽ ശരീരം ദൈവികതയുടെ പ്രതിനിധിയല്ല; മറിച്ച് രാഷ്ട്രീയ പീഡനത്തിന്റെ സാക്ഷിയാണ്. എന്നാൽ, രണ്ടിടത്തും ശരീരം ഒരു ജീവനുള്ള ആർക്കൈവ് ആയി പ്രവർത്തിക്കുന്നു. ഒന്ന് വിശ്വാസത്തിന്റെ ഓർമ്മ വഹിക്കുന്നു. മറ്റൊന്ന്, രാഷ്ട്രീയ പീഡനത്തിന്റെ ഓർമ്മ വഹിക്കുന്നു. ഇവ രണ്ടും ശരീരത്തെ വെറും കാഴ്ചയിൽ നിന്ന് ചരിത്രത്തിന്റെ മാധ്യമമാക്കി മാറ്റുന്നു.
ശരീരം ആരുടേത്?
ശരീരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്: ശരീരത്തിന്മേൽ അധികാരം ആര്ക്കാണ്? കുടുംബം? സമൂഹം? മതം? രാഷ്ട്രം? നിയമം? സദാചാരത്തിന്റെ കാവൽക്കാർ?
സ്ത്രീശരീരം ഇതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ്. സ്ത്രീ എന്ത് ധരിക്കണം, എങ്ങനെ പെരുമാറണം, എത്രത്തോളം ശരീരം മറയ്ക്കണം, എവിടെ പോകണം എന്നതിനെക്കുറിച്ച് സമൂഹം നിരന്തരം നിയമങ്ങൾ നിർമ്മിക്കുന്നു. അതിനാൽ, സ്ത്രീശരീരം തന്നെ ഒരു രാഷ്ട്രീയ പോരാട്ടഭൂമിയാണ്. സ്നേഹലത റെഡ്ഡിയുടെ കഥയിൽ ഈ രാഷ്ട്രീയത്തിന് മറ്റൊരു തലമുണ്ട്. അവിടെ ശരീരത്തിന്മേലുള്ള നിയന്ത്രണം വ്യക്തിപരമായ സദാചാരനിയന്ത്രണമല്ല; ഭരണകൂടത്തിന്റെ അധികാരമാണ്. അതുകൊണ്ടുതന്നെ അവരുടെ ശരീരത്തിന്റെ നാടകീയ പുനരാവിഷ്കരണം അധികാരത്തിന്റെ ചരിത്രത്തെയും ചോദ്യം ചെയ്യുന്നു.
വിവാദം എന്താണ് മറച്ചുവയ്ക്കുന്നത്?
‘മിസ’യെ ചുറ്റിപ്പറ്റിയ വിവാദത്തിന്റെ ഏറ്റവും വലിയ വിരോധാഭാസം ഇതായിരിക്കാം: നാടകത്തിൽ അവതരിപ്പിക്കപ്പെട്ട ശരീരത്തെക്കുറിച്ചാണ് ഏറ്റവും കൂടുതൽ ചർച്ച നടന്നത്; എന്നാൽ, ആ ശരീരത്തെ പീഡനപര്വമാക്കിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ച പിന്നിലേക്ക് പോയി. ഇത് പുതിയ പ്രതിഭാസമല്ല.
ചരിത്രത്തിൽ പലപ്പോഴും പീഡിതന്റെ ശരീരം തന്നെ ചർച്ചയുടെ കേന്ദ്രമാകുന്നു; പീഡനത്തിന് ഉത്തരവാദികളായ അധികാരഘടന അപ്രത്യക്ഷമാകുന്നു. ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവൾക്കെതിരായ അതിക്രമം മറയുന്നതുപോലെ, ഒരു നാടകത്തിലെ ശരീരദൃശ്യത്തെക്കുറിച്ച് മാത്രം ചർച്ച ചെയ്യുമ്പോൾ മുഖ്യപ്രമേയമായ അടിയന്തരാവസ്ഥയുടെ രാഷ്ട്രീയ ചരിത്രവും മറഞ്ഞുപോകാം. അതിനാൽ ‘മിസ’ ഉയർത്തുന്ന യഥാർത്ഥ ചോദ്യം “നഗ്നത കാണിക്കാമോ?” എന്നതല്ല. അതിലും പ്രധാനപ്പെട്ട ചോദ്യം: “ചരിത്രത്തിലെ പീഡിത ശരീരത്തെ എങ്ങനെ ഓർക്കണം?”
ശരീരം സംസാരിക്കുമ്പോൾ
ബോഡി ആർട്ട് നമ്മെ പഠിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങളിലൊന്ന് ഇതാണ്; ശരീരം നിശ്ശബ്ദമല്ല, അതിന് സ്വന്തം ഭാഷയുണ്ട്. ക്ഷീണവും വേദനയും മുറിവും ചലനവും നിശ്ചലതയും പോലും രാഷ്ട്രീയ പ്രസ്താവനകളാകാം. അധികാരം ശരീരത്തെ നിയന്ത്രിക്കുന്നിടത്ത് ശരീരത്തിന്റെ സാന്നിധ്യം തന്നെ പ്രതിരോധമായി മാറാം.
പി.എസ് ജയയുടെ കറുത്ത ശരീരം ജാതിയുടെയും നിറത്തിന്റെയും സാമൂഹിക രാഷ്ട്രീയത്തെ ചോദ്യം ചെയ്തതുപോലെ, സ്നേഹലത റെഡ്ഡിയുടെ ശരീരാനുഭവത്തെ വേദിയിൽ പുനരവതരിപ്പിക്കുന്ന ‘മിസ’ അടിയന്തരാവസ്ഥയുടെ ഓർമ്മയെ ഇന്നിലേക്ക് കൊണ്ടുവരുന്നു. ഇവിടെ ശരീരം ചരിത്രത്തിന്റെ ജീവിക്കുന്ന രേഖയാണ്. മായ്ച്ചുകളയാൻ കഴിയാത്ത ഒരു രേഖ.
ചരിത്രം അധികാരികൾ എഴുതുന്നതുമാത്രമല്ല. ശരീരങ്ങളും ചരിത്രം എഴുതുന്നു. ജയിലിൽ അനുഭവിച്ച പീഡനത്തിന്റെ ഓർമ്മയിൽ ഒരു ശരീരം ചരിത്രം രേഖപ്പെടുത്തുന്നു. തെരുവിൽ പ്രതിഷേധമായി നിൽക്കുന്ന ഒരു ശരീരം മറ്റൊരു ചരിത്രം രേഖപ്പെടുത്തുന്നു. വേദിയിൽ ഒരു കഥാപാത്രമായി പുനർജനിക്കുന്ന ശരീരം മറച്ചുവെച്ച ചരിത്രത്തെ വീണ്ടും ദൃശ്യവൽക്കരിക്കുന്നു. അതിനാൽ ‘മിസ’യെ വെറും ഒരു നാടകവിവാദമായി കാണുന്നത് അതിന്റെ ആഴം കുറയ്ക്കുന്നതായിരിക്കും. ഇത് ശരീരത്തെക്കുറിച്ചുള്ള നമ്മുടെ സാമൂഹിക ധാരണകളെക്കുറിച്ചുള്ള ചർച്ചയാണ്. ഇത് കലയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയാണ്. അതിലുപരി, ഓർമകളുടെ വീണ്ടെടുപ്പിന്റെ അവകാശത്തെക്കുറിച്ചുള്ള ചർച്ചയാണ്. അടിയന്തരാവസ്ഥയുടെ ചരിത്രം മറന്നുപോകാതിരിക്കാനുള്ള ശ്രമത്തിൽ ഒരു ശരീരം വീണ്ടും വേദിയിലെത്തുമ്പോൾ അത് വെറും അഭിനയിക്കുന്നില്ല. അത് സാക്ഷ്യം പറയുകയാണ്.
അധികാരം ശരീരത്തെ നിശ്ശബ്ദമാക്കാൻ ശ്രമിച്ചിടത്ത് കല ആ ശരീരത്തിന് വീണ്ടും ശബ്ദം നൽകുന്നു. അവിടെയാണ് ശരീരം ഒരു രാഷ്ട്രീയ മാധ്യമമായി മാറുന്നത്. ശരീരം വെറും മാംസമല്ല. അത് ഓർമയാണ്. അത് ചരിത്രമാണ്. അത് പ്രതിരോധമാണ്. ‘മിസ’യുടെ വേദിയിൽ ആ ശരീരം വീണ്ടും സംസാരിക്കുമ്പോൾ സംവദിക്കേണ്ടത് അതിന്റെ ദൃശ്യതമാത്രല്ല; അതിന്റെ ചരിത്രശബ്ദംകൂടിയാണ്.
