ഇത് AI തൊഴിൽവിപണിയിൽ വലിയ തോതിലുള്ള പിരിച്ചുവിടലിന്റെ കഥയല്ല; മറിച്ച് തൊഴിൽവിപണിയിൽ പ്രവേശിക്കേണ്ട യുവാക്കൾക്ക് വാതിലുകൾ പതുക്കെ അടയുന്നുവെന്ന മുന്നറിയിപ്പാണ്. പ്രത്യേകിച്ച് 22–25 പ്രായക്കാരിൽ, AI-ക്ക് കൂടുതൽ വിധേയമായ ജോലികളിലെ തൊഴിൽനില, സമാന പ്രായത്തിലുള്ള AI-യുമായി കുറഞ്ഞ ബന്ധമുള്ള ജോലികളിലെ പ്രവണതയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 19% താഴെയാണ് എന്ന Stanford Digital Economy Lab-ന്റെ പുതുക്കിയ പഠനം ശ്രദ്ധേയമാണ്.
ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം, മുതിർന്ന തൊഴിലാളികളെ AI ഇപ്പോൾ അതേ രീതിയിൽ ബാധിക്കുന്നില്ല എന്നതാണ്. ജോലി നഷ്ടപ്പെടുന്നതിലേക്കാൾ പുതിയ നിയമനങ്ങൾ കുറയുന്നതാണ് യുവാക്കളുടെ തിരിച്ചടിയുടെ പ്രധാന വഴിയെന്ന് പഠനം സൂചിപ്പിക്കുന്നു. അതായത്, നിലവിലുള്ള തൊഴിലാളിയെ പുറത്താക്കുന്നതിനുപകരം, അടുത്തതായി നിയമിക്കേണ്ട യുവാവിനെ നിയമിക്കാതിരിക്കുകയാണ് തൊഴിൽവിപണിയുടെ ആദ്യ പ്രതികരണം. തൊഴിൽവിപണിയിൽ ഇതിനകം ഇടം നേടിയവരും പുതുതായി പ്രവേശിക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള വ്യത്യാസം ഇവിടെ നിർണായകമാകുന്നു.
ഇത് ഒരു സാധാരണ സാമ്പത്തിക മാന്ദ്യത്തിന്റെ കഥയായി മാത്രം കാണാനും കഴിയില്ല. 2025 ജൂലൈയിൽ ഇതേ കണക്കെടുപ്പിൽ യുവാക്കളുടെ തൊഴിൽവിടവ് 15 ശതമാനമായിരുന്നു. 2026 ജൂണിൽ അത് 19 ശതമാനമായി ഉയർന്നു. പലിശനിരക്ക്, റിമോട്ട് വർക്ക്, ടെക് കമ്പനികളിലെ തൊഴിൽമാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്തിട്ടും ഈ വ്യത്യാസം പൂർണമായി അപ്രത്യക്ഷമാകുന്നില്ല. പ്രത്യേകിച്ച് AI മനുഷ്യന്റെ ജോലികളെ automate ചെയ്യുന്ന മേഖലകളിലാണ് യുവാക്കളുടെ തൊഴിൽ ഇടിയുന്നത്. മനുഷ്യന്റെ കഴിവിനെ AI കൂടുതൽ complement ചെയ്യുന്ന മേഖലകളിൽ ചിത്രം അത്ര മോശമല്ല; പരിചയസമ്പന്നരായ തൊഴിലാളികളുടെ തൊഴിൽ ചില മേഖലകളിൽ ഉയരുകയും ചെയ്യുന്നു.
ഇവിടെ ‘അനുഭവം’ എന്നത് ഒരു പുതിയ സാമ്പത്തിക മൂലധനമായി ഉയർന്നുവരുന്നു. പുസ്തകങ്ങളിൽനിന്നും രേഖകളിൽനിന്നും കോഡുകളിൽനിന്നും ഡിജിറ്റൽ ഡാറ്റയിൽനിന്നും ലഭിക്കുന്ന codified knowledge പകർത്താനും പ്രയോഗിക്കാനും ജനറേറ്റീവ് AI-യ്ക്ക് വലിയ കഴിവുണ്ട്. എന്നാൽ വർഷങ്ങളായുള്ള പരിശീലനത്തിലൂടെയും മനുഷ്യബന്ധങ്ങളിലൂടെയും പ്രതിസന്ധികളെ നേരിട്ടുള്ള അനുഭവത്തിലൂടെയും രൂപപ്പെടുന്ന tacit knowledge അത്ര എളുപ്പത്തിൽ യന്ത്രത്തിലേക്ക് മാറ്റാനാവില്ല. അതുകൊണ്ടുതന്നെ ഒരേ തൊഴിൽമേഖലയിൽ പുതിയതായി പ്രവേശിക്കുന്ന യുവാവിന്റെ അവസരം കുറയുമ്പോൾ, വർഷങ്ങളായി ജോലി ചെയ്യുന്ന പരിചയസമ്പന്നന്റെ സ്ഥാനം അതേ വേഗത്തിൽ അപ്രത്യക്ഷമാകുന്നില്ല.
ഇതിൽ വിദ്യാഭ്യാസരംഗത്തിനും വലിയൊരു മുന്നറിയിപ്പുണ്ട്. വർഷങ്ങളായി വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന വാഗ്ദാനം ഇതായിരുന്നു: പഠിക്കുക, യോഗ്യത നേടുക, തൊഴിൽവിപണിയിൽ പ്രവേശിക്കുക, അനുഭവം സമ്പാദിക്കുക. എന്നാൽ AI ഏറ്റവും എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നത് വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന, രേഖപ്പെടുത്തപ്പെട്ട, സ്റ്റാൻഡേർഡ് ചെയ്ത അറിവാണെങ്കിൽ, വിദ്യാഭ്യാസയോഗ്യത മാത്രം തൊഴിൽസുരക്ഷ ഉറപ്പാക്കുന്ന കാലഘട്ടം അവസാനിക്കുകയാണ്. സർട്ടിഫിക്കറ്റ് നേടിയ ഒരാൾക്ക് ആദ്യ ജോലി ലഭിക്കുന്നതിന് മുമ്പുതന്നെ അയാളുടെ ചില ജോലികൾ AI ചെയ്യാൻ തുടങ്ങിയേക്കാം.
അതുകൊണ്ടാണ് ഈ പഠനത്തിലെ 19 ശതമാനം എന്ന സംഖ്യയെ വെറും തൊഴിൽസ്ഥിതിവിവരക്കണക്കായി കാണാൻ പാടില്ലാത്തത്. ഇത് യുവാക്കളുടെ തൊഴിൽപ്രവേശന പ്രതിസന്ധിയുടെ ഒരു സൂചന കൂടിയാണ്. ഒരു യുവാവിന് ജോലി നഷ്ടപ്പെടുന്നത് ഒരു കാര്യം; ആദ്യ ജോലി തന്നെ ലഭിക്കാതിരിക്കുന്നത് മറ്റൊന്നാണ്. തൊഴിൽജീവിതത്തിന്റെ തുടക്കത്തിൽ അനുഭവം നേടാനുള്ള അവസരം നഷ്ടപ്പെടുമ്പോൾ പിന്നീട് ലഭിക്കേണ്ട സ്ഥാനക്കയറ്റവും വരുമാനവർധനയും തൊഴിൽപരിചയവും എല്ലാം വൈകും. അതിനാൽ ഇന്നത്തെ ‘ഹയർ ചെയ്യാത്തത്’ നാളത്തെ വരുമാനവിടവായി മാറാം.
അതേസമയം, പഠനം തന്നെ വളരെ പ്രധാനപ്പെട്ട ഒരു ജാഗ്രത മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇത് AI തന്നെയാണ് ഈ മാറ്റങ്ങൾക്ക് കാരണമെന്ന് തെളിയിക്കുന്ന causal study അല്ല. വിദ്യാഭ്യാസനില പരിഗണിക്കുമ്പോൾ ചില വ്യത്യാസങ്ങൾ ചുരുങ്ങുന്നു. ജനറേറ്റീവ് AI വ്യാപകമാകുന്നതിന് മുമ്പും ചില വ്യത്യസ്ത പ്രവണതകൾ ഉണ്ടായിരുന്നുവെന്ന് ഗവേഷകർ സമ്മതിക്കുന്നു. ADP ഡാറ്റയുടെ സാമ്പിൾ ദേശീയ തൊഴിൽവിപണിയെ പൂർണമായി പ്രതിനിധീകരിക്കുന്നുണ്ടോ എന്നതിലും ചോദ്യങ്ങളുണ്ട്. അതിനാൽ 19 ശതമാനം എന്ന കണക്കിനെ ‘AI കാരണം 19 ശതമാനം യുവാക്കൾക്ക് ജോലി നഷ്ടപ്പെട്ടു’ എന്ന രീതിയിൽ അവതരിപ്പിക്കുന്നത് തെറ്റായിരിക്കും. പക്ഷേ, അതുകൊണ്ട് മുന്നറിയിപ്പിന്റെ ഗൗരവം കുറയുന്നില്ല. കാരണം മറ്റൊരു ചോദ്യം കൂടുതൽ പ്രധാനമാണ്: AI കാരണം എത്ര പേരെ ഇതിനകം പിരിച്ചുവിട്ടു എന്നതിലുപരി, AI കാരണം എത്ര പേരെ ഇനി നിയമിക്കുന്നില്ല?
തൊഴിൽവിപണിയിലെ AI വിപ്ലവത്തിന്റെ ആദ്യഘട്ടം ഒരുപക്ഷേ തൊഴിലാളികളുടെ കൂട്ടപ്പിരിച്ചുവിടലായിരിക്കില്ല. അത് നിയമനരീതിയിലെ ചെറിയ മാറ്റങ്ങളായിരിക്കും. ഒരു കമ്പനിക്ക് മുമ്പ് അഞ്ച് ജൂനിയർ ജീവനക്കാരെ ആവശ്യമുണ്ടായിരുന്നെങ്കിൽ ഇന്ന് മൂന്ന് പേരെയും ഒരു AI സംവിധാനത്തെയും ഉപയോഗിച്ചാൽ മതിയാകാം. അവിടെ ആരെയും പിരിച്ചുവിടേണ്ടതില്ല. പക്ഷേ രണ്ട് യുവാക്കൾക്ക് ആദ്യ ജോലി ലഭിക്കില്ല. സ്ഥിതിവിവരക്കണക്കുകളിൽ അത് ‘mass unemployment’ ആയി കാണപ്പെടണമെന്നില്ല. എന്നാൽ, ഒരു തലമുറയുടെ തൊഴിൽപ്രവേശന പാത അതിലൂടെ മാറിപ്പോകാം. ഇതാണ് AI തൊഴിൽവിപ്ലവത്തിന്റെ ഏറ്റവും നിശ്ശബ്ദവും അപകടകരവുമായ വശം. യന്ത്രം മനുഷ്യനെ ജോലിയിൽനിന്ന് പുറത്താക്കുന്നതിന് മുമ്പ്, മനുഷ്യന് ആ ജോലിയിൽ പ്രവേശിക്കാനുള്ള അവസരം തന്നെ ഇല്ലാതാക്കാൻ കഴിയും.
ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഈ ചോദ്യം കൂടുതൽ ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. വലിയ യുവജനസംഖ്യ, ഉയർന്ന വിദ്യാഭ്യാസമുള്ള തൊഴിലന്വേഷകരുടെ വർധന, സ്ഥിരം തൊഴിൽസൃഷ്ടിയിലെ അപര്യാപ്തത, പ്രവേശനതല ജോലികളിൽ കടുത്ത മത്സരം-ഇവയ്ക്കിടയിലാണ് AI എത്തുന്നത്. അതിനാൽ അമേരിക്കൻ തൊഴിൽവിപണിയിൽ കാണുന്ന ഈ പ്രവണത ഇന്ത്യയിൽ അതേ രൂപത്തിൽ ആവർത്തിക്കുമെന്ന് പറയാനാവില്ല. എന്നാൽ AI-യുടെ ആഘാതം അളക്കേണ്ടത് ജോലി നഷ്ടപ്പെട്ടവരുടെ എണ്ണത്തിൽ മാത്രം ഒതുക്കരുതെന്ന പാഠം ഈ പഠനം നൽകുന്നു.
യുവാക്കൾക്ക് ജോലി കിട്ടാത്തത് അവരുടെ കഴിവില്ലായ്മയാണെന്ന് മാത്രം പറഞ്ഞാൽ മതിയാകില്ല. ഒരു പുതിയ തൊഴിൽവിപണി രൂപപ്പെടുകയാണ്. അതിൽ അനുഭവം, മനുഷ്യബന്ധം, സൃഷ്ടിപരത, പ്രശ്നപരിഹാരം, നേതൃത്വശേഷി, സാമൂഹികബോധം തുടങ്ങിയ കഴിവുകൾക്ക് കൂടുതൽ വില ലഭിക്കാം. അതേസമയം വിദ്യാഭ്യാസവും പരിശീലനവും പഴയ രീതിയിൽ തുടർന്നാൽ, AI ഏറ്റവും എളുപ്പത്തിൽ പകർത്തുന്ന അറിവ് മാത്രം പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണ് ആദ്യം പ്രതിസന്ധിയിലാകുക.
Stanford പഠനത്തിന്റെ ഏറ്റവും പ്രസക്തമായ സന്ദേശം അതുകൊണ്ട് 19 ശതമാനം എന്ന കണക്കിൽ അവസാനിക്കുന്നില്ല. AIയുടെ തൊഴിൽപ്രഭാവം ആദ്യം പ്രത്യക്ഷപ്പെടുന്നത് സമ്പദ്വ്യവസ്ഥയുടെ മൊത്തം തൊഴിൽനിരക്കിൽ അല്ല, തൊഴിൽവിപണിയിലെ പ്രത്യേക വിഭാഗങ്ങൾക്കിടയിലെ അവസരവ്യത്യാസങ്ങളിലായിരിക്കാം. യുവാക്കൾ അതിന്റെ ആദ്യ ‘canary’ ആകുന്നുണ്ടോ എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്. AI മനുഷ്യന്റെ ജോലി മുഴുവൻ തിന്നുകളയുമോ എന്ന പഴയ ചോദ്യം ഒരുപക്ഷേ തെറ്റായ ചോദ്യമാണ്. കൂടുതൽ പ്രസക്തമായ ചോദ്യം ഇതാണ്: AIയുടെ കാലത്ത് മനുഷ്യന്റെ ആദ്യ ജോലി എവിടെയാണ്?അതിനുള്ള ഉത്തരം കണ്ടെത്തുന്നതുവരെ 19 ശതമാനം ഒരു കണക്കല്ല തൊഴിൽവിപണിയുടെ അടിത്തട്ടിൽ മുഴങ്ങിത്തുടങ്ങിയ ഒരു മുന്നറിയിപ്പ് മണിയാണ്.
