പത്തു വർഷത്തെ പിണറായി വിജയൻ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് 2026 മെയ് 18-ന് അധികാരമേറ്റ വി.ഡി സതീശൻ സർക്കാർ ആദ്യ 100 ദിവസങ്ങൾ പൂർത്തിയാക്കുകയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 140-ൽ 102 സീറ്റുകൾ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയാണ് യു.ഡി.എഫ് അധികാരത്തിൽ വന്നത്. ഭരണവിരുദ്ധ വികാരവും ഭരണമാറ്റത്തിനായുള്ള ജനങ്ങളുടെ അടങ്ങാത്ത ദാഹവുമാണ് ഈ വലിയ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. കേരളത്തിലെ വിവിധ ജനവിഭാഗങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ഈ സർക്കാരിനെ നോക്കിക്കാണുന്നത്. വാഗ്ദാനങ്ങളും പ്രായോഗികതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സതീശൻ സർക്കാരിന് മുന്നിലുള്ളത്. നൂറ് ദിവസങ്ങൾ എന്നത് സർക്കാരിനെ സംബന്ധിച്ച് പൂണമായ വിലയിരുത്തലിന് സമയമല്ല എങ്ങകിലും സർക്കാരിന്റെ പോക്ക് എങ്ങോട്ടാണ് എന്നതിന്റെ ദിശാ സൂചികയാണ്. നൂറ് ദിവസങ്ങൾ പൂർത്തിയാക്കിയ സർക്കാരിനെയും പ്രതിപക്ഷത്തയും ആ നിലയ്ക്ക് വിലയിരുത്തേണ്ടതാണ്.
മന്ത്രിസഭാ രൂപീകരണവും ആദ്യ ചുവടുവെപ്പുകളും
യു.ഡി.എഫ് പോലൊരു മുന്നണി സംവിധാനത്തിൽ മന്ത്രിസഭാ രൂപീകരണം എക്കാലത്തും ഒരു ബാലികേറാമലയാണ്. ഇത്തവണയും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ വലിയ വൈകലുണ്ടായി. എന്നാൽ, ജനഹിതം കൂടി പരിഗണിച്ച് മുഖ്യമന്ത്രിയെ നിശ്ചയിച്ചതോടെ കാര്യങ്ങൾ സുഗമമായി. 2006 ലെ വി.എസ് അച്യുതാനന്ദനെപ്പോലെ ജനങ്ങൾ നിശ്ചയിച്ച മുഖ്യമന്ത്രിയായി വി.ഡി സതീശൻ.
ഘടകകക്ഷികളുടെ ആവശ്യങ്ങൾ, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങൾ, സാമുദായിക സന്തുലിതാവസ്ഥ എന്നിവ പരിഗണിച്ച് ഒരു മന്ത്രിസഭ രൂപീകരിക്കുക എന്നത് യു.ഡിഎഫിനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ വലിയ കടമ്പയായിരുന്നു. എന്നാൽ, മികച്ച ഭരണപരിചയമുള്ള മുതിർന്ന നേതാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് താരതമ്യേന സുഗമമായി മന്ത്രിസഭാ രൂപീകരണം പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ദിവസത്തിൽ തന്നെ സമ്പൂർണ്ണ മന്ത്രിസഭയായി അധികാരമേറ്റു. മുൻകാലങ്ങളെക്കാൾ സാമൂഹ്യ നീതി മന്ത്രിസഭാ രൂപീകരണത്തിൽ ദൃശ്യമായി.
ഭരണശൈലിയിലെ മാറ്റം: കേൾക്കാനും തിരുത്താനുമുള്ള ജനാധിപത്യബോധം
മുൻ സർക്കാരിൽ നിന്നും വി.ഡി സതീശൻ സർക്കാരിൻ്റെ ആദ്യ നൂറു ദിനങ്ങളെ ഗുണപരമായി വ്യത്യസ്തമാക്കുന്നത് അവരുടെ ജനാധിപത്യ സമീപനമാണ്. അഭിപ്രായങ്ങളെയും വിമർശനങ്ങളെയും സഹിഷ്ണുതയോടെ കേൾക്കാനും, ഭരണപരമായ വീഴ്ചകൾ സംഭവിച്ചാൽ അത് അഹംഭാവമില്ലാതെ അംഗീകരിച്ച് തിരുത്താനുമുള്ള ഉയർന്ന ജനാധിപത്യബോധം മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും ഉണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. സാധാരണ മനുഷ്യരോട് അയിത്തം പാലിക്കുന്ന സുരക്ഷാ സന്നാഹങ്ങളോ രീതികളോ ഭരണ സംവിധാനത്തിനില്ല. ജനങ്ങളെ ആട്ടിയകറ്റാതെ, അവരെ കേൾക്കുകയും തങ്ങളോട് ചേർത്തുപിടിക്കുന്നു എന്ന തോന്നലെങ്കിലും അവരിൽ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു ഭരണത്തലവനെ കേരളത്തിന് ലഭിച്ചു എന്നത് ചെറിയ കാര്യമല്ല. ഭരണാധികാരിയും ജനങ്ങളും തമ്മിലുള്ള അകലം കുറഞ്ഞു എന്നതും, അധികാരത്തിന്റെ ധാർഷ്ട്യത്തിന് പകരം സംവാദത്തിന്റെ ഭാഷ തിരികെവന്നു എന്നതുമാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ ജനകീയ നേട്ടം. അതുകൊണ്ടാകണം സെക്രട്ടറിയേറ്റും മന്ത്രമാരുെട ഓഫീസും വസതിയുമെല്ലാം ജനങ്ങളെ കൊണ്ട് നിറയുന്നത്.
സാമൂഹ്യ ക്ഷേമവും ‘ഇന്ദിരാ ഗ്യാരൻ്റികളും’
യു.ഡി.എഫ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിലെ ഏറ്റവും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സാമൂഹ്യ ക്ഷേമ മേഖലയിലെ ഇടപെടലുകളാണ്. ” തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ‘ഇന്ദിരാ ഗ്യാരൻ്റികൾ’ നടപ്പിലാക്കുന്നതിൽ സർക്കാർ വലിയ മുൻഗണനയാണ് നൽകിയത്. സ്ത്രീകൾക്ക് സൗജന്യ കെ.എസ്.ആർ.ടി.സി യാത്രാ സൗകര്യം ഒരുക്കുന്ന പദ്ധതി വിജയകരമായി ആരംഭിക്കാൻ സർക്കാരിനായി. ഇത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും സാമ്പത്തിക സ്വാശ്രയത്വവും വർദ്ധിപ്പിക്കാൻ സഹായിക്കും.
ആശാ വർക്കർമാരുടെ ശമ്പളം 3,000 രൂപ അധികമായി വർദ്ധിപ്പിച്ചു. അംഗൻവാടി ജീവനക്കാർ, പാചക തൊഴിലാളികൾ എന്നിവർക്ക് 1,000 രൂപ വീതവും ശമ്പള വർദ്ധനവ് നൽകി. കഴിഞ്ഞ മൂന്നു മാസമായി മുടങ്ങാതെ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാൻ സർക്കാരിന് കഴിഞ്ഞു. കിടപ്പ് രോഗികൾക്കും ക്യാൻസർ, ഓട്ടിസം ബാധിതർക്കുമുള്ള ‘ആശ്വാസകിരണം’ ധനസഹായം 600 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തി. നെൽക്കർഷകർക്ക് നൽകാനുണ്ടായിരുന്ന കുടിശ്ശിക തീർക്കാൻ 150 കോടി രൂപ അനുവദിച്ചതും, റബ്ബർ താങ്ങുവില 200 രൂപയിൽ നിന്ന് 250 രൂപയായി ഉയർത്തിയതും കാർഷിക മേഖലയ്ക്ക് വലിയ ആശ്വാസമായി. തെങ്ങ് ഒന്നിന് നൽകിയിരുന്ന സഹായം 40 രൂപയിൽ നിന്ന് 350 രൂപയായി വർദ്ധിപ്പിച്ചു.
കുടുംബശ്രീ ജീവനക്കാർക്ക് 1,200 രൂപയും, ലോട്ടറി ജീവനക്കാർക്ക് 1,000 രൂപയും ഓണം ഉത്സവബത്തയായി നൽകി. പൂട്ടിക്കിടക്കുന്ന തൊഴിലിടങ്ങളിലെ 20.87 ലക്ഷം തൊഴിലാളികൾക്ക് 1,000 രൂപ മൂല്യമുള്ള സപ്ലൈകോ ഗിഫ്റ്റ് കാർഡുകൾ നൽകിയതും ശ്രദ്ധേയമായി. ഏഴ് വർഷത്തിന് ശേഷം കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് 1250 രൂപ ഉത്സവ ബത്ത അനുവദിച്ചതും തൊഴിലാളി വർഗ്ഗത്തിന് ആശ്വാസമേകി. ഇതിന് പുറമെ, ലൈഫ് മിഷൻ ഭവന പദ്ധതിക്ക് 544 കോടി രൂപ അനുവദിച്ചതും, പിന്നോക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കുടിശ്ശികയായ 310 കോടി രൂപ കൊടുത്തു തീർത്തതും, എൻഡോസൾഫാൻ ദുരിതബാധിതർക്ക് 14.40 കോടി രൂപ അനുവദിച്ചതും സർക്കാരിന്റെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവുകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മയക്കുമരുന്നിനെതിരെ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ആദ്യ ബജറ്റ്: സ്വപ്നങ്ങളും സാമ്പത്തിക യാഥാർത്ഥ്യങ്ങളും
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. മുൻ സർക്കാരിന്റെ കാലത്തെ കടബാധ്യതകളും കുറഞ്ഞ തനത് വരുമാനവും ബജറ്റിനെ സ്വാധീനിച്ചു. എങ്കിലും, അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായ വളർച്ചയ്ക്കും ഊന്നൽ നൽകുന്ന സ്വപ്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടു. ഐ.ടി, ടൂറിസം മേഖലകളിൽ പുതിയ കുതിച്ചുചാട്ടത്തിന് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുണ്ടായി. എന്നാൽ, ഈ പദ്ധതികൾക്കുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുക എന്നതാണ് സർക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിലും കേന്ദ്രത്തിൽ നിന്നുള്ള അർഹമായ വിഹിതം നേടിയെടുക്കുന്നതിലുമായിരിക്കും സർക്കാരിന്റെ വിജയം കുടികൊള്ളുന്നത്.
പ്രകൃതി ദുരന്തങ്ങളും ആരോഗ്യ രംഗവും
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതി ദുരന്തങ്ങൾ കേരളത്തിന്റെ ഒരു സ്ഥിരം പ്രശ്നമായി മാറിയിരിക്കുകയാണ്. പുതിയ സർക്കാർ അധികാരമേറ്റയുടനെ ഉണ്ടായ ചില പ്രകൃതി ദുരന്തങ്ങളെ ഏകോപനത്തോടെ നേരിടാൻ സർക്കാരിന് കഴിഞ്ഞു. ആരോഗ്യ രംഗത്ത് ചില വെല്ലുവിളികൾ സർക്കാർ നേരിടുന്നുണ്ട്. സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമവും, പകർച്ചവ്യാധി നിയന്ത്രണത്തിലെ ചില പാളിച്ചകളും പ്രതിപക്ഷം ആയുധമാക്കി. എന്നാൽ, അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഇതിനെ മറികടക്കാനുള്ള ശ്രമമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. ഈജിയൻ തൊഴുത്തായ ആരോഗ്യ വകുപ്പിനെ നന്നാക്കിയെടുക്കാൻ സർക്കാരിനാവുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.
വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണവും കേന്ദ്ര ഇടപെടലുകളും
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരും ഗവർണറും നടത്തുന്ന നിരന്തരമായ കടന്നുകയറ്റങ്ങൾ സതീശൻ സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സർവ്വകലാശാലാ വൈസ് ചാൻസലർ നിയമനങ്ങൾ, സെനറ്റ് സിൻഡിക്കേറ്റ് നോമിനേഷനുകൾ എന്നിവയിൽ ഗവർണർ നടത്തുന്ന സമാന്തര ഇടപെടലുകൾ കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെ ചോദ്യം ചെയ്യുന്നതാണ്.
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മറ്റൊരു പ്രധാന വിഷയം. കേന്ദ്ര വിദ്യാഭ്യാസ നയം) പരോക്ഷമായി അടിച്ചേൽപ്പിക്കാനും വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേരളം ഇതിനെ നോക്കിക്കാണുന്നത്. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് കേന്ദ്രവുമായി തന്ത്രപരാമായി ഇടപെടുക എന്ന നിലപാടാണ് വി.ഡി. സതീശൻ ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, പി.എം ശ്രീ പദ്ധതിയിൽ തങ്ങളുടെ നിലപാട് എന്ത് എന്ന് കൃത്യമായി വ്യക്തമാക്കാൻ സർക്കാരിനോ യു.ഡി.എഫിനോ ആയിട്ടില്ല. പകരം ഒപ്പ് വെച്ച ഇടതു സർക്കാരിൻ്റെ പ്രതിലോമ നിലപാടിനെ ചാരി ഒഴിഞ്ഞുമാറാനുള്ള നീക്കമാണ് കണ്ടുവരുന്നത്.
വഖഫ് ബോർഡ് പ്രശ്നവും ന്യൂനപക്ഷ വിശ്വാസമാർജ്ജിക്കലും
പുതിയ വഖഫ് നിയമങ്ങൾ വന്നതോടെ വഖഫ് ബോർഡ് പുനസംഘടന എന്നത് സങ്കിർണ്ണ പ്രശ്നമാണ്. ബി.ജെ.പി സർക്കാർ പാസ്സാക്കിയ, ഇടതുസർക്കാർ സമ്പൂർണ്ണമായി രാഷ്ട്രീയവത്കരിക്കുന്ന നിലയിൽ പുനസംഘടിപ്പിച്ച വഖഫ് ബോർഡിനെ പിരിച്ചു വിടാനോ വീണ്ടും പുനഃസംഘടിപ്പിക്കാനോ സർക്കാരിനായിട്ടില്ല. നിലവിലെ വഖഫ്ബോർഡ് സമ്പൂർണ്ണ സിപിഎം പാർട്ടി നിയന്ത്രിത ബോർഡാണെങ്കിലും കേന്ദ്ര നിയമം മൂലം തൊടാനാവാത്ത നിലയാണ് വി.ഡി സതീശൻ സർക്കാരിനുള്ളത്. ഇത് സർക്കാരിനെതിരെ കാമ്പയിനാക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നുമുണ്ട്.
പാലത്തായി കേസിൽ സർക്കാരിന്റെ നിലപാട്
കേരള മനഃസാക്ഷിയെ ആഴത്തിൽ മുറിവേൽപ്പിച്ച ഒന്നായിരുന്നു പാലത്തായി പോക്സോ കേസ്. രാഷ്ട്രീയ സ്വാധീനങ്ങളുടെ പേരിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നും, പ്രതികൾക്ക് അനുകൂലമായ മൃദുസമീപനം മുൻ സർക്കാർ സ്വീകരിക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ ശക്തമായിരുന്നു. പലതരം ഇടപെടലുകൾക്കൊടുവിൽ പ്രധാന പ്രതി പത്മരാജന് ജീവപര്യന്തം തടവു ലഭിച്ചു. പക്ഷേ ഹൈക്കോടതി സിക്ഷ മരവിപ്പിച്ചു. കേസ് ദുർബലപ്പെടുത്താനുള്ള നീക്കം ഇടതു സർക്കാരിന്റെ കാലത്തുണ്ടായിരുന്നു എങ്കിലും ഹൈക്കോടതിയിൽ സതീശൻ സർക്കാർ പക്ഷം സ്വീകരിച്ച നിലപാടുകളെ സംശയത്തോടെ വീക്ഷിക്കാൻ നിരവധി കാരണങ്ങളുണ്ട്. ഇതിലൊക്കെ തീരുത്തൽ വരുത്തിയില്ലെങ്കിൽ പിണറായി സർക്കാരിന് സംഭവിച്ച അതേ അപകടം സതീശൻ സർക്കാരിനെയും കാത്തിരിക്കുന്നുണ്ട്.
ദയനീയമായി പരാജയപ്പെട്ട പ്രതിപക്ഷം
എല്ലാക്കാലത്തും പ്രതിപക്ഷത്ത് തിളങ്ങാറുള്ള എൽ.ഡി.എഫിൻ്റെ പ്രതിപക്ഷം എന്ന നിലയിലെ നൂറ് ദിനങ്ങളെയും പരിശോധിക്കേണ്ടതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും നിലവിലെ അവസ്ഥ അത്യന്തം ദയനീയമാണ്. ഭരണപക്ഷത്തിനെതിരെ ക്രിയാത്മകമായ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ പ്രതിപക്ഷം പൂർണ്ണമായും പരാജയപ്പെട്ടു. സർക്കാരിന്റെ നയങ്ങളെയും പദ്ധതികളെയും രാഷ്ട്രീയമായി നേരിടുന്നതിന് പകരം, വ്യക്തിഹത്യയിൽ മാത്രം അധിഷ്ഠിതമായ കാമ്പയിനുകളിലേക്കാണ് സി.പി.എം ചുരുങ്ങിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പോലുംനടത്തുന്ന പത്രസമ്മേളനങ്ങളിൽ വ്യക്തിഹത്യാപരമായ ആരോപണങ്ങളല്ലാതെ രാഷ്ട്രീയ കാര്യങ്ങളില്ല എന്നത് അവർ എത്രമാത്രം ആഴത്തിലാണ് പതിച്ചത് എന്നും വ്യക്തമാക്കുന്നു.
സി.പി.എം നേരിടുന്ന ആന്തരിക വെല്ലുവിളികൾ അവരുടെ പ്രതിപക്ഷ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിയമസഭയിൽ ഒരു ഉപനേതാവിനെപ്പോലും ഐകകണ്ഠ്യേന തിരഞ്ഞെടുക്കാൻ പ്രതിപക്ഷത്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നത് അവരുടെ സംഘടനാപരമായ തകർച്ചയെ തുറന്നുകാട്ടുന്നു. പ്രതിപക്ഷ നേതാവിന്റെ മകൾക്കെതിരെയുള്ള സാമ്പത്തിക ക്രമക്കേട് കേസുകൾ പ്രതിപക്ഷത്തിന്റെ ധാർമ്മിക ബലം കെടുത്തിയിരിക്കുകയാണ്. ഈ ആരോപണങ്ങളെ പ്രതിരോധിക്കാൻ പാർട്ടി സംവിധാനം മുഴുവൻ ഉപയോഗിക്കേണ്ടി വരുന്നത് സർക്കാരിനെതിരെയുള്ള അവരുടെ പോരാട്ടത്തിന്റെ മുനയൊടിക്കുന്നു.
കോൺഗ്രസിലെ സംഘടനാ വെല്ലുവിളികൾ
പ്രതിപക്ഷം ദുർബലമാണെങ്കിലും, ഭരണകക്ഷിയായ കോൺഗ്രസിനുള്ളിലെ ചില പ്രശ്നങ്ങൾ സർക്കാരിന് വെല്ലുവിളിയാകുന്നുണ്ട്. അധികാരത്തിലെത്തി 100 ദിവസം കഴിഞ്ഞിട്ടും കോൺഗ്രസ് പാർട്ടിയുടെ പുനഃസംഘടന പൂർത്തിയാക്കാൻ കഴിയാത്തത് വലിയ വീഴ്ചയാണ്. അതുകൊണ്ട് തന്നെ ഭരണ നിർവ്വഹണ സംവിധാനവും പാർട്ടിയും തമ്മിലുള്ള ബന്ധം എന്നത് സങ്കൽപം മാത്രമായി നില നിൽക്കുന്നു. ബോർഡ്-കോർപ്പറേഷൻ പുനസംഘടനയടക്കം അതുമൂലം വൈകുന്നത് ഭരണ കാര്യക്ഷമതയ്ക്കും വെല്ലുവിളിയാണ്.
പാർട്ടി സംവിധാനം സർക്കാരിന് പൂർണ്ണ പിന്തുണ നൽകുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നു. സർക്കാരിനെതിരെയുള്ള ചെറിയ വിമർശനങ്ങളിൽ പോലും മുഖ്യമന്ത്രി വി.ഡി. സതീശൻ ഒറ്റയ്ക്ക് നിന്ന് പ്രതിരോധിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഭരണവും പാർട്ടിയും തമ്മിലുള്ള ഏകോപനമില്ലായ്മ പരിഹരിച്ചില്ലെങ്കിൽ ഭാവിയിൽ അത് വലിയ പ്രതിസന്ധികൾക്ക് കാരണമാകും.
ഭാവി കേരളവും സതീശൻ സർക്കാരും
ആദ്യ 100 ദിവസത്തെ പ്രകടനം വിലയിരുത്തുമ്പോൾ വി.ഡി. സതീശൻ സർക്കാർ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് പറയാം. ജനക്ഷേമ പദ്ധതികളിലൂടെ പാവപ്പെട്ടവരുടെ വിശ്വാസം ആർജ്ജിക്കാനും, വികസന പദ്ധതികളിലൂടെ മധ്യവർഗ്ഗത്തിന്റെ പിന്തുണ നിലനിർത്താനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഡീപ് സ്റ്റേറ്റിനെ മറികടക്കുന്നതിൽ വേണ്ടത്ര വിജയിച്ചിട്ടില്ല എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
അച്ചടക്കം പാലിച്ച്, പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ കേരള ചരിത്രത്തിലെ ഏറ്റവും മികച്ച സർക്കാരുകളിലൊന്നായി മാറാൻ ഈ സർക്കാരിന് സാധിക്കും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധങ്ങളെയും ഗവർണറുടെ ഇടപെടലുകളെയും അതിജീവിക്കുക എന്നതാകും ഏറ്റവും വലിയ വെല്ലുവിളി. അതുപോലെ പൊലീസ് സംവിധാനം അടക്കം ഭരണ നിർവ്വഹണ സംവിധാനത്തിലെ ഡീപ് സ്റ്റേറ്റിനെ ദുർബലമാക്കുക എന്നതും വെല്ലുവിളിയാണ്
യു.ഡി.എഫിന്റെ ഭാവി
ഈ ചരിത്ര വിജയം യു.ഡി.എഫിന് പുതിയ ഊർജ്ജം നൽകിയിട്ടുണ്ട്. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത്, കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോയാൽ വരും വർഷങ്ങളിലും കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫിന് വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ കഴിയും. എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ അതേ പ്രശ്നങ്ങൾ യു.ഡി.എഫിനും വെല്ലു വിളിയാണ്. ഐ.ടി, ടൂറിസം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് യുവാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ കഴിഞ്ഞാൽ കേരളത്തിന്റെ സാമ്പത്തിക ഭാവിയും ശോഭനമാകും. ചുരുക്കത്തിൽ, പ്രതീക്ഷ നൽകുന്ന ഒരു തുടക്കമാണ് സതീശൻ സർക്കാർ നൽകിയിരിക്കുന്നത്. എന്നാൽ, വരും നാളുകളിലെ രാഷ്ട്രീയ-സാമ്പത്തിക വെല്ലുവിളികളെ മുഖ്യമന്ത്രിയും സർക്കാരും യു.ഡി.എഫിലെ പാർട്ടികളും എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും ഈ സർക്കാരിന്റെ വിജയം.
