കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ നടന്നുവരുന്ന കര്‍ഷക സമരത്തിന് പുതിയ വഴിത്തിരിവായി മാറിയിരിക്കുന്നു ജഗ്ജിത് സിങ് ദല്ലേവാളിന്റെ നിരാഹാര സമരം. കാന്‍സര്‍ പോലുള്ള ഗുരുതരമായ അസുഖം ഉണ്ടായിരിക്കെ നവംബര്‍ 26 നാണ് ദല്ലേവാള്‍ നിരഹാര സമരം ആരംഭിച്ചത്. ദല്ലേവാളിന്റെ സമരം കര്‍ഷക സമുദായത്തില്‍ ഗുരുതരമായ രോഷവും അശാന്തിയും പരത്തി. നിരാഹാര സമരത്തിന്റെ വാര്‍ത്ത പരന്നതോടെ രാജ്യത്തെമ്പാടുമുള്ള കര്‍ഷകര്‍ പഞ്ചാബിലും ഹരിയാനയിലുമായി വന്‍തോതില്‍ ഒത്തുചേരാന്‍ തുടങ്ങി. ഡിസംബര്‍ 30 ന് ബന്ദ് പ്രഖ്യാപിച്ച് അവര്‍ ദല്ലേവാളിന്റെ ആവശ്യങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടു. ബന്ദിന് വന്‍ പിന്തുണ ലഭിക്കുകയും വിവിധ ജില്ലകളിലെ കര്‍ഷകര്‍ പ്രക്ഷോഭം ശക്തമാക്കാന്‍ തെരുവിലിറങ്ങുകയും ചെയ്തു.
സമരമാരംഭിച്ചതുമുതല്‍ ദല്ലേവാളിന്റെ ആരോഗ്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കുടുംബവും കര്‍ഷക നേതാക്കളും മറ്റു അണികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ചികിത്സയൊന്നും സ്വീകരിക്കില്ലെന്ന് ദല്ലേവാള്‍ വ്യക്തമാക്കി.
എം.എസ്.പിയുടെ നിയമപരമായ ഉറപ്പാണ് ദലേവാളിന്റെ പ്രാഥമിക ആവശ്യം. കൂടാതെ കര്‍ഷകരുടെ വായ്പ സമ്പൂര്‍ണമായും എഴുതിത്തള്ളുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, വൈദ്യുതി വിലവധന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. ഈആവശ്യങ്ങള്‍ക്ക് പഞ്ചാബിലെയും ഹരിയാനയിലെയും പ്രമുഖ കര്‍ഷക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച, ഭാരതീയ കിസാന്‍ യൂനിയന്‍ (ഏക്ത ഉഗ്രഹന്‍), ആള്‍ ഇന്ത്യ കിസാന്‍ സഭ തുടങ്ങിയ സംഘടനകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളള്‍ക്ക് ആവര്‍ത്തിച്ച് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
ദല്ലേവാളിന്റെ ആരോഗ്യാവസ്ഥയില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുകയും പഞ്ചാബ് സര്‍ക്കാരിനോട് അടയന്തര ചികിത്സ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ചു. ഇതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരം ഒരു ചികിത്സാ സംവിധാനവും ഒരുക്കിയിട്ടില്ല.

വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിനോട് പഞ്ചാബ് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും കോടതിയുടെ തീരുമാന പ്രകാരമേ മുന്നോട്ട് പോകാന്‍ കഴിയൂവെന്നും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് പറഞ്ഞു.
ആരോഗ്യാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് സമരം അവസാനിപ്പിക്കാന്‍ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ അവസാനിപ്പിക്കുകയുള്ളൂ എന്ന നിലപാടിലാണ് ദല്ലേവാള്‍. മറ്റു കര്‍ഷക നേതാക്കള്‍ സര്‍ക്കാറിന്റെ ഏജന്റുകളായിക്കൊണ്ട് ദല്ലേവാളിനെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ദല്ലേവാളിന്റെ അനുയായികള്‍ ആരോപിച്ചു. പഞ്ചാബ് ബന്ദിനെത്തുടര്‍ന്ന് കര്‍ഷക സംഘടനകള്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ ആയിരങ്ങളാണ്വ പങ്കെടുത്തത്. സര്‍ക്കാര്‍ ബലപ്രയോഗം നടത്തിയാലും കര്‍ഷകര്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണമെന്ന് ദല്ലേവാള്‍ മഹാപഞ്ചായത്തില്‍ ആവശ്യപ്പെട്ടു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ കാലങ്ങളായി നിലനില്‍ക്കുന്നതാണ്. എം.എസ്.പിയുടെ നിയമപരമായ ഗ്യാരണ്ടി പ്രാഥമിക ആവശ്യമായി തുടരുന്നത് ദീര്‍ഘകാലമായിട്ടുണ്ട്. കൂടാതെ, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ പദ്ധതികള്‍, വായ്പ എഴുതിത്തള്ളല്‍, വൈദ്യുതി വിലക്കയറ്റം നിര്‍ത്തുക തുടങ്ങി അടിയന്തര പരിഹാരം കാണേണ്ട ആവശ്യങ്ങളും പരിഗണിക്കാത്തത് കര്‍ഷകരുടെ രോഷം ഉയര്‍ത്തുന്നുണ്ട്.
കര്‍ഷകര്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായതിനാല്‍ സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി പരിഗണിക്കുകയും വേണം. തുടരെയുള്ള കര്‍ഷക സമരം രാജ്യത്തെ സംബന്ധിച്ചിടത്തോളം ഗുണകരമല്ലാത്തതിനാല്‍ എത്രയും വേഗം നടപടി സ്വീകരിക്കേണ്ടതുണ്ട്. ദല്ലേവാളിന്റെ സമരം തുടര്‍ന്നാല്‍ അത് കര്‍ഷക സമൂഹത്തിലും രാജ്യത്തെ സാമൂഹിക ചുറ്റുപാടിലും കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. അതിനാല്‍ പഞ്ചാബ് സര്‍ക്കാര്‍ ദല്ലേവാളിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് അദ്ദേഹത്തിന്റെ ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. ഇതിലൂടെ സര്‍ക്കാരിന് രാജ്യത്ത് സമാധാനവും സന്തുലിതാവസ്ഥയും ഉറപ്പാക്കാനാകും. ഇതില്‍ പരാജയപ്പെട്ടാല്‍ അത് രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ഘടനയുല്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും.
വികാസ് പ്രകാശ്‌റാം മിശ്ര countercurrents.org ല്‍ എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം.
