October 13 Tuesday 2026

ആര് തളക്കും ഈ ഫ്രഞ്ച് പടയെ?

ലോകകപ്പ് സെമി ഫൈനലിലേക്ക് ഫ്രാൻസ് പ്രവേശിക്കുമ്പോൾ, ഈ വൻ ശക്തിയെ തകർക്കാൻ ഇനി ആരെന്ന് ചോദ്യം സ്വാഭാവികമായും ഉയരും. ആഫ്രിക്കൻ ഫുട്ബോളിലെ അതികായന്മാരായ മൊറോക്കോയെ 2-0 എന്ന സ്കോറിൽ തളച്ചാണ് ഫ്രഞ്ച് പട കുതിക്കുന്നത്. കിലിയൻ എംബാപ്പെ എന്ന ഫ്രഞ്ച് പടനായകന്റെ മുന്നിൽ ഫുട്ബോളും ചരിത്രവും വഴിമാറുകയാണ്. മൊറോക്കെക്കെതിരെയുള്ള ആദ്യപകുതിയിൽ ലഭിച്ച പെനാൽറ്റി വലയിൽ എത്തിക്കാൻ എംബാപ്പെയ്ക്ക് സാധിച്ചില്ലെങ്കിലും രണ്ടാം പകുതിയിൽ ക്യാപ്റ്റൻ എംബാപ്പെ തന്നെ ഉന്നം കണ്ടെത്തി. അറുപതാം മിനിറ്റിൽ, ബോക്സിന്റെ ഇടതുവശത്തുനിന്ന് എംബാപ്പയുടെ വലങ്കാലിൽ നിന്ന് പിറന്ന ആ മനോഹരമായ ഷോട്ട്, ലോകകപ്പിലെ ക്ലാസിക് ഗോളുകളിൽ ഇതിനകം ഇടംപിടിച്ചു കഴിഞ്ഞിരിക്കുന്നു. ആ ഗോളോടുകൂടി, മെസ്സിയുംമായുള്ള ഗോൾഡൻ ബൂട്ട് പോരാട്ടവും കടുക്കുകയാണ്, കഴിഞ്ഞ ലോകകപ്പുകളിൽ ഒന്നും കാണാൻ കഴിയാത്ത പോരാട്ട വീര്യമാണ് ഇത്തവണ ഗോൾഡൻ ബൂട്ടിനുള്ളത്. എട്ടു വീതം ഗോളിൽ മെസ്സിയും എംബാപ്പയും ഇതിഹാസമത്സരത്തിലാണ്.

ലോകകപ്പിലെ എംബാപ്പയുടെ മുന്നേറ്റം അവിടെ അവസാനിക്കുന്നില്ല. അറുപതാം മിനിറ്റിലെ ആ ഷോട്ട് ലോകകപ്പിൽ എംബാപ്പെയുടെ 20-ാം ഗോളായിരുന്നു. 20 മത്സരങ്ങളിൽ 20 ഗോൾ എന്ന അത്യപൂർവ്വ നേട്ടം. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന മെസ്സിയുടെ റെക്കോർഡിന് ഒരു ഗോൾ മാത്രം പിന്നിലാണ് ഫ്രഞ്ച് നായകൻ. വെറും 27 വയസ്സിൽ 20 ലോകകപ്പ് മത്സരങ്ങൾ കളിച്ച ഏകതാരം. ലോകകപ്പിൽ എംബാപ്പയുടെ മികച്ച പ്രകടനം സൂര്യോദയം പോലെ ഉറച്ചതാണ്, അതിന് കാലം സാക്ഷിയുമാണ്.

2018ൽ ഫ്രാൻസ് ലോകചാമ്പ്യൻമാരായപ്പോഴും, 2022 ഖത്തർ ലോകകപ്പ് ഫൈനലിൽ അർജൻറീനയുടെ പരാജയപ്പെട്ടപ്പോഴും എംബാപ്പയുടെ സാന്നിധ്യം കൊടുങ്കാറ്റ് പോലെ അനുഭവപ്പെട്ടിരുന്നു. 2026ൽ എത്തി നിൽക്കുമ്പോൾ ആ കൊടുങ്കാറ്റിന്റെ പ്രഹര ശേഷിക്ക് യാതൊരു കുറവുമില്ല. മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ, ഇനിയും എന്തൊക്കെയാണ് മെച്ചപ്പെടാനുള്ളത് എന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, എം ബാപ്പയുടെ പ്രതികരണം ജനശ്രദ്ധ നേടിയതാണ് ” ഈ ഫ്രാൻസ് ടീമിനുള്ളത് ഇപ്പോൾ അളവറ്റ സാധ്യതകൾ മാത്രമാണ്. അത് ആളുകളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു. എന്നാൽ, ഏറ്റവും ശക്തമായ ടീം കിരീടം നേടുന്നവരാണ്, അത് തെളിയിക്കുന്നതുവരെ, എന്റെ കൂടെ ലോകകപ്പ് ഇല്ല എന്നതാണ് സത്യം” കപ്പ് സ്വന്തമാക്കുന്നത് വരെ വിശ്രമമില്ലെന്ന നിശ്ചയദാർഢ്യമാണ് ഫ്രഞ്ച് നായകൻറെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. ഡെംബെലെ, ദുവേ, ബ്രഡ്‌ലി ബാർകോള തുടങ്ങിയ ലോകോത്തര ആക്രമണ താരങ്ങളുടെ നിര ഫ്രാൻസിനുണ്ടെങ്കിലും ലെ ബ്ലൂസിന്റെ മുഖ്യ കരുത്ത് കിലിയൻ എംബാപ്പെ തന്നെയാണ്.

എംബാപ്പ എന്ന വൻമരം ഫ്രാൻസിന് ഒരു മുതൽക്കൂട്ട് ആണെന്നതിൽ ഒരു സംശയവുമില്ല, അതോടൊപ്പം തന്നെ നീലപ്പടയുടെ യഥാർത്ഥ കരുത്ത്, ടീമിൻറെ ഒത്തൊരുമയും ഐക്യവുമാണ്. എല്ലാ പൊസിഷനുകളിലും ലോകത്തിലെ മികച്ച താരങ്ങളാണ് ഫ്രാൻസിന് വേണ്ടി കളിക്കുന്നത്, പ്രതിഭകളാൽ സമ്പന്നമായ നിര, എന്നാൽ ഫ്രാൻസിനെ മുന്നോട്ട് നയിക്കുന്നത് വ്യക്തിഗത മികവല്ല; കൂട്ടായ പ്രകടനവും ഒത്തൊരുമയുമാണ്. ഇതിന് ഏറ്റവും വലിയ അഭിനന്ദനം അർഹിക്കുന്നത് ഫ്രാൻസ് പരിശീലകൻ ദിദിയെ ദെഷാംസാണ്. തുടർച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളിലേക്ക് ഫ്രാൻസിനെ നയിച്ചതും ദെഷാംസാണ്. ഫുട്ബോളിന്റെ നഷ്ടപ്പെട്ട സൗന്ദര്യത്തിന് വീണ്ടും ജീവൻ നൽകുകയാണ് ദെഷാംസും ഈ ഫ്രഞ്ച് ടീമും. ഈ സൗന്ദര്യം കളിയിൽ ഉടനീളം കാണാൻ സാധിക്കും. മൊറോക്കോയ്ക്കെതിരെ, 66 മിനിറ്റിൽ എംബാപ്പെ നൽകിയ പാസിലൂടെയാണ് ഡെമ്പെലെ ഗോൾ നേടുന്നത്. രണ്ട് ലോകോത്തര സ്ട്രൈക്കർമാർ കാഴ്ചവെക്കുന്ന മനോഹരമായ ഫുട്ബോൾ.

ഈ ലോകകപ്പിൽ ‘സുന്ദര ഫുട്ബോൾ’ അഥവാ’ ‘joga bonita.’ കളിച്ചത് ബ്രസീലല്ല, ആ വിശേഷണം അർഹിക്കുന്നത് ഫ്രാൻസാണ്. തെളിഞ്ഞ ആകാശം പോലെ കണ്ണിനു കുളിർമയേകുന്ന ഫുട്ബോൾ, ഫ്രഞ്ച് പടയുടെ മിഡ്ഫീൽഡ് താരം മൈക്കിൾ ഒലീസെയുടെ പാസുകൾ, ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. അഞ്ച് അസിസ്റ്റുകളുമായി ലോകകപ്പിലെ മികച്ച പ്ലേമേക്കർമാരിൽ ഒരാളായി മൈക്കൽ ഒലിസെ തിളങ്ങുകയാണ്. ആക്രമണത്തിൽ മാത്രമല്ല, പ്രതിരോധത്തിലും ഫ്രാൻസ് അതിശക്തരാണ്. സലിബ, കുണ്ടെ, ഉപമെക്കാനോ എന്നിവരുടെ പ്രതിരോധനിര, എതിരാളികൾക്ക് ഒരു കടുത്ത വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ തുടക്കത്തിലെ ആ ചോദ്യം ഒരിക്കൽക്കൂടി പ്രസക്തമാകുന്നു—ഈ ഫ്രഞ്ച് പടയെ തടഞ്ഞുനിർത്താൻ ആരുണ്ട്?

ലോകകപ്പ് വീണ്ടും ഫ്രഞ്ച് മണ്ണിലെത്തിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ലെ ബ്ലൂസ്. സെമിയിൽ ഫ്രാൻസ് നേരിടാൻ ഒരുങ്ങുന്നത് കരുത്തരായ സ്പെയിനിനെയാണ്, ഇത് ലോകകപ്പിലെ ഒരു ക്ലാസിക് പോരാട്ടമാകുമെന്നതിൽ സംശയമില്ല. എന്നാൽ നീലപ്പടയെ മെരുക്കാൻ സ്പെയിനിന് സാധിക്കുമോ എന്ന് ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ.

Related