August 11 Tuesday 2026

യുദ്ധവും രാഷ്ട്രീയവും കായികരംഗവും; ഇന്നത്തെ ലോകചിത്രം

രാഷ്ട്രീയവും കായികരംഗത്തെ സ്വാധീനിക്കാറുണ്ട്. വൻശക്തികളുടെ പോരാട്ടത്തിന് കൂടി കായികരംഗം സാക്ഷിയാവാറുണ്ട്. ചിലപ്പോഴൊക്കെ അത് കളിയുടെയും മേളയുടെയും മനോഹാരിത തീർത്തും നഷ്ടപ്പെടുത്തിയേക്കാം. കാരണം, കായികം എന്നത് ആളുകളെ ഒന്നിപ്പിക്കുന്ന ഒന്ന്കൂടിയാണ്. എന്നിരുന്നാലും അപവാദങ്ങൾ ഇല്ലാതില്ല. അതിനൊരു ഉദാഹരണമാണ് 1936 ലെ ബെർലിൻ ഒളിമ്പിക്സ്. അന്ന് ഹിറ്റ്ലറുടെ നാസി ഭരണകൂടം ഒളിമ്പിക്സിനെ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും ആര്യന്മാരുടെ മേധാവിത്വം ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കാനുമായി ഉപയോഗിച്ചു. എന്നാൽ, കറുത്ത വംശജനായ ജെസ്സി ഓവൻസ് അവരുടെ വംശീയാഹങ്കാരത്തെ കാറ്റിൽ പറത്തിക്കൊണ്ട് നാല് സ്വർണ്ണ മെഡലുകൾ നേടി. 100, 200 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ്, 4×100 റിലേയും. ഒരു കറുത്ത വർഗ്ഗക്കാരന്റെ വിജയം ഹിറ്റ്ലറിന് നാണക്കേടായി.ഹിറ്റ്ലറുടെ വംശീയ അജണ്ടകൾക്ക് തിരിച്ചടി നേരിട്ടു. അതുപോലെതന്നെ, 1980ലെ ഒളിമ്പിക്സ്. ശീതയുദ്ധകാലത്ത് മോസ്കോയിൽ വച്ച് നടന്ന ഒളിമ്പിക്സ് അമേരിക്കയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങൾ ബഹിഷ്കരിച്ചു. സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാനിലെ ഇടപെടലിൽ പ്രതിഷേധിച്ചായിരുന്നു അത്. അതിന്റെ മറുപടിയായി 1984ൽ ലോസ് ആഞ്ചലസിൽ നടന്ന ഒളിമ്പിക്സ് സോവിയറ്റ് യൂണിയനും കൂട്ടാളികളും ബഹിഷ്കരിച്ചു.

ലോക കപ്പ് എന്നാൽ ഒരു കളിക്കാരന്റെയോ ഒരു കോച്ചിന്റെയോ ടീമിന്റെയോ മാത്രം വികാരമല്ല, മറിച്ച് ഒരു ജനതയുടെ മൊത്തം വികാരമാണ്. വേൾഡ് കപ്പിൽ കളിക്കുന്ന ഏതൊരു പ്ലയറുടെയും അഭിമാന നിമിഷം എന്നത് രാജ്യത്തിന്റെ പതാക ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കുക എന്നതാണ്. അതിന്റെ അടയാളമാണ് ടീമിന്റെ ജഴ്സിയുടെ ഹൃദയഭാഗത്ത് കാണപ്പെടുന്ന അവരുടെ രാജ്യത്തിന്റെ ലോഗോ. ഏതൊരു കളിക്കാരനും മൈതാനത്ത് പന്തുരുട്ടുമ്പോൾ അതിനു പുറകിൽ ലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷയും പ്രാർത്ഥനയും കൂടിയാണ് നിലകൊള്ളുന്നത്.

എന്നാൽ, ഇത്തവണ അമേരിക്കയിൽ ആരംഭിച്ച വേൾഡ് കപ്പിൽ കാര്യങ്ങൾ അങ്ങനെയല്ല എന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ തെളിയിക്കുന്നത്. ഇഷ്ട ടീമിനെ സപ്പോർട്ട് ചെയ്യാൻ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി ആരാധകർക്ക് വിസ നിഷേധിച്ചു. ദക്ഷിണാഫ്രിക്കൻ ടീമിലെ ചിലർക്ക് ആദ്യഘട്ടത്തിൽ വിസ അനുവദിച്ചില്ല. ഇത് കാരണം അവർ ടീമിനൊപ്പം ചേർന്നത് ദിവസങ്ങൾക്ക് ശേഷമായിരുന്നു. ഉസ്ബൈകിസ്ഥാൻ ടീമംഗങ്ങളെ പരിശോധിച്ചത് ബോംബ് സ്കോഡ് ആയിരുന്നു. വിസ നടപടിക്കായി ഇറാനിയൻ ടീമിന് ദിവസങ്ങൾ ചെലവഴിക്കേണ്ടി വന്നു. താരങ്ങൾക്ക് കളിക്കാൻ മാത്രമേ അമേരിക്കയിൽ പ്രവേശനമുള്ളൂ. അതിനുശേഷം കിലോമീറ്റർ താണ്ടി വേണം അവരുടെ താമസ സ്ഥലത്ത് എത്താൻ. യുഎസ് നിഷേധിച്ചതിൽ സമാലിൻ റഫറി ഒമർ അബ്ദുൽ ഖാദറിനെ ഫിഫ ലിസ്റ്റിൽ നിന്നും വെട്ടി. ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ നേരിടുന്ന ഒരു വേൾഡ് കപ്പ് കൂടിയാണിത്. അതുകൊണ്ടുതന്നെ ആരാധകരുടെ ഒരു പ്രധാന ചോദ്യമാണ് ചരിത്രത്തിലെ ഒരു മോശം വേൾഡ് കപ്പ് ആകുമോ ഇത് എന്ന്. ഇറാൻ പോലുള്ള രാജ്യങ്ങളിലെ ആരാധകരുടെ കാര്യം എന്താകും? ട്രംപിന്റെ യാത്ര നിരോധനാ കരട് പട്ടികയിൽ ഉള്ള 43 രാജ്യങ്ങളിൽ നിന്നുള്ളവരുടെ അവസ്ഥ എന്താകും.

ഈ സന്ദർഭത്തിലാണ് 2022 ലെ ഖത്തർ വേൾഡ് കപ്പ് സംഘാടനത്തെ വിലയിരുത്തേണ്ടതും താരതമ്യം ചെയ്യപ്പെടേണ്ടതും.ഇന്നത്തെ അന്തരീക്ഷത്തിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ഖത്തർ വേൾഡ് കപ്പ്. അന്നത്തെ സവിശേഷത ഖത്തർ ഗവൺമെന്റ് പുറത്തിറക്കിയ ഹയ്യ കാർഡ് വിസയായിരുന്നു. ഫിഫ വേൾഡ് കപ്പ് കാണാൻ വരുന്നവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനും മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗതം സൗജന്യമായി ഉപയോഗിക്കുന്നതിനും ഈ കാർഡ് മതിയായിരുന്നു. ഇതൊക്കെ കാരണമായിരിക്കാം ലക്ഷക്കണക്കിന് ആരാധകർ ഖത്തർ വേൾഡ് കപ്പ് സാക്ഷ്യം വഹിക്കാൻ നേരിട്ട് എത്തിച്ചേർന്നത്.

Related