മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ മരണത്തോടെ മുന്‍കാലങ്ങളില്‍ അദ്ദേഹം നടത്തിയ ‘മുസ്‌ലിംവിരുദ്ധ’മായ ചില പ്രസ്താവനകള്‍ സജീവചര്‍ച്ചയായി. ചര്‍ച്ച വികസിച്ചതോടെ സ്വാഭാവികമായും അതിനെതിരേയുള്ള പ്രതിരോധവും ശക്തമായി. ഈ തര്‍ക്കത്തിന്റെ പ്രധാന സവിശേഷത ഒരു ഘട്ടത്തില്‍ അത് വി.എസ്സിന്റെ ഇസ്‌ലാമോഫോബിക് ആക്റ്റുകളുടെ കണക്കെടുപ്പായി മാറിയെന്നതാണ്. വി.എസ്സിന് അനുകൂല പ്രതിരോധം ശക്തമായതോടെ കണക്കെടുപ്പിന്റെ വ്യാപ്തിയും വര്‍ധിച്ചു. മുന്‍കാലങ്ങളില്‍ വി.എസ്സിനെതിരേ ആഞ്ഞടിക്കുകയും ഇപ്പോള്‍ തിരുത്തുകയും ചെയ്തവരുടെ ലേഖനങ്ങളും കുറിപ്പുകളും ചിലര്‍ പുറത്തെടുത്തു. പരസ്പരാരോപണങ്ങളിലാണ് എല്ലാ ചര്‍ച്ചകളും അവസാനിച്ചത്. രണ്ട് പേര്‍ക്കെതിരേ പൊലിസ് കേസുമെടുത്തു.
പല കമ്യൂണിസ്റ്റ് ഭരണാധികാരികളേക്കാളും പൊതുജനങ്ങള്‍ക്ക് ആക്സസ് അനുവദിച്ചിരുന്ന നേതാവായിരുന്നു അച്യുതാനന്ദന്‍. വ്യക്തിപരമായി ഏകദേശം രണ്ട് പതിറ്റാണ്ടുകാലത്തെ സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അനുഭവത്തില്‍നിന്ന് ഇക്കാര്യം എനിക്കും അനുഭവവേദ്യമായിരുന്നു. അച്യുതാനന്ദന്‍ ഇങ്ങനെയൊരു പ്രതീതി ജനിപ്പിച്ചിരുന്ന കാലത്ത് ഇന്നദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന പലരും അദ്ദേഹത്തോടൊപ്പമായിരുന്നില്ലെന്നും നമുക്കറിയാം. അതൊന്നും ഈ എഴുത്തില്‍ വിഷയമല്ല. ഇതൊക്കെ സത്യമായിരിക്കെത്തന്നെ നിരവധി ഇസലാമോഫോബിക് പ്രസ്താവനകള്‍ നടത്തിയ ഒരാളാണ് മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ എന്നതില്‍ തര്‍ക്കമില്ല. ബീമാപ്പള്ളിപോലുള്ള ഇസ്‌ലാമോഫോബിക് ഭരണകൂട കൊലപാതകങ്ങള്‍ നടന്നതും വിഎസ് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന കാലത്താണ്.

അദ്ദേഹത്തിന്റെ മരണശേഷം നടന്ന ചര്‍ച്ചകള്‍ പരിശോധിച്ചതില്‍നിന്ന് മനസ്സിലായത് വി.എസ്സിന്റെ ഇസ്‌ലാമോഫോബിക് ആക്റ്റിനെ വിശേഷിപ്പിക്കുന്നതെങ്ങനെയെന്നതിലാണ് പ്രധാന ആശയക്കുഴപ്പമെന്നാണ്. മുസ്‌ലിംവിരുദ്ധതയും ഇസ്‌ലാമോഫോബിയയും തമ്മില്‍ എവിടെയാണ് വേര്‍തിരിയുന്നത്? വി.എസ്സിനെ സംഘ്പരിവാറിനൊപ്പം എണ്ണുന്നത് ശരിയാണോ? മതേതരവാദികളുടെ ഇസ്‌ലാമോഫോബിയയെ എങ്ങനെ മനസ്സിലാക്കണം? ഈ ചോദ്യങ്ങള്‍ ഇനിയും നീട്ടാം.
ഇന്ത്യയില്‍ രണ്ടുതരം ഇസ്‌ലാമോഫോബിയകളുണ്ട്. ഒന്ന് സംഘപരിവാറിന്റെ ഇസ്‌ലാമോഫോബിയയും സംഘ്പരിവാര്‍ ഇതരരുടെ ഇസ്‌ലാമോഫോബിയയും. വംശീയതയെ സിദ്ധാന്തമായി സ്വീകരിക്കുകയും മുസ്‌ലിംകളെ സാമൂഹികവും രാഷ്ട്രീയവുമായി പുറംതള്ളുകയും ചെയ്യുക എന്നത് സംഘ്പരിവാറിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. അവര്‍ വംശീയവാദികളാണെന്നുമാത്രമല്ല, മുസ്‌ലിംകളുടെ വംശഹത്യയും ലക്ഷ്യമിടുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമോഫോബിയ സ്വയം ഒരു ലക്ഷ്യമാണ്. അതുകൊണ്ടുതന്നെ അവരെ അടിസ്ഥാനപരമായി ഇസ്‌ലാമോഫോബിക്കായ പ്രസ്ഥാനമായി മനസ്സിലാക്കാവുന്നതാണ്. ഈ സ്വഭാവമാണ് അവരുടെ നേതാക്കള്‍ക്കുമുള്ളത്. എന്നാല്‍, സംഘപരിവാറിനോട് രാഷ്ട്രീയമായി വിയോജിക്കുമ്പോഴും ഇസ്‌ലാമോഫോബിക്കായ(വംശീയമായ) കാഴ്ചപ്പാടുകള്‍ സ്വീകരിക്കുന്ന വിഭാഗങ്ങളും ഇന്ത്യയിലുണ്ട്. അത്തരം വ്യക്തികളെയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയപ്രസ്ഥാനങ്ങളെയും നമുക്ക് പരിചയമുണ്ടാവും. അത്തരക്കാരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമോഫോബിയ സ്വയമൊരു ലക്ഷ്യമല്ല, ഒരു മാര്‍ഗം മാത്രമാണ്. അവര്‍ മുസ്‌ലിംവംശഹത്യ ലക്ഷ്യമിടുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട പോയിന്റ്. വസ്തുത ഇതായിരിക്കെത്തന്നെ ഇവ രണ്ടും ഒന്നുചേരുന്ന അവസരങ്ങള്‍ ധാരാളം നമുക്ക് കാണാം. അത്രതന്നെ വ്യത്യാസങ്ങളും കാണാം.

മുസ്‌ലിംകളുടെ പൗരത്വം നിഷേധിച്ചുകൊണ്ടും സാംസ്‌കാരിക-രാഷ്ട്രീയ വ്യതിരിക്തതകള്‍ ഇല്ലാതാക്കിക്കൊണ്ടും അവരെ പുറന്തള്ളുക എന്ന ലക്ഷ്യം വച്ചുപുലര്‍ത്തുന്ന സംഘ്പരിവാറല്ലാതെ മറ്റൊരു മത-മതേതര സംഘടനയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും പല നിലപാടുകളും ഇസ്‌ലാമോഫോബിക്കാണെന്നായിരിക്കെത്തന്നെ മുസ്ലിംകളെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യം അവര്‍ക്കില്ല. അവരെ സംഘ്പരിവാറുമായി സമീകരിക്കുന്നതും ശരിയല്ല. സംഘ്പരിവാറല്ലാത്തവരുടെ ഇസ്‌ലാമോഫോബിയയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സന്ദര്‍ഭങ്ങളെയും സാഹചര്യങ്ങളെയും മുന്‍നിര്‍ത്തിവേണം അത് ചെയ്യാന്‍. വിമര്‍ശനങ്ങളുടെ ഒരു ഘട്ടത്തില്‍ അവര്‍ തിരുത്തുമെന്ന് നാം പ്രതീക്ഷിക്കുന്നു. എന്നാല്‍, അങ്ങനെയൊരു തിരുത്ത് സംഘ്പരിവാറില്‍നിന്ന് ഉണ്ടാവുകയില്ല. അങ്ങനെ തിരുത്തുകയാണെങ്കില്‍ അവരുടെ നിലനില്‍പ്പുതന്നെയാവും ചോദ്യം ചെയ്യപ്പെടുക.

മുസ്‌ലിം സമുദായത്തിനെതിരേയുള്ള എല്ലാ വിവേചനവും സംഘര്‍ഷവും ഇസ്‌ലാമോഫോബിക്ക് ആണെന്ന് പറയുന്നതും ശരിയല്ലെന്നും ഈ സാഹചര്യത്തില്‍ പറയട്ടെ. സമയവും സാഹചര്യവും സന്ദര്‍ഭവും നോക്കിവേണം അത് തിരിച്ചറിയാന്‍.
എം.സി.എ നാസറിന്റെ ‘തുറന്നു പറച്ചില്‍’ ഉണ്ടാക്കിയ പ്രകോപനത്തെക്കുറിച്ചുകൂടെ പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഇസ്‌ലാമോഫോബിയയുടെ ഏറ്റവും പ്രധാന സ്വഭാവങ്ങളിലൊന്ന് മുസ്‌ലിംസംഘാടനത്തോടുള്ള അതിന്റെ എതിര്‍പ്പാണ്. മുസ്‌ലിം സ്വയംനിര്‍ണയാവകാശത്തെ തത്ത്വത്തില്‍ അംഗീകരിക്കുന്നവരില്‍ പലരും മുസ്‌ലിംസംഘാടനത്തെ എതിര്‍ക്കാറുണ്ട്. മുസ്‌ലിംസംഘാടനവും മുസ്‌ലിംസ്വയംനിര്‍ണായവകാശത്തിന്റെ ഭാഗമാണെന്ന കാര്യമാണ് അവര്‍ മറന്നുപോകുന്നത്. പല മുസ്‌ലിം സംഘടനകളോടുമുള്ള ഇതര മുസ്‌ലിംസംഘടനകളുടെ എതിര്‍പ്പ് അതുകൊണ്ടുതന്നെ ആന്തരവല്‍ക്കരിക്കപ്പെട്ട ഇസ്‌ലാമോഫോബിയയുടെ ഭാഗമാണ്. ആരാണ് വംശീയവല്‍ക്കരണപ്രക്രിയക്കു കീഴൊതുങ്ങുന്ന നല്ല മുസ്‌ലിം എന്ന ചോദ്യത്തിനു ഉത്തരം നല്‍കാന്‍ ഇസ്‌ലാമോഫോബിയ മുസ്‌ലിംകളെ ബാധ്യതയുള്ളവരായി മാറ്റുന്നു. മുസ്‌ലിംസംഘടനകളെയും വ്യക്തികളെയും തരംതിരിക്കുന്ന നല്ല മുസ്‌ലിം/ചീത്ത മുസ്‌ലിം ഫ്രെയിമിന്റെ ശക്തിയാണത്. ഇരകളുടെത്തന്നെ സമ്മതം നേടിയെടുക്കുന്ന ഇസ്‌ലാമോഫോബിയയുടെ ശക്തിയെന്നും പറയാം.
സംഘര്‍ഷഭരിതമായ ഈ സന്ദര്‍ഭത്തെ ഉപയോഗിച്ചുകൊണ്ട് ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ആന്തരവല്‍ക്കരിക്കപ്പെട്ട ഇസ്‌ലാമോഫോബിയയെക്കുറിച്ച് ധാരണയില്ലാത്തതിലാണ് ചിലരെങ്കിലും അത്തരം ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. മുസ്‌ലിംകള്‍ക്കിടയിലുള്ള കക്ഷിവഴക്കുകളുടെ ഭാഗമായി വേണം പല അഭിപ്രായവ്യത്യാസങ്ങളെയും വിയോജിപ്പുകളെയും മനസ്സിലാക്കാന്‍. ഇസ്‌ലാം എന്താണെന്നതിനെക്കുറിച്ച് തര്‍ക്കങ്ങളും സംവാദങ്ങളും വിവിധ മുസ്‌ലിംകക്ഷികള്‍ക്കിടയില്‍ കാണാം. ഇസ്‌ലാം അവര്‍ക്ക് അത്ര പ്രധാനമായതിനാലാണ് അത്. അതായത് കക്ഷിവഴക്കുകള്‍ക്കിടയിലും ഇരുകൂട്ടര്‍ക്കും ഇസ്‌ലാം പ്രധാനമാണെന്ന് നാം തിരിച്ചറിയണം. മാവോവാദികളും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം പോലെത്തന്നെയാണ് അത്. ഇരുകൂട്ടരും മാര്‍ക്സിസത്തിന് തങ്ങളുടേതായ അര്‍ത്ഥം നല്‍കാന്‍ ശ്രമിക്കുകയാണ്. എത്ര തര്‍ക്കത്തിനിടയിലും ഇരുകൂട്ടര്‍ക്കും മാര്‍ക്സിസം പ്രധാനമാണ്.
നേതാക്കളുടെയും ഭരണാധികാരികളുടെയും പ്രസ്താവനകളും പ്രവര്‍ത്തികളും പരിശോധിക്കുമ്പോള്‍ ഇതൊക്കെ മനസ്സില്‍വെക്കേണ്ടതുണ്ട്. ഇതോടൊപ്പം മറ്റൊന്നു കൂടി പരിഗണിക്കണം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭരണകൂട ഇസ്‌ലാമോഫോബിയയും സജീവമാണെന്ന കാര്യം. അച്യുതാനന്ദനെപ്പോലുള്ള ഭരണാധികാരികളുടെ പ്രവര്‍ത്തികളും പ്രസ്താവനകളും തീര്‍ച്ചയായും ശേഖരിക്കുകയും പഠിക്കുകയും ഉയര്‍ത്തിക്കൊണ്ടുവരികയും വേണം. ഇതുചെയ്യുമ്പോള്‍ ഇസ്‌ലാമോഫോബിയയെ ഒരു കക്ഷിരാഷ്ട്രീയപ്രശ്നമായി മാറ്റാതിരിക്കാനും ശ്രദ്ധിക്കണം.
(ഇസ്‌ലാമോഫോബിയ റിസര്‍ച്ച് കളക്റ്റീവ് തയ്യാറാക്കിയ 2024 ഇസ്‌ലാമോഫോബിയ റിപോര്‍ട്ടിലെ ആശങ്ങളാണ് ഈ കുറിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്)
