November 17 Tuesday 2026

ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നാട്ടിക ടോൾപ്ലാസയിൽ ടോൾ പിരിവ് നിർത്തിവെച്ചു

ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ തൃശൂര്‍ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു. ദേശീയപാത 66 ൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകും മുൻപേ ടോൾ പിരിക്കാനായിരുന്നു കരാർ കമ്പനിയുടെയും നാഷണൽ ഹൈവേ അതോററ്റിയുടെയു നീക്കം.

ഇന്ന് രാവിലെ എട്ട് മണിയോടെ ആരംഭിച്ച ടോൾ പിരിവിനെതിരെ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ടോൾ പ്ലാസ ഉപരോധിച്ച സമരക്കാർ ടോൾ നൽകാതെ വാഹനങ്ങൾ കടത്തിവിട്ടു. ഇതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധങ്ങൾക്കൊടുവിൽ സമരക്കാരും നാഷണൽ ഹൈവേ അതോററ്റി അധികൃതരും നടത്തിയ ചർച്ചയെ തുടര്‍ന്ന് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു. ഒരാഴ്ചയ്ക്കുള്ളിൽ തൃശൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ദേശീയ പാതയിലെ നിർമാണ പുരോഗതി പരിശോധിക്കും..

നിർമാണം പൂർത്തിയാകുന്നതിന് മുൻപ്തന്നെ ടോൾ പിരിവ് ആരംഭിക്കാനാണ് അധികൃതർ ശ്രമിച്ചത്. ചാവക്കാട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ഭാഗങ്ങളിൽ പലയിടങ്ങളിലും നിർമാണ പ്രവർത്തികൾ പൂർത്തിയായിട്ടില്ല. വഴിവിളക്കുകളും സ്ഥാപിച്ചിട്ടില്ല. അപ്പ്രോച്ച് റോഡുകളുടെയും കാനകളുടെയും നിർമാണം പോലും പൂർത്തിയാക്കിയിട്ടില്ല. ഇതിനിടയിലാണ് ടോൾ പിരിവ് ആരംഭിക്കാൻ നീക്കം ഉണ്ടായത്.

 

Related