ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ മധ്യകാലം. ഇടുക്കിയിലെ പീരുമേട്ടിലെ എസ്.എം.എസ്. ക്ലബ്ബിലെ ആ ടെലിവിഷൻ ഇപ്പോഴും ഓർമ്മയിലുണ്ട്. ഞായറാഴ്ച വൈകുന്നേരം ദൂരദർശനിലെ മലയാള സിനിമ കാണാൻ ഒരു നാട് മുഴുവൻ അവിടെ ഒത്തുകൂടുമായിരുന്നു. അന്നത്തെ ഞങ്ങളുടെ നാട്ടിൽ സിനിമ ഒരു സ്വകാര്യ അനുഭവമായിരുന്നില്ല; ഒരു കൂട്ടായ അനുഭവമായിരുന്നു. ടെലിവിഷൻ ഉണ്ടായിരുന്നത് കുറച്ച് സ്ഥലങ്ങളിൽ മാത്രമായിരുന്നു. അതുകൊണ്ട് സിനിമ കാണുക എന്നത് സിനിമ മാത്രം കാണലായിരുന്നില്ല, ഒരു നാട് മുഴുവൻ ഒരുമിച്ച് കുറച്ചുസമയം ജീവിക്കുക എന്നതുകൂടിയായിരുന്നു. ഞങ്ങളുടെ വീട്ടിൽ നിന്ന് സിനിമ കാണാൻ വിടുന്നത് അത്ര എളുപ്പമായിരുന്നില്ല. കുറെയധികം നിർബന്ധിച്ചും അപേക്ഷിച്ചുമാണ് ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഒരു സിനിമ കാണാൻ അനുമതി കിട്ടുക. അങ്ങനെ കണ്ട സിനിമകളിലൊന്നായിരുന്നു ‘ഇത് ഞങ്ങളുടെ കഥ’. സിനിമയിലെ കഥ എത്രത്തോളം മനസ്സിൽ നിന്നുവെന്ന് ഇന്നറിയില്ല. പക്ഷേ, ശാന്തി കൃഷ്ണയുടെ മുഖവും, എസ്. ജാനകി പാടിയ “സ്വർണമുകിലേ” എന്ന പാട്ടും ഇന്നും അതേ വ്യക്തതയോടെ മനസ്സിലുണ്ട്. ഒരുപക്ഷേ ആ ടെലിവിഷനിലായിരിക്കാം ആ പാട്ട് ആദ്യമായി ഞങ്ങളുടെ ഉള്ളിലേക്ക് ഒരു പറയാനാകാത്ത നോവായി കയറിവന്നത്. അത് പാടിയത് എസ്. ജാനകിയാണെന്നൊന്നും അന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. പാട്ടുകൾ പാടുന്നവരുടെ പേരുകളേക്കാൾ പാട്ടുകളായിരുന്നു ഞങ്ങളുടെ ജീവിതത്തിൽ പ്രധാനമായിരുന്നത്. പക്ഷേ, ആ പാട്ട് പിന്നീട് വളരെക്കാലം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ചില പാട്ടുകൾ മനുഷ്യരെ പിന്തുടരുന്നതുപോലെ, ആ പാട്ടും ഞങ്ങളുടെ ബാല്യത്തെ പിന്തുടർന്നു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എൺപതുകൾ കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ ഒരു വലിയ മാറ്റത്തിന്റെ കാലമായിരുന്നുവെന്ന് തോന്നുന്നു. അതിന് മുമ്പും ജാനകിയമ്മ പാടിയിരുന്നു. അറുപതുകളിലും എഴുപതുകളിലും അനവധി മനോഹര ഗാനങ്ങൾ അവർ സമ്മാനിച്ചിരുന്നു. എന്നാൽ, ഞങ്ങളുടെ തലമുറ ജാനകിയമ്മയുടെ ശബ്ദത്തെ ഏറ്റവും ആഴത്തിൽ അനുഭവിച്ചത് എൺപതുകളിലൂടെയായിരുന്നു. അതിന് കാരണം അവരുടെ ശബ്ദം മാത്രമായിരുന്നില്ല; കേരളം മാറിക്കൊണ്ടിരുന്ന സാമൂഹിക സാഹചര്യങ്ങളുമായിരുന്നു.
ഗൾഫ് പ്രവാസം ശക്തമായി. സർക്കാർ ജോലികൾ കൂടുതൽ കുടുംബങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ട്രാൻസ്ഫറുകൾ ജീവിതത്തിന്റെ ഭാഗമായി. ഓരോ ചെറിയ പട്ടണങ്ങളിലും പുതിയ മധ്യവർഗ കുടുംബങ്ങൾ രൂപപ്പെടാൻ തുടങ്ങി. വീടുകളുടെ ജീവിതരീതിയും മാറി. ആ മാറ്റങ്ങളോടൊപ്പം വീടുകളിലേക്ക് പതുക്കെ കടന്നുവന്നത് പുതിയ മാധ്യമങ്ങളായിരുന്നു. അന്നുവരെ ഞങ്ങളുടെ വീടുകളിലെ ഏറ്റവും വലിയ വിനോദോപാധി ആകാശവാണിയായിരുന്നു. റേഡിയോ തുറന്നാൽ പാട്ട് കേൾക്കാം. പക്ഷേ, ആ പാട്ട് വീണ്ടും കേൾക്കണമെന്ന ആഗ്രഹം ഉണ്ടായാലും അതിന് വഴിയുണ്ടായിരുന്നില്ല. റേഡിയോയുടെ സൗന്ദര്യവും അതായിരുന്നു. ഒരു പാട്ട് വന്നാൽ മുഴുവൻ ശ്രദ്ധയോടെ കേൾക്കണം. അത് കഴിഞ്ഞാൽ വീണ്ടും എപ്പോൾ കേൾക്കാമെന്നറിയില്ല.
എന്നാൽ, എൺപതുകൾ മുന്നോട്ടുപോകുമ്പോൾ നാഷണൽ പാനസോണിക് ടേപ്പ് റെക്കോർഡറുകളും കാസറ്റുകളും പിന്നീട് ടെലിവിഷനുകളും വീടുകളുടെ ഭാഗമായി. അതൊരു പുതിയ സാങ്കേതിക മാറ്റം മാത്രമായിരുന്നില്ല. ഞങ്ങളുടെ ഇമോഷനുകളെ ഓർമ്മിക്കുന്ന രീതിയും മാറുകയായിരുന്നു. ഇഷ്ടപ്പെട്ട ഒരു പാട്ട് വീണ്ടും വീണ്ടും കേൾക്കാമെന്ന അനുഭവം ആദ്യമായി ഞങ്ങൾ തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. ആകാശവാണിയുടെ ഒരു പ്രത്യേകത, ഒരു പാട്ട് ഒരിക്കൽ മാത്രമേ കേൾക്കാൻ കഴിയുമായിരുന്നുള്ളൂ എന്നതാണ്. അതിൽ ഒരു സൗന്ദര്യമുണ്ടായിരുന്നു. പാട്ട് തുടങ്ങിയാൽ മറ്റൊന്നും ചെയ്യാതെ അതിൽ മുഴുകിപ്പോകും. കാരണം, അത് കഴിഞ്ഞാൽ പിന്നെ എപ്പോൾ കേൾക്കാൻ കഴിയുമെന്നറിയില്ല. ഓരോ പാട്ടിനും അങ്ങനെ ഒരു അപൂർവതയുണ്ടായിരുന്നു.
കാസറ്റ് വന്നതോടെ ആ അപൂർവതയ്ക്ക് പകരം മറ്റൊരു അനുഭവം വന്നു. ഇഷ്ടപ്പെട്ട പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ കഴിയുന്ന അനുഭവം. ഒരു പാട്ടിനെ ആദ്യമായി ശരിക്കും സ്വന്തമാക്കാൻ കഴിഞ്ഞത് ഒരുപക്ഷേ കാസറ്റുകളിലൂടെയായിരുന്നു. പത്ത് രൂപ കൊടുത്ത് ഇഷ്ടപ്പെട്ട പാട്ടുകൾ റെക്കോർഡ് ചെയ്ത് കാസറ്റുകളിൽ സൂക്ഷിക്കും. പിന്നെ അതേ പാട്ട് എത്ര തവണ വേണമെങ്കിലും കേൾക്കും. ഒരു പാട്ട് നമ്മുടെ ഉള്ളിലേക്ക് പതിയെ പതിയെ കയറിവരുന്നതും, നമ്മുടെ ഓർമ്മയുടെ ഭാഗമായി മാറുന്നതും അങ്ങനെയായിരുന്നു. അങ്ങനെയാണ് ജാനകിയമ്മയുടെ പാട്ടുകൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയത്. “സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ”, “തുമ്പി വാ തുമ്പക്കുടത്തിന് തുഞ്ചത്തായ് ഊഞ്ഞാലിടാം” എന്നിങ്ങനെ എത്രയോ പാട്ടുകൾ ഞങ്ങളുടെ ദിവസങ്ങളുടെ പശ്ചാത്തല സംഗീതമായി. യേശുദാസും എസ്. ജാനകിയും കെ.എസ്. ചിത്രയും എം.ജി. ശ്രീകുമാറും ഒക്കെ ഞങ്ങളുടെ വീട്ടിൽ ദിവസവും വന്നുപോകുന്നവരെപ്പോലെയായിരുന്നു. അവരെ ഞങ്ങൾ ഒരിക്കലും നേരിൽ കണ്ടിരുന്നില്ല. പക്ഷേ അവരുടെ ശബ്ദങ്ങൾ ഞങ്ങളുടെ വീടുകളിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവർ ഞങ്ങളുടെ ജീവിതത്തിനകത്തായിരുന്നു.
ഒരു തലമുറയുടെ ഇമോഷനുകളിലേക്ക് ഏറ്റവും ആഴത്തിൽ കടന്നുവന്ന സാങ്കേതികവിദ്യ കാസറ്റായിരുന്നുവെന്ന് പിന്നീട് ആലോചിക്കുമ്പോൾ തോന്നാറുണ്ട്. റേഡിയോ ഞങ്ങൾക്ക് പാട്ടുകൾ കേൾപ്പിച്ചു. പക്ഷേ, കാസറ്റ് ആ പാട്ടുകളെ ഞങ്ങളുടെ സ്വകാര്യ ജീവിതത്തിന്റെ ഭാഗമാക്കി. ഒരു പ്രത്യേക ദിവസത്തിൽ കേട്ട പാട്ട്, ഒരു യാത്രയിൽ കേട്ട പാട്ട്, ഒരു മഴക്കാലത്ത് കേട്ട പാട്ട്, ഒരു സങ്കടത്തിന്റെ സമയത്ത് കേട്ട പാട്ട്—ഇങ്ങനെ ഓരോ പാട്ടിനും ഓരോ ജീവിതസന്ദർഭങ്ങൾ ചേർന്നുതുടങ്ങി. ടേപ്പ് റെക്കോർഡറുകൾ ഒരു യന്ത്രം മാത്രമായിരുന്നില്ല. ഒരു കാലത്ത് അവ വീടുകളിലെ കുടുംബാംഗങ്ങളെപ്പോലെയായിരുന്നു. ചില വീടുകളിൽ ടെലിവിഷൻ വരുന്നതിന് മുമ്പ് തന്നെ ടേപ്പ് റെക്കോർഡർ ഉണ്ടായിരുന്നു. രാവിലെ ഭക്തിഗാനങ്ങളും ഉച്ചയ്ക്ക് സിനിമാപാട്ടുകളും വൈകുന്നേരങ്ങളിൽ ഇഷ്ടപ്പെട്ട കാസറ്റുകളും. വീടിന്റെ നിശ്ശബ്ദതയിലും ആഘോഷങ്ങളിലും ഒരുപോലെ അതിന്റെ ശബ്ദമുണ്ടായിരുന്നു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എസ്. ജാനകിയുടെ ശബ്ദം ഞങ്ങളുടെ തലമുറയ്ക്ക് ഒരു ഗായികയുടെ ശബ്ദം മാത്രമായിരുന്നില്ലെന്ന് തോന്നുന്നു. വീട്ടിൽ ഇല്ലാത്ത പല ഇമോഷനുകൾക്കും ആ ശബ്ദം ഒരു ഇടമായിരുന്നു. ചിലപ്പോൾ അമ്മയുടെ തലോടലായി, ചിലപ്പോൾ നഷ്ടപ്പെട്ട നാട്ടിന്റെ ഓർമ്മയായി, ചിലപ്പോൾ പറയാതെ ഉള്ളിലിരുന്ന സങ്കടങ്ങൾക്ക് ഒരു ഭാഷയായി, ചിലപ്പോൾ ബാല്യത്തിന്റെ നിശ്ശബ്ദ സായാഹ്നങ്ങളായി ആ ശബ്ദം ഞങ്ങളുടെ കൂടെ നിന്നു. ഒരുപക്ഷേ അതുകൊണ്ടാകാം, വർഷങ്ങൾക്കുശേഷം ഒരു പാട്ട് മാത്രം കേട്ടാലും ആ കാലം മുഴുവൻ വീണ്ടും തുറന്നുവരുന്നത്. ഒരു ടെലിവിഷൻ സ്ക്രീൻ, ഒരു ടേപ്പ് റെക്കോർഡർ, ഒരു ഞായറാഴ്ച വൈകുന്നേരം, ഒരു മധ്യവർഗ കുടുംബം, ഒരു ചെറിയ പട്ടണം—അവയ്ക്കെല്ലാം നടുവിൽ എവിടെയോ എസ്. ജാനകിയുടെ ശബ്ദം ഇപ്പോഴും കേൾക്കാം.
ചെറുപ്പത്തിൽ ഞങ്ങളുടെ മനസ്സിൽ ഏറ്റവും ആഴത്തിൽ ഇടം നേടിയ രണ്ടു സിനിമകളായിരുന്നു ബാലു മഹേന്ദ്രയുടെ ‘യാത്ര’യും ‘ഓളങ്ങൾ’യും. രണ്ടു സിനിമകളും ഒരുപോലെയായിരുന്നില്ല. പക്ഷേ, രണ്ടും ഞങ്ങളുടെ ജീവിതവുമായി എവിടെയോ ചേർന്നുനിന്നിരുന്നു. അന്ന് അതിന് കാരണം പറയാൻ അറിയുമായിരുന്നില്ല. ഇന്ന് തിരിഞ്ഞുനോക്കുമ്പോഴാണ് ആ ബന്ധത്തിന്റെ സ്വഭാവം മനസ്സിലാകുന്നത്. ഞങ്ങളുടെ അച്ഛൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ട്രാൻസ്ഫറുകൾ ജീവിതത്തിന്റെ ഭാഗമായി. ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക്, പുതിയ വീടുകളിലേക്കും പുതിയ സ്കൂളുകളിലേക്കും, പുതിയ മനുഷ്യരിലേക്കും ഞങ്ങൾ മാറിക്കൊണ്ടിരുന്നു. അന്ന് അത് സാധാരണ ജീവിതമായിരുന്നു. പക്ഷേ, പിന്നീട് മനസ്സിലായി, എൺപതുകളിലെ കേരളത്തിൽ അങ്ങനെ ജീവിച്ചിരുന്ന കുടുംബങ്ങൾ കുറവായിരുന്നില്ലെന്ന്.
‘യാത്ര’യിലെ മമ്മൂട്ടിയുടെ കഥാപാത്രവും അത്തരം ഒരു സാമൂഹിക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു അപരിചിത നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്ന മനുഷ്യൻ. പുതിയൊരു സ്ഥലത്തിന്റെ അപരിചിതത്വം, പുതിയ ബന്ധങ്ങൾ, പുതിയ ജീവിതം—ഇതെല്ലാം ഞങ്ങൾക്ക് ജീവിതത്തിൽ നിന്ന് തന്നെ പരിചിതമായിരുന്നു. അതുകൊണ്ടുതന്നെ ആ സിനിമയിലെ മനുഷ്യരുമായി ഞങ്ങൾക്ക് എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിഞ്ഞു. ആ സിനിമയിലാണ് എസ്. ജാനകി പാടിയ “യമുനാ തീരേ ഹൊയ്യാര ഹോയയെ” എന്ന പാട്ട് കേൾക്കുന്നത്. ആ പാട്ടിന്റെ സൗന്ദര്യം സംഗീതത്തിൽ മാത്രമായിരുന്നില്ല. ഒരു അപരിചിത ജീവിതത്തിനുള്ളിലെ ഞങ്ങളുടെ അതേ അനുഭവം അതിൽ എവിടെയോ ഉണ്ടായിരുന്നു. ആ പാട്ട് ഞങ്ങളുടെ ജീവിതത്തോട് ചേർന്നുനിന്നിരുന്നു. എസ്. ജാനകി അങ്ങനെ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി.
അതുപോലെ ‘ഓളങ്ങൾ’ എന്ന സിനിമ. സിനിമ വലിയ വിജയമായിരുന്നില്ലെങ്കിലും അതിലെ “തുമ്പി വാ” ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു. ചില പാട്ടുകൾ സിനിമകളെക്കാൾ ദീർഘായുസ്സുള്ളവയാണെന്ന് തോന്നിയിട്ടുള്ളത് അത്തരം അനുഭവങ്ങളിലൂടെയാണ്. ജാനകിയമ്മയുടെ ശബ്ദം പോലെ തന്നെ ആ പാട്ടുകളിലെ ദൃശ്യങ്ങളും ഞങ്ങളെ സ്വാധീനിച്ചിരുന്നു. കളർ ടെലിവിഷൻ ഞങ്ങൾക്ക് പുതിയൊരു ലോകം തുറന്നുകൊടുത്ത കാലമായിരുന്നു അത്. സിനിമയിലെ വീടുകളും മുറ്റങ്ങളും മരങ്ങളും ഊഞ്ഞാലുകളും മഴയും കുടുംബങ്ങളും എല്ലാം ഞങ്ങൾ ജീവിച്ച ലോകത്തോട് വളരെ അടുത്തായിരുന്നു.
ജോലി സംബന്ധമായി നാട് വിട്ട് താമസിക്കേണ്ടിവന്ന ഒരു ന്യൂക്ലിയർ കുടുംബമായി ഞങ്ങളും മാറിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ ആ സിനിമകളിലെ കുടുംബങ്ങൾ ഞങ്ങളുടെ കുടുംബങ്ങളെപ്പോലെ തോന്നി. ആ വീടുകളിലെ നിശ്ശബ്ദതയും ആ കുട്ടികളുടെ ഏകാന്തതയും ഞങ്ങളുടെ ജീവിതത്തിൽ നിന്ന് അധികം അകലെയായിരുന്നില്ല. നേരിട്ടുള്ള ജീവിതത്തിൽ ആ പാട്ടുകളിലെ താരാട്ടും കഥപറച്ചിലുകളും ഞങ്ങൾക്ക് അധികം അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, ടെലിവിഷൻ സ്ക്രീനിലൂടെ “തുമ്പി വാ” കണ്ടപ്പോൾ, എസ്. ജാനകിയുടെ ശബ്ദം ആ കുറവുകൾക്ക് എവിടെയോ ഒരു ആശ്വാസമായി. നേരിട്ട് ലഭിക്കാതെ പോയ പല ഇമോഷനുകളും ചില പാട്ടുകളിലൂടെ മനുഷ്യർ അനുഭവിക്കുമെന്നത് പിന്നീടാണ് മനസ്സിലായത്.
കൗമാരത്തിൽ “ഓലത്തുമ്പത്തിരുന്നൂയലാടും” എന്ന പാട്ട് അത്രയധികം ഇഷ്ടപ്പെട്ടിരുന്നില്ല. ഒരുപക്ഷേ കൗമാരത്തിന്റെ മനസ്സായതുകൊണ്ടാകാം. എന്നാൽ, വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ പാട്ട് മലയാളികളുടെ സാംസ്കാരിക ഓർമ്മയിൽ ഒരു കൾട്ട് സ്റ്റാറ്റസ് നേടുന്നത് കണ്ടു. ചില പാട്ടുകൾ നമ്മൾ മനസ്സിലാക്കുന്നതിനുമുമ്പ് തന്നെ സമൂഹം ഏറ്റെടുത്ത് സ്വന്തം ഓർമ്മയുടെ ഭാഗമാക്കുമെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്.
ബാല്യത്തിലെ ഓർമ്മകൾ സുന്ദരമാണെന്ന് എല്ലാവരും പറയാറുണ്ട്. പക്ഷേ, ആ സുന്ദരമായ ഓർമ്മകളിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ചുറ്റുപാടുകളുടെയും കൂടെ മറ്റൊന്നുകൂടി ഉണ്ടായിരുന്നു—ടി.വിയും, ടേപ്പ് റെക്കോർഡറും, ആകാശവാണിയും, അവയിലൂടെ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന പാട്ടുകളും. മനുഷ്യരെ കരയാനും ചിരിക്കാനും, ഉള്ള് നിറയാനും, ബാല്യത്തിലെ വസന്തങ്ങൾക്ക് പൂവ് വിരിയാനും ചില ശബ്ദങ്ങൾ പഠിപ്പിക്കും. അങ്ങനെ ഞങ്ങളുടെ ബാല്യത്തെ മനുഷ്യസ്‌നേഹമുള്ളതാക്കി മാറ്റിയ ശബ്ദങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു എസ്. ജാനകിയുടേത്.
അവർ പിരിഞ്ഞുപോയ വാർത്ത ഇന്നലെ രാത്രിയാണ് അറിഞ്ഞത്. രാത്രിയുടെ ഏകാന്തതയിൽ ഒരു ഒറ്റമുറിയിലിരുന്ന് വീണ്ടും “സ്വർണമുകിലേ” കേട്ടു. വർഷങ്ങൾക്കുമുമ്പ് പീരുമേട്ടിലെ എസ്.എം.എസ്. ക്ലബ്ബിലെ ടെലിവിഷന്റെ മുന്നിലിരുന്ന് ആ പാട്ട് കേട്ടിരുന്ന ആ ചെറിയ കുട്ടി വീണ്ടും ഉള്ളിൽ ജനിക്കുകയായിരുന്നു, കരയുകയായിരുന്നു. ഒരുപക്ഷേ ഇപ്പോൾ എവിടെയോ മാനത്തെ ശിങ്കാരത്തോപ്പിൽ ഗന്ധർവന്മാരുടെ മുന്നിൽ പാടാനായി ജാനകിയമ്മ തന്റെ മൈക്കും ശ്രുതിയും നിശ്ശബ്ദമായി ശരിയാക്കുന്നുണ്ടാകാം.
