ഉരുൾപൊട്ടൽ’, ‘മണ്ണിടിച്ചിൽ’, ‘അപകടം’, ‘പ്രകൃതിദുരന്തം’… ഈ വാക്കുകൾ കേരളത്തിലെ വാർത്തകളിൽ പതിവായിക്കഴിഞ്ഞിരിക്കുന്നു. മഴ തുടങ്ങുമ്പോൾ ആദ്യം കാലാവസ്ഥാ മുന്നറിയിപ്പ് വരും. പിന്നെ ഉരുൾപൊട്ടലിൻറെ വാർത്തകൾ. അതിനുശേഷം രക്ഷാപ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ. മുഖ്യമന്ത്രിയുടെ സന്ദർശനം. മന്ത്രിമാരുടെ ഉറപ്പുകൾ. പ്രതിപക്ഷത്തിൻറെ ആരോപണങ്ങൾ. നഷ്ടപരിഹാര പ്രഖ്യാപനങ്ങൾ. അഞ്ചാറ് ദിവസങ്ങൾക്കുശേഷം എല്ലാം അവസാനിക്കും. പക്ഷേ, ദുരന്തം അവസാനിക്കുകയില്ല. മരിച്ചവരുടെ കുടുംബങ്ങളിൽ അത് ഒരു ജീവിതകാലം മുഴുവൻ തുടരുന്നു. അതാണ് കല്ലടിയും നമ്മെ ഓർമ്മിപ്പിക്കുന്നത്. ഇത് ഏതാനും ജീവനുകൾ നഷ്ടപ്പെട്ട ഒരു അപകടത്തിൻറെ കഥയല്ല. കേരളത്തിൻറെ വികസന സങ്കൽപം, ഭരണസംവിധാനം, പരിസ്ഥിതി നയം, ശാസ്ത്രീയ ആസൂത്രണം എന്നിവയെ ഒരുമിച്ച് ചോദ്യം ചെയ്യുന്ന ഒരു സാമൂഹിക ചിന്തയാണ്. അതുകൊണ്ടുതന്നെ ഈ ദുരന്തത്തെ മഴയുടെ അക്കൗണ്ടിൽ എഴുതിത്തള്ളുന്നത് സത്യത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും.
പ്രകൃതി കുറ്റവാളിയല്ല
നാം പലപ്പോഴും ഒരു തെറ്റ് ചെയ്യാറുണ്ട്. മഴ പെയ്താൽ പ്രകൃതിയെ കുറ്റപ്പെടുത്തുന്നു. കാറ്റ് വീശിയാൽ പ്രകൃതിയെ കുറ്റപ്പെടുത്തുന്നു.
മല ഇടിഞ്ഞാൽ പ്രകൃതിയെ കുറ്റപ്പെടുത്തുന്നു. പക്ഷേ, പ്രകൃതി ആരെയും ആക്രമിക്കുന്നില്ലയെന്നത് നമ്മൾ ഓർക്കാൻ ശ്രമിക്കുന്നില്ല. അവൾ സ്വന്തം നിയമങ്ങൾ മാത്രം പാലിക്കുന്നു. മഴയ്ക്ക് മനുഷ്യരെ കൊല്ലാൻ ഉദ്ദേശ്യമില്ല. നദിക്ക് വീടുകൾ ഒഴുക്കിക്കൊണ്ടുപോകാനും ആഗ്രഹമില്ല. മലകൾ മനുഷ്യരോട് പ്രതികാരം ചെയ്യാറില്ല. പ്രകൃതിയുടെ നിയമങ്ങളെ അവഗണിക്കുന്ന മനുഷ്യരാണ് സ്വന്തം ദുരന്തങ്ങൾ സൃഷ്ടിക്കുന്നത്. അതിനാലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രലോകം ഇന്ന് ഒരു പുതിയ പദം ഉപയോഗിക്കുന്നത്. പ്രകൃതി ദുരന്തം (Natural Hazard) എന്നല്ല… മനുഷ്യനിർമ്മിത ദുരന്തം (Human-induced Disaster). അതായത് പ്രകൃതിയിലെ ഒരു സാധാരണ പ്രവർത്തനത്തെ മനുഷ്യൻറെ അശ്രദ്ധയാണ് ദുരന്തമാക്കി മാറ്റുന്നത്. കള്ളാടിയിലും സംഭവിച്ചതും അതാണ്.
കള്ളാടി ഉയർത്തുന്ന ആദ്യ ചോദ്യം
തുരങ്ക നിർമ്മാണത്തിനായി പുറത്തെടുത്ത വലിയ അളവിലുള്ള മണ്ണ് കുന്നിൻചരിവിൽ സംഭരിച്ചിരുന്നതാണ് മഴ പെയ്തപ്പോൾ ദുരന്തമായി പരിണമിച്ചത്. ആ മണ്ണ് ഒലിച്ചിറങ്ങി. വീടുകൾ മൂടപ്പെട്ടു. മനുഷ്യർ മരിച്ചു.
ഇവിടെ ചോദ്യം മഴയെക്കുറിച്ചല്ല. ആ മണ്ണ് അവിടെ എന്തുകൊണ്ടാണ് കിടന്നത്? അത് എത്രനാൾ അവിടെ തുടർന്നു? മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് അത് സുരക്ഷിതമായി മാറ്റേണ്ടതായിരുന്നില്ലേ? അതിന് ശാസ്ത്രീയമായ പദ്ധതി ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കിൽ അത് നടപ്പിലായോ? ഈ ചോദ്യങ്ങൾ ആരോടും വിരോധത്തോടെ ചോദിക്കുന്നതല്ല. ജനാധിപത്യത്തിൽ ഉത്തരവാദിത്തം ആവശ്യപ്പെടുകയാണ്. കാരണം, ഓരോ വലിയ പൊതുപദ്ധതിക്കും ചെലവാകുന്നത് ജനങ്ങളുടെ നികുതിപ്പണമാണ്. ഏത് പദ്ധതിയുടെയും ഏറ്റവും വലിയ ഉത്തരവാദിത്തം മനുഷ്യജീവൻ സംരക്ഷിക്കുക എന്നതാണ്.
തുരങ്കത്തെ വിചാരണ ചെയ്യരുത്
ഇവിടെ മറ്റൊരു അപകടവും സംഭവിക്കുന്നു. ഒരു വിഭാഗം മുഴുവൻ തുരങ്ക പദ്ധതിയെ എതിർക്കുന്നു. മറ്റൊരു വിഭാഗം പദ്ധതിയെ വിമർശിക്കുന്നവരെയെല്ലാം വികസനവിരുദ്ധരായി ചിത്രീകരിക്കുന്നു. ഈ രണ്ടു നിലപാടും തെറ്റാണ്. തുരങ്കം ആധുനിക എൻജിനിയറിംഗിൻറെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്. സ്വിറ്റ്സർലാൻഡിൻറെ ആൽപ്സ് മലനിരകളിലും ജപ്പാനിലെ ഭൂകമ്പമേഖലകളിലും നോർവേയുടെ പർവതപ്രദേശങ്ങളിലും അതിസങ്കീർണ്ണമായ തുരങ്കങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നു.
കേരളത്തിനും ആവശ്യമായിടത്ത് തുരങ്കങ്ങൾ വേണം. താമരശ്ശേരി ചുരത്തിന് ബദലായി ഒരു സുരക്ഷിത പാത ലഭിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം ന്യായമാണ്. വയനാടിൻറെ വികസനത്തിനും മികച്ച ഗതാഗത സംവിധാനങ്ങൾ ആവശ്യമാണ് എന്നതും പ്രധാനമാണ്. അതുകൊണ്ട് ചോദ്യം തുരങ്കമാണോ എന്നതല്ല. തുരങ്കം എങ്ങനെ നിർമ്മിക്കുന്നു എന്നതാണ്. ആവശ്യമായ സുരക്ഷാ നടപടികൾ എന്തുകൊണ്ട് കൈക്കൊണ്ടില്ല? ശാസ്ത്രീയ പഠനങ്ങൾവേണ്ടവിധത്തിൽ നടത്തിയിരുന്നോ, ഉണ്ടങ്കിൽ അവ അവിടത്തെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെടുത്തി എന്തുനിരീക്ഷണമാണ് നടത്തിയതെന്നൊന്നും വെളിവാക്കപ്പെട്ടിട്ടില്ല.
വികസനം എന്നത് കോൺക്രീറ്റ് മാത്രമല്ല
നമ്മുടെ വികസനചർച്ചകളിൽ ഒരു വലിയ പോരായ്മയുണ്ട്. ഒരു റോഡ് പണിതാൽ വികസനം. ഒരു പാലം വന്നാൽ വികസനം. ഒരു തുരങ്കം നിർമ്മിച്ചാൽ വികസനം. അത്രയിലൊതുങ്ങുന്നു നമ്മുടെ ചിന്ത. പക്ഷേ, ലോകം ഇന്ന് വികസനത്തെ മറ്റൊരു രീതിയിലാണ് നിർവചിക്കുന്നത്. അത് സുസ്ഥിര വികസനം എന്നാണ് (Sustainable Development). ഇന്നത്തെ തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ നാളത്തെ തലമുറയുടെ സുരക്ഷയും പ്രകൃതിയുടെ സന്തുലിതാവസ്ഥയും സംരക്ഷിക്കുന്ന വികസനമാണ് ആധുനികലോകം നിർദ്ദേശിക്കുന്നത്. ഒരു റോഡ് നിർമ്മിക്കുമ്പോൾ അതിൻറെ ചെലവ് മാത്രമല്ല കണക്കാക്കേണ്ടത്. അതിൻറെ പരിസ്ഥിതി ആഘാതവും കണക്കാക്കണം. ഒരു തുരങ്കം നിർമ്മിക്കുമ്പോൾ നിർമ്മാണച്ചെലവ് മാത്രമല്ല. പുറത്തെടുക്കുന്ന ലക്ഷക്കണക്കിന് ഘനമീറ്റർ മണ്ണും പാറയും എവിടെ പോകും എന്ന ചോദ്യത്തിനും മുൻകൂട്ടി മറുപടി ഉണ്ടായിരിക്കണം. അല്ലെങ്കിൽ വികസനം പുരോഗതിയല്ല. ദുരന്തത്തിൻറെ മുന്നൊരുക്കമാണ്.
കേരളം ഇനി തീരുമാനിക്കണം
ഓരോ മഴക്കാലത്തും മരണം എണ്ണിക്കൊണ്ടിരിക്കാനാണോ കേരളം വിധിക്കപ്പെട്ടിരിക്കുന്നത്? അതോ ഓരോ ദുരന്തത്തിൽ നിന്നും പാഠം പഠിക്കുന്ന ഒരു സമൂഹമായി മാറാനാണോ? കള്ളാടിയിലെ മണ്ണിനടിയിൽ അടിഞ്ഞത് ഏതാനും മനുഷ്യജീവനുകൾ മാത്രമല്ല. ശാസ്ത്രീയ ആസൂത്രണത്തെക്കുറിച്ചുള്ള നമ്മുടെ അവഗണനയും ഭരണത്തിൻറെ ഉത്തരവാദിത്തബോധത്തിലെ വിള്ളലുകളും കൂടിയാണ്. ഈ ദുരന്തത്തിൻറെ യഥാർത്ഥ അന്വേഷണം ആരാണ് കുറ്റക്കാരൻ എന്നതിൽ അവസാനിക്കരുത്. ഇനി ഒരു കള്ളാടി ആവർത്തിക്കാതിരിക്കാൻ കേരളം എന്ത് ചെയ്യണം എന്ന ചോദ്യത്തിലാണ് അത് അവസാനിക്കേണ്ടത്. കാരണം, മലകൾ ഒരുദിവസം ഇടിഞ്ഞുവീഴുന്നില്ല. ആദ്യം ഇടിയുന്നത് ഉത്തരവാദിത്തബോധമാണ്.
പശ്ചിമഘട്ടം
നാം ജീവിക്കുന്നത് ഒരു നിശ്ചേഷ്ടമായ മലയുടെ മുകളിലല്ല; ചേതനയുള്ള ഒരു ഭൂവിജ്ഞാന സംവിധാനത്തിനുള്ളിലാണ്. കള്ളാടിയിലെ ദുരന്തത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നാം പലപ്പോഴും ഒരു അടിസ്ഥാന തെറ്റ് ചെയ്യുന്നു. ഓരോ ദുരന്തത്തെയും ഒറ്റപ്പെട്ട സംഭവമായി കാണുന്നു. പക്ഷേ, കള്ളാടി ഒരു ഒറ്റപ്പെട്ട സംഭവമല്ല. പുത്തുമല, കവളപ്പാറ, കൊക്കയാർ, ചൂരൽമല-മുണ്ടക്കൈ… ഓരോ ദുരന്തവും ഓരോ സ്ഥലത്ത് നടന്നതാണെങ്കിലും അവയെ ബന്ധിപ്പിക്കുന്ന ഒരു പൊതു നൂൽപ്പാലമുണ്ട്. അത് പശ്ചിമഘട്ടം എന്ന ജീവിക്കുന്ന ഭൂവിജ്ഞാന സംവിധാനമാണ്. കേരളത്തിൻറെ പടിഞ്ഞാറ് കടലും കിഴക്ക് പശ്ചിമഘട്ടവുമാണ്. ഈ മലനിര വെറും കല്ലുകളുടെ കൂമ്പാരമല്ല. കോടിക്കണക്കിന് വർഷങ്ങളായി മഴയും കാറ്റും ഭൂചലനങ്ങളും നദികളും ചേർന്ന് രൂപപ്പെടുത്തിയ ഒരു ഭൂപ്രകൃതിയാണ്. അതിനാൽ ഒരു മലയെ നാം കുത്തിപ്പൊളിക്കുമ്പോൾ പൊളിയുന്നത് പാറ മാത്രമല്ല. ജലത്തിൻറെ ഒഴുക്കാണ് മാറുന്നത്. മണ്ണിൻറെ സന്തുലിതാവസ്ഥയാണ് മാറുന്നത്. ഭൂഗർഭ ജലത്തിൻറെ സഞ്ചാരപാതയാണ് മാറുന്നത്. ചിലപ്പോൾ ഒരു പ്രദേശത്തിൻറെ ഭാവി തന്നെ മാറുന്നു.
മലകൾ നിശ്ചലമല്ല
നാം മലകളെ നോക്കുമ്പോൾ അവ അനങ്ങാത്ത ശിലകളാണെന്ന് തോന്നും. അത് നമ്മുടെ കാഴ്ചയുടെ പരിമിതിയാണ്. ഒരു ഭൂവിജ്ഞാനശാസ്ത്രജ്ഞൻറെ കണ്ണിലൂടെ നോക്കിയാൽ മലകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങളാണ്. മഴ പെയ്യുന്നു. വെള്ളം മണ്ണിനുള്ളിലേക്ക് ഇറങ്ങുന്നു. പാറകളിലെ വിള്ളലുകളിലൂടെ അത് സഞ്ചരിക്കുന്നു. വേരുകൾ മണ്ണിനെ പിടിച്ചുനിർത്തുന്നു. ചെറിയ മാറ്റങ്ങൾ വർഷങ്ങളോളം അടിഞ്ഞുകൂടുന്നു. ഒരു ദിവസത്തെ ഒരു കനത്ത മഴ മാത്രം മതിയാകും. പുറമേ ഉറച്ചതായി തോന്നിയിരുന്ന ചരിവ് പെട്ടെന്ന് തകരുവാൻ. അപ്പോഴാണ് നാം പറയുന്നത്-‘പ്രകൃതി ദുരന്തം.’ പക്ഷേ, ആ ദുരന്തത്തിൻറെ ഒരുക്കം വർഷങ്ങളായി നടന്നുകൊണ്ടിരിക്കുകയായിരുന്നു.
പശ്ചിമഘട്ടം ഒരു നിർമ്മാണസ്ഥലമല്ല
പശ്ചിമഘട്ടം ഇന്ത്യയിലെ ഏറ്റവും ജൈവസമ്പന്നമായ പാരിസ്ഥിതിക ലോല പ്രദേശങ്ങളിലൊന്നാണ്. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ ഇവിടെ ഉണ്ട്. നൂറുകണക്കിന് സസ്യജന്തു ജാലങ്ങളുടെ ആവാസകേന്ദ്രമാണിത്. കേരളത്തിലെ പ്രധാന നദികളുടെ ജന്മസ്ഥലമാണിത്. ഇവിടെയുള്ള ഓരോ മലയും ഒരു ജലസംഭരണിയാണ്. ഓരോ വനവും ഒരു സ്വാഭാവിക സുരക്ഷാകവചമാണ്. അതുകൊണ്ടാണ് വികസന പദ്ധതികൾ ഇവിടെ നടപ്പാക്കുമ്പോൾ സാധാരണ എൻജിനിയറിംഗ് മാത്രം മതിയാകാത്തത്. ഭൂവിജ്ഞാനവും ജലശാസ്ത്രവും പരിസ്ഥിതിശാസ്ത്രവും കാലാവസ്ഥാശാസ്ത്രവും ഒരുമിച്ച് ഇവിടെ സംസാരിക്കണം. ഇവയിൽ ഒരെണ്ണം അവഗണിച്ചാൽ വികസനം അപൂർണമാകുമെന്നു മാത്രമല്ല, പ്രതിപ്രവർത്തനവും സംഭവിക്കും. അതിന് പ്രകൃതിയെ പഴിചാരുന്നത് ബുദ്ധിശൂന്യതയും സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവുമാണ്.
ശാസ്ത്രം മുന്നറിയിപ്പ് നൽകിയിരുന്നില്ലേ?
ഈ ചോദ്യത്തിന് ഉത്തരം ‘അതെ’ എന്നാണ്. വർഷങ്ങളായി മാധവ് ഗാഡ്ഗിൽ ഉൾപ്പെടെ വിവിധ ശാസ്ത്രജ്ഞരും സമിതികളും പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ആ മുന്നറിയിപ്പുകളുടെ ഓരോ വാചകവും നിയമമാക്കേണ്ടതില്ല.
പക്ഷേ, അവയെ അവഗണിക്കാനും പാടില്ല. ശാസ്ത്രീയ പഠനങ്ങൾ വികസനത്തെ തടയാൻ വേണ്ടിയല്ല. വികസനം സുരക്ഷിതമാക്കാനാണ്. പദ്ധതികൾക്ക് അനുമതി നൽകുന്ന സമിതികളുടെ യഥാർത്ഥ ദൗത്യവും അതുതന്നെയാണ്.
പരിസ്ഥിതി അനുമതി ഒരു മുദ്രയല്ല
നമ്മുടെ നാട്ടിൽ പരിസ്ഥിതി അനുമതിയെ പലപ്പോഴും ഒരു ഔപചാരിക നടപടി മാത്രമായാണ് കാണുന്നത്. പക്ഷേ, യഥാർത്ഥത്തിൽ അത് ഒരു ജീവൻരക്ഷാ സംവിധാനമാണ്. ഒരു വലിയ പദ്ധതിക്ക് അനുമതി നൽകുമ്പോൾ ചോദിക്കേണ്ട ചോദ്യങ്ങൾ വ്യക്തമാണ്. ഈ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കും? ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? അപകടസാധ്യതകൾ എന്തൊക്കെയാണ്? അവ കുറയ്ക്കാൻ എന്ത് സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്? ഈ ചോദ്യങ്ങൾക്ക് വിശ്വാസയോഗ്യമായ ഉത്തരമില്ലെങ്കിൽ അനുമതി നൽകുന്നത് ഒരു ഭരണനടപടി മാത്രമല്ല; വലിയൊരു പൊതുഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടവുമാണ്മാണ്.
കള്ളാടി നമ്മെ വീണ്ടും പഠിപ്പിക്കുന്നത്
കള്ളാടിയിലെ ദുരന്തം ഒരു ചോദ്യമാണ്. അതിൻറെ ഉത്തരം ഒരു അന്വേഷണ റിപ്പോർട്ടിൽ മാത്രം ഒതുങ്ങരുത്. കേരളത്തിലെ ഓരോ വലിയ പദ്ധതിയും പുതിയൊരു സംസ്കാരം പഠിക്കണം. ആദ്യം സുരക്ഷ. പിന്നെ വികസനം. കാരണം, സുരക്ഷയില്ലാത്ത വികസനം പുരോഗതിയല്ല. അത് ഭാവിയിലേക്ക് മാറ്റിവെച്ച ഒരു ദുരന്തം മാത്രമാണ്.
കേരളത്തിന് ഒരു പുതിയ വികസനദർശനം വേണം. റോഡുകൾ വേണം. തുരങ്കങ്ങൾ വേണം. പാലങ്ങൾ വേണം. റെയിൽവേ വികസനം വേണം. പക്ഷേ, അവയെല്ലാം മനുഷ്യജീവനെക്കാൾ വലുതല്ല. ഒരു പദ്ധതിയുടെ വിജയം അതിൻറെ ഉദ്ഘാടനച്ചടങ്ങിൽ അളക്കരുത്. പത്ത് വർഷം കഴിഞ്ഞിട്ടും ആ പദ്ധതിയുടെ പേരിൽ ഒരു മനുഷ്യജീവനും നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ മാത്രമാണ് അത് യഥാർത്ഥ വിജയം. അതാകണം നമ്മുടെ വികസനത്തിൻറെ പുതിയ അളവുകോൽ. തത്കാലം തുരങ്കനിർമ്മാണം നിർത്തിവെച്ച് സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിച്ചതുകൊണ്ട് കാര്യമായില്ല. ഇക്കാര്യത്തിൽ നിഷ്പക്ഷമായ ജ്യുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്.
