August 9 Sunday 2026

“പ്രൊഫ. ആലിക്കുട്ടിമുസ്‌ലിയാരു”ടെ നാമപ്രസക്തി

പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ – ആ പേര് എന്നും എനിക്കൊരു അത്ഭുതവും കൗതുകവുമായിരുന്നു. ഒരുപക്ഷേ, ഭൂമിയിൽ അങ്ങനെയൊരു സ്ഥാനമാനമുള്ള ഒരാളും എന്റെ നോട്ടപ്പാടിൽ ഞാൻ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. കേരളത്തിലെ പേരുകേട്ട പെരിന്തൽമണ്ണ ജാമിയ നൂരിയ അറബി കോളേജിലെ അധ്യാപകനും പ്രിൻസിപ്പലുമൊക്കെയായിരുന്നു മുസ്‌ലിയാർ. പ്രൊഫസറും മുസ്ലിയാരും സ്വന്തം പേരിനോടൊപ്പം ഒന്നിക്കുന്നത് അപ്രകാരമായിരിക്കണം. ഭൗതിക വിദ്യാഭ്യാസവും ഇംഗ്ലീഷ് അടക്കമുള്ള ഭാഷയിൽ പ്രാവിണ്യവുമുണ്ടായിരുന്ന ബഹുഭാഷാ പണ്ഡിതനുമായിരുന്നു അദ്ദേഹം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
‘പ്രൊഫസർ’ എന്നത് കേരളത്തിലെ യാഥാസ്ഥിതിക മുസ്ലിം മതസമൂഹത്തിലും ‘മുസ്‌ലിയാർ’ എന്നത് ഇവിടുത്തെ മുസ്ലിം ബുദ്ധിജീവി സമൂഹത്തിലും പൊതുവെ അത്ര സ്വീകര്യമല്ലാത്ത ഒരു കാലമുണ്ടായിരുന്നു.ഇപ്പോഴും ആ വിചാരത്തിന് വേണ്ടത്ര മുക്തിയുണ്ടായി എന്നും ഞാൻ വിചാരിക്കുന്നില്ല. അവിടെയാണ് ഒരു “പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരു”ടെ നാമപ്രസക്തി,എന്ന് ഞാൻ കരുതുന്നു.
അദ്ദേഹം പ്രൊഫസർ അലിക്കുട്ടി മുസ്‌ലിയാർ എന്ന് പ്രൊഫൈൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുകയും ധൈര്യം കാണിക്കുകയും ചെയ്തു.
കേരളീയ പൊതുസമൂഹത്തിലെ ന്യൂനപക്ഷ സമുദായങ്ങൾ ആണെന്നിരുന്നാലും ക്രിസ്ത്യൻ പാതിരിമാർക്ക് കിട്ടുന്ന ആദരവും സ്വീകാര്യതയും ഒരു മുസ്‌ലിയാർക്ക് സമൂഹത്തിൽ കിട്ടാറില്ല. ആധുനിക വിദ്യാഭ്യാസത്തിലുള്ള അവർക്കുണ്ടായ ‘പിൻഗണന’യായിരുന്നു അതിനൊരു കാരണം എന്നു തോന്നുന്നു. മറ്റൊന്ന്, ദാരിദ്രശ്രേണിയിൽ പെട്ടവരായിരുന്നു പൊതുവെ ഒരുകാലത്ത് കേരളത്തിലെ മദ്രസ അധ്യാപകരും പള്ളി ഉസ്താദുമാരുമായിരുന്ന മുസ്ലിയാർ മാർ. കൂടുതൽ അന്വേഷിച്ചു പോകുന്ന ഒരാൾക്ക് ഇക്കാര്യത്തിൽ കോളനി കാലത്തിന്റെ അധികാര വേരുകളും ഇതിന് കാരണമായി കണ്ടെത്താനാവും. മുസ്ലിമും ദേശീയ മുസ്ലിമും ഒക്കെ നാമരൂപപ്പെട്ട കാലം ഓർമ്മിക്കാവുന്നതുമാണ്.
ഇവിടുത്തെ ചില മുസ്ലിം പണ്ഡിതന്മാരെപ്പോലെ വെറുതെ വിവാദ വിഷയങ്ങളിൽ തലയിട്ട് അഭിരമിക്കുകയോ രാഷ്ട്രീയ കാര്യസാധ്യത്തിന് തോന്നിയത് പറയുകയോ സന്ദർഭമറിയാതെ ഭാഷ പ്രയോഗിച്ചു വിവാദസ്ഥനാവുകയോ ചെയ്യുന്ന ഒരാളല്ലായിരുന്നു ആലിക്കുട്ടി മുസ്‌ലിയാർ. അദ്ദേഹം ശാന്തനും വിനയശാലിയും ലളിത ജീവിതം കൊണ്ട് തൃപ്തിപ്പെട്ട ഒരു സൂഫി മനസ്സിന്നുടമയായിരുന്നു. എന്നുവച്ചു, കേരളത്തിലെ മത നവോത്ഥാന വിഷയങ്ങളിൽ സി.എൻ അഹമ്മദ് മൗലവിയെപ്പോലെയൊക്കെ അറിയപ്പെടുന്ന ആളല്ലായിരുന്നു അദ്ദേഹം. പത്രാധിപർ എന്ന നിലയ്ക്കും സെമിനാറുകളിലും കോൺഫെറെൻസുകളിലും അതീവ സാന്നിധ്യമുള്ള ഒരു വ്യക്തിത്വമായിരുന്നു പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാർ. മോറോക്കോ, സെനിഗൽ, ഈജിപ്‌ത് …ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെയും നിരവധി സാമൂഹ്യ – ശരീഅഃ കോൺഫെറെൻസുകളിലും സെമിനാറുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം കാണാം. കേരളത്തിലെ തനത് ഉലമാ/പണ്ഡിത പാരമ്പര്യത്തിലെ ശക്തനായ ഒരു കണ്ണിയായിരുന്നു അദ്ദേഹം. വേൾഡ് ലീഗിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യാന്തര ഫിഖ്ഹ് കൌൺസിൽ അംഗമായിരുന്നു. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമാ ബോർഡിൽ സജീവ അംഗമായിരുന്നു. ഇസ്ലാമിക്‌ കോളജുകളിലെ പരീക്ഷാ കൺട്രോളർ സ്ഥാനം വഹിച്ചിരുന്നു. ഹജ്ജ് കമ്മിറ്റി ചെയർമാനും വൈസ് ചെയർമാനും ഒക്കെയായിരിന്നു.
ഇവയൊക്കെ കാണിക്കുന്നത്, ബൗദ്ധിക – ജ്ഞാന – അധ്യാപന മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള മികവാണ്. ഒരുപക്ഷെ, പല രാജ്യാന്തര മത – സാമൂഹ്യ മേഖലയിലും കഴിവ് തെളിയിച്ച ഒരു വ്യക്തിത്വം. ഒരേയൊരു പ്രാവശ്യമാണ് ഞാൻ ആലിക്കുട്ടി മുസ്ലിയരെ നേരിട്ട് കണ്ടിട്ടുള്ളതും സംസാരിച്ചിട്ടുള്ളതും. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു മത – സാമൂഹിക സെമിനാറിൽ അദ്ദേഹമുണ്ടായിരുന്നു. ടീ ബ്രേക്ക്‌ സമയത്ത് ഞാൻ അദ്ദേഹത്തെ സമീപിച്ച് സ്വന്തം പേര് പറഞ്ഞു പരിചയപ്പെട്ടപ്പോൾ അറിയാമെന്നും കേട്ടിണ്ടുണ്ടെന്നും പറഞ്ഞു എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവും കാണിച്ചു. ഏതായാലും, ആ പേര് എന്റെ ചിന്തയെ എന്നും വേട്ടയാടി. അതെന്നെ ചിന്തിപ്പിച്ചു. അദ്ദേഹത്തിന്റെ അഭാവം കേരളത്തിലെ മത- മതേതര സാമൂഹ്യ മണ്ഡലത്തിൽ ഒരു ശൂന്യത സൃഷ്ടിച്ചു എന്നുതന്നെ ഞാൻ കരുതുന്നു. ആദരവോടെ, പ്രാർത്ഥനയോടെ പ്രൊഫ.ആലിക്കുട്ടി മുസ്ലിയാർക്ക് വിട.

Related