August 11 Tuesday 2026

യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ചെറുതായി ഇന്ത്യയെ ബാധിച്ചു തുടങ്ങിയിരിക്കുന്നു

പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ചെറുതായി ഇന്ത്യയെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ബാംഗ്ലൂരില്‍ ഹോട്ടലുകള്‍ പാചക വാതക സിലണ്ടറുകളുടെ ലഭ്യതക്കുറവ് മുലം അടച്ചിടാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. സിലിണ്ടറുകളുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവുകള്‍ ഇറങ്ങിക്കഴിഞ്ഞു. സ്ട്രാറ്റജിക് ഓയില്‍ സംഭരണത്തിലെ വീഴ്ച പെട്രോള്‍, ഡീസല്‍ വിതരണത്തിലും ഉടന്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമാക്കും.

പാചകവാതകത്തിലും പെട്രോള്‍ ഡീസല്‍ എന്നിവയിലും ഉള്ള നിയന്ത്രണങ്ങള്‍ നഗര വാസികളെ പെട്ടെന്ന് പ്രയാസത്തിലാഴ്ത്തും എന്നതുകൊണ്ട് അവ പരിഹരിക്കാനുള്ള ഇടപെടല്‍ വഴികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടനടി ചെയ്യും. (എപ്സ്റ്റീന്‍ ഫയലില്‍ ബോള്‍ഡ് അക്ഷരങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട ഹര്‍ദീപ് പുരിയെന്ന പെട്രോളിയം മന്ത്രിയെ ഇക്കാലയളവില്‍ ആരെങ്കിലും എവിടെയെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ വിവരമറിയിക്കാന്‍ മറ്റൊരു ഉത്തരവിറക്കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.)

റഷ്യന്‍ എണ്ണയെങ്കില്‍ റഷ്യന്‍ എണ്ണ എന്നാണ് ഇപ്പോഴത്തെ ലൈന്‍. എന്നാല്‍ യുദ്ധം നീളുകയാണെങ്കില്‍, ദീര്‍ഘകാലതലത്തില്‍ ബാധിക്കാന്‍ പോകുന്ന മറ്റൊരു മേഖല കൃഷിയാണ്. ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ സിംഹഭാഗം നൈട്രജന്‍ സപ്ലൈയും ഗള്‍ഫ് മേഖലയെ ആശ്രയിച്ചുള്ളതാണ്. ഖാരിഫ് സീസണുകളിലേക്കുള്ള രാസവള ലഭ്യതയെ നിലവിലുള്ള പ്രതിസന്ധി ബാധിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഗള്‍ഫ് മേഖലകളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന പെട്രോളിയും സംഭരണശാലകളും വിതരണ ശൃംഖലകളുടെ തടസ്സങ്ങളും കാര്‍ഷിക മേഖലയെ ഏതൊക്കെ രീതിയില്‍ ബാധിക്കാനിരിക്കുന്നുവെന്നത് കാണാനിരിക്കുന്നതേയുള്ളൂ.

Related