November 17 Tuesday 2026

ജീരം ഘാട്ടി കേസിലെ വധശിക്ഷ പുനഃപരിശോധിക്കണം – ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

ഛത്തീസ്ഗഢിലെ ജീരം ഘാട്ടി കേസിലെവിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു.  ആദിവാസി രാഷ്ട്രീയപ്രവർത്തകർക്കെതിരെയാണ് കോടതി വിധിയെന്നും ഇത് നീതിയെ മുൻനിർത്തി നടത്തുന്ന ഒരു നീക്കമായിട്ടല്ല പ്രതികാര നടപടിയായിട്ടെ കാണാനാവൂ എന്നും  ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

2013 മെയ് 25-നാണ് വിധിക്കാസ്പദമായ സംഭവം നടക്കുന്നത്. ബസ്തർ ജില്ലയിലെ ദർഭ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജീരം ഘാട്ടിയിലെ ദേശീയപാതയിലൂടെ കോൺഗ്രസിന്റെ ‘പരിവർത്തൻ റാലി’ കഴിഞ്ഞ് മടങ്ങുകയായിരുന്ന നേതാക്കളുടെ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടു.  അന്നത്തെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നന്ദ് കുമാർ പട്ടേൽ, അദ്ദേഹത്തിന്റെ മകൻ ദിനേശ് പട്ടേൽ, മുൻ പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമ്മ, മുൻ കേന്ദ്രമന്ത്രി വിദ്യാചരൺ ശുക്ല, മുൻ എംഎൽഎ ഉദയ് മുതലിയാർ എന്നിവരുൾപ്പെടെയുള്ള നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിന് 13 വർഷത്തിന് ശേഷമാണ് വിധി പുറത്തുവരുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരിൽ രണ്ടുപേർ വനിതകളാണ്.

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പുറത്തിറക്കിയ കുറിപ്പ്:

2013 മെയ് 25-ന് ഛത്തീസ്ഗഢിലെ ജീരം ഘാട്ടിയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണിപ്പോൾ 10 പേർക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. ബിർസാ മുണ്ടയുടെ പോരാളികളായ 10 ആദിവാസി രാഷ്ട്രീയപ്രവർത്തകർക്കെതിരെയാണ് കോടതി വിധി. ഇത് നീതിയെ മുൻനിർത്തി നടത്തുന്ന ഒരു നീക്കമായിട്ടല്ല പ്രതികാര നടപടിയായിട്ടെ കാണാനാവൂ . ജനാധിപത്യ ബോധത്തിന് തീർത്തും അപമാനകരമാണ് ഈ വിധി.

വധശിക്ഷ നടപ്പാക്കുന്നതോടെ തിരുത്താനാകാത്ത ഒരു നടപടിയാണ് സംഭവിക്കുന്നത്. കോടതി വിധിയിൽ പിന്നീട് പിഴവ് കണ്ടെത്തിയാലും വധിക്കപ്പെട്ട വ്യക്തിയുടെ ജീവൻ തിരിച്ചുനൽകാൻ കഴിയില്ല. അതിനാൽ, മനുഷ്യജീവനെ സംബന്ധിക്കുന്ന ഏറ്റവും ഗുരുതരമായ ശിക്ഷക്ക് പകരം, നീതിന്യായപരമായ പുനഃപരിശോധനയ്ക്കും തിരുത്തലിനും സാധ്യതയുള്ള ശിക്ഷാരീതികളാണ് ഒരു ജനാധിപത്യ സമൂഹം പരിഗണിക്കേണ്ടത്.

വധശിക്ഷ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമായിട്ട് ആധുനിക ജനാധിപത്യബോധം കരുതുന്നില്ല .കഠിനമായ ശിക്ഷ മാത്രമാണ് നീതി” എന്ന സമീപനത്തിനു പകരം, കുറ്റകൃത്യങ്ങളുടെ സാമൂഹിക കാരണങ്ങൾ, വ്യക്തിഗത ഉത്തരവാദിത്തം, തെളിവുകളുടെ വിശ്വാസ്യത, നീതിന്യായ നടപടികളുടെ വിശ്വാസ്യത എന്നിവ പരിശോധിക്കേണ്ടതാണ്.

ജീരം ഘാട്ടി കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ വ്യക്തിഗത പങ്ക്, അവർക്ക് എതിരായ തെളിവുകളുടെ സ്വഭാവം, കുറ്റകൃത്യത്തിൽ അവരുടെ യഥാർത്ഥ പങ്കാളിത്തം, അവർ ദീർഘകാല തടങ്കലിൽ കഴിഞ്ഞു എന്നിവ ഓരോന്നും പ്രത്യേകം പരിശോധിക്കപ്പെടേണ്ടതാണ്. കേസിന്റെ വിചാരണ വർഷങ്ങളോളം നീണ്ടു; 13 വർഷങ്ങൾക്ക് ശേഷമാണ് വിധി ഉണ്ടായിരിക്കുന്നത്.

അതുപോലെ തന്നെ ബസ്തറിന്റെ ചരിത്രം മറന്നുകൊണ്ട് ജീരം ഘാട്ടിയെ മനസ്സിലാക്കാനാവില്ല .മഹേന്ദ്രകർമ്മ അടക്കമുള്ള നേതാക്കളാണ് ആ ആക്രമണത്തിൽ ജീരംഘാട്ടിൽ കൊല്ലപ്പെട്ടത്. സൽവ ജുഡുത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ച വ്യക്തിയാണ് മഹേന്ദ്ര കർമ്മ. ഭരണഘടന വിരുദ്ധമായും, ജനാധിപത്യവിരുദ്ധമായും ജനങ്ങൾക്കു നേരെ നടന്ന കടന്നാക്രമണങ്ങളാണ് സൽവ ജുഡും എന്ന കൊലയാളി സേന നടത്തിയത് . ആയിരക്കണക്കിന് ആദിവാസികളെയാണ് സൽവ ജുഡും നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾക്ക് അഭയാർത്ഥികളായി പലായനം ചെയ്യുകയുമുണ്ടായി . ഇത്തരം കൊടും ക്രൂരതകൾയെക്കതിരെ ആദിവാസി ജനത നടത്തിയ ചെറുത്ത് നില്പായിരുന്നു ജീരം ഘാട്ടി ആക്രമണമെന്നതും വളരെ പ്രധാനമാണ്.

സുപ്രീംകോടതി തന്നെ സൽവ ജുഡും എന്നത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തുകയും അത് പിരിച്ച് വിടാൻ ആവിശ്യപ്പെടുകയും ചെയ്തു. പക്ഷേ, അതിന് നേതൃത്വം നൽകിയ ആരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരാനോ, ശിക്ഷിക്കുവാനോ ഭരണകൂട സ്ഥാപനങ്ങൾക്ക് കഴിഞ്ഞില്ല. നീതിക്കു വേണ്ടിയുള്ള ജനതയുടെ കാത്തിരിപ്പുകളെ നിഷേധിക്കുന്നതാണ് ജീരം ഘാട്ടികളെ സൃഷ്ടിക്കുന്നതെന്ന് നമ്മൾ മറന്നുപോകാൻ പാടില്ല. ബസ്തറിലെ ആദിവാസി ജനത, മാവോയിസ്റ്റ് പ്രസ്ഥാനം, സൽവ ജുഡും, ഭൂമി-വനാവകാശങ്ങൾ, ഖനനം, വികസന പദ്ധതികൾ എന്നിവയെല്ലാം തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്ന വിഷയങ്ങളാണ്. ഇതിൻ്റെയെല്ലാം ഭാഗമായ ദീർഘകാല രാഷ്ട്രീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സംഭവത്തെ കാണേണ്ടത്. അതുകൊണ്ട് തന്നെ നീതി കൂടുതൽ സമഗ്രമായി നടപ്പാക്കാനുള്ള അനിവാര്യമായ നടപടികൾക്കാണ് പ്രാധാന്യം നൽകേണ്ടത്. ആദിവാസി മേഖലകളിലെ സംഘർഷങ്ങളിൽ വ്യാജക്കേസുകൾ, ദീർഘകാല തടങ്കൽ, നിയമസഹായത്തിന്റെ അഭാവം തുടങ്ങിയ പരാതികൾ സജീവായി ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്.
ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ ശക്തി അതിന്റെ ശിക്ഷിക്കാനുള്ള കഴിവിലല്ല പ്രധാനമായും അളക്കേണ്ടത്. ഭരണകൂടത്തെ എതിർക്കുന്നവരോടും നിയമത്തിന്റെ പരിധിക്കുള്ളിൽ മനുഷ്യാവകാശം ഉറപ്പാക്കാനുള്ള ശേഷിയിലാണ് ജനാധിപത്യത്തിന്റെ ആഴം യഥാർത്ഥത്തിൽ വ്യക്തമാവുന്നത്. മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നത് ലക്ഷ്യം വെച്ച് ഓപ്പറേഷൻ കഗാർ എന്ന പേരിൽ ഭരണകൂടം ആദിവാസി ജനതയുടെ അടിസ്ഥാന അവകാശങ്ങൾ ചവിട്ടിമെതിക്കുന്നതാണ് സമീപകാല അനുഭവം . ഈ കോടതി വിധിയും ആ നടപടികളുടെ തുടർച്ചയായി കാണാനെ കഴിയൂ.
1. ജീരം ഘാട്ടി കേസിൽ വിധിച്ച വധശിക്ഷ സമഗ്രമായി പുനഃപരിശോധിക്കണം.
2.ഓരോ പ്രതിയുടെയും വ്യക്തിഗത പങ്കും ഉത്തരവാദിത്തവും തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേകം വിലയിരുത്തണം.
3.വർഷങ്ങളോളം നീണ്ട തടങ്കലിന്റെയും വിചാരണയുടെയും സാഹചര്യങ്ങൾ മനുഷ്യാവകാശപരമായി പരിശോധിക്കണം.
4. ആദിവാസി മേഖലകളിലെ വ്യാജക്കേസുകൾ, അന്യായ തടങ്കൽ, പീഡനം തുടങ്ങിയ പരാതികൾ അന്വേഷിക്കാൻ സ്വതന്ത്രമായ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം.
5. ആദിവാസി ജനതയുടെ ഭൂമി, വനാവകാശം, ഉപജീവനം, സ്വയംനിർണ്ണയവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണം.
6. മാവോയിസ്റ്റ് രാഷ്ട്രീയ പ്രശ്നത്തിന്റെ പേരിൽ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനു പകരം ജനാധിപത്യപരമായ സംവാദത്തിനും രാഷ്ട്രീയ പരിഹാരങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകണം.
7.വധശിക്ഷയെക്കുറിച്ച് രാജ്യത്ത് ഗൗരവമുള്ള മനുഷ്യാവകാശ-നിയമപരമായ പുനർവിചിന്തനം ആരംഭിക്കണം.
“മനുഷ്യജീവൻ ഭരണകൂടത്തിന്റെ പ്രതികാരത്തിനുള്ള ഉപകരണമാകരുത്.”

വധശിക്ഷ അവസാനിപ്പിക്കുക.

Related