2017 നവംബര്‍ 30-നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചത്. പ്രസവത്തിനുശേഷം ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വയറില്‍നിന്ന് അസഹ്യമായ വേദന അനുഭവപ്പെടുകയും ചികിത്സ തേടുകയും ചെയ്തു. എന്നാല്‍, എത്ര ചികിത്സിച്ചിട്ടും വേദനയുടെ കാരണം കണ്ടെത്താന്‍ പറ്റാതാവുകയും കാരണമറിയാത്ത വേദനയ്ക്ക് മാറി മാറി ഡോക്ടര്‍മാരെ കണ്ട്, ഹോസ്പിറ്റലുകള്‍ കയറിയിറങ്ങി, പല പല മരുന്നുകള്‍ കഴിച്ച് ഹര്‍ഷിന വയറ്റില്‍ കത്രികയുമായി മരണതുല്യമായ ജീവിതം നയിച്ചു. 2022 സെപ്തംബര്‍ 13 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ വിദഗ്ദ പരിശോധനയിലാണ് വയറ്റില്‍ കത്രിക (ആര്‍ട്ടറി ഫോര്‍സെപ്‌സ്) ഉണ്ടെന്ന് കണ്ടെത്തുന്നത്. 2022 സെപ്റ്റംബര്‍ 17 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ വയറ്റില്‍ നിന്നും കത്രിക രൂപത്തിലുള്ള 12 cm നീളവും 6.1 cm വീതിയുമുള്ള Mosquito Artery forceps എന്ന surgical instrument പുറത്തെടുത്തു. 2017മുതല്‍ 2022വരെ അഞ്ചു വര്‍ഷം ചികിത്സക്കായി ആശുപത്രികള്‍ കയറിയിറങ്ങി ചെലവായത് ലക്ഷങ്ങളാണ്. മെഡിക്കല്‍ കോളജിന്റെ അനാസ്ഥക്കെതിരെയുള്ള പോരാട്ടമായിരുന്നു പിന്നീടങ്ങോട്ട്. ഉത്തരവാദിത്തപ്പെട്ടവരില്‍നിന്ന് ലഭിക്കുന്ന ഉറപ്പിനെ തുടര്‍ന്ന് പലഘട്ടങ്ങളില്‍ സമരം അവസാനിപ്പിച്ചു. നീതി തേടി ഹര്‍ഷിന നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തോടെ നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നീതി ഇപ്പോഴും അകലങ്ങളിലാണ്. ഇപ്പോള്‍ ഹര്‍ഷിന വീണ്ടും സമരത്തിന് ഇറങ്ങുകയാണ്. പുതിയ സാഹചര്യത്തെക്കുറിച്ച് ഹര്‍ഷീന, സാബിറ ലത്തീഫിയുമായി സംസാരിക്കുന്നു.
ഹര്‍ഷിന വീണ്ടും സമരത്തിലേക്ക് പ്രവേശിക്കുകയാണല്ലോ. ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എന്തൊക്കെയാണ്?
വീണ്ടും സമരത്തിലേക്ക് ഇറങ്ങേണ്ട അവസ്ഥ വന്നുചേര്‍ന്നിരിക്കുകയാണ്. സൂചനാ സമരം എന്ന രീതിയില്‍ കലക്ട്രേറ്റിനു മുന്നില്‍ ഏകദിന സത്യാഗ്രഹമിരിക്കാനാണ് തീരുമാനിച്ചത്. സമരം ഉന്നയിക്കുന്നത് സര്‍ക്കാര്‍ അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാവണം, പ്രതികളായ ഡോക്ടേഴ്‌സിനും നേഴ്‌സിനുമെതിരെ നടപടിയെടുക്കണം എന്നിങ്ങനെയാണ്. കൃത്യമായ എല്ലാ തെളിവുകളോടും കൂടിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. എന്നിട്ടും അവര്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങി. അതു പിന്‍വലിക്കാന്‍ നടപടിയുണ്ടാവണം. മൂന്നു വര്‍ഷമായിട്ടും നീതിയുടെ അടുത്തുപോലും എത്തിയിട്ടില്ല. ഈ ഒരു ഗതികേട് ഇനിയാര്‍ക്കും ഉണ്ടാവരുത്.
ഇതിനുമുമ്പ് ഏകദേശം 104 ദിവസം മെഡിക്കല്‍ കോളജിലും രണ്ടു ദിവസം സെക്രട്ടേറിയറ്റിലും സമരം ചെയ്തു. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനത്തെ തുടര്‍ന്നാണല്ലോ സമരം അവസാനിപ്പിച്ചത്?
ആറു ദിവസം മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നില്‍ നിരാഹാര സമരം നടത്തി. അന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പതിനഞ്ചു ദിവസംകൊണ്ടു പരിഹാരമാവും എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പതിനഞ്ചു ദിവസംകഴിഞ്ഞും പരിഹാരമാവാത്തതുകൊണ്ട് വീണ്ടും സമരത്തിനിറങ്ങേണ്ടി വന്നു. അന്നവര്‍ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അത്രയും പ്രയാസവും നഷ്ടങ്ങളും വേദനയും അനുഭവിച്ച എനിക്ക് അവര്‍ പ്രഖ്യാപിച്ചത് വെറും രണ്ടു ലക്ഷം രൂപയാണ്. അതുപോര, അതില്‍ കൂടുതല്‍ വേണമെന്ന് പറഞ്ഞു. പക്ഷേ, പിന്നീട് ഒരു സംസാരവും ഉണ്ടാവാത്തതുകൊണ്ട് വീണ്ടും 104 ദിവസം മെഡിക്കല്‍ കോളജ്, സെക്രട്ടറിയേറ്റ്, കളക്ടറേറ്റ്‌നു മുന്നിലൊക്കെ സമരം ചെയ്തു.
സമരം നിര്‍ത്താനുള്ള കാരണമെന്തെന്നാല്‍, ശക്തമായ പോരാട്ടത്തിന്റെ ഫലമായി പൊലീസ് വേഗത്തില്‍, അതായത് ആറുമാസംകൊണ്ട് കൃത്യമായ തെളിവുകളും സാക്ഷിമൊഴികളും ചേര്‍ത്തുള്ള കുറ്റപത്രം സമര്‍പ്പിച്ചത് കൊണ്ടാണ്. ആരോഗ്യമന്ത്രിയാവട്ടെ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത് റിപ്പോര്‍ട്ട് വരട്ടെ എന്നായിരുന്നു. റിപ്പോര്‍ട്ട് വന്നിട്ടും യാതൊരു തരത്തിലുള്ള നീതിയും കിട്ടില്ലെന്ന് കണ്ടപ്പോഴാണ് കോടതിയില്‍ കാണാമെന്നു വെച്ചത്.
പൊലീസിന്റെ അന്വേഷണറിപ്പോര്‍ട്ടിനോട് മെഡിക്കല്‍ കോളജ് അധികാരികളുടെ പ്രതികരണം എന്തായിരുന്നു?
മെഡിക്കല്‍സ് നെഗ്ലിജിന്‍സ് സംഭവിച്ചിട്ടുണ്ട്. അതിനുള്ള തെളിവുമുണ്ട്. സര്‍ജിക്കല്‍ ഇന്‍സ്ട്രുമെന്റ് ആണല്ലോ എന്റെ വയറ്റില്‍ നിന്നുമെടുത്തത്. പക്ഷേ, അത് മെഡിക്കല്‍ കോളജില്‍ നിന്നാണെന്നതിനു തെളിവില്ല. മെഡിക്കല്‍ കോളജില്‍ നിന്നല്ലെങ്കില്‍ രണ്ടാമത്തെ പ്രസവ സര്‍ജറിക്ക് ശേഷം എടുത്ത എംആര്‍ഐ സ്‌കാനിങില്‍ കാണേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള ലോഹം ഉണ്ടെങ്കില്‍ അത് വ്യക്തമായി അറിയാന്‍ സാധിക്കും. എംആര്‍ഐ സ്‌കാനിങില്‍ പല്ലില്‍ ഇട്ട ക്ലിപ്പ് വരെ പ്രശ്‌നമാണ്. പക്ഷേ, മെഡിക്കല്‍ ബോര്‍ഡ് പറയുന്നത് ഈ ഒരു സ്‌കാനിങ് കൊണ്ടുമാത്രം പറയാന്‍ സാധിക്കില്ലെന്നാണ്. തൊടുന്യായം പറയുക എന്ന് പറയാറില്ലേ അതുതന്നെ. എന്നാല്‍, പൊലീസ് പറഞ്ഞത് മെഡിക്കല്‍ നെഗ്ലിജന്‍സ് ഉണ്ടായോ എന്നത് പറഞ്ഞാല്‍ മതിയെന്നും പ്രതി ആരാണെന്ന് പൊലീസ് കണ്ടെത്തിക്കൊള്ളും എന്നാണ്, അത് പോലീസ് തെളിയിച്ചിട്ടുള്ളതുമാണ്. മെഡിക്കല്‍ നെഗ്ലിജിന്‍സ് സംഭവിച്ചു എന്നതിന് സൈന്‍ ചെയ്തുതന്നിട്ടുണ്ട്. എന്നാല്‍, മെഡിക്കല്‍ കോളജില്‍നിന്നാണ് സംഭവിച്ചത് എന്നതിന് ഉറപ്പുപറഞ്ഞിട്ടില്ല. മൂന്നില്‍ ഏതെങ്കിലും ആവാം എന്നേ മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞിട്ടുള്ളു.
കുറ്റം തെളിഞ്ഞ ശേഷം ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്ക് അവര്‍ ക്ഷമാപണം നടത്തുകയോ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയോ ചെയ്തിരുന്നോ?
എന്തെങ്കിലും തരത്തിലുള്ള പ്രയാസം അവര്‍ക്കുണ്ടായിട്ടുണ്ടെങ്കില്‍ അല്ലേ അവര്‍ അങ്ങനെ ചെയ്യേണ്ട കാര്യമുള്ളൂ. ആരോഗ്യവകുപ്പിന്റെയോ മെഡിക്കല്‍ കോളജിന്റെയോ ഗവണ്‍മെന്റിന്റെയോ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള പ്രയാസവും ബുദ്ധിമുട്ടും അവര്‍ക്കിതുവരെ ഉണ്ടായിട്ടില്ല. അന്നുതൊട്ട് ഇന്നുവരെ അല്ലെങ്കില്‍ എന്റെ മരണംവരെ അനുഭവിക്കുന്നത് ഞാനും എന്റെ കുടുംബവും മാത്രമാണ്, ഞാനും എന്റെ ഭര്‍ത്താവും മക്കളും. അവര്‍ക്ക് ഒരു പ്രശ്‌നവും ഇല്ലാത്തതുകൊണ്ട് മാപ്പ് പറയേണ്ട ആവശ്യമില്ല, ഒത്തുതീര്‍പ്പിന്റെ ആവശ്യവുമില്ല. കാരണം, തങ്ങളല്ല അത് ചെയ്തത് എന്നു പറഞ്ഞിട്ടാണ് അവര്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയത്. പിന്നെ ഇതാര് ചെയ്തു? ഞാനാണോ ഇത് വയറ്റില്‍ വെച്ചത്? ഇത്രയധികം തെളിവുകളോടെ സമര്‍പ്പിച്ച ആ ഒരു കുറ്റപത്രത്തിന്റെ വിചാരണ നടക്കാന്‍പോലും സമ്മതിക്കാതെ ഗവണ്‍മെന്റിന്റെ ഒത്താശയോടെയാണ് സ്റ്റേ കൊടുത്തിട്ടുള്ളത്. പ്രോസിക്യൂഷന്‍ നമുക്കുവേണ്ടി വാദിച്ചിട്ടില്ല. അങ്ങനെയൊരാള്‍ അവിടെ ഉണ്ടോ എന്നുമറിയില്ല. കാരണം, അങ്ങനെ ഒരാള്‍ നമ്മളുമായി ബന്ധപ്പെട്ടിട്ടില്ല. ഇത്രയും വലിയ സെന്‍സേഷണല്‍ ആയിട്ടുള്ള ഈയൊരു കേസില്‍പോലും സര്‍ക്കാറും പ്രതികളും ഒളിച്ചുകളി നടത്തി നമ്മളെ ശത്രുവായി പ്രഖ്യാപിച്ചു. നമ്മള്‍ ദുരിതമനുഭവിക്കുന്ന ഒന്നോ രണ്ടോ ആള്‍ക്കാര്‍. ഹര്‍ഷിനയും ഭര്‍ത്താവും മക്കളും. നമ്മളെ അടുത്ത് പൈസയില്ല. എല്ലാംകൊണ്ടും നഷ്ടത്തിന്റെ അങ്ങേതലക്കലാണ്. നമ്മളെക്കൊണ്ട് അവര്‍ക്കാര്‍ക്കും ഒരു ബുദ്ധിമുട്ടും ഇല്ലാത്ത കാലത്തോളം സര്‍ക്കാര്‍ പ്രതികള്‍ക്ക് വേണ്ടി ഒത്താശ പാടും. കുറ്റം തെളിയിക്കുന്നത് വരെയോ അല്ലെങ്കില്‍ വിചാരണ നടക്കുന്നതുവരെയോ സസ്‌പെന്‍ഷന്‍പോലുള്ള നടപടിപോലും ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അങ്ങനെ എന്തെങ്കിലും എടുത്താല്‍ അല്ലേ അവര്‍ ഒത്തുതീര്‍പ്പിന് വരേണ്ടതുള്ളൂ.

സമരം രാഷ്ട്രീയ പ്രേരിതമാണെന്ന പ്രസ്താവന വനിത കമിഷന്റെതായി കണ്ടിരുന്നു. കമിഷന്‍ കേസില്‍ ഇടപെടുകയോ സഹായ വാഗ്ദാനങ്ങള്‍ നല്‍കുകയോ ചെയ്തിരുന്നോ?
സമരം രാഷ്ട്രീയപ്രേരീതമാണെന്ന് ആദ്യം പറഞ്ഞത് സ്ഥലം എംഎല്‍എ പി.ടി.എ റഹീം ആണ്. അദ്ദേഹത്തിന്റെ അടുത്താണ് നമ്മള്‍ ആദ്യമായി പോകുന്നത്. കുറ്റം ചെയ്തതുപോലെയൊ അല്ലെങ്കില്‍ ദുരിതാശ്വാസത്തിന് ചെന്നത് പോലെയൊ, ഹാ നമുക്ക് നോക്കാം അല്ലെങ്കില്‍ സര്‍ക്കാറിന്റെ ദുരിതാശ്വാസനിധിയില്‍നിന്ന് എന്തെങ്കിലും നോക്കാം എന്നാണ് പറഞ്ഞത്. അതിനുശേഷം ആരോഗ്യമന്ത്രിക്ക് പരാതി ഒക്കെ കൊടുത്തു നോക്കിയിട്ടാണ് സമരത്തിലേക്ക് കയറുന്നത്. ആറുദിവസത്തെ സമരത്തില്‍ മന്ത്രി വീണ ജോര്‍ജ് ആദ്യമായി വന്ന സമയം ഉണ്ടായിരുന്നു 2023 മാര്‍ച്ചില്‍, അന്ന് മന്ത്രി ഉറപ്പുതന്ന് സമരം പിന്‍വലിച്ചശേഷം പിറ്റേദിവസം വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വീട്ടില്‍ വന്നിരുന്നു. അന്നവര്‍ എല്ലാവിധ സഹായങ്ങളും ഉറപ്പു നല്‍കി. പിന്നെ വേറൊന്നും കമീഷന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. തുടര്‍ന്ന് കലക്ടര്‍ക്കും മനുഷ്യാവകാശ കമീഷനും കസ് കൊടുത്തു. സമരം നിര്‍ത്തിക്കൂടെ ഹര്‍ഷീന, സമരം നിര്‍ത്തിക്കൂടെ ഹര്‍ഷീന എന്നാണ് സിറ്റിംഗില്‍ അവര്‍ ചോദിച്ചത്. ഇതിനൊരു തീരുമാനം ആവാതെ സമരം നിര്‍ത്തില്ലെന്നാണ് അവിടെ പറഞ്ഞത്. എന്തിനാണ് തെരുവില്‍ വന്നിരുന്ന് സമരം ചെയ്യുന്നത് എന്നാണ് വനിതാ കമീഷന്‍ ചോദിച്ചത്. നീതി വീട്ടിലേക്ക് കൊണ്ടുതരുകയാണെങ്കില്‍ നമ്മളിവിടെ വന്നിരിക്കേണ്ടതുണ്ടോ? ഒരു ദിവസം രാവിലെമുതല്‍ വൈകുന്നേരംവരെ അവിടെ ഇരിക്കാന്‍ നമുക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടോ? ഞാന്‍ അനുഭവിക്കുന്ന പ്രയാസം എത്രയാണെന്ന് എനിക്കറിയാം. എന്നിട്ടും ഞാന്‍ സമരം ചെയ്യുന്നതിന് കാരണം അത്രക്കും പ്രയാസം ഞാന്‍ അനുഭവിക്കുന്നതുകൊണ്ടാണ്. അത്രയും വേദനകള്‍ ഉണ്ട്. അതിനൊക്കെ പരിഹാരം വേണം.
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി കാരണമായി പറഞ്ഞത് എന്താണ്?
ഹൈക്കോടതി കാരണമായി പറഞ്ഞത്, മെഡിക്കല്‍സ് നെഗ്ലിജിന്‍സ് ഉണ്ടായത് മെഡിക്കല്‍ കോളജില്‍നിന്നാണ് മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ചിട്ടില്ല എന്നതാണ്. നമ്മുടെ ഭാഗം കേള്‍ക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. കേസ് കൊടുത്തിട്ട്, നമ്മളെ വീട്ടില്‍ നോട്ടീസ് എത്തിയപ്പോഴാണ് നമ്മള്‍ അറിയുന്നത്. പിന്നെ ഹൈക്കോടതി അല്ലേ, ഞാന്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് കോടതി കയറുന്നത്. കോടതി എന്ന് പറഞ്ഞാല്‍ എന്താണെന്ന് പോലും എനിക്കറിയില്ല. സംഭവത്തില്‍ സമരസമിതി ശക്തമായി കൂടെനിന്നു. അവരുടെ സപ്പോര്‍ട്ട് കൊണ്ടാണ് മുന്നോട്ടുപോകുന്നത്. സമരത്തില്‍ ഒരു രാഷ്ട്രീയവുമില്ല മനുഷ്യത്വം പണയംവെച്ചിട്ടില്ലാത്ത എല്ലാ ജാതി മനുഷ്യരും ഉണ്ട്.
ഇപ്പോള്‍ ജീവിതം എങ്ങനെ മുന്നോട്ട് പോകുന്നു. കത്രിക എടുത്തു മാറ്റിയിട്ടും മാറാത്ത ദുരിതത്തെ എങ്ങനെയാണു അതിജീവിക്കുന്നത്? കുടുംബത്തിന്റെ സപ്പോര്‍ട്ട് ഇല്ലാതെ ഒരു സമരവും അധികകാലം മുന്നോട്ട് പോവില്ലല്ലോ? കുടുംബത്തിന്റെ പിന്തുണ എത്രത്തോളം ഉണ്ടായിരുന്നു?
കത്രിക വയറ്റില്‍ കുടുങ്ങുന്നത് 2017 നവംബര്‍ 30നാണ്. ഒന്നാം ദിവസം തൊട്ട്, ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ഈ ദിവസംവരെ ഞാന്‍ ഓരോ ദിവസവും ക്ഷീണിച്ചു ക്ഷീണിച്ചു പോവുകയാണ്. അന്നെനിക്ക് എത്ര ആരോഗ്യമുണ്ടായിരുന്നുവോ അതു നശിച്ചു. ഞാന്‍ മാനസികമായി അതിലേറെ തളര്‍ന്നു പോകുന്നു. എന്റെ ശരീരത്തില്‍ ഇതിന്റെ പേരില്‍ കഴിക്കേണ്ടി വന്ന മെഡിസിന്‍സ് എല്ലാം പ്രശ്‌നമാവുന്നുണ്ട്. പടച്ചോനുണ്ട് എന്ന വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നത്. ആ ഒരു സമയത്ത് ഭര്‍ത്താവ് കൊല്ലം ജില്ലയില്‍ ഒരു ബിസിനസ് ഒക്കെ സ്റ്റാര്‍ട്ട് ചെയ്തു അത്യാവശ്യം കുഴപ്പമില്ലാതെ പോവുകയായിരുന്നു. വലിയ പണക്കാര്‍ ഒന്നുമല്ലെങ്കിലും അതായത് കടങ്ങള്‍ ഒന്നുമില്ലാതെ ജീവിതം മുന്നോട്ട് പോയിരുന്നു. ആ ഞങ്ങള്‍ ഇന്നിപ്പോള്‍ എത്തിനില്‍ക്കുന്നത്, സത്യം പറഞ്ഞാല്‍ മുന്നോട്ട് എങ്ങനെ പോകും എന്നറിയാതെ ആത്മഹത്യയുടെ വക്കിലാണ്. പടച്ചോന്‍ തന്ന ജീവന്‍ നമുക്കെടുക്കാനുള്ള അവകാശം ഇല്ല എന്ന ഒറ്റ വിശ്വാസത്തിലാണ് നില്‍ക്കുന്നത്. അത്രയേറെ കടവും പ്രയാസവും ശാരീരിക മാനസിക വേദനകളും ബാധിച്ച് തളര്‍ന്നു തളര്‍ന്ന് ഇനി തളരാന്‍ ബാക്കിയുണ്ടോ എന്നറിയില്ല. ഞാന്‍ ഇപ്പോഴും പ്രാര്‍ഥിച്ചു പോകും മരണമാണ് എനിക്ക് നല്ലതെങ്കില്‍ എന്നെ കൊണ്ടുപോയിക്കൊള്ളൂ എന്ന്. പടച്ചോന്‍ മുന്നോട്ട് എന്തെങ്കിലും വഴി കാണിച്ചുതരും എന്ന പ്രതീക്ഷയിലാണ് കഴിഞ്ഞുകൂടുന്നത്.

ഹോസ്പിറ്റലില്‍ കയറിയിറങ്ങി മതിയായി. കാന്‍സര്‍ ആണോ എന്ന് സംശയിച്ചു. എന്താണ് എന്നറിയാത്ത രോഗം. ഒന്ന് കുഞ്ഞിന് എടുക്കാന്‍പോലും വയ്യാ. വേദനകൊണ്ടു പുളഞ്ഞുപോയിട്ടുണ്ട്. ചികിത്സവരെ കടത്തിലായി. ഫര്‍ണിച്ചര്‍ ബിസിനസ് തകര്‍ന്നു ദൈനംദിന കാര്യത്തിനുവരെ ബുദ്ധിമുട്ടിലായി. കുട്ടികളുടെ കാര്യംവരെ ഒന്നും ചെയ്തുകൊടുക്കാന്‍ പറ്റാത്ത ഉമ്മ. കുട്ടികള്‍ ചോദിക്കും നമ്മുടെ ഉമ്മ എന്താ ഇങ്ങനെ ആയിപ്പോയതെന്ന്. ഭാര്യ എന്ന നിലക്കോ ഉമ്മ എന്ന നിലക്കോ ഒന്നും ചെയ്തുകൊടുക്കാന്‍ പറ്റാത്ത അവസ്ഥ. ആ ഒരു മാനസികാവസ്ഥയില്‍നിന്നു കരകയറിയിട്ടില്ല. നിങ്ങളുടെ മുന്നില്‍ കരുത്തോടെ നില്‍ക്കുന്ന, സമരം ചെയ്യുന്ന ഹര്‍ഷിനയേ നിങ്ങള്‍ക്കറിയു.
ഇപ്പോള്‍ ഈങ്ങാപ്പുഴയിലാണ് താമസിക്കുന്നത്. കത്രിക എടുക്കുക കൂടി ചെയ്തശേഷം ശരീരത്തെ കൂടുതല്‍ ബാധിച്ചിട്ടുണ്ട്. കുറച്ചുനേരം നില്‍ക്കുമ്പോഴേക്കും ശരീരം തളരും. വാടകവീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. വാടക കൊടുക്കാന്‍പോലും പ്രയാസമാണ്. എന്തെങ്കിലും ഒരു സാമ്പത്തിക സഹായം ആവട്ടെ എന്ന് കരുതി പ്രയാസപ്പെട്ടാണെങ്കിലും ഞാന്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ട്. അങ്ങനെയാണ് വാടക കണ്ടെത്തുന്നത്. സര്‍ജറിക്കുമുമ്പ് ഭര്‍ത്താവിന്റെ ഷോപ്പില്‍ അക്കൗണ്ട്‌സ് ഞാനും കൂടി ചെയ്തിരുന്നു. ഹസ്ബന്‍ഡ് ഡെയിലിവേജില്‍ പണിയെടുക്കുന്നു. എന്നും പണി ഉണ്ടാവണമെന്നില്ല. കട്ടക്ക് കൂടെ നില്‍ക്കുന്നുണ്ടെങ്കിലും സാമ്പത്തികമായി ആകെ തകര്‍ന്നിരിക്കുകയാണ്. സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ ആണെങ്കില്‍ കുറെ കാര്യങ്ങള്‍ നമുക്ക് ശരിയാക്കാമായിരുന്നു.
സമരത്തിനു പൊതുജനങ്ങളില്‍ നിന്നുള്ള സപ്പോര്‍ട്ട് എങ്ങനെ?
പൊതുസമൂഹത്തില്‍നിന്ന് നല്ല സപ്പോര്‍ട്ട് ആണ്. ഇപ്പോഴും പുറത്ത് പോകുമ്പോളെല്ലാം പരിചയമുണ്ടല്ലോ, ന്യൂസില്‍ കണ്ടിട്ടുണ്ടല്ലോ, ഇപ്പോള്‍ എങ്ങനെയുണ്ട്, ഞങ്ങള്‍ കൂടെയുണ്ടെന്ന് പറയുന്ന ഒരുപാട് മനുഷ്യര്‍. രാഷ്ട്രീയം തിരയാറില്ല. ഭരിക്കുന്ന പാര്‍ട്ടിയും അതിന്റെ അനുബന്ധ ഘടകങ്ങളും അല്ലാതെ മറ്റാരും തന്നെ ഇതില്‍ രാഷ്ട്രീയം കാണാറില്ല. ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തുതരാത്തതുകൊണ്ട് അവര്‍ക്ക് എന്തെങ്കിലും പറയണം. ഹര്‍ഷിന വെറുതെ കള്ളം പറയുകയാണെന്ന് പറയാന്‍ അവര്‍ക്ക് ആവില്ല. പിന്നെ ആകെ പറയാനുള്ളത് രാഷ്ട്രീയപ്രേരിത സമരം എന്നുമാത്രം. രാഷ്ട്രീയം കളിക്കുന്നത് ഗവണ്‍മെന്റാണ്. പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയവുമില്ല. എല്ലാത്തരം സംഘടനകളുടെയും സപ്പോര്‍ട്ട് ഉണ്ട്. മുന്‍പന്തിയില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ്സും വെല്‍ഫെയര്‍ പ്രവര്‍ത്തകരും ആയതുകൊണ്ട് അവര്‍ ഈ സമരത്തെ രാഷ്ട്രീയപ്രേരിതമാണെന്ന് പറയുകയാണ്.
അനീതിക്കിരയായവര്‍ക്ക് താങ്കളുടെ ഈ ഒറ്റയാള്‍ പോരാട്ടം വലിയ പ്രചോദനം തന്നെയായിരിക്കും. വിധിയെ പഴിച്ചുക്കൊണ്ട് മുന്നോട്ട് പോകുന്നവരായിരിക്കും കൂടുതലും. അവരോട് ഹര്‍ഷീനക്ക് എന്താണ് പറയുവാനുള്ളത്?
നമ്മുടെ കാര്യത്തില്‍ നമ്മള്‍ തന്നെ മുന്നിട്ടിറങ്ങിയാല്‍മാത്രമേ നടക്കുകയുള്ളൂ. നമ്മള്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഇനി മറ്റാരും അനുഭവിക്കരുതെന്ന ഉറച്ച ബോധ്യത്തോടെ മുന്നിട്ടിറങ്ങിയാല്‍ കൂടെനില്‍ക്കാന്‍ ആളുകളുണ്ടാവും. പ്രതീക്ഷിക്കാത്ത രൂപത്തില്‍ സഹായം ഉണ്ടാകും. ലക്ഷ്യം കാണുംവരെ ഉറച്ചുനില്‍ക്കുക എന്നതാണ് പ്രധാനം.
