August 11 Tuesday 2026

പാറ്റക്കലാപം: ഇന്ത്യയിലെ യുവാക്കളും ‘ജന്‍സി’ പ്രക്ഷോഭത്തിന്‍റെ വർഗ വേരുകളും

ജൂലൈ 20 ന് ആയിരക്കണക്കിന് ചെറുപ്പക്കാർ ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചു. നീറ്റ് പരീക്ഷയിലെ  ക്രമക്കേടുകൾ, പേപ്പർ ചോർച്ച, പരീക്ഷ റദ്ദാക്കൽ, വിദ്യാർത്ഥികൾക്ക് മേൽ വരുത്തിയ നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി തുടങ്ങിയ ആവശ്യള്‍ ഉന്നയിച്ച് അവർ പ്ലക്കാർഡുകൾ പിടിച്ച് മുദ്രാവാക്യം വിളിച്ചു. ബാരിക്കേഡുകൾ, ബാറ്റൺ, കണ്ണീർവാതകം എന്നിവ ഉപയോഗിച്ച് ഡൽഹി പോലീസ് അവർക്ക് മറുപടി നൽകി. ചില പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു, മറ്റുള്ളവർ ചെറിയ ഗ്രൂപ്പുകളായി സ്വയം പുനഃസംഘടിപ്പിച്ച് പാർലമെന്റിലേക്ക് പോയി. യുവജന കൂട്ടായ്മ അടുത്ത ഘട്ടത്തിലേക്ക് കടന്നു. സോഷ്യൽ മീഡിയയിൽ ആക്ഷേപഹാസ്യമായി ആരംഭിച്ചത് ഭരണകൂടവുമായുള്ള ഏറ്റുമുട്ടലായി തെരുവുകളിലും സജീവമായി. പ്രതിഷേധക്കാർ സ്വയം കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്ന് വിളിക്കുന്നു. ആക്ടിവിസ്റ്റുകളെയും തൊഴിൽരഹിതരായ യുവാക്കളെയും പാറ്റകളോടും പരാദങ്ങളോടും താരതമ്യപ്പെടുത്തിയ ഒരു അവഹേളനപരമായ ജുഡീഷ്യൽ പരാമർശത്തിന് ശേഷമാണ് ഈ പേര് ഉയർന്നുവന്നത്. അപമാനത്തിന് മുന്നിൽ പിൻവാങ്ങുന്നതിനുപകരം, യുവാക്കൾ അതിനെ കൂട്ടായ പ്രതികാരത്തിന്‍റെയും ധിക്കാരത്തിന്‍റെയും അടയാളമാക്കി മാറ്റി. ഇന്ത്യ ഭരിക്കുന്നവർ, രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളെ പാറ്റകളെപ്പോലെയാണ് കാണുന്നതെങ്കിൽ, പാറ്റകൾ ഒത്തുകൂടും. ഭാരതീയ ജനതാ പാർട്ടിയെ പരിഹസിക്കുന്ന പേരാണ് പേര്; കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി).

ജൂൺ 6 ന് ഡൽഹിയില്‍ അരങ്ങേറിയ ആദ്യത്തെ പ്രധാന  പ്രതിഷേധത്തിനുശേഷം, കൂട്ടായ്മ പൂനെ, മുംബൈ, ബെംഗളൂരു, ലഖ്‌നൗ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപിച്ചു. സിജെപി പ്രവര്‍ത്തകര്‍ ജന്തർ മന്തറിൽ ക്യാമ്പ് ചെയ്തു. സമരപന്തല്‍ ഉയര്‍ത്തി. അവരുടെ ആവശ്യങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കാലാവസ്ഥാ പ്രവർത്തകന്‍ സോനം വാങ്‌ചുകി സമരപന്തലില്‍ നിരാഹാര സമരം നടത്തി. ഇരുപത്തൊന്നാമത്തെ ദിവസം അദ്ധേഹത്തെ ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി സെലിബ്രേറ്റികളും രാഷ് ട്രീയ-സാമൂഹിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഐക്യദാർഢ്യപ്പെട്ടുകൊണ്ട് ഇപ്പോഴും സമരവേദിയില്‍ എത്തിക്കൊണ്ടിരിക്കുന്നു.

സിജെപി ഉന്നയിക്കുന്ന ചോദ്യങ്ങൾ വളരെ ഗൗരവമുള്ളതാണ്, പ്രവേശന, നിയമന പരീക്ഷകളുടെ സമഗ്രത, സ്വന്തം ജീവൻ അപഹരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം, അഴിമതി നിറഞ്ഞ ഒരു പരീക്ഷാ സമ്പ്രദായത്തിന്റെ പരിഷ്കരണം, വിദ്യാഭ്യാസ മന്ത്രിയുടെ രാജി. ഈ ആവശ്യങ്ങൾക്ക് വലിയ സാമൂഹിക പ്രാധാന്യമുണ്ട്. കാരണം, കേവലം ചോദ്യങ്ങളാൽ മൂടപ്പെട്ട  ഷീറ്റ് അല്ല ഒരു പരീക്ഷാ പേപ്പർ. ദശലക്ഷക്കണക്കിന് വരുന്ന ഇടത്തര-അടിസ്ഥാന വര്‍ഗ കുടുംബങ്ങളുടെ പ്രതീക്ഷയാണ്. അവരുടെ വർഷങ്ങളുടെ സമ്പാദ്യം, ത്യാഗം, പഠനം, സ്വപ്നം എന്നിവയാണത്. ആ പേപ്പർ ചോർന്നൊലിക്കുമ്പോഴോ പരീക്ഷ റദ്ദാക്കുമ്പോഴോ, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും ഭാവിയെകുറിച്ചുള്ള ആസൂത്രണങ്ങളും തകർന്നുവീഴുന്നു.

കോക്രോച്ച് പ്രസ്ഥാനത്തെ ഇന്ത്യയിലെ ആദ്യത്തെ ‘ജന്‍സി പ്രതിഷേധം’ എന്നാണ് മാധ്യമങ്ങൾ ആകാംക്ഷയോടെ വിശേഷിപ്പിച്ചത്. ഈ വിശേഷണത്തിൽ ചില യാഥാര്‍ഥ്യങ്ങളുണ്ട്. സോഷ്യൽ മീഡിയയിലാണ് അതിന്‍റെ ഭാഷ ജനിച്ചത്. മീമുകൾ, ആക്ഷേപഹാസ്യം, പാരഡി, റീലുകള്‍, സ്വയം നിന്ദിക്കുന്ന നർമ്മം എന്നിങ്ങനെ മികച്ച വൈദഗ്ധ്യത്തോടെ  അവരുടെ ആശയങ്ങളെ അവര്‍ ആവിഷ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ഇപ്പോഴത്തെ സർക്കാരിനെയല്ലാതെ മറ്റൊരു സർക്കാരിനെയും അതിൽ പങ്കെടുക്കുന്നവരിൽ പലർക്കും അറിയില്ല. മാധ്യമങ്ങള്‍ അധികാരത്തിന് കീഴടങ്ങുകയും, വിയോജിപ്പുകൾ കുറ്റകൃത്യമാക്കുകയും, ഇന്റർനെറ്റ് പോലുള്ളവ നിരീക്ഷണ സംവിധാനമാവുകയും, പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള ഇടങ്ങള്‍ ചുരുങ്ങുകയും ചെയ്തതിരിക്കുന്നു എന്നവര്‍ തിരിച്ചറിഞ്ഞ  സാഹചര്യത്തില്‍ അവരുടെ രാഷ്ട്രീയ പദാവലികളും പ്രയോഗങ്ങളും വികസിച്ചു. ‘ജന്‍സി ‘ എന്ന പദത്തിന് ചെറിയ വിശദീകരണങ്ങളേയുള്ളൂ; സാമൂഹ്യശാസ്ത്രത്തിന്റെ വേഷപ്പകര്‍ച്ചയാണത്. ഒരേ വർഷത്തിൽ ജനിച്ചു എന്നതിനാല്‍ മാത്രം ഒരു കർഷക തൊഴിലാളിയുടെ മകളെയും ഒരു ശതകോടീശ്വരന്റെ മകനെയും  ഒരുമിച്ച് ചേർക്കപ്പെടുന്നു. അവരെ സംബന്ധിച്ചിടത്തോളം, അവര്‍ പരീക്ഷ എഴുതുകയോ, ജോലി അന്വേഷിക്കുകയോ, ഭക്ഷണം ഉണ്ടാക്കുകയോ, കോച്ചിംഗ് ഫീസിനായി പണം കടം വാങ്ങുകയോ ചെയ്യുന്നില്ല; സാമൂഹ വ്യവസ്ഥിതിയാണ് അതെല്ലാം ചെയ്യുന്നത്. നിർണായകമായ ചോദ്യം, ഈ യുവാക്കൾ എപ്പോൾ ജനിച്ചു എന്നതല്ല, മറിച്ച് അവർക്ക് പാരമ്പര്യമായി ലഭിച്ച സാമ്പത്തിക ക്രമം എന്താണെന്നും, ആ ക്രമം അവർക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഇടവും സ്ഥാനവും ഏതാണെന്നതാണ്.

അധികാരഘടനയോടുള്ള താല്‍പര്യക്കുറവും സാംസ്കാരിക ചുറ്റുപാടുകളോടുള്ള വിരക്തിയും ഉള്ളവരാണ് ജെന്‍സി തലമുറ. അവര്‍ ഭരണകൂടവുമായി നേരിട്ടൊരു  സമരത്തിനിറങ്ങുന്നവരുമല്ല. എന്നാല്‍, ഇപ്പോള്‍ മാന്യമായ സാമ്പത്തിക ചുറ്റുപാടുള്ള ജീവിതത്തിലേക്ക് വരാന്‍ കഴിയില്ല എന്ന് വന്നപ്പോ ള്‍ അവർ കലാപത്തിനിറങ്ങിയിരിക്കുന്നു. പഠിക്കാനും, ബിരുദങ്ങൾ നേടാനും, പുതിയ കഴിവുകൾ വികസിപ്പിക്കാനും മത്സരബുദ്ധിയോടെ തുടരാനും, ‘സംരംഭകരാകാനും’ അവരോട് പറഞ്ഞത് മാര്‍ക്കറ്റാണ്, മുതലാളിത്തമാണ്. വിദ്യാഭ്യാസത്തിനും കോച്ചിംഗിനും പണം നൽകുന്നതിനായി അവരുടെ കുടുംബങ്ങൾ പണം കടം വാങ്ങി, ഭൂമി വിറ്റു, വൈദ്യചികിത്സ മാറ്റിവച്ചു, ഗാർഹിക ഉപഭോഗം കുറച്ചു. ഈ കഠിന യാത്രയുടെ അവസാനം, വാഗ്ദാനം ചെയ്യപ്പെട്ട ജോലി നിലവിലില്ലെന്ന് അവര്‍ മനസ്സിലാക്കുന്നു. മറ്റുള്ളവർ താൽക്കാലിക കരാറുകൾ, ശമ്പളമില്ലാത്ത ഇന്റേൺഷിപ്പുകൾ, ഡെലിവറി സര്‍വീസുള്‍ അല്ലെങ്കിൽ അവരുടെ യോഗ്യതകളുമായി യാതൊരു ബന്ധവുമില്ലാത്ത ശമ്പളത്തിലുള്ള ജോലികൾ എന്നിവയില്‍ ഏര്‍പ്പെടുന്നു..

ഔദ്യോഗിക കണക്കുകൾ  വിഷയത്തിന്‍റെ ഗൗരവം വെളിപ്പെടുത്തുന്നുണ്ട്. 2025-ലെ ഗവൺമെന്‍റിന്‍റെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം, പതിനഞ്ച് മുതൽ ഇരുപത്തിയൊമ്പത് വയസ്സ് വരെ പ്രായമുള്ളവരിൽ തൊഴിലില്ലായ്മ 9.9 ശതമാനമാണ്, ഇത് നഗരങ്ങളിലെ യുവാക്കൾക്കിടയിൽ 13.6 ശതമാനമായി ഉയർന്നു. പതിനഞ്ചിനും ഇരുപത്തിയൊമ്പതിനും ഇടയിലുള്ള ഇന്ത്യക്കാരിൽ നാലിലൊന്ന് പേർക്കും ജോലിയോ വിദ്യാഭ്യാസമോ പരിശീലനമോ ഇല്ല. വ്യാപകമായ തൊഴിലില്ലായ്മ, ശമ്പളമില്ലാത്ത ഗാര്‍ഹിക ജോലി, ഏത് തൊഴിലെടുക്കാനും തയ്യാറാകുന്ന മാനസിക-സാമൂഹിക അവസ്ഥ എന്നിവയെ കുറിച്ചുള്ള പ്രധാന കണക്കുകൾ സര്‍വേ കാണുന്നില്ല. ഇന്ത്യൻ തൊഴിലാളികളിൽ 23.6 ശതമാനം പേർ മാത്രമേ സ്ഥിരം വേതനത്തിലോ ശമ്പളമുള്ള ജോലിയിലോ ഉള്ളൂ, അതേസമയം 56.2 ശതമാനം പേർ സ്വയംതൊഴിൽ ചെയ്യുന്നവരായി തരംതിരിക്കപ്പെട്ടിട്ടുണ്ട്, സമ്പന്നരായ പ്രൊഫഷണലുകൾ മുതൽ തെരുവ് കച്ചവടക്കാർ, കുടുംബവീടുകളിലെ ശമ്പളമില്ലാത്ത തൊഴിലാളികൾ വരെ ഈ വിഭാഗത്തിൽ പെടുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും തയ്യാറാക്കിയ ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോർട്ട് കൂടുതൽ വ്യക്തമായ ചിത്രം നൽകുന്നു. 2022-ൽ, യുവ ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ 29.1 ശതമാനമായിരുന്നു, വായിക്കാനോ എഴുതാനോ അറിയാത്ത യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയുടെ ഒമ്പത് മടങ്ങ്. ഏകദേശം 82 ശതമാനം തൊഴിലാളികളും അനൗപചാരിക മേഖലയിലായിരുന്നു, അതേസമയം, ഏകദേശം 90 ശതമാനം പേരും അനൗപചാരികമായി ജോലി ചെയ്യുന്നവരായിരുന്നു. സ്ഥിരം തൊഴിലാളികളുടെ യഥാർത്ഥ വേതനം ഒന്നുകിൽ മരവിപ്പിക്കുകയോ കുറയുകയോ ചെയ്തു, കൂടാതെ ഡിജിറ്റൽ മേൽനോട്ടത്തിലുള്ള അനൗപചാരിക തൊഴിലാളികളുടെ വിപുലീകരണമായി ഡെലിവറി തൊഴിൽ വികസിച്ചു, ആദ്യ ജോലിക്കായുള്ള ശരാശരി കാത്തിരിപ്പ് ഒരു വർഷം പിന്നിട്ടുവെന്നും സാങ്കേതികമായി യോഗ്യതയുള്ള നിരവധി യുവാക്കൾ അവരുടെ പരിശീലനവുമായി ബന്ധമില്ലാത്ത ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് കണ്ടെത്തി.

വിദ്യാഭ്യാസം യുവ ഇന്ത്യക്കാരുടെ അഭിലാഷങ്ങളും ശേഷിയും വികസിപ്പിച്ചു, പക്ഷേ, സമ്പദ്‌വ്യവസ്ഥ അവർക്ക് ലഭ്യമായ മാന്യമായ ജോലികളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടില്ല. അവർ കൂടുതൽ പഠിക്കുന്തോറും, സമൂഹം വാഗ്ദാനം ചെയ്തതും അത് നൽകാൻ കഴിയുന്നതും തമ്മിലുള്ള അന്തരം അവർ കൂടുതൽ വ്യക്തമായി മനസ്സിലാക്കി. തങ്ങളുടെ ബിരുദമല്ല, മറിച്ച് മറ്റുപലതുമാണ് മാനദണ്ഡം എന്നവര്‍ തിരിച്ചറിയുന്നു. ധനകാര്യം, മൂലധന-കേന്ദ്രീകൃതമായ ഉൽപ്പാദനം, സ്വകാര്യവൽക്കരണം, ഏതാനും കോർപ്പറേറ്റ് വരേണ്യവർഗത്തെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക ക്രമം എന്നിവയെ കുറിച്ച് അവര്‍ ആശങ്കയുള്ളവരായിത്തീരുന്നു.

മോദി സർക്കാരിൽ നിന്നാണ് പ്രതിസന്ധി ആരംഭിച്ചത്, പന്ത്രണ്ട് വർഷത്തെ ബിജെപി ഭരണം അതിനെ കൂടുതൽ ആഴത്തിലാക്കി. നോട്ട് നിരോധനവും മോശമായി രൂപകൽപ്പന ചെയ്ത ചരക്ക് സേവന നികുതിയും (ജിഎസ്ടി) ചെറുകിട ബിസിനസുകളെ തകർത്തു.  പൊതുമേഖലാ നിയമനങ്ങൾ വൈകുകയോ കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്, ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു, സുരക്ഷിതമായ തൊഴിൽ, കരാർ തൊഴിലാളികളാൽ മാറ്റിസ്ഥാപിക്കപ്പെടുന്നു. ഓരോ വർഷവും തൊഴിൽ വിപണിയിൽ പ്രവേശിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ നിയമിക്കുന്നതിന് ആവശ്യമായ അളവിൽ ഉൽപ്പാദനം വളർന്നിട്ടില്ല. അതേസമയം, പൊതുവിദ്യാഭ്യാസം ദുർബലമായി, കോച്ചിങ്ങ് വ്യവസായം വികസിച്ചു, യുവാക്കളുടെ തൊഴില്‍ ജിജ്ഞാസയെ ലാഭകരമായ ഒരു കച്ചവടമാക്കി മാറ്റി. ജിഡിപി വളർച്ച, ഹൈവേകൾ, ഡിജിറ്റൽ പേയ്‌മെന്റുകൾ, യൂണികോൺ കമ്പനികൾ, ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സമ്പത്ത് എന്നിവ സർക്കാർ ആഘോഷിക്കുന്നു, പക്ഷേ ഈ സ്ഥിതിവിവരക്കണക്കുകളൊന്നും എണ്ണമറ്റ വീടുകളിൽ കേൾക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുന്നില്ല: ജോലി എവിടെ?

അതിനാൽ പേപ്പർ ചോർച്ചയെ ഭരണപരമായ അഴിമതിയേക്കാൾ കൂടുതലായി മനസ്സിലാക്കണം. അവ ഒരു വലിയ വർഗ അനീതിയുടെ കേന്ദ്രീകൃത പ്രകടനങ്ങളാണ്. സുരക്ഷിതമായ ജോലി മനഃപൂർവ്വം വിരളമാക്കിയതിനാൽ ദശലക്ഷക്കണക്കിന് ആളുകൾ ചെറിയ തസ്തികകൾക്കായി മത്സരിക്കുന്നു. ഓരോ അപേക്ഷകനും ഫീസ് അടയ്ക്കണം, ദീർഘദൂര യാത്ര ചെയ്യണം, പഠന സാമഗ്രികൾ വാങ്ങണം, ചിലപ്പോൾ വർഷങ്ങളോളം കോച്ചിംഗ് സെന്ററുകളിൽ ചെലവഴിക്കണം. ഒരു പരീക്ഷയിൽ വിട്ടുവീഴ്ച ചെയ്യപ്പെടുമ്പോൾ, സംസ്ഥാനം സാങ്കേതിക തകരാറുകളെയും അന്വേഷണ സമിതികളെയും കുറിച്ച് സംസാരിക്കുന്നു. എന്നിരുന്നാലും, ഒരു ഉദ്യോഗാര്‍ഥിയെ സംബന്ധിച്ചിടത്തോളം, അവരുടെ ജീവിതത്തിലെ സുപ്രധാനമായ സമയം തന്നെ അപഹരിക്കപ്പെട്ടിരിക്കുന്നു. ജോലിതേടാനുള്ള ഉയര്‍ന്ന പ്രായ പരിധി അടുക്കുന്നു; കുടുംബകടം കുമിഞ്ഞുകൂടുന്നു; വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോകുന്നു.

അക്ഷമരായ ഒരു തലമുറയുടെ വൈകാരിക പൊട്ടിത്തെറിയായി പ്രതിഷേധങ്ങളെ ഒറ്റപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നു. പരിഹാസം, അടിച്ചമർത്തൽ, ചര്‍ച്ചാ വാഗ്ദാനങ്ങൾ, മൂവ്മെന്‍റിനെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു . യുവാക്കൾക്ക് അനുഭവപരിചയമില്ലെന്നും വിദേശശക്തികൾ അവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അല്ലെങ്കിൽ അവരുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിച്ഛായയെ നശിപ്പിക്കുമെന്നും അവരോട് പറയും. എന്നാൽ, ഒരു രാജ്യം തങ്ങളുടെ യുവാക്കൾക്ക് ഉപയോഗപ്രദമായ ജോലി നൽകണമെന്ന് ആവശ്യപ്പെടുന്നതിൽ ദേശവിരുദ്ധമായി ഒന്നുമില്ല. ഇന്ത്യയെ ദോഷകരമായി ബാധിക്കുന്നത് യുവാക്കളെ ഉപഭോക്താക്കളായും ഡാറ്റാ പോയിന്റുകളായും ഡെലിവറി തൊഴിലാളികളായും തിരഞ്ഞെടുപ്പ് ജനക്കൂട്ടമായും ആവശ്യമുള്ള ഒരു ക്രമമാണ്, എന്നാൽ അവകാശങ്ങളുള്ള തൊഴിലാളികളായും ശബ്ദമുള്ള പൗരന്മാരായും ഭാവിക്ക് അർഹതയുള്ള മനുഷ്യരായും അവരെ പരിഗണിക്കപ്പെടുന്നില്ല..

കോക്രോച്ച് പാര്‍ട്ടി ഉല്‍പാദിപ്പിക്കുന്ന ഊര്‍ജവും അവര്‍ പ്രകടിപ്പിക്കുന്ന ആവേശവും വളരെ പ്രധാനമാണ്. പക്ഷേ, സ്വാഭാവികമായും അതേസമയം യാദൃശ്ചികമായും  ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍കൊണ്ടും  സാമൂഹിക മാധ്യമ ശ്രദ്ധകൊണ്ടും ഡിജിറ്റൽ വ്യാപ്തികൊണ്ടും മാത്രം ഭരണകൂട ശക്തികളെ മറികടക്കാൻ കഴിയില്ല. പരീക്ഷാ ക്രമക്കേട് വിഷയത്തെ, തൊഴിൽ, പൊതുവിദ്യാഭ്യാസം, തൊഴിൽ അവകാശങ്ങൾ, സാമ്പത്തിക പുനർവിതരണം തുടങ്ങിയ വിഷയങ്ങളുമായും പോരാട്ടവുമായും ബന്ധിപ്പിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും ജെന്‍സി പ്രക്ഷോഭത്തിന്‍റെ  ശക്തിയും ഭാവിയും. ജന്തർ മന്തറിലെ വിദ്യാർത്ഥികൾ, സമൂഹത്തിലെ വ്യത്യസ്ത മനുഷ്യരുമായി ഇഴചേര്‍ന്നിരിക്കുന്നു. കരാർ അധ്യാപകർ, സ്കീം വർക്കർമാർ, ഡെലിവറി റൈഡർമാർ, ഫാക്ടറി തൊഴിലാളികൾ, തൊഴിലില്ലാത്ത ബിരുദധാരികൾ, ഗ്രാമീണ തൊഴിലാളികൾ എന്നിവരുമായും  അവര്‍ കൂട്ടുചേര്‍ന്നിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍, ട്രേഡ് യൂണിയനുകൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവയെ മറ്റൊരു തലമുറയുടെ അവശിഷ്ടങ്ങളായി വിശേഷിപ്പിക്കാനുള്ള ശ്രമങ്ങളെ മൂവ്മെന്‍റ് ചെറുക്കണം. നിരവധി പോരാട്ടങ്ങളിലൂടെ കര്‍ഷക-തൊഴിലാളിവർഗം ആര്‍ജിച്ച രാഷ്ട്രീയാനുഭവങ്ങള്‍ ജന്‍സി പ്രക്ഷോഭത്തിന് ഒരു ഭാരമല്ല; അത്തരം കലാപത്തിന് സഹിഷ്ണുതയും ദിശാബോധവും നൽകാൻ കഴിയുന്ന അനുഭവസമ്പത്താണത്.

‘കോക്രോച്ച്’ എന്ന പേര് ഒരു അപ്രതീക്ഷിത ചരിത്ര സത്യം വഹിക്കുന്നു. ഇല്ലാതാക്കാൻ പ്രയാസമുള്ളതിനാൽ പാറ്റകൾ അതിജീവിക്കുന്നു. എന്നാൽ, തെരുവുകളിലെ യുവാക്കൾ ആവശ്യപ്പെടുന്നത് ജീർണിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയുടെ വിള്ളലുകൾക്കുള്ളിൽ അതിജീവിക്കാൻ മാത്രമല്ല. ജീവിക്കാനും ജോലി ചെയ്യാനും അവർ പഠിച്ച കാര്യങ്ങൾ പ്രയോഗിക്കാനും അന്തസ്സോടെ സമൂഹത്തിന് സംഭാവന നൽകാനും അവർ ആഗ്രഹിക്കുന്നു. അവരുടെ രോക്ഷം അവര്‍ തലമുറകളായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിന്‍റെ വേര് ആഴത്തിലിള്ള വർഗ്ഗാധിഷ്ഠിത സംഘട്ടനങ്ങളുടേതാണ്. ഇടതുപക്ഷത്തിന്‍റെ മുന്നിലുള്ള കടമ ഈ പ്രക്ഷേഭത്തെ കാല്‍പനികമാക്കുകയോ ദൂരെ നിന്ന് വീക്ഷിക്കുകയോ പ്രഭാഷണപിന്തുണ നല്‍കലോ അല്ല. മറിച്ച്, അവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുക, അവരുടെ കഷ്ടപ്പാടുകള്‍ക്ക് പിന്നിലെ ഘടന തിരിച്ചറിയാന്‍ സഹായിക്കുക, ദശലക്ഷക്കണക്കിന് സുരക്ഷിതവും സാമൂഹികമായി ഉപയോഗപ്രദവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ഒരു ആശയത്തിലേക്ക് അതിന്റെ അടിയന്തര ആവശ്യങ്ങളെ കൂട്ടിച്ചേർക്കുക എന്നിവയാണ്.

പാര്‍ലമെന്റിന് പുറത്തുള്ള കണ്ണീര്‍ വാതകത്തിന് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയില്ല. ഇന്ത്യയിലെ ഭരണാധികാരികള്‍ അവരെ ബാരിക്കേഡുകള്‍ക്ക് പിന്നില്‍ തള്ളിവിട്ട് പ്രാണികള്‍, പരാദങ്ങള്‍, കുഴപ്പക്കാര്‍ എന്നൊക്കെ വിളിച്ചേക്കാം. എന്നാല്‍, തങ്ങളുടെ യുവാക്കള്‍ക്ക് ഇടം നല്‍കാന്‍ വിസമ്മതിക്കുന്ന ഒരു സമൂഹം, യുവാക്കള്‍ സമൂഹത്തെ തന്നെ പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചതായി ഒടുവില്‍ കണ്ടെത്തും.

(counterview  ല്‍ എഴുതിയ ലേഖനത്തിന്‍റെ സംക്ഷിപ്ത വിവര്‍ത്തനം)

വിജയ് പ്രസാദ് ചരിത്രകാരനും പത്രപ്രവര്‍ത്തകനുമാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ട്രൈകോണ്ടിനെന്റൽ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും, ഗ്ലോബ്ട്രോട്ടറിന്റെ ചീഫ് കറസ്പോണ്ടന്റും, ലെഫ്റ്റ് വേഡ് ബുക്സിന്റെ ചീഫ് എഡിറ്ററുമാണ്. 

Related