2014 ന് ശേഷം കലാപത്തിലും രാമനിലും ട്രമ്പിസത്തിലും കോർപ്പറേറ്റ് ചങ്ങാത്തത്തിലും ശക്തി കണ്ടെത്തിയിരുന്ന മോദി ട്രിക്സിന് Lapdog media യുടെ പിന്തുണയോടെ ജനകീയ പ്രശ്നങ്ങളെ അവഗണിക്കാൻ അവസരങ്ങൾ ലഭിച്ചു. ഇതിനൊപ്പമാണ് മധ്യവർഗ്ഗത്തിനിടയിലെ കൺസ്യൂമറിസവും ഹിന്ദുത്വ മമതയും RSS ൻ്റെ പണികൾ എളുപ്പമാക്കിയത്. ബിജെപിയുടെ സർക്കാർ ന്യൂനപക്ഷമാണ് എന്ന് ഓർക്കാൻ കഴിയാത്ത വിധമാണ് പ്രചരണങ്ങളുടെ പോക്ക്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാൻ പാറ്റ പാർട്ടിക്കും അവർക്കൊപ്പം അണിചേർന്ന പ്രതിപക്ഷ പാർട്ടികൾക്കും അവസരം ഉണ്ടായി എന്നതാണ് ആശ്വാസം.
ബിജെപിയുടെ രാഷ്ട്രീയ അജണ്ടകളിൽ യോജിപ്പുണ്ടായിരുന്ന സോനം വാംങ് ചുക്കിനും ഗീതാജ്ഞലി അങ്ങ്മൊക്കും മറ്റു പലർക്കും അവരെ തള്ളിപ്പറയാൻ നിർബന്ധിത മാക്കും വിധം കാര്യങ്ങൾ മാറുകയാണ്. ഇന്ത്യൻ കർഷകരെ എന്നപോലെ തൊഴിൽ കോഡുകളെ മുൻനിർത്തി തൊഴിലാളികളും വിദ്യാർത്ഥികളുടെ പാതയിലെക്ക് നീങ്ങുവാൻ നിർബന്ധിതമായിട്ട് നാളുകൾ കഴിഞ്ഞു.
മറുവശത്ത് RSS വക്താക്കളുടെ സമരങ്ങളോടുളള അസഹിഷ്ണതയും വെല്ലുവിളിയും വർധിക്കുമ്പോൾ അതിനുള്ള കാരണങ്ങൾ വ്യക്തമാണ്. കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തിൽ പോലും RSS പ്രതിനിധികൾക്ക് നേടാൻ കഴിഞ്ഞ അംഗീകാരം, നാട് നേരിടുന്ന സാമൂഹിക തിരിച്ചടിയുടെ ഭാഗമാണ്. രാജീവും മുരളീധരനും ഒക്കെ കാവി രാഷ്ട്രീയത്തിൻ്റെ എംഎല്‍എമാരായി നിയമസഭയിൽ എത്തിയതിനു കാരണം വിഭാഗീയ രാഷ്ട്രീയത്തോടുള്ള മലയാളിയുടെ അലസ മനോഭാവത്തിന് തെളിവാണ്.
അഭ്യസ്തവിദ്യരുടെ തൊഴിൽ രാഹിത്യം ഒരു വശത്ത്, രൂപയുടെ വിലയിടിവും വിക്കയറ്റവും; മറുവശത്ത് വികസന വായ്ത്താരികൾ. കോർപ്പറേറ്റുകളുടെ വർധിച്ച സ്വാധീനവും അതുമായി ബന്ധപ്പെട്ട അഴിമതിയും അതുണ്ടാക്കുന്ന അനിശ്ചിതത്വവും; വിശ്വാസത്തിൻ്റെയും വെറുപ്പിൻ്റെയും(മത ദേശീയതയുടെ)പേരിൽ യാഥാർത്ഥ്യത്തെ മറക്കാൻ കഴിയില്ല എന്ന് ഓർമ്മിപ്പിച്ചു രാജ്യത്തിൻ്റെ പുതു തലമുറ.
സാർ ചക്രവർത്തി ഭരണത്തെ വിമർശിച്ച “The Nose”(1836)
നിക്കോളെ ഗൊഗോൾ എഴുതിയ The Nose എന്ന കഥയിലെ മുഖ്യ കഥാപാത്രമാണ് മൂക്ക്. പശ്ചാത്തലം; സാർ ചക്രവർത്തിമാരുടെ അടിച്ചമർത്തൽ ഭരണകാലം. നാട്ടുകാരെ 14 വിഭാഗങ്ങളിലായി ചക്രവർത്തി തിരിച്ചു. താഴ്ന്ന റാങ്കിൽ പെട്ട ഒരു ഉദ്യോഗസ്ഥൻ്റെ (Kovalev)മൂക്ക് കളഞ്ഞു പോകുന്നതാണ് കഥ. മൂക്ക് തന്നെക്കാൾ ഉയർന്ന സ്ഥാനമുള്ള ജനപ്രതിനിധിയിൽ കയറി ഇരിക്കുന്നു. അയാൾ മൂക്കിനെ തിരിച്ചു വിളിച്ചു പള്ളിയിൽ വെച്ച്. മൂക്ക് കൂടുതൽ അധികാരമുള്ള ആളിനൊപ്പം നിന്നു. അതെ സമയം അധികാര ശ്രേണിയിൽ ഇല്ലാത്ത ബാർബറിൻ്റെ ഭക്ഷണ പൊതിയിൽ (ബ്രഡുകളുടെ ഇടയിൽ)നിന്ന് കണ്ടെത്തുന്ന മൂക്ക് ആരും അറിയാതെ നദിയിൽ ഉപേക്ഷിക്കാനുള്ള ശ്രമം പോലീസ് കണ്ടു പിടിക്കുന്നു. സമൂഹത്തിൽ പരിഗണിക്കപ്പെടാത്ത ബാർബറിൻ്റെ അടുത്തെത്തുന്ന മൂക്കിനെ അദ്ദേഹം ഉപേക്ഷിക്കുകയാണ്.
മൂക്കു നഷ്ടപ്പെട്ട Kovalev,ആരും കാണാതിരിക്കാൻ പൊതിഞ്ഞാണ് നടന്നത്. പട്ടാളക്കാരന് ഉണ്ടായിരുന്ന അധികാരവും നഷ്ട്ടപ്പെടുകയാണ്. മൂക്ക് കുറച്ചു ദിവസത്തിനു ശേഷം മടങ്ങി വരുന്നു. അതോടെ അദ്ദേഹത്തിൻ്റെ അധികാരം മടങ്ങി എത്തുന്നു. Kovalev നെ പോലെയുള്ള പതിനായിരക്കണക്കിന് റഷ്യക്കാരുടെ അർത്ഥ ശൂന്യതയാണ് (സാർ ചക്രവർത്തിമാർ സൃഷ്ടിച്ച)The Nose വ്യക്തമാക്കിയത്.
സാർ ചക്രവർത്തിമാരുടെ അഹങ്കാരവും അധികാര ശ്രേണിയുടെ അല്പത്തവും തുറന്നു കാട്ടിയ Nikolai Gogol ൻ്റെ രചനകൾ ദസ്തയേവ്‌സ്കി ഉൾപ്പെടുന്ന പിൽക്കാല എഴുത്തുകാരെ പ്രചോദിപ്പിച്ചു. (ഞങ്ങളെല്ലാവരും ഗോഗോളിന്റെ ‘The Overcoat എന്ന കഥയുടെ പോക്കറ്റിൽ നിന്ന് ഇറങ്ങിവന്നവരാണ്” എന്ന ദസ്തയേവ്‌സ്കി).
കാഫ്കെയുടെ Metamorphosis എന്ന കഥയുടെ പശ്ചാത്തലം യുദ്ധം (1912)വരുത്തി വെച്ച തൊഴിൽ രാഹിത്യവും ചൂഷണ അവസ്ഥകളുമായിരുന്നു. കഥയിൽ ചെറു വേതനത്തിൽ പണി എടുക്കുന്ന ഗ്രിഗർ സാംസക്ക് രൂപമാറ്റം സംഭവിച്ച് പ്രാണിയായി (insect)മാറുന്നു. അത് അയാളുടെ കുടുംബത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടാക്കി. കുടുംബത്തിൻ്റെ അത്താണിയായിരുന്ന, ഏതു സമയത്തും തൊഴിൽ നഷ്ടപ്പെടും എന്ന് ഭയന്ന് കഴിഞ്ഞ, ചെറിയ വരുമാനം മാത്രമുള്ള ഗ്രീഗർ, ആ കാലത്തെ സാമൂഹികാവസ്ഥയുടെ പിരിമുറുക്കത്തെയാണ് അവതരിപ്പിച്ചത്.
ഒ.വി വിജയൻ എഴുതിയ അരിമ്പാറ എന്ന കഥയ്ക്ക് പ്രചോദനം അടിയന്തരാവസ്ഥ യായിരുന്നു. കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ കിരാത ഭരണങ്ങളുടെ ചരിത്രമാണ് ‘അരിമ്പാറ’.എല്ലാ സര്‍വ്വാധിപത്യങ്ങളും ആദ്യം അതിന്റെ ഭീകരമായ മുഖം പുറത്ത് കാണിക്കാറില്ല. ഹിംസാത്മക പുറത്തു കാട്ടാതെ മനുഷ്യനെ സ്വാധീനിക്കാനാണ് മുസ്സോളിനിയും ഹിറ്റ്ലറും പോള്‍പോട്ടും ഒക്കെ ശ്രദ്ധിച്ചത്. പക്ഷേ, ക്രമേണ സമഗ്രാധി പത്യത്തിന്റെ കൈപ്പത്തികള്‍ വരിഞ്ഞ് മുറുക്കി. ഈ യാഥാര്‍ത്ഥ്യത്തെ പ്രതീകാത്മകമായി അവതരിപ്പിച്ച കഥയാണ് ‘അരിമ്പാറ’.
കൃഷ്ണനുണ്ണിയുടെ കീഴ്ചുണ്ടില്‍ വളര്‍ന്ന് വന്ന അരിമ്പാറയെ ഭാര്യ സുമ ഇടക്കിടെ തടവി രസിക്കുന്നു. അതൊരു ഭാഗ്യ താരകമായി സുമ കരുതി. പക്ഷേ, അത് വേഗം വളരാന്‍ തുടങ്ങി,ഇ റച്ചി കൊതുകിന്റെ വലിപ്പത്തിലായപ്പോള്‍ സുമ പേടിച്ച് ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോയി. കൃഷ്ണനുണ്ണിയുടെ കാമം കത്തിജ്വലിച്ചപ്പോള്‍ വീട്ടിലെ വേലക്കാരി നാണിയെ കൂടെ കിടത്തി. ഒരു ദിവസം നാണിയുമായി വേഴ്ചക്ക് ഒരുങ്ങുമ്പോള്‍ കൃഷ്ണനുണ്ണി ഞെട്ടിപ്പോയി. അരിമ്പാറയ്ക്ക് ലിംഗം മുളച്ചിരിക്കുന്നു.”അരിമ്പാറയുടെ ലിംഗം നാണിയെ ഭേദിച്ചു”അരിമ്പാറയ്ക്കും കൃഷ്ണനുണ്ണിക്കും ഒരേസമയം സ്ഖലനമുണ്ടായി. കൃഷ്ണനുണ്ണി കുറേ ദിവസത്തേക്ക് അബോധാവസ്ഥയിലായി. നാണിയുടെ ശവശരീരം കുളിമുറിയില്‍ അഴുകാന്‍ തുടങ്ങി.
അരിമ്പാറ നാണിയുമായി സംഭോഗം നടത്തി, നാണിയുടെ തല മുഴുവനായി തിന്നു. അരിമ്പാറ വീണ്ടും, വീണ്ടും വളര്‍ന്നു അതൊരു ആനയോളം വലുതായി. അതിന്റെ ദേഹത്ത് ഒരട്ടയെപ്പോലെ കൃഷ്ണനുണ്ണി തൂങ്ങിക്കിടന്നു. ഒടുവില്‍ ഇല മരുന്നു വെച്ച് അരിമ്പാറ കൃഷ്ണനുണ്ണിയെ വേര്‍പെടുത്തി. അരിമ്പാറയ്ക്ക് നാല് വലിയ കാലുകള്‍ ഉണ്ടായി. മുന്‍പില്‍ തുമ്പിക്കൈ. രണ്ട് വെള്ളക്കൊമ്പുകള്‍. അധികാരത്തിൻ്റെ അശ്ലീലതയെയാണ് അടിയന്തിരാവസ്ഥയെ മുൻനിർത്തി കഥാകാരൻ അവതരിപ്പിച്ചത് .
സാർ ഭരണത്തെ വിമർശിച്ച The Nose, ജർമ്മനിയിൽ ഒന്നാം ലോകയുദ്ധത്തിൻ്റെ അരക്ഷിതാവസ്ഥ ഉണ്ടാക്കിയ സാഹചര്യങ്ങളെ വ്യക്തമാക്കുന്ന Metamorphis, അടിയന്തിരാവസ്ഥ സൃഷ്ടിച്ച ചുറ്റുപാടുകളെ പ്രതിഫലിപ്പിച്ച അരിമ്പാറയും മോദി ഭരണത്തിലെ ഇന്ത്യക്കാരുടെ മനോനിലകളെ ഓർമ്മിപ്പിക്കുന്നു.
