നമ്മുടെ കാലത്തെ അഹിംസാത്മക പ്രതിരോധത്തിന്റെ സൈദ്ധാന്തിക മുഖമായ ജീന്‍ ഷാര്‍പ്പിനെ (1928-2018) വിദ്യാര്‍ത്ഥി പ്രക്ഷോഭ രംഗത്തുള്ള യുവനേതൃത്വങ്ങളില്‍ എത്രപേര്‍ വായിച്ചിട്ടുണ്ടാകും എന്ന കാര്യം അറിയില്ല. ഷാര്‍പ്പിന്റെ മാഗ്നം ഓപസ് എന്ന് വിശേഷിപ്പിക്കാവുന്ന “The Politics of Non-Violent Action” (1973) എന്ന മൂന്ന് വാല്യം വരുന്ന കൃതിയിലൂടെ കടന്നുപോയിട്ടുള്ള ആര്‍ക്കും അഹിംസാത്മക പ്രതിരോധത്തെ സംബന്ധിച്ച് അദ്ദേഹം അക്കമിട്ട് നിരത്തിയ നൂറ്റിത്തൊണ്ണൂറ്റിയെട്ടോളം പ്രയോഗരൂപങ്ങളുടെ വലിയൊരു നിരതന്നെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ കണ്ടെടുക്കാവുന്നതാണ്.
രാഷ്ട്രീയാധികാരം, അത് ഏകാധിപത്യവാഴ്ചയോ, ഫാസിസ്റ്റ് വാഴ്ചയോ ആകട്ടെ, നിലനില്‍ക്കുന്നത് പൗരന്മാര്‍ നല്‍കുന്ന സമ്മതം, സഹകരണം, അനുസരണം എന്നിവയ്ക്ക് മുകളിലാണ് എന്നും പൗരജനങ്ങള്‍ നല്‍കുന്ന ഈ പിന്തുണ പിന്‍വലിക്കുന്ന നിമിഷം ഏത് തരത്തിലുള്ള ഭരണകൂട വാഴ്ചയും തകര്‍ന്നുവീഴും എന്നും ഷാര്‍പ്പ് വിശദീകരിക്കുന്നു. ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ് അധികാരത്തിലേറുകയും എല്ലാ ജനാധിപത്യ-ഭരണഘടനാ വ്യവസ്ഥകളെയും അട്ടിമറിച്ചുകൊണ്ട് തങ്ങളുടെ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഭരണസംവിധാനത്തിനുള്ള പിന്തുണ എങ്ങിനെ പിന്‍വലിക്കാമെന്നും അഹിംസാത്മക പ്രതിരോധത്തിലൂടെ അവയെ എങ്ങിനെ മുട്ടുകുത്തിക്കാമെന്നും ഉള്ള പ്രയോഗപാഠമാണ് ജീന്‍ ഷാര്‍പ്പ് മുന്നോട്ടുവെക്കുന്നത്.
ദില്ലിയിലെ വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭം അതിന്റെ ആരംഭം തൊട്ട് അവസാനം വരെ അഹിംസാത്മക പ്രതിരോധത്തിലൂന്നി നിന്നുകൊണ്ടുള്ളതായിരുന്നുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ലക്ഷക്കണക്കിന് യുവജനങ്ങള്‍ ദിനേനയെന്നോണം പ്രക്ഷോഭനിരയിലേക്ക് കടന്നുവരികയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികേന്ദ്രീകൃത നേതൃത്വങ്ങള്‍ക്ക് കീഴില്‍ സംഘടിക്കുകയും പ്രക്ഷോഭത്തില്‍ ഇടപെടുകയും ചെയ്ത ഒരാഴ്ചക്കാലം അത്ഭുതകരമായ അച്ചടക്കത്തിന്റെയും ആത്മസംയമനത്തിന്റെയും പ്രയോഗ മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള പലതരത്തിലുള്ള ആക്രമണങ്ങളെ ക്രിയാത്മകമായി വെല്ലുവിളിക്കുകയും അവരുടെ ആജ്ഞകളെ അഹിംസാത്മകമായി ധിക്കരിക്കുകയും സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിബന്ധങ്ങളെ സക്രിയമായി മറികടക്കുകയും ശാരീരിക കഷ്ടതകള്‍ സഹിക്കുമ്പോഴും പ്രകോപിതരാകാതിരിക്കുകയും ചെയ്യുന്ന കാഴ്ചകള്‍ പ്രക്ഷോഭഘട്ടങ്ങളിലൂടനീളം കാണാന്‍ കഴിഞ്ഞു.
‘പൊളിറ്റിക്കല്‍ ജിയു-ജിറ്റ്‌സു’ (Jiu-Jitsu) എന്നത് ജീന്‍ ഷാര്‍പ്പ് മുന്നോട്ടുവെക്കുന്ന അഹിംസാത്മക പ്രതിരോധങ്ങളെ സംബന്ധിച്ച സൈദ്ധാന്തിക ആശയങ്ങളുടെ മര്‍മ്മമാണ്. ജിയു-ജിറ്റ്‌സു എന്നത് ജാപ്പാനീസ് കായിക കലയില്‍ എതിരാളിയുടെ ശക്തിയെ അയാള്‍ക്കെതിരായി തിരിച്ചുവിടുന്ന രീതിയാണ്. ജിയു-ജിറ്റ്‌സുവിന്റെ പരമമായ മുന്‍വ്യവസ്ഥ എന്നത് അച്ചടക്കത്തിലൂന്നി നിന്നുകൊണ്ടുള്ള പ്രതിരോധം എന്നതാണ്.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ‘ജിയു-ജിറ്റ്‌സു’ പലരീതിയില്‍ പ്രവര്‍ത്തിക്കുന്നത് നാം കണ്ടു. പോലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരായി അക്രമം അഴിച്ചുവിട്ടപ്പോള്‍ അവര്‍ക്ക് പൂക്കളും ഭക്ഷണവും വെച്ചുനീട്ടുന്ന വിദ്യാര്‍ത്ഥികളെയാണ് ഈ നാളുകളില്‍ ഇന്ത്യ കണ്ടത്. ബാരിക്കേഡുകള്‍, കണ്ണീര്‍വാതകം, തടഞ്ഞുവയ്ക്കല്‍, മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടല്‍, ലാത്തിച്ചാര്‍ജ്ജുകള്‍ എന്നിവയിലൂടെ ഭരണകൂടം അക്രമണോത്സുകമായി വിദ്യാര്‍ത്ഥികളെ നേരിട്ടതോടെ, പൊതുജനങ്ങള്‍ക്കിടയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തോടുള്ള അനുകമ്പ വര്‍ധിക്കുകയും ഭരണകൂടത്തോടുള്ള പ്രതിഷേധം വ്യാപകമാക്കപ്പെടുകയും ചെയ്തു. അതുവരെ മൗനമവലംബിച്ച് നിന്നിരുന്ന പ്രമുഖരായ പലരും വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയത് നാം കണ്ടു. ഷാര്‍പ്പ് സൈദ്ധാന്തീകരിക്കുന്ന പൊളിറ്റിക്കല്‍ ജിയു-ജിറ്റ്‌സുവിന്റെ പ്രയോഗരൂപം എന്താണെന്ന് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഒരു പ്രക്ഷോഭം വര്‍ത്തമാന ഇന്ത്യയ്ക്ക് കാട്ടിക്കൊടുത്തു.
സമാനമായ രീതിയില്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി തടസ്സപ്പെടുത്തല്‍, മീഡിയകളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രചണ്ഡ പ്രചരണങ്ങള്‍ തുടങ്ങി ഭരണകൂടവും അവരെ താങ്ങിനിര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാലങ്ങളായി ജനകീയ മുന്നേറ്റങ്ങള്‍ക്കെതിരായി ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന ഓരോ ആയുധങ്ങളെയും വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങള്‍ തങ്ങള്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കാനുള്ള ആയുധങ്ങളാക്കി മാറ്റി. പ്രക്ഷോഭ കേന്ദ്രമായ ജന്ദര്‍മന്തറില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാതാക്കിയപ്പോള്‍, ഇന്റര്‍നെറ്റ് ഫ്രീഡത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയടക്കം പിന്തുണ പ്രക്ഷോഭത്തിന് ലഭിക്കുകയും സമാന്തര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.
നവ സാമൂഹിക മാധ്യമങ്ങളിലും ഇതര മാധ്യമ സ്ഥാപനങ്ങളിലും ഉള്ള സംഘപരിവാരത്തിന്റെ മേല്‍ക്കൈ ജനകീയ പ്രക്ഷോഭങ്ങളെ സംബന്ധിച്ച തെറ്റായ വാര്‍ത്തകളും അപവാദങ്ങളും പരത്താനുള്ള അവരുടെ ശക്തമായ ആയുധമാക്കി മാറ്റിയിരുന്നുവെന്നത് കഴിഞ്ഞ ഒരു ദശകക്കാലത്തെയെങ്കിലും അനുഭവങ്ങളിലൂടെ നമുക്കറിയാം. എന്നാല്‍ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫേസ്ബുക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ സര്‍ക്കാര്‍ പ്രചരണങ്ങളെ കടത്തിവെട്ടി മുഴച്ചുനിന്നത് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള വാര്‍ത്തകളും തല്‍സമയ റിപ്പോര്‍ട്ടുകളുമായിരുന്നു. മോദി ഭരണത്തിന്റെ എക്കാലത്തെയും ശക്തിസ്രോതസ്സായി നിന്ന ഗോദി മീഡിയയെ പല സ്ഥലങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്ന കാഴ്ചകളും നാം കണ്ടു.
അങ്ങേയറ്റം സൈനികവത്കൃതവും ജനാധിപത്യ വ്യവസ്ഥകളോട് യാതൊരു കൂറും പ്രദര്‍ശിപ്പിക്കാത്തതുമായ ഭരണകൂടങ്ങളോടുള്ള നേര്‍ക്കുനേര്‍ യുദ്ധത്തില്‍ ജനങ്ങളുടെ കയ്യിലുള്ള ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായ ആയുധം അഹിംസാത്മക പ്രതിരോധമാണ് എന്നതിന് ഇന്ത്യയില്‍ത്തന്നെ പൂര്‍വ്വ മാതൃകകളുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ മുന്നേറ്റത്തിലൂടെ ഗാന്ധി ലോകത്തിന് നല്‍കിയ മൂല്യമേറിയ ആയുധങ്ങളിലൊന്നാണത്. ഈയൊരായുധത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി ഉപയോഗപ്പെടുത്തുന്ന കാഴ്ച നമുക്ക് കാണാന്‍ കഴിഞ്ഞത് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലായിരുന്നു.
പുതുനൂറ്റാണ്ടില്‍ ജനാധിപത്യവ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നതിന്റെ പ്രധാന ഉറവിടം സൈനിക അട്ടിമറികളല്ല എന്നത് നാം ശ്രദ്ധിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന്റെയും ജനാധിപത്യത്തിന്റെയും വിളുമ്പുകളിലൂടെ ജനങ്ങള്‍ തന്നെ തെരഞ്ഞെടുത്ത ഭരണകര്‍ത്താക്കള്‍ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥകളെയും മൂല്യങ്ങളെയും അട്ടിമറിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. നാളതുവരെ ജനാധിപത്യത്തിന്റെ ആണിക്കല്ലുകളായി വര്‍ത്തിച്ച പൊതു സ്ഥാപനങ്ങളെയൊന്നാകെ -ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, സര്‍വ്വകലാശാലകള്‍, മാധ്യമങ്ങള്‍- വരുതിയിലാഴ്ത്തുകയും തങ്ങളുടെ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങള്‍ ഇക്കൂട്ടര്‍ ജനാധിപത്യത്തിന്റെ മറവില്‍ നടപ്പിലാക്കുകയും ചെയ്യുന്നു.
അത്തരമൊരു ഭരണവ്യവസ്ഥയ്ക്ക് ജനങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന പിന്തുണയും സമ്മതവും പിന്‍വലിക്കുകയും അവരുടെ ആജ്ഞകള്‍ അനുസരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും അഹിംസാത്മകമായി അവയെ പ്രതിരോധിക്കുകയും ചെയ്യുന്നതെങ്ങിനെ എന്ന് വര്‍ത്തമാന ഇന്ത്യയ്ക്ക് വിദ്യാര്‍ത്ഥി പ്രക്ഷോഭം കാണിച്ചുതന്നു. ഭയരഹിതമായി ഭരണകൂടത്തെ എങ്ങിനെ നേരിടാം എന്നത് സംബന്ധിച്ച പ്രയോഗപാഠം കൂടിയായി മാറി ഈ പ്രക്ഷോഭം.
