ദീദി എന്നോട് ക്ഷമിക്കുക,അമ്മേ എന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുക. ഞാൻ ഈ തിരഞ്ഞെടുപ്പ് ജോലിയിൽ പരാജയപ്പെട്ടു. ഞാൻ ഒരു തീരുമാനമെടുക്കാൻ പോകുന്നു. ഞാൻ മാത്രമാണ് അതിന് ഉത്തരവാദി. ആർക്കും ഒരു പ്രശ്നമില്ല. ഞാൻ വളരെയധികം അസ്വസ്ഥനാണ്. കഴിഞ്ഞ 20 ദിവസങ്ങളായി എനിക്ക് ഉറങ്ങാൻ പോലും സാധിക്കുന്നില്ല. എനിക്ക് സമയമുണ്ടായിരുന്നെങ്കിൽ തീർച്ചയായും ഞാൻ ഈ ജോലികൾ പൂർത്തീകരിക്കുമായിരുന്നു.എനിക്ക് നാല് കുഞ്ഞ് പെൺകുട്ടികളാണ്. ദയവായി എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ ലോകത്ത് നിന്നും ഞാൻ ഏറെ ദൂരത്തേക്ക് പോവുകയാണ്. ”
ഉത്തർപ്രദേശിലെ മുറാദാബാദിൽ ഒരു സർക്കാർ സ്കൂളിലെ അസിസ്റ്റന്റ് അധ്യാപകനാണ് സർവേഷ് കുമാർ. ഈ കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം ആത്മഹത്യ ചെയ്തു. ആത്മാഹുതിക്ക് മുമ്പേ അദ്ദേഹം തന്നെ റെക്കോർഡ് ചെയ്ത വീഡിയോയിൽ പറഞ്ഞ വാക്കുകൾ ആണ് മേൽ ഉദ്ധരിച്ചത്.
എസ് ഐ ആറിനോടനുബന്ധിച്ച് ബൂത്ത് ലെവൽ ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട സർവ്വേഷ് കുമാർ ജോലിഭാലത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നത്. ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല.
സർവേശ് കുമാർ ഉൾപ്പെടെ എൺപതോളം ബി എൽ ഒ മാർക്കാണ് ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ധൃതിപ്പെട്ട് നടത്തുന്ന എസ് ഐ ആർ പ്രക്രിയയിൽ ജോലിഭാരത്തെ തുടർന്ന് ജീവൻ നഷ്ടമായത്. ചിലർ ജോലിഭാരത്താൽ മരണത്തിനു കീഴടങ്ങിയപ്പോൾ മറ്റു ചിലർ അഭയം കണ്ടെത്തിയത് സ്വയം ജീവൻ അവസാനിപ്പിക്കുന്നതിലൂടെയാണ്.ആത്മഹത്യകൾ എന്നു പറയുന്നതിനേക്കാൾ ഉചിതം തിരഞ്ഞെടുപ്പ് കമ്മീഷൻ നിർവഹിച്ച കൊലകൾ എന്നു പറയുന്നതായിരിക്കും കൂടുതൽ ഉചിതം. ഒടുവിൽ എസ് ഐ ആർ പ്രക്രിയകൾ ഒരാഴ്ചത്തേക്ക് നീട്ടി വെച്ചിരിക്കുകയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. പക്ഷേ ആ തീരുമാനം കൈക്കൊള്ളാൻ 80 ബി എൽ ഒ മാരെ കൊലയ്ക്ക് കൊടുക്കേണ്ടി വന്നു നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷന്. രാജ്യം കണ്ട ഏറ്റവും മോശം തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന് ഇതിനോടകം തീർപ്പായ കമ്മീഷനാണ് ഗാനേഷ് കുമാറിനെ നേതൃത്വത്തിൽ നിലവിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നതിന് ശക്തി പകരുന്നതാണ് എസ് ഐ ആറിനോടനുബന്ധിച്ച് നടമാടിയ അഭിശക്തമായ ഈ സംഭവവികാസങ്ങൾ.
രാജസ്ഥാനിലെ ധർമ്മപുരാ ഗ്രാമത്തിലെ പ്രൈമറി സ്കൂൾ അധ്യാപകനായിരുന്നു മുകേഷ് ജാംഗിദ്. ഒന്നാം ഘട്ട എസ് ഐ ആറിൽ ഉൾപ്പെടുന്ന രാജസ്ഥാനിലെ ആയിരക്കണക്കിന് വരുന്ന ബി എൽ ഒ മാരിൽ ഒരാൾ. ഈ കഴിഞ്ഞ ഞായറാഴ്ച മുകേഷ് ജാംഗിദ് എന്ന ബി എൽ ഒ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തിരിക്കുന്നു.മുകേഷ് ജാംഗിദിന്റെ ആത്മഹത്യക്ക് കാരണമായ സംഭവം എന്താണെന്നല്ലേ പറയാം?.
എസ് ഐ ആർ നടപടികളുടെ ഭാഗമായി തന്നെ ഏൽപ്പിച്ച ദൗത്യം ഉടൻ പൂർത്തീകരിക്കണമെന്നും മറിച്ചായാൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നുമുള്ള മേൽ അധികാരിയുടെ ഭീഷണിയെ തുടർന്നാണ് മുകേഷ് ജാംഗിദ് ആത്മഹത്യ ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തനിക്ക് ഉറങ്ങാൻ പോലും സാധിക്കുന്നില്ല എന്നും, താങ്ങാനാവാത്ത സമ്മർദ്ദമാണ് മേലധികാരികളിൽ നിന്നും ഉണ്ടാകുന്നതെന്നും ജാംഗിദിന്റെ മൃതശരീരത്തിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
സമാന സംഭവമാണ് കണ്ണൂരിലെ പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പർ 18 ലെ ബി എൽ ഒ അനീഷ് ജോർജിന്റേതും.മുകേഷ് ജാംഗിദിൻെതിന് സമാനമായി ആത്മഹത്യാക്കുറിപ്പുകൾ അനീഷ് ജോർജിന്റേതായി കണ്ടെത്തിയിട്ടില്ലെങ്കിലും എസ് ഐ റിനോടനുബന്ധിച്ച് മേലധികാരികളിൽ നിന്നും നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്.
ഈ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുന്ന വേളയിലാണ് രാജസ്ഥാനിലെ സദായ് മോധാപൂർ ജില്ലയിലെ ബി എൽ ഓ ആയ ഹരി ഓം ബൈരവ ഹൃദയാഘാതം മൂലം മരിച്ചു എന്ന് വാർത്ത പുറത്തുവരുന്നത്. തഹസിൽദാരുടെ ഫോൺകോൾ വന്ന ഉടനെയാണ് അദ്ദേഹത്തിന്റെ ഹൃദയമുണ്ടായത്. SIR സൃഷ്ടിച്ച ജോലിഭാരമാണ് മരണത്തിൽ കാരണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന് ബോധം ഉദിക്കാൻ ഇനിയും എത്ര ജീവനുകൾ പൊലിയേണ്ടതുണ്ട് എന്ന ചോദ്യമാണ് ഈ മരണങ്ങളൊക്കെയും അവശേഷിപ്പിച്ചത്.പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കല്ലറ ശിവകൃപയിൽ ആർ.അനിലും, കാസർഗോഡ് കാഞ്ഞങ്ങാട് മണ്ഡലത്തിലെ മൈക്കയം 124 ആം വാർഡ് ബി എൽ ഒ ശ്രീജയും SIR ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണതും ഇതിനിടയിൽ വാർത്തയായി.
ടാർഗറ്റുകൾ പൂർത്തീകരിച്ച് മേൽ ഉദ്യോഗസ്ഥരുടെ ഗുഡ് ലിസ്റ്റിൽ ഇടം പിടിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമങ്ങളാണ് ജോലി സമ്മർദ്ദമായും,ആക്രോഷങ്ങളായും, കൽപ്പനകളായും ബി എൽ ഒ മാരിലേക്ക് വന്നു ചേരുന്നത്. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഈ വേളയിൽ എസ് ഐ ആർ നടപടികൾ നിർത്തിവെക്കണമെന്ന് കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനോട് കേരളത്തിലെ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.എന്നാൽ അതിനോട് അനുകൂലമല്ലായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. കേരള തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അതേ നിലപാടാണ് വെച്ചുപുലർത്തിയത്.
എനുമറേഷൻ ഫോമുകൾ നൽകുന്നതിൽ സംസ്ഥാനം ഏറെ മുന്നോട്ടു പോകുന്നുണ്ട് എന്ന് വരുത്തിതീർക്കുവാൻ ബി എൽ ഒ മാരിൽ നിന്നും വ്യാജ കണക്കുകളും മേൽ അധികാരികൾ വാങ്ങുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്.എസ് ഐ ആർ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി കൂടി അധികമായി ഏർപ്പെടുത്തിയത് തൊഴിൽ മാനസിക സമ്മർദ്ദങ്ങൾ ഇരട്ടിയാക്കി.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദുർവാശിയും പിടിവാശിയുമാണ് രാജ്യത്തെ ബി എൽ ഒ മാരുടെ ആത്മഹത്യകൾക്ക് പിന്നിൽ പ്രവർത്തിച്ചത്. കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ തൊഴിലാളി ആത്മഹത്യകൾ നിത്യസംഭവമാകുന്ന നമ്മുടെ രാജ്യത്ത് പുതിയൊരു വ്യവഹാരം തന്നെ തുറക്കുകയാണ് ബി എൽ ഓമാരുടെ ആത്മഹത്യകൾ.
തൊഴിലാളിയുടെ മാനസിക നില ഉൽപ്പന്നത്തിന്റെ ഗുണമേന്മയെ എങ്ങനെയൊക്കെ രൂപപ്പെടുത്തുന്നു എന്ന ചർച്ചകൾക്ക് തൊഴിൽ രംഗങ്ങൾ തുടക്കം കുറിക്കേണ്ടതുണ്ട് എന്നിരിക്കെ അത്തരം ചർച്ചകൾക്ക് വഴിമരുന്നിടേണ്ട പൊതുരംഗത്ത് നിന്നും വരുന്ന ഇത്തരം അഭിശപ്തമായ വാർത്തകൾ ഒട്ടും ആരോഗ്യപ്രദമല്ല എന്ന് പറയേണ്ടിവരും.
