November 17 Tuesday 2026

എസ്.ഐ.ആർ കരട് വോട്ടർ പട്ടിക: വോട്ടർമാരുടെ എണ്ണം 817.9 ദശലക്ഷമായി കുറഞ്ഞു

പ്രത്യേക തീവ്ര പുനഃപരിശോധനയുടെ (SIR) ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്കുകൾ പ്രകാരം, വോട്ടർമാരുടെ എണ്ണം 817.9 ദശലക്ഷമായി കുറഞ്ഞ്  2015-ലെ നിലവാരത്തിലേക്ക് താഴ്ന്നതായി ‘ബിസിനസ് സ്റ്റാൻഡേർഡ്’ ന്‍റെ റിപ്പോര്‍ട്ട്.

2014-ൽ ഈ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 766 ദശലക്ഷം വോട്ടർമാരാണുണ്ടായിരുന്നത്. 2024-ൽ ഈ സംഖ്യ 928 ദശലക്ഷമായും, എസ്.ഐ.ആർ നടപടികൾക്ക് മുൻപ് 952 ദശലക്ഷമായും ഉയർന്നിരുന്നു. എന്നാൽ, എസ്.ഐ.ആറിന്റെ ഭാഗമായി വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതോടെ ആകെ വോട്ടർമാരുടെ എണ്ണം 817.9 ദശലക്ഷമായി കുറഞ്ഞുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു; 2015-ൽ ഇത് 816.9 ദശലക്ഷമായിരുന്നു.

റിപ്പോർട്ട് പ്രകാരം, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും എസ്.ഐ.ആർ നടപടികൾക്കും ഇടയിലുള്ള കാലയളവിൽ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ വർധനവുണ്ടായപ്പോൾ, 10 ഇടങ്ങളിൽ കുറവ് രേഖപ്പെടുത്തി. എന്നാൽ, ഈ രണ്ട് വിഭാഗങ്ങളിലുമായി ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പട്ടികയിൽ നിന്ന് നീക്കം ചെയ്ത വോട്ടർമാരുടെ എണ്ണം അവിടങ്ങളിലെ ആകെ വോട്ടർമാരുടെ 10 ശതമാനത്തിലധികമായിരുന്നു.

ചില സംസ്ഥാനങ്ങളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്: മഹാരാഷ്ട്രയിൽ ഈ കാലയളവിൽ വോട്ടർമാരുടെ എണ്ണത്തിൽ 5.6% വർധനവുണ്ടായെങ്കിലും, എസ്.ഐ.ആറിന് ശേഷമുള്ള കരട് പട്ടികയിൽ 21% വോട്ടർമാരെ ഒഴിവാക്കി. ഗുജറാത്തിൽ വോട്ടർമാരുടെ എണ്ണം 5.5% വർധിച്ചപ്പോൾ 14% പേരെ ഒഴിവാക്കി; തമിഴ്‌നാട്ടിൽ 2.6% വർധനവും 15% ഒഴിവാക്കലും രേഖപ്പെടുത്തി.

വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായ രണ്ടാമത്തെ വിഭാഗത്തിൽ, ചണ്ഡീഗഡിൽ വോട്ടർമാരുടെ എണ്ണത്തിൽ 27% ഇടിവുണ്ടാവുകയും 40% പേരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നാഗാലാൻഡിൽ വോട്ടർമാരുടെ എണ്ണം 9.6% കുറയുകയും 11.7% പേരെ ഒഴിവാക്കുകയും ചെയ്തു; ഉത്തരാഖണ്ഡിൽ വോട്ടർമാരുടെ എണ്ണം 5.7% കുറഞ്ഞപ്പോൾ 10.4% പേരെ ഒഴിവാക്കിയതായും റിപ്പോർട്ട് പറയുന്നു. എസ്.ഐ.ആർ (SIR) പ്രകാരമുള്ള കരട് പട്ടികയിലെ ഒഴിവാക്കലുകൾക്ക് ശേഷം, 2014-നെ അപേക്ഷിച്ച് മഹാരാഷ്ട്രയിലെ വോട്ടർമാരുടെ എണ്ണത്തിൽ 1.4 ശതമാനം കുറവുണ്ടായപ്പോൾ, തമിഴ്‌നാട്ടിൽ 1 ശതമാനവും ഗുജറാത്തിൽ ഏകദേശം 9 ശതമാനവും വർധന രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്രഭരണപ്രദേശങ്ങളിൽ, ചണ്ഡീഗഡിൽ 11 ശതമാനം കുറവും ഉത്തരാഖണ്ഡിൽ 4.9 ശതമാനം വർധനയും ഉണ്ടായപ്പോൾ, ഡൽഹിയിൽ വോട്ടർമാരുടെ എണ്ണത്തിൽ ഏകദേശം 16 ശതമാനം കുറവ് രേഖപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു.

നിശ്ചിത കാലയളവിൽ വോട്ടർമാരുടെ എണ്ണത്തിൽ വർധനയുണ്ടായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഈ വർധന 0.5 മുതൽ 5.6 ശതമാനം വരെയായിരുന്നെന്നും, അതേസമയം കരട് പട്ടികയിൽ നിന്നുള്ള ഒഴിവാക്കലുകൾ 5 മുതൽ 21 ശതമാനം വരെയായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനങ്ങളുടെ കരട് വോട്ടർ പട്ടികയിലും ഉയർന്ന തോതിലുള്ള ഒഴിവാക്കലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്; ഉദാഹരണത്തിന്, ഉത്തർപ്രദേശിൽ 18.6 ശതമാനവും ഉത്തരാഖണ്ഡിൽ 10.4 ശതമാനവും പഞ്ചാബിൽ 9.6 ശതമാനവുമാണ് ഒഴിവാക്കൽ നിരക്കെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related