August 11 Tuesday 2026

ഒറ്റയായൊറ്റയായൊന്നുമില്ല; ‘പാറ്റ’ മറ്റൊന്നിന്‍ തുടര്‍ച്ചയത്രേ: ഷഹീൻബാഗ് – കർഷക പ്രക്ഷോഭങ്ങളുടെ പൊട്ടാച്ചരടുകൾ

ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും പുതിയൊരു പ്രതീക്ഷയും ആശയും പകര്‍ന്നുകൊണ്ട് രാജ്യ തലസ്ഥാനത്ത് ആരംഭിച്ച യുവജന പ്രക്ഷോഭം അനുദിനമെന്നോണം കരുത്താര്‍ജ്ജിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നത് നാം കാണുന്നു. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഈ പ്രക്ഷോഭം രാജ്യത്തെ മധ്യവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും കൂടുതലായി ആകര്‍ഷിക്കുകയും പ്രക്ഷോഭത്തിന് ഇന്ത്യന്‍ ലിബറല്‍ വര്‍ഗ്ഗത്തിന്റെ പിന്തുണ കൂടുതല്‍ ലഭിക്കുകയും ചെയ്തുവരികയാണ്.

വര്‍ത്തമാന ഇന്ത്യയില്‍ സമീപകാലത്തൊന്നും കാണാത്തരീതിയിലുള്ള, യുവജനങ്ങള്‍ നേതൃത്വത്തിലുള്ള ഒരു മുന്നേറ്റമാണ് ഇതെന്നതില്‍ സന്ദേഹമൊന്നുമില്ല. ആ അര്‍ത്ഥത്തില്‍ ഇത് സമാനതകളില്ലാത്ത ഒന്ന് തന്നെയാണ്. സിജെപിയുടെ നേതൃത്വത്തില്‍ ആരംഭിച്ച്, ഇന്ന് രാജ്യത്തെ വിവിധ രാഷ്ട്രീയ സംഘടനകള്‍ കൂടി ഏറ്റെടുത്ത ഈ പ്രക്ഷോഭം അതിന്റെ വ്യതിരിക്തമായ സ്വഭാവ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുമ്പോഴും അത് ഒറ്റപ്പെട്ട് നില്‍ക്കുന്നതോ തുടര്‍ച്ചകളില്ലാത്തതോ ആണെന്ന് ധരിക്കുന്നതില്‍ അല്‍പ്പമല്ലാത്ത അപാകതകളുണ്ട്.

രാജ്യത്തെ യൗവ്വനങ്ങള്‍ മോദി ഭരണകൂടത്തിന്റെ നൃശംസതകളെ ഭയാശങ്കകള്‍ ഒട്ടും കൂടാതെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുമ്പോള്‍, ആ ഭയരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച രണ്ട് സമീപകാല മാതൃകകള്‍ വിസ്മരിക്കാവുന്നതല്ല. അതിലൊന്ന് 2019-20 കാലയളവില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവും, രണ്ടാമത്തേത് 2020-21 കാലയളവില്‍ നടന്ന കര്‍ഷക പ്രക്ഷോഭവുമാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഭിന്നമായ നേതൃത്വങ്ങളും സാമ്പ്രദായിക രീതിയിലുള്ള സംഘാടനങ്ങളില്‍ നിന്നും ഭിന്നമായ ഈ രണ്ട് പ്രസ്ഥാനങ്ങളും ഇന്ന് നാം കാണുന്ന യുവജന പ്രക്ഷോഭങ്ങള്‍ക്കുള്ള പ്രയോഗ മാതൃകകള്‍ തുറന്നുവെക്കുകയായിരുന്നുവെന്ന് തിരിച്ചറിയേണ്ടതുണ്ട്.

ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഷഹീന്‍ബാഗിലെ ഒരു ഡസനോളം വരുന്ന സ്ത്രീകള്‍ 2019 ഡിസമ്പര്‍ 15ന് ആരംഭിച്ച റോഡ് ഉപരോധമാണ് പിന്നീട് നൂറ് ദിനങ്ങള്‍ പിന്നിട്ട വന്‍ പ്രക്ഷോഭമായി മാറിയത് എന്ന് നമുക്കറിയാം. കോവിഡ് ലോക്ഡൗണ്‍ കാലം വരെ ഈ പ്രക്ഷോഭം തുടരുകയായിരുന്നു. ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍, ബുദ്ധിജീവികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രക്ഷോഭത്തോട് ചേര്‍ന്ന് നില്‍ക്കുകയും പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളെ പൗരത്വ ഭേദഗതി നിയമത്തിനെതിരായി നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ഈ പ്രക്ഷോഭത്തിലൂടെ സാധിച്ചില്ലെങ്കിലും സിവില്‍ സമൂഹത്തിന്റെ മുന്‍കൈയ്യിലുള്ള ദീര്‍ഘകാല പ്രതിരോധത്തിന്റെ സാധ്യതകള്‍ ഷഹീന്‍ബാഗ് പ്രക്ഷോഭം തുറന്നിട്ടു എന്നതാണ് യാഥാര്‍ത്ഥ്യം.

സമാനമായ രീതിയില്‍ മോദി സര്‍ക്കാരിന്റെ ധിക്കാരപരവും ഏകപക്ഷീയവുമായ തീരുമാനങ്ങളെ ചെറുത്തുതോല്‍പ്പിച്ചുകൊണ്ട് കര്‍ഷകര്‍ നടത്തിയ ദീര്‍ഘകാല പ്രക്ഷോഭവും സമാനതകളില്ലാത്തതാണ്. പാര്‍ലമെന്റില്‍ പാസാക്കിയ കര്‍ഷക മാരണ നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 2020 നവമ്പര്‍ 25ന് ആരംഭിച്ച പ്രക്ഷോഭം മോദി സര്‍ക്കാരിനെ മുട്ടുകുത്തിക്കുന്നതിലേക്ക് നയിച്ചു. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ഈ പ്രക്ഷോഭത്തിന്റെ ഫലമായി മൂന്ന് നിയമങ്ങളും കേന്ദ്ര സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്നു.

ജനാധിപത്യ വ്യവസ്ഥകളെ നിരാകരിക്കല്‍, ഭയത്തിന്റെയും ആശങ്കകളുടെയും അന്തരീക്ഷം സൃഷ്ടിക്കല്‍, സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷവും സന്ദേഹവും വളര്‍ത്തല്‍ തുടങ്ങിയ തന്ത്രങ്ങളിലൂടെയായിരുന്നു സംഘപരിവാര്‍ ഭരണയന്ത്രം നിയന്ത്രിച്ചുകൊണ്ടിരുന്നത്. ഇതിലൂടെ ഏത് വിധത്തിലുള്ള പ്രതിഷേധങ്ങളെയും അവഗണിക്കാനും ഇല്ലായ്മ ചെയ്യാനും ഭണകൂടത്തിന് സാധിച്ചിരുന്നു. എല്ലാ ഭരണകൂട വിമര്‍ശനങ്ങളും ആത്യന്തികമായി രാജ്യത്തിനെതിരാണെന്ന പ്രതീതി സൃഷ്ടിക്കുക എന്നതായിരുന്നു സംഘപരിവാര്‍ തന്ത്രം. രാജ്യത്തെ മധ്യവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ ഈ തന്ത്രം വലിയൊരളവില്‍ ഫലിക്കുക തന്നെ ചെയ്തു. സംഘപരിവാര്‍ ഭരണകൂടം രാജ്യത്ത് സൃഷ്ടിച്ചെടുത്ത ഭയത്തിന്റെ അന്തരീക്ഷത്തെ ചെറുതായെങ്കിലും മറികടക്കുന്നതിന് ഷഹീന്‍ബാഗ്-കര്‍ഷക പ്രക്ഷോഭങ്ങള്‍ വലിയ പങ്കുവഹിച്ചു എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.

‘നിയമാനുസൃത സ്വേച്ഛാധിപത്യം’ (constitutional dictatorship)* എന്ന് വിശേഷിപ്പിക്കാവുന്ന, നിയമവാഴ്ചയ്ക്ക്കത്താണെന്ന തോന്നലുളവാക്കി, നിയമവാഴ്ചയെ പൂര്‍ണ്ണമായും ഇല്ലാതാക്കിക്കൊണ്ട് സംഘപരിവാര്‍ നടത്തിവന്ന ഭരണവ്യവസ്ഥയെ വെല്ലുവിളിക്കാനും ഭയരഹിതമായി ചോദ്യം ചെയ്യാനും ഈ രണ്ട് മുന്നേറ്റങ്ങള്‍ക്കും സാധിച്ചു.

കോവിഡിന്റെ മറവില്‍ ഭരണകൂടം സൃഷ്ടിച്ചെടുത്ത ‘നിയമനിരാസ വാഴ്ച’ ഈ പ്രക്ഷോഭങ്ങളുടെ മുന്നോട്ടുള്ള ഗതിയെ പലരീതിയില്‍ പ്രതികൂലമായി ബാധിച്ചുവെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രതീക്ഷയുടെ വിത്തുകള്‍ പാകാന്‍ മേല്‍പ്പറഞ്ഞ രണ്ട് പ്രക്ഷോഭങ്ങള്‍ക്കും സാധിച്ചു. അസംഘടിത വിഭാഗങ്ങളുടെ മുന്‍കൈയ്യിലുള്ള ജനകീയ പ്രക്ഷോഭ സാധ്യതകള്‍-ജനസഞ്ചയ രാഷ്ട്രീയം- വെട്ടിത്തെളിക്കാനും സമാനതകളില്ലാത്ത സഹനത്തിന്റെയും ആത്മത്യാഗത്തിന്റെയും വഴികളിലൂടെ ദീര്‍ഘകാല പ്രക്ഷോഭം മുന്നോട്ടുനയിക്കാനുള്ള പ്രയോഗ മാതൃകകളും അവ വര്‍ത്തമാന ഇന്ത്യയ്ക്ക് സമ്മാനിച്ചു.

ഇന്ത്യന്‍ യുവത ഇന്ന് നടത്തിപ്പോരുന്ന, ഐതിഹാസിക സമരത്തില്‍ ഈ രണ്ട് പ്രക്ഷോഭങ്ങളുടെയും സമന്വയം ദര്‍ശിക്കാവുന്നതാണ്. അതോടൊപ്പം രോഹിത് വെമുലയുടെയും ഗൗരി ലങ്കേഷിന്റെയും രക്തസാക്ഷിത്വം മുതല്‍ ഉമര്‍ ഖാലിദും സഞ്ജീവ് ഭട്ടും അടക്കമുള്ള നിരവധി മനുഷ്യരുടെ ആത്മത്യാഗത്തിന്റെ സ്വാധീനങ്ങളും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. ഫാസിസത്തിനെതിരായ പോരാട്ടങ്ങളുടെ നൈരന്തര്യങ്ങള്‍ ഇത്തരത്തിലുള്ള ജനകീയ ഉണര്‍ച്ചകളുടെ ചാലകശക്തിയായി വര്‍ത്തിക്കുന്നു. വ്യതിരിക്തമായ സ്വഭാവ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുമ്പോഴും ഈ ജനമുന്നേറ്റങ്ങളെ അത്തരം നൈരന്തര്യങ്ങളില്‍ നിന്ന് വേര്‍പെടുത്തിക്കാണാനാകില്ല.

 

Related