August 11 Tuesday 2026

‘സമസ്താ ലോകാ’ രൂപപ്പെടുത്തുന്ന ദൃശ്യേന്ദ്രജാലം

azad

ഒരു ദൃശ്യകാവ്യം എന്തായിരിക്കണമെന്നോ എങ്ങനെയായിരിക്കണമെന്നോ ചില ശീലസൂത്രങ്ങളും വ്യാകരണ പുസ്തകങ്ങളും കണ്ടേക്കാം. അതൊന്നും അത്ര പരിചയമില്ലാത്ത സാധാരണ ചലച്ചിത്ര പ്രേക്ഷകരില്‍ ഒരാളാണ് ഞാന്‍. മൂന്നു പതിറ്റാണ്ടിലേറെയായി ലോകസിനിമകള്‍ കാണുന്നുണ്ട്. പല പരീക്ഷണ സിനിമകളും കാണാന്‍ ഇടയായിട്ടുണ്ട്. ദൃശ്യഭാഷയുടെ പാഠസമൃദ്ധി അത്ഭുതപ്പെടുത്തുന്നതാണ്.

ഫീച്ചര്‍ സിനിമകളും ഹ്രസ്വ സിനിമകളും ഡോക്യുമെന്ററികളും നമുക്കു പരിചിതമാണ്. അവയില്‍തന്നെ കലാ വാണിജ്യ താല്‍പ്പര്യങ്ങളുടെ ഭിന്ന പാതകളുണ്ട്. ലാവണ്യശാസ്ത്രത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും രീതിയുക്തികളെ പിന്തുടരുന്ന ദൃശ്യാഖ്യാന വേര്‍തിരിവുകളും പ്രകടമാവാറുണ്ട്. എങ്കിലും സാങ്കേതികവിദ്യാ വികാസമുണ്ടാക്കിയ സാദ്ധ്യതകള്‍ക്കൊപ്പം പ്ലോട്ടിലും പരിചരണത്തിലും ദൃശ്യഭാഷാ സാദ്ധ്യതകള്‍ ശീലഭഞ്ജന വാഞ്ചയോടെ പ്രയോഗിക്കാന്‍ ധീരത കാണിക്കുന്നവര്‍ തുലോം കുറവാണ്.

കവിതയില്‍ സംഭാഷണമുള്ള നോക്കുകുത്തിപോലെയുള്ള സിനിമകളുണ്ട്. സംഭാഷണമേയില്ലാത്ത വേമ്പനാട് പോലെയുള്ള പരീക്ഷണങ്ങളുണ്ട്. കഥാവികാസത്തിന്റെ പാറ്റേണും വേഗവും അട്ടിമറിക്കപ്പെട്ട അനുഭവങ്ങളുണ്ട്. ഖണ്ഡങ്ങളായി കഥപറയുന്ന അദ്ധ്യായമട്ടുള്ള ആഖ്യാനങ്ങളുണ്ട്. പലതരത്തില്‍ ദൃശ്യകാവ്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ മൂലധന നിര്‍ബന്ധങ്ങളെ മറികടന്ന് മലയാള സിനിമയില്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ആ അന്വേഷണത്തിന്റെ തുടര്‍ച്ചയിലാണ് ഷെറി ഗോവിന്ദന്റെ ‘സമസ്താ ലോകാ’ എന്ന ചലച്ചിത്രത്തിന്റെ ഇടം.

ടി പത്മനാഭന്റെ പൂച്ചക്കുട്ടികളുടെ വീട്, നായ്ക്കളും മനുഷ്യരും തുടങ്ങിയ കഥകളും റെനെ ബാസിന്‍ എന്ന ഫ്രഞ്ച് എഴുത്തുകാരന്റെ തപാല്‍പെട്ടിയിലെ കുരുവികള്‍ എന്ന കഥയും ചേര്‍ന്നാണ് സമസ്താ ലോകയുടെ തിരക്കഥ രൂപപ്പെടുന്നത്. ഭൂമിയും ആകാശവും മനുഷ്യരും തിര്യക്കുകളും പ്രകൃതിയും ഇഴുകിച്ചേര്‍ന്ന് സഹജീവനത്തിന്റെ പുതുഭാഷയും പാരസ്പര്യവും ഒരുക്കുന്നു. ഓരോരുത്തരും ഓരോ ഭാഷ കണ്ടെത്തുകയോ രൂപപ്പെടുത്തുകയോ ചെയ്യുന്നുണ്ട്. തന്റെ ലോകത്തോടു സംവദിക്കാനുള്ള ഗൂഢമായ വെമ്പലാണ് ഈ പുതുഭാഷയ്ക്ക് കാരണമാകുന്നത്. കാക്കയും കുരുവിയും പൂച്ചയും പട്ടിയും മൂങ്ങയും മനുഷ്യരും അസാധാരണമായ ഒരു പാരസ്പര്യത്തിന്റെ കണ്ണികളാവുന്നു. ഇര്‍ഷാദും കുക്കു പരമേശ്വരനും നയിക്കുന്ന വ്യത്യസ്തമായ പ്രകൃതിജീവിതത്തിന്റെ വീട്ടിലേക്കും വ്യവഹാരക്രമത്തിലേക്കും കടന്നുനില്‍ക്കാന്‍ പ്രേക്ഷകന്‍ നിര്‍ബന്ധിതനാകുന്നു. ഇത് ബലപ്രയോഗംവഴിയല്ല സാധിക്കുന്നത്. പ്രകൃതിപ്രേരണകളെ അഴിച്ചുവിട്ട് രൂപപ്പെടുത്തുന്നു ദൃശ്യേന്ദ്രജാലം വഴിയാണ്. കഥയും നേരും കെട്ടുപിണയുന്നത് കഥാകൃത്തായ നായകനു മാത്രമല്ല പുതിയകാലത്തെ മനുഷ്യര്‍ക്കാകെ വലിയ ആധിയുണ്ടാക്കുന്നതാണ്. അത് ചിത്രത്തിന്റെ കേന്ദ്രവിഷയമാകുന്നു.

സഹജീവിസ്‌നേഹവും ജനാധിപത്യജീവിതത്തിന്റെ വിശാലമായ നിര്‍വ്വചനവും ഈ ചലച്ചിത്രത്തിന്റെ കേന്ദ്രമാകുന്നു. ആധിപത്യങ്ങളെ അലിയിച്ചുകളയുന്ന ആശയബദ്ധതയോ ആദര്‍ശാത്മകതയോ ആവാമത്. ഇര്‍ഷാദും കുക്കുവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ അതീവ സൗമ്യവും വേഗനിയന്ത്രിതവുമായ ചലനം സംഗീതാത്മകമാകുന്നു. ഭൂമിയുടെ അവകാശികളെ (ബഷീറെന്നപോലെ) ഇര്‍ഷാദും കുക്കുവും കഥയിലേക്കും ജീവിതത്തിലേക്കും അടുപ്പിച്ചു നിര്‍ത്തുന്നു. അത് പുറത്തെ അധികാരവ്യവസ്ഥയിലും നാട്ടുവഴക്കങ്ങളിലും സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങള്‍ അവസാനഭാഗത്തെ സംഘര്‍ഷാത്മകത കൂട്ടുന്നു.

പതിവു സിനിമകളുടെ ശീലമാനദണ്ഡങ്ങള്‍ വെച്ചു കാണാവുന്ന ചിത്രമല്ല ഷെറിയുടേത്. മുമ്പും ഷെറി സിനിമയില്‍ ഭദ്രരീതികളും പാറ്റേണുകളും പിന്തുടര്‍ന്നു കണ്ടിട്ടില്ല. അതിന്റെ ഇടര്‍ച്ചകള്‍ ചിലപ്പോള്‍ വലിയ പരിമിതികളായി നമുക്ക് തോന്നിയിട്ടുമുണ്ടാകും. ദൃശ്യഭാഷാ കാവ്യങ്ങള്‍ക്ക് പുതുവഴി തേടുന്ന ഒരാള്‍ എന്ന നിലയില്‍ ഷെറി പ്രത്യേകമായ ശ്രദ്ധയാവശ്യപ്പെടുന്നുണ്ട്. ഡേ.ാ ബിജുവും മനോജ് കാനയുമൊക്കെ ഈ സംരംഭവുമായി സഹകരിച്ചിട്ടുണ്ട്. ഡോ. ബിജു ഒരു ഡോക്ടറുടെ വേഷത്തില്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. നമ്മുടെ നടപ്പുസിനിമയുടെ കാഴ്ച്ചാവഴക്കവും ഭാവുകത്വവും പേറി ഷെറിയുടെ സിനിമയിലേക്ക് പ്രവേശിക്കാതിരിക്കുന്നതാവും നല്ലത്. പുതുമ സ്വീകരിക്കാനുള്ള സന്നദ്ധതയോടെ എത്തുന്ന പ്രേക്ഷകര്‍ക്ക് നിരാശപ്പെടേണ്ടിവരില്ല. ഷെറിക്കും സംഘാംഗങ്ങള്‍ക്കും അഭിവാദ്യം.

Related