കഴിഞ്ഞ പത്ത് വർഷക്കാലത്തെ കേരളത്തിലെ ഇടതുപക്ഷ ഭരണം വ്യക്ത്യാരാധനയുടെ ഒരു ലെഗസി സൃഷ്ടിക്കാനാണ് ശ്രമിച്ചത് എന്ന് പറയേണ്ടി വരുന്നു. സാഹചര്യങ്ങളും രീതികളും വ്യത്യസ്തമാണെങ്കിലും ബോൾഷെവിസത്തിൽ എങ്ങനെയാണോ സ്റ്റാലിനിസം പ്രവർത്തിച്ചത്, അതുപോലെയായിരുന്നു കേരളത്തിലെ കമ്യൂനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്ന പാർട്ടിയിൽ വിജയനിസം അഥവാ പിണറായിസം വളർന്നു വന്നത്. പാർട്ടിയുടെ സർവാധിപത്യത്തെയാണ് യോസിഫ് സ്റ്റാലിൻ വ്യക്തികേന്ദ്രിത സർവാധിപത്യമാക്കി മാറ്റിയതെങ്കിൽ, ഒരു ലിബറൽ ഡെമൊക്രറ്റിക് സിസ്റ്റത്തിൽ ഏൽക്കാനിടയുള്ള തിരിച്ചടിയെസ്സംബന്ധിച്ച് ഒട്ടും ഓർത്തില്ലെന്നതാണ് കേരളത്തിലെ സോകോൾഡ് ലെഫ്റ്റിസ്റ്റുകളുടെ പരാജയത്തിൻ്റെ പ്രധാന കാരണം. പാർട്ടിയുടെ വിശകലനം ഒരുപക്ഷേ, പ്രധാനമായും വർഗീയത എന്ന പൊതുസംജ്ഞയാൽ വ്യംഗീകരിക്കപ്പെടുന്ന, മുസ്ലിം വർഗീയത എന്ന കൽപിത ശത്രുവിലേക്ക് വിരൽ ചൂണ്ടുന്നതാവാം. വിജയനിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ ഇക്കാലമത്രയുമായുള്ള പ്രയോഗരീതി അതാണല്ലോ.
കൃത്യമായ ഒരു ബ്ലെയിം ഗെയിം ആണത്. വർഗീയത എന്ന പ്രയോഗത്തിൽ കുറേയധികം കെണികളുണ്ട്.
ഒന്നാമതായും ആപത്കരമായ ഒരു റിഡക്ഷനിസമാണ് അത്. വർഗീയത എത്രതന്നെ അപകടകരമാണെങ്കിലും പോപുലിസ്റ്റ് സ്വഭാവം സ്വീകരിക്കുന്ന ഒരു വംശീയ ഫാഷിസം സമൂഹത്തിൽ സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തിൻ്റെ വ്യാപ്തിയുടെ ചെറിയൊരംശം പോലും വരില്ല അത്. എന്നിരിക്കെ, ഫാഷിസ്റ്റ് പ്രകൃതമുള്ള -മാർക്സിസ്റ്റ് പാർട്ടിയുടെ തന്നെ പ്രയോഗം കടമെടുത്താൽ നിയോഫാഷിസ്റ്റ് ടെൻഡെൻസീസ്- സംഘി ഹിന്ദുത്വയെ ഹിന്ദു വർഗീയതയായി, ഒരു സാഹചര്യത്തിലും ന്യൂനീകരിക്കാൻ പാടില്ലാത്തതാകുന്നു. ഫാഷിസത്തിൻ്റെ വളർച്ച ജനായത്ത ബോധമുള്ളവരിൽ സൃഷ്ടിച്ചേക്കാവുന്ന ആപച്ഛങ്കയെ അത് ദ്രവീകരിച്ചു കളയുന്നു.
രണ്ടാമതായി, ഇതിനോട് ബാലൻസ് ചെയ്തുകൊണ്ട് ‘സങ്കൽപിക്ക’പ്പെടുന്ന പ്രതിവർഗീയതയെക്കുറിച്ച പ്രൊപഗൻഡകൾ ഫാഷിസ്റ്റ് വംശീയവാദികൾ സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന സെനഫോബിയ, പോളറൈസേഷൻ എന്നിവയെ എളുപ്പമാക്കുന്നു. ഭൂരിപക്ഷ വർഗീയത സമം ന്യൂനപക്ഷ വർഗീയത എന്ന ഇക്വേഷൻ്റെ പുറത്താണ് സി.പി.ഐ (എം)ൻ്റെ പ്രചാരണങ്ങൾ മുഴുവൻ. എല്ലാ അർത്ഥത്തിലും ഇതൊരു വ്യാജസമവാക്യമാണ്. കാരണം ഒന്ന്, മുകളിൽ സൂചിപ്പിച്ചത് തന്നെ. ഫാഷിസത്തിൻ്റെ മാരക വംശീയ സ്വഭാവം വർഗീയതയായി ന്യൂനീകരിക്കപ്പെടുന്നു. ഇന്ത്യയെ മൊത്തം പരിഗണിച്ചാൽ, വംശീയ ഫാഷിസം വർഗീയതയെ അതിൻ്റെ കരുവായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ വർഗീയാസ്വാസ്ഥ്യങ്ങൾ താരതമ്യേന വളരെക്കുറവാണ്. അതേസമയം ഇസ്ലാമോഫോബിയയുടെ അപഹാരം കഴിഞ്ഞ കുറേ വർഷങ്ങളായി ദൃശ്യവുമാണ്. ന്യൂനപക്ഷ വർഗീയത എന്നൊന്ന് ഇല്ലെന്ന് തന്നെ പറയാം.
എന്നുവെച്ചാൽ തികച്ചും വ്യാജമായ ഒരു ദ്വന്ദ്വത്തെ സൃഷ്ടിച്ചെടുത്ത്, വർഗീയതയായി തങ്ങൾ തന്നെ ന്യൂനീകരിച്ച ഫാഷിസവുമായി അതിനെ തുലനപ്പെടുത്തുന്ന മഹാപാതകമാണ് വിജയനിസ്റ്റ് സി.പി.ഐ (എം) കേരളത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത്. അതിനും പുറമെ ഭൂരിപക്ഷ വോട്ടുകളുടെ കൺസോളിഡേഷന് വേണ്ടി പലപ്പോഴും പ്രചാരണങ്ങളുടെ ഉന്നം മുസ്ലിംകൾ ആയിത്തീരുന്നു എന്നതും സത്യമാണ്. ഒളിഞ്ഞും തെളിഞ്ഞും നടക്കാറുള്ള ഈ പ്രവണതക്ക് കണ്ടുപിടിച്ച മറ മാത്രമാണ് ജമാഅത്തെ ഇസ്ലാമി.
സോഷ്യൽ ഫാഷിസം എന്ന പ്രയോഗം കമ്യൂനിസ്റ്റ് ഇൻ്റർനാഷണൽ എന്ന, മൂന്നാം ഇൻ്റർനാഷനലിൻ്റേതാണ്. യഥാർത്ഥ തൊഴിലാളിവർഗ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന ഇടതുപക്ഷ സോഷ്യൽ ഡെമൊക്രാറ്റുകളെയും മറ്റും വിശേഷിപ്പിക്കാനായിരുന്നു കോമിൻ്റേൺ ഈ പ്രയോഗം നടത്തിയത്. അതേസമയം ഇതിൻ്റെ വിശാലമായ നിർവചനങ്ങളിൽ വരുന്ന പല പ്രവണതകളെയും വിജയനിസ്റ്റ് കമ്യൂനിസത്തിലും കണ്ടെത്താം.
ഒരർത്ഥത്തിൽ ഒരു ലെജൻഡ് തന്നെയാണ് പിണറായി വിജയൻ. കേരളത്തിലെ കമ്യൂനിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ, കമ്യൂനിസം അല്ലാതെ മറ്റൊന്നും സാധ്യമോ സാധുവോ ആകാത്ത പിണറായിയിൽ ഒരു ചെത്തു തൊഴിലാളിയുടെ മകനായി ജനിച്ച്, നെയ്ത്തു തൊഴിലാളിയായി ജീവിക്കുകയും ട്രെയ്ഡ് യൂനിയനിസത്തിൻ്റെ കളരിയിൽ പയറ്റിത്തെളിയുകയും സി.പി.ഐ (എം)ൽ അത് രൂപം കൊണ്ട വർഷം തന്നെ അംഗത്വമെടുക്കുകയും പാർട്ടിയെ ജീവവായുവാക്കി, പാർട്ടിക്ക് വേണ്ടി കൊണ്ടും കൊടുത്തും മുന്നേറുകയും ബ്രണ്ണൻ കോളജിൽ കെ.എസ്.എഫിന് വേണ്ടി ഉയിരും ഉശിരും സമർപ്പിക്കുകയും അടിയന്തിരാവസ്ഥക്കാലത്ത് ഒന്നരക്കൊല്ലം തടവിൽ കഴിയുകയും പൊലീസ് മർദ്ദനത്തിൻ്റെ ചോര പുരണ്ട വസ്ത്രവുമായി നിയമസഭയിൽ കയറി വന്ന് സഭയിൽ ഇടിമുഴക്കം സൃഷ്ടിക്കുകയും പാർട്ടിയുടെ ചാവേറുകളെ മുന്നിൽ നിന്ന് നയിക്കുകയും അവകാശ സമരങ്ങളുടെ കൊടി ഉയർത്തി കേരളത്തിൻ്റെ രാഷ്ട്രീയാന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കുകയും ചെയ്ത യഥാർത്ഥ സഖാവ്. ഏതോ സിനിമയിലെ ഡയലോഗ് കടമുത്താൽ “മറ്റു പലരെയും പോലെ പോടാ നേതാവായിരുന്നില്ല സഖാവ് പിണറായി, മറിച്ച് വാടാ നേതാവായിരുന്നു”.
കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതി മന്ത്രിമാരിലൊരാളായി ഭരണത്തിലും സുദീർഘമായ കാലം പാർട്ടി സംസ്ഥാന സെക്രട്ടറിയായി സംഘാടനത്തിലും അജയ്യത തെളിയിച്ചയാൾ. കഴിഞ്ഞ ഭരണകാലത്ത് കോവിഡ് മഹാമാരിയുടെ സന്ദർഭത്തിലും പ്രളയ സന്ദർഭത്തിലും -ഒട്ടേറെ വിമർശനങ്ങൾ ഈ കുറിപ്പുകാരനടക്കം ഉണ്ടെങ്കിലും- മികച്ച ക്രൈസിസ് മാനേജരായും സഖാവ് കീർത്തി നേടി.
എന്നാൽ ഇതേ സംഘാടനപാടവം അധികാര കേന്ദ്രീകരണത്തിലേക്ക് വ്യതിചലിച്ചതോടെ സ്റ്റാലിനിസത്തിൻ്റെ ലിബറൽ ഡെമൊക്രറ്റിക് വെർഷനായ വിജയനിസത്തിൻ്റെ യുഗം ആരംഭിക്കുന്നു. പാർട്ടിയല്ലാത്ത മറ്റൊന്നുമില്ലാത്ത ധർമടം മണ്ഡലത്തിൽപ്പോലും “എൽ.ഡി.എഫ് അല്ലാതെ മറ്റാര്” എന്ന കൂറ്റൻ ഹോഡിങ്ങുകൾ “വിജയനല്ലാതെ മറ്റാര്” എന്ന ഫീലാണ് സൃഷ്ടിച്ചത് എന്ന കാരണത്താലാവാം മണ്ഡലത്തിലെ വോട്ടുകൾ എട്ട് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴും പിണറായിക്കൊപ്പം പാർട്ടിയും നിന്ന് വിയർത്തതും ഒട്ടും അറിയപ്പെടാത്ത ഒരെതിർസ്ഥാനാർത്ഥിയോടുള്ള ഏറ്റുമുട്ടലിൽ ഭൂരിപക്ഷം അഞ്ചിലൊന്നായി ചുരുങ്ങിയതും.
തൻ്റെ തുടർച്ചയിൽ പാർട്ടിക്ക് നേതൃത്വം നൽകാൻ ഒരാളെ ഉയർത്തിക്കാണിക്കാൻ പോലും സാധിക്കാത്ത വിധം “എനിക്ക് ശേഷം പ്രളയം” (Après moi, le déluge) എന്ന മട്ടിലാണ് പാർട്ടിയെയും ഭരണത്തെയും അദ്ദേഹം മുന്നോട്ട് നയിച്ചത്. ഇനിയൊരു ക്രൂഷ്ചോവിന് സി.പി.ഐ (എം)ൽ എത്രത്തോളം സാധ്യതയുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഒരുപക്ഷേ ആ പാർട്ടിയുടെ തന്നെ ഭാവി. (പക്ഷേ, ഭരണത്തിലേക്ക് വരുന്നതിന് മുമ്പ് സ്റ്റാലിൻ്റെ വിനീതവിധേയനായിരുന്നു നികീതാ ക്രൂഷ്ചോവ്. സോവിയറ്റ് മിലിറ്ററി ഇൻ്റലിജൻസ് മേധാവിയായിരുന്ന പാവെൽ സുഡോപ്ലാറ്റോവിൻ്റെ Special Tasks: The Memoirs of an Unwanted Witness -A Soviet Spymaster എന്ന ഓർമപ്പുസ്തകത്തിൽ ഉക്രെയ്നിയൻ കമ്യൂനിസ്റ്റ് നേതാവ് അലക്സാന്ദർ ഷുംസ്കി മുതൽ ലിവോൻ ട്രോത്സ്കി വരെയുള്ളവരുടെ വധ ഗൂഢാലോചനകൾ പരാമർശിക്കപ്പെടുന്നുണ്ട്. സ്റ്റാലിനും ക്രൂഷ്ചോവിനും ലാസർ കഗനേവിച്ചിനും ഈ ഓപറേഷനുകളിൽ നേരിട്ട് പങ്കാളിത്തമുള്ളതായാണ് സുഡോപ്ലാറ്റോവ് എഴുതുന്നത്).
എന്തായാലും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം പാർട്ടി വ്യക്തി കേന്ദ്രിതമായി. ‘സഖാവ്’ എന്ന ജൈവികതയിൽ നിന്ന് ‘ക്യാപ്റ്റൻ’ എന്ന അരാഷ്ട്രീയതയിലേക്കുള്ള സ്വന്തം “പതന”ത്തെ ഒരു റൂളിങ് ക്ലാസ് അരിസ്റ്റോക്രാറ്റിൻ്റെ മനോഭാവത്തോടെ ആസ്വദിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് വേണം കരുതാൻ. ബുദ്ധിജീവികൾക്ക് അദ്ദേഹം നവകേരള നായകനായിരുന്നു. സാധാരണക്കാർക്കാണെങ്കിൽ കാരണഭൂതൻ, ദൈവം… എല്ലാം അരാഷ്ട്രീയ വാഴ്ത്തുകൾ.
സഖാവിൻ്റെ ഒരു പ്രസ്താവനയെത്തുടർന്ന് സോഷ്യൽ മീഡിയാ ഹാൻഡിലുകൾ ഏറ്റെടുത്ത ‘ഇരട്ടച്ചങ്കൻ’ എന്ന പരിഹാസത്തെപ്പോലും ‘നിർവ്രീഡസ്യ ജഘനേ ജാതഃ വടവൃക്ഷഃ ഇവ’ എന്നതു പോലെ അലങ്കാരമായി കൊണ്ടുനടക്കുകയാണ് സൈബർ ചാവേറുകൾ ചെയ്തത്. ‘അകീർത്തിരേവ ഭൂഷണം – യസ്യ ഗതിഹീനതാ ഗതിഃ’ എന്നും തോന്നും ചിലപ്പോൾ സൈബർ സോൾജ്യേഴ്സിൻ്റെ വായ്ത്താരി കേട്ടാൽ. പണ്ടൊരു വില്ലടിച്ചാൻ പാട്ടിൻ്റെ പേരിൽ പി ജയരാജന് താക്കീത് നൽകിയ അതേ പാർട്ടി തന്നെ വിജയമാഹാത്മ്യത്തിരുവാതിരകളുടെ പരമ്പരകൾ അരങ്ങേറ്റി. മാധ്യമ പ്രവർത്തകരോട് “കടക്കു പുറത്തെ”ന്ന് കൽപിച്ച തമ്പുരാൻ തിരുമനസ്സ് ചോദ്യം ചോദിച്ചവനോട് “വീട്ടിൽപ്പോയി ചോദിക്കാ”ൻ പറഞ്ഞു.
പത്ത് കൊല്ലത്തിന് മുമ്പ് കേരളം തന്നെ ഇല്ലായിരുന്നെന്ന് തോന്നുന്ന വിധത്തിലായിരുന്നു പലപ്പോഴും പാർട്ടിയുടെ അവകാശവാദങ്ങൾ. സഖാക്കൾ വി കുഞ്ഞികൃഷ്ണൻ, ടി.കെ ഗോവിന്ദൻ, ജി സുധാകരൻ എന്നിവരുടെ വൻവിജയങ്ങളും ഈ തമ്പുരാൻ വാഴ്ചക്കെതിരായ പാർട്ടി അണികളുടെ തന്നെ പ്രതികരണമാണ്.
പബ്ലിക് റിലേഷൻസ് വകുപ്പ് ക്യാപ്റ്റൻ്റെ മുഖപ്രചാരണത്തിനുള്ള വേദിയായി മാറി. “എൽ.ഡി.എഫ് അല്ലാതെ മറ്റാര്” എന്ന ചോദ്യത്തിലെല്ലാം അതേ മുഖം തുന്നിച്ചേർത്തു. ഇമെയ്ജുകളുടെ പ്രചാരണവും അധികാര കേന്ദ്രീകരണവും തമ്മിൽ ബന്ധമുണ്ട്. ഇന്ദ്രപ്രസ്ഥത്തിലെ തമ്പുരാൻ ചെയ്യുന്ന അതേ വിക്രിയകളാണ് ഇക്കാര്യത്തിൽ അനന്തപുരിയിലെ ക്യാപ്റ്റനും ചെയ്തത്.
ചരിത്രത്തിലെ ഏകാധിപതികളിൽ പലരും ‘സ്വവദന ഭക്തർ’ ആയിരുന്നെന്ന് കാണാം. ഒരുതരം നാഴ്സിസം. എന്നാൽ കേരളത്തിലെ ജനാധിപത്യ വ്യവസ്ഥയിൽ ‘മുഖ’ചിത്രങ്ങൾ പ്രവർത്തിച്ചത് ഏകാധിപത്യ സമൂഹങ്ങളിലേത് പോലെയായിരുന്നില്ല. പ്രതിപക്ഷ പ്രചാരണങ്ങൾ പിണറായി വിരുദ്ധതയെ പ്രത്യക്ഷത്തിൽ വല്ലാതെയൊന്നും ആശ്രയിച്ചതായി തോന്നിച്ചില്ലെങ്കിലും മുഖ്യമന്ത്രിയുടെ മുഖചിത്രങ്ങൾ ലാവ്ലിൻ മുതൽ കരിമണൽ മാസപ്പടി വരെയുള്ളവയുടെ ഓർമച്ചിത്രങ്ങളാക്കി മാറ്റുന്നതിൽ അവർ വിജയിച്ചുവെന്ന് വേണം കരുതാൻ.
എന്തായാലും ഒരു ഇടത് ഭരണത്തുടർച്ചക്ക് വേണ്ടിയല്ല സി.പി.ഐ (എം) ഉം മുന്നണിയും വോട്ട് തേടിയത്. മൂന്നാം പിണറായി സർക്കാറിന് വേണ്ടിയാണ്. അത് വേണ്ടെന്ന് തീരുമാനിച്ച വോട്ടർമാരിൽ പാർട്ടി അണികളും അനുഭാവികളും ഉൾപ്പെടും താനും.
വികസനത്തെക്കുറിച്ച അവകാശവാദങ്ങളും ജനം അംഗീകരിച്ചില്ല. വികസനത്തോടുള്ള ഭ്രമം കടക്കെണിയായി ജീവിതത്തെ ചുറ്റിവരിയുന്നത് കാണാത്തവരല്ലല്ലോ അവർ. 2016ൽ നിന്നും 2026ലേക്കെത്തുമ്പോൾ കേരളത്തിൻ്റെ കടം മൂന്നിരട്ടിയിൽ അധികമായി വർദ്ധിച്ചു. ഇത് ബജറ്റിനെയും കാര്യമായി ബാധിച്ചിരിക്കുമല്ലോ. വരുമാനത്തിൻ്റെ കാൽ ഭാഗത്തോളം പലിശ അടക്കാൻ നീക്കിവെക്കണ്ടി വരുന്നു എന്നത് ചെറിയ കാര്യമല്ല. പോരാത്തതിന് കേരളീയം, ലോക കേരള സഭ, നവകേരള യാത്ര തുടങ്ങിയ മാമാങ്കങ്ങൾക്കും പ്രൊപഗൻഡകൾക്കും വേണ്ടി ധൂർത്തടിച്ച തുക കടപ്പെരുപ്പത്തിൻ്റെ സകല ന്യായങ്ങളെയും അസാധുവാക്കുന്നു.
സാമ്പത്തിക പ്രതിസന്ധി കാരണം ക്ഷേമ പെൻഷനുകൾ മുടങ്ങുകയും ട്രഷറി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുമ്പോഴും മന്ത്രിമാർക്ക് പുതിയ കാർ വാങ്ങുക, കോടികൾ ചെലവഴിച്ച് മന്ത്രിമന്ദിരങ്ങൾ നവീകരിക്കുക, ഫലപ്രാപ്തിയില്ലാത്ത വിദേശയാത്രകൾ നടത്തുക തുടങ്ങിയ ധൂർത്തുകളും അരങ്ങേറി.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട തികച്ചും പ്രതിലോമകരമായ നിലപാടുകളാണ് കൊട്ടിപ്പാടുന്ന വികസനത്തിൻ്റെ മറുപുറം. മഹാപ്രളയങ്ങൾ തുടർച്ചയായി വന്നിട്ടും പശ്ചിമഘട്ട സംരക്ഷണം നിലനിൽപിൻ്റെ തന്നെ അനിവാര്യതയായി മാറിയിട്ടും സൈബറിടങ്ങളിൽ പരിസ്ഥിതി എന്ന പദം കേൾക്കുമ്പോഴേക്കും ആക്രോശിച്ചു ചാടിവീഴുന്നവരായി സഖാക്കൾ മാറിയത് അദ്ഭുതകരമായിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെ കൃത്യമായി അടയാളപ്പെടുത്തിയവരാണ് സഖാക്കൾ കാൾ മാർക്സും ഫ്രീദ്രിച് എംഗൽസും. ജർമൻ സോഷ്യലിസ്റ്റുകളുടെ ഗോഥാ പ്രോഗ്രാമിനെ വിമർശിക്കുമ്പോൾ, മൂല്യങ്ങളുടെ പ്രഥമ സ്രോതസ്സ് പ്രകൃതിയാണെന്ന് സമർത്ഥിക്കുന്നുണ്ട് മാർക്സ്.
അധ്വാനമാണ് പ്രഥമം എന്ന, ഗോഥാ പ്രോഗ്രാമിൻ്റെ കാഴ്ചപ്പാടിനെ തിരുത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, നിരുപാധികം മൂല്യങ്ങളുടെ സ്രോതസ്സ് ആണ് പ്രകൃതി. അധ്വാനത്തിന് ആ സ്ഥാനം കിട്ടുക അത് പ്രകൃതി നൽകുന്ന ഉപാധികളിൽ പ്രയോഗിക്കുമ്പോൾ മാത്രമാണ്. മാർക്സ് യൂസ് വാല്യൂ അഥവാ ഉപയോഗ മൂല്യം എന്ന് പറയുമ്പോൾ, ഒരു വസ്തുവിൻ്റെ പ്രഥമ മൂല്യമായി വരുന്നത് നേച്വറൽ വാല്യൂ (പ്രകൃതമൂല്യം) ആണ്. അതിൽ അധ്വാനശേഷി പ്രയോഗിക്കുമ്പോഴാണ് അത് ചരക്കായി (commodity) മാറുന്നത്. അപ്പോൾ മാത്രമാണ് അതിന് എക്സ്ചെയ്ഞ്ച് വാല്യൂ അഥവാ വിനിമയ മൂല്യവും വിലയും ലാഭവും കൈവരുന്നത്. ഈ അധ്വാനശക്തിയിൽ ഒരു ഭാഗം മിച്ചമൂല്യമായി മാറുന്നതാണ് മുതലാളിത്തത്തിൻ്റെ ആധാരം.
ചുരുക്കിപ്പറഞ്ഞാൽ മാർക്സിസത്തിൻ്റെ പരികൽപനകളെ ചില ശീർഷകങ്ങളിലേക്ക് ചുരുക്കിയാൽ അതിൽ ഒന്നാമത്തെത് പ്രകൃതിയായിരിക്കും. മനുഷ്യാധ്വാനത്തിന് രണ്ടാം സ്ഥാനമാണുള്ളത്. ഉടമസ്ഥതയെക്കുറിച്ച ചർച്ചകളാണ് മൂന്നാമത്തെ ശീർഷകം. മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഡയലക്റ്റിക്കൽ ആണെങ്കിൽ മുതലാളിത്തത്തിൽ അത് എക്സ്പ്ലോയ്റ്റേറ്റിവ് ആണ്. ദൗർഭാഗ്യവശാൽ സർക്കാറിൻ്റെ പാരിസ്ഥിതിക സമീപനം തന്നെ എക്സ്പ്ലോയ്റ്റേറ്റിവ് ആയിരുന്നെന്ന് തോന്നും.
ഈ ഡയലക്റ്റിക്കൽ റിലേഷൻഷിപ്പിനെയാണ് പരിസ്ഥിതിവാദികൾ മെറ്റബോളിക് ഇൻ്ററാക്ഷൻ എന്ന് വിളിക്കുന്നത്. മുതലാളിത്ത വികസനം സൃഷ്ടിക്കുന്ന ആഘാതമാകട്ടെ, ഈ ജൈവപാരസ്പര്യത്തിൽ വിള്ളൽ സൃഷ്ടിക്കുന്നു അഥവാ മെറ്റബോളിക് റിഫ്റ്റ് ഉണ്ടാക്കുന്നു. ഈ വിള്ളൽ (റിഫ്റ്റ്) വർദ്ധിപ്പിക്കുന്ന സമീപനമാണ് പ്രകൃതിയുടെ നേരെ പിണറായിസം സ്വീകരിച്ചു വന്നിട്ടുള്ളത്.
പരാജയത്തിൻ്റെ പടുകുഴിയിലേക്ക് സി.പി.ഐ (എം) നെ തള്ളിവീഴ്ത്തിയ മറ്റൊരു ഘടകം വെള്ളാപ്പള്ളി നടേശനാണ്. വായിലൂടെ വർഗീയതയുടെ ധൂസരമാലിന്യം സദാ വിസർജിക്കുന്ന, സ്വന്തം സമുദായത്തിൽത്തന്നെ അത്രയൊന്നും സ്വീകാര്യനല്ലാത്ത ഒരാളുമായുള്ള ചങ്ങാത്തം പാർട്ടിക്ക് നഷ്ടമല്ലാതൊന്നും നേടിക്കൊടുത്തില്ല. ഒരു ഭാഗത്ത് അയാളുടെ അസഭ്യങ്ങൾക്ക് നിരന്തരം ഇരയായിക്കൊണ്ടിരുന്ന മുസ്ലിം സമുദായം പാർട്ടിയിൽ നിന്ന് അകന്നു. സംവരണത്തിലെ അട്ടിമറി തൊട്ടുള്ള നടപടികൾ പൊതുവെ തന്നെ മുസ്ലിംകളെയും ദലിതരെയും മറ്റ് പിന്നോക്ക വിഭാഗങ്ങളെയും അസ്വസ്ഥരാക്കിയിരുന്നു. ഒപ്പം ആഭ്യന്തര വകുപ്പിൻ്റെയും പൊലീസിൻ്റെയും ഏകപക്ഷീയ നടപടികളും സമുദായങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ഇതിനും പുറമേ, പാലായിലെയും താമരശ്ശേരിയിലെയും തിരുമേനിമാരുടെ വിഷലിപ്ത പ്രസ്താവനകൾക്കെതിരെ നടപടികൾ കൈകൊണ്ടില്ലെന്നതോ പോകട്ടെ, അവർ സൃഷ്ടിച്ച എരിതീയിൽ എണ്ണയൊഴിക്കുന്നതിന് വാസവൻ, വിജയരാഘവൻ, സജി ചെറിയാൻ, എ.കെ ബാലൻ തുടങ്ങിയ മന്ത്രിമാർ മത്സരിക്കുകയും ചെയ്തു.
ഇതെല്ലാം സൃഷ്ടിച്ച വിള്ളലുകൾക്ക് മേലെയാണ് ‘രാജരഥ’മേറി നടേശ പ്രഭുവിൻ്റെ അവതാരം. പലപ്പോഴും അയാളെ ആദരിക്കുന്ന ചടങ്ങുകളിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തതും അയാളെ വാഴ്ത്തിയതും അയാൾ സൃഷ്ടിച്ച മുറിവുകൾ ഉണങ്ങുന്നതിന് മുമ്പേയായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇത്തരം നടപടികൾ മുസ്ലിംകളിൽ സൃഷ്ടിച്ച അരക്ഷിത ബോധം മതേതര സ്വഭാവം നിലനിർത്തുന്ന ഭൂരിപക്ഷ സമുദായത്തിൻ്റെ വോട്ടുകളായി മാറിയതുമില്ല. ഇത്തരം പ്രവണതകളിൽ പൊതുവെ തത്പരരല്ല മലയാളികൾ എന്ന കാര്യം ക്യാപ്റ്റൻ തിരിച്ചറിഞ്ഞില്ലെന്ന് തോന്നുന്നു.
ഈ ജനവിധി കേവലം ഒരു അധികാരക്കൈമാറ്റമല്ല. മറിച്ച്, ജനാധിപത്യവിരുദ്ധമായ പ്രവണതകൾക്കും അധികാരഗർവിനും എതിരായ ഒരു തിരുത്തൽ കൂടിയാണ്. ‘അജയ്യർ’ എന്ന് കരുതിയവർ പോലും ജനകീയ കോടതിയിൽ വിചാരണ ചെയ്യപ്പെടുമെന്ന വ്യക്തമായ സന്ദേശമാണിത് നൽകുന്നത്.
ഇന്ത്യയിൽ ശക്തമായ ഒരു ഇടതുപക്ഷത്തിൻ്റെ സാന്നിധ്യവും സ്വാധീനവും എത്രത്തോളം അനിവാര്യമാണെന്ന് തിരിച്ചറിയാത്തവരല്ല ഇപ്പോൾ എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്തത്. സത്യത്തിൽ ഇടത് ശരിക്കും ഇടതായി മാറാനുള്ള ഷോക് ട്രീറ്റ്മെൻ്റാണ് ജനം നൽകിയതെന്ന് തിരിച്ചറിഞ്ഞാൽ അവർക്കും കേരള രാഷ്ട്രീയത്തിനും പ്രയോജനപ്രദമായ വിലയിരുത്തലാവും അത്. അതേസമയം ഇനിയും ‘പിന്നിലെ ജമാഅത്തെ ഇസ്ലാമി’യെ കണ്ടെത്താനുള്ള കണ്ണടയുമായാണ് ഇരിക്കുന്നതെങ്കിൽ…
നിങ്ങൾക്ക് മുന്നിൽ ഇരുട്ട് മാത്രമേ ബാക്കിയുണ്ടാവൂ.
