ജോണി വാക്കര്‍ എന്ന സിനിമയില്‍ ഒരു വെസ്റ്റേണ്‍ ഇമേജ് കൊണ്ടുവരാന്‍ അതിന്റെ സംവിധായകന്‍ ജയരാജ് ശ്രമിച്ചിരുന്നു എന്ന കാര്യം വളരെ എവിഡെന്റ് ആണ്.. ആ സിനിമയിലെ ജിയോഗ്രഫിയില്‍, കോസ്റ്റ്യൂമുകളില്‍, തൊപ്പികളില്‍, കുതിരകള്‍, ജീവിത സാഹചര്യങ്ങളില്‍ ഒക്കെ അത്തരം പരീക്ഷണങ്ങള്‍ കൊണ്ടുവന്നിരുന്നു. വെസ്റ്റേണ്‍ സിനിമകളിലെ ഒരു പരിസരം പലയിടത്തും ആ സിനിമയില്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. കുടിക്കുന്ന മദ്യം വരെ അത്തരത്തിലായിരുന്നു. ഈ വെസ്റ്റര്‍നൈസേഷനോടുള്ള ഒരു താല്‍പര്യം കൊണ്ടായിരിക്കാം പിന്നീട് ജയരാജ് എന്ന സംവിധായകന്‍ ഹൈവേ എന്ന സിനിമയിലും അത്തരം ഒരു ആറ്റ്‌മോസ്ഫിയര്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്.
ജോണി വാക്കര്‍ എന്ന സിനിമയിലെ പാട്ടുകളും ഒരു നോണ്‍ കേരള മൂഡ് സെറ്റ് ചെയ്യുന്നതില്‍ വലിയ പങ്കുണ്ടെന്ന് തോന്നുന്നു. ”ചെമ്മാനം പൂമച്ചം ‘ എന്ന പാട്ടിലെ ആ ഫോക് സെറ്റിങ്ങില്‍ മലയാളത്തിന് പുറത്തുള്ള ഒരു ആറ്റ്‌മോസ്ഫിയറിലേക്ക് നമ്മളെ ആ പാട്ട് വലിച്ചുകൊണ്ടുപോകുന്നു. ആ സിനിമയിലെ ദൃശ്യതയിലെ വേഷങ്ങളും ഒരു വെസ്റ്റേണ്‍ സിനിമകളിലേതുപോലെയാണ്. അതുപോലെ തന്നെ ”പൂമാരിയില്‍” എന്ന പാട്ടിലെ രാജസ്ഥാനി സെറ്റിങ്ങിലെ ഫോക് ടച്ചും നമ്മളെ വല്ലാതെ ആ പാട്ടിലേക്ക് അടുപ്പിച്ച് കളയും. ”ചാഞ്ചക്കം തെന്നിയും” എന്ന ബാംഗ്ലൂരില്‍ നിന്നു കേരളത്തിലേക്കുള്ള ബൈക്ക് സോങ്ങ് തൊണ്ണൂറുകളിലെ മോഡേണിറ്റിയുടെ യുവത്വത്തിന്റെ വിഷ്വലൈസേഷനില്‍ ഐക്കോണിക് ആണ്. ഒരുപക്ഷേ ഇറങ്ങിയ കാലത്ത് ഈ സിനിമ അത്രയ്ക്ക് സ്വീകരിക്കപ്പെടാത്തതിന്റെ കാരണം ഈ സിനിമയുടെ നോണ്‍-മലയാളി മോഡേണിറ്റിയും ആയിരിക്കാം. ”ശാന്തമീ രാത്രിയില്‍” എന്ന പാട്ടിലെ ഫ്‌ലൂട്ടിന്റെ ശബ്ദം മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇങ്ങനെ കൊളുത്തിവലിക്കും.
മലയാളത്തിലെ ഗാംഗ്സ്റ്റര്‍ സിനിമകളില്‍ ഐക്കോണിക് കള്‍ട്ട് സ്റ്റാറ്റസ് ഉള്ള ഒരു ചിത്രം ആണ് കൗരവര്‍. ഒരുപക്ഷേ ബാബു ആന്റണി, ഭീമന്‍ രഘു, മമ്മൂട്ടി, തിലകന്‍ തുടങ്ങിയവരുടെ നോണ്‍-മലയാളി മാസ്‌കുലിനിറ്റിയിലെ വയലന്‍സ് ഏറ്റവും കൂടുതല്‍ ആഘോഷിച്ച സിനിമ. ഇന്നും അത് ഒരു കള്‍ട്ട് ഗാംഗ്സ്റ്റര്‍ സിനിമയായി നിലനില്‍ക്കുന്നതിന് അതിലെ അഭിനേതാക്കളുടെ ഇന്റര്‍നാഷണല്‍ ബോഡി ലാംഗ്വേജും കാരണം ആയിരിക്കാം. ആ സിനിമയിലെ ഈ നടന്മാരുടെ കോസ്റ്റ്യൂമുകളും രാത്രിയിലെ ഷോട്ടുകളുടെ ലൈറ്റിംഗുകളും ഒക്കെ ചേര്‍ത്തുണ്ടാക്കിയ അപാരമായ സെറ്റിങ്ങുകള്‍ പലപ്പോഴും ജോഷി എന്ന സംവിധായകന്‍ ഗംഭീരമായി സൃഷ്ടിച്ചിട്ടുണ്ട്. ഗാംഗ്സ്റ്റര്‍ വയലന്‍സ് അതിഗംഭീരമായി അവതരിപ്പിച്ച കിടിലന്‍ സിനിമ കൂടെയായിരുന്നു കൗരവര്‍. ആ സിനിമയിലെ ആണ്‍കൂട്ടങ്ങളുടെ വലിയ യുദ്ധങ്ങള്‍ക്കിടയിലെ ”മുത്തുമണി തൂവല്‍ തരാം” എന്ന വെങ്കിടേഷിന്റെ പാട്ടിന്റെ പ്ലേസ്മെന്റ് അന്നത്തെ പ്രേക്ഷകരെ ഇമോഷണലി കണക്ട് ചെയ്യുന്നതില്‍ വലിയ പങ്കുവഹിച്ചു. മമ്മൂട്ടിയുടെ ഒരു വെസ്റ്റേണ്‍ ബോഡി ലാംഗ്വേജ്, ആ പാട്ടും അതിന്റെ ദൃശ്യവും അത്രയ്ക്ക് മനോഹരമായി ബ്ലെന്‍ഡ് ചെയ്തിരുന്നു. ആ വിഷ്വല്‍ കണ്ടാല്‍ മാത്രമേ ആ പാട്ട് പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയൂ എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകും. എസ് പി വെങ്കിടേഷിന്റെ പാട്ട്, വിഷ്വലിലൂടെ ഹൈ ആകുന്ന സീന്‍ ആണ് കൗരവറിലേത്. ജോഷിയുടെ തന്നെ സൈന്യം എന്ന സിനിമയിലെ ‘ബാഗി ജീന്‍സും ഷൂസുമണിഞ്ഞും എന്ന പാട്ടും മലയാളിയുടെ സാംസ്‌കാരികതയെ തന്നെ പോസ്റ്റ് ഗ്ലോബലൈസേഷന്‍ കാലത്ത് അട്ടിമറിച്ചതായിരുന്നു.
ഒരുപക്ഷേ ”വിണ്ണിലെ ഗന്ധര്‍വ വീണകള്‍” എന്ന രാജാവിന്റെ മകനിലെ ഒരു പാട്ടിലൂടെ എറണാകുളം എന്ന വളര്‍ന്നു വരുന്ന മെട്രോയുടെ നഗരദൃശ്യങ്ങള്‍ വലിയ രീതിയില്‍ ദൃശ്യതപ്പെടുന്നു. മോഹന്‍ലാലിന്റെ ഒരു അണ്ടര്‍വേള്‍ഡ് നേതാവിന്റെ എറണാകുളം നഗരവുമായി ചേര്‍ന്നുള്ള ചരിത്രപരമായ വിഷ്വലൈസേഷന്‍ തമ്പി കണ്ണന്താനം ഈ സിനിമയില്‍ കൊണ്ടുവന്നിട്ടുണ്ട്. പിന്നീട് ഇന്ദ്രജാലം എന്ന സിനിമയിലെ ബോംബെ എന്ന നഗരത്തിന്റെ അധോലോക നാഗരികജീവിതം ”വില്‍ക്കാനുണ്ടോ സ്വപ്നങ്ങള്‍” എന്ന പാട്ടിലും ദൃശ്യതപ്പെടുന്നു. ഈ രണ്ട് സോങ്ങുകളും രണ്ട് നഗരങ്ങളെ ആ തരത്തില്‍ ആഘോഷിക്കുകയോ വിഷ്വലൈസ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഈ രണ്ട് പാട്ടുകളിലെയും തനി മലയാളിയല്ലാത്ത ശബ്ദങ്ങള്‍ നമ്മളെ ആ നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഇത് രണ്ടും കമ്പോസ് ചെയ്തതും എസ് പി വെങ്കിടേഷ് തന്നെ ആയിരുന്നു. നാടോടി എന്ന സിനിമയിലെ ‘ ജൂമ്പ.. ജൂമ്പ..’ എന്ന പാട്ടും രാത്രിയുടെ സെറ്റിങ്ങും സില്‍ക്ക് സ്മിതയുടെ ഡാന്‍സും ഒക്കെ എജ്ജാതി പൊളി ആണ്.
ഒരു സംഗീതകാരനായി നമ്മളെ നമ്മുടേതല്ലാത്ത പല സംസ്‌കാരങ്ങളിലേക്കും ജിയോഗ്രഫികളിലേക്കും നഗരങ്ങളിലേക്കും ജീവിതങ്ങളിലേക്കും തന്റെ പാട്ടുകളിലൂടെ കൈപിടിച്ച് കൊണ്ടുപോയ ഒരു ഉഗ്രന്‍ മനുഷ്യന്‍ കൂടെയായിരുന്നു എസ്. പി. വെങ്കിടേഷ്. കിലുക്കം എന്ന സിനിമയിലെ ”മീന വേനലില്‍” എന്ന പാട്ടിലെ ചില വെസ്റ്റേനൈസ്ഡ് വിഷ്വലൈസേഷനുകളും അവയിലെ ശബ്ദങ്ങളും അതിനു ഉദാഹരണങ്ങളാണ്. രവീന്ദ്രനും ജോണ്‍സണും ഒക്കെ മഹാ മേരുക്കളായി ജീവിച്ചിരുന്ന ഒരു കാലത്ത് തന്റെ മൈനൂട്ട് ആയ ശബ്ദങ്ങളിലൂടെ ലഹരികള്‍ തീര്‍ത്ത് ടോക്‌സിഫൈ ചെയ്തു അടിമകളാക്കി ഞങ്ങളുടെ കൗമാരത്തെ ബോംബെയിലേക്കും കൊച്ചിയിലേക്കും രാജസ്ഥാനിലെ നാടോടിത്തത്തിലേക്കും വെസ്റ്റേണ്‍ കള്‍ച്ചറിലേക്കും കൊണ്ടുപോയ എസ്. പി. വെങ്കിടേഷ് കടന്നുപോകുന്നതോടെ ഞങ്ങളുടെ കൗമാരവും അവസാനിക്കുകയാണ്. പക്ഷേ അദ്ദേഹത്തിന്റെ ആ പാട്ടുകള്‍ നിലനില്‍ക്കുന്നിടത്തോളം ആ കൗമാരങ്ങളുടെ ആത്മാവുകളും ഇവിടെ എവിടെയൊക്കെയോ നമ്മളില്ലാതാകുന്നത് വരെ ഉണ്ടാകും.
സ്വര്‍ഗത്തിലെ ശാന്തമായ രാത്രിയില്‍ എസ് പി വെങ്കിടേഷ് വാദ്യഘോഷാദികളുമായി ഒരു പൊളി പൊളിക്കാന്‍ ചിലപ്പോള്‍ റെഡി ആകുന്നുണ്ടാകും. വിണ്ണിലെ ഗന്ധര്‍വ്വ വീണകള്‍ ഇന്ന് രാത്രി തീര്‍ച്ചയായും പാടും.
