ഇന്ത്യക്കാരുടെ പ്രധാനമന്ത്രി പദവും അതിലെ ആദ്യത്തെയാളിന്റെ സാമൂഹിക ബോധവും, 80 വര്‍ഷത്തിനിപ്പുറം (1946 -2026) പദവിയില്‍ ഇരിക്കുന്ന വ്യക്തിയുടെ വാക്കും പ്രവര്‍ത്തിയും താരതമ്യം ചെയ്യാന്‍ കഴിയാത്തവിധം അന്തരമുണ്ട് എന്ന് ഹിന്ദുത്വ ഭ്രാന്ത് ബാധിക്കാത്ത ആരും സമ്മതിക്കും. മാനവികതയുടെയും സാഹോദര്യത്തിന്റെയും ശാസ്ത്രബോധത്തിന്റെയും യുക്തിവാദത്തിന്റെയും വക്താവായിരുന്ന ആളില്‍ നിന്ന്, സ്വന്തം വിദ്യാഭ്യാസ യോഗ്യതയില്‍ പോലും ദുരൂഹത നിലനിര്‍ത്തി വരുന്നു ഇന്നത്തെ പ്രധാനമന്ത്രി!
2002 ലെ ഗുജറാത്ത് കലാപാനന്തര ക്യാമ്പുകളെ മുന്‍നിര്‍ത്തി ‘Baby-Producing Factories’ എന്ന വിശേഷണം, 2013 ജൂലൈയിലെ ‘പട്ടി കുട്ടികള്‍ വീലുകള്‍ക്ക് ഇടയിലായാല്‍’ (ഗുജറാത്ത് കലാപത്തില്‍ മരിച്ചവരെ പറ്റി പരാമര്‍ശിക്കുമ്പോള്‍), വഖഫ് ബോര്‍ഡ് സ്വത്തുക്കള്‍ കൊള്ളയടിക്കാതിരുന്നിരുന്നു എങ്കില്‍ മുസ്ലിം യുവജനങ്ങള്‍ക്ക് തൊഴില്‍ ഉണ്ടാക്കി കൊടുക്കാന്‍ അതുമതിയാകുമായിരുന്നു, പ്രതിപക്ഷ നേതാക്കളെ Jersey cow and hybrid calf എന്ന് വിശേഷിപ്പിച്ചത്, താന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട വ്യക്തിയാണ്, കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മംഗള സൂത്രം പൊട്ടിച്ചു കടത്താന്‍ അവസരം ഉണ്ടാകും, രാമക്ഷേത്രം താഴിട്ടു പൂട്ടാന്‍ ആളുകള്‍ എത്തും എന്നിങ്ങനെ പോകുന്നു നരേന്ദ്ര മോദിയുടെ അഭിപ്രായ പ്രകടനങ്ങള്‍!
ഏറ്റവും അവസാനം അദ്ദേഹത്തിന്റ ഇന്ത്യന്‍ നാരിവാലകള്‍ക്കായി നടത്തിയ വിലാപങ്ങളുടെ അര്‍ഥ ശൂന്യത വ്യക്തമാക്കുവാന്‍ ആര്‍എസ്എസിന്റെയും വിഡി സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും സമീപനങ്ങള്‍ സഹായിക്കാം. ആര്‍എസ്എസില്‍ സ്ത്രീകള്‍ക്ക് അംഗത്വമില്ല. സവര്‍ക്കറുടെ സ്ത്രീകളോടുള്ള നിലപാട് വ്യക്തമാകുവാന്‍ Six Glorious Epochs of Indian History എന്ന പുസ്തകം ശ്രദ്ധിച്ചാല്‍ മതി. അവിടെ മുന്‍കാല ഹിന്ദു രാജാക്കന്മാര്‍, തങ്ങള്‍ പരാജയപ്പെടുത്തിയ, മുസ്ലിം ചേരിയിലെ സ്ത്രീകളെ ലൈംഗികമായി പീഠിപ്പിക്കാന്‍ തയ്യാറാകാത്തതിനെ വിമര്‍ശിച്ചു. Rape is a Political tool എന്നാണ് സവര്‍ക്കാര്‍ ആര്‍എസ്എസ്സുകാരെയും ഹിന്ദു മഹാസഭക്കാരെയും പഠിപ്പിച്ചത്. മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ ആരായിരുന്നാലും അവരെ ശത്രുക്കളായി പരിഗണിക്കണമെന്നും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാകണമെന്നും അയാള്‍ പുസ്തകത്തില്‍ പറയുന്നു. ഇതിനെ തള്ളിപ്പറയാന്‍ മടിക്കാത്ത മോദിയും സംഘവും സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കണമെന്ന് ആവര്‍ത്തിച്ച് പറയാറുണ്ട്.
ഗോള്‍വാള്‍ക്കര്‍ എന്നആര്‍എസ്എസിന്റെ രണ്ടാം സംഘചാലക് സവര്‍ക്കറും ഒട്ടും മോശമല്ലാത്ത സ്ത്രീവിരുദ്ധതയുടെ പര്യായമാണ്. അയാള്‍ 1960 ഡിസംബര്‍ 17 ന് ഗുജറാത്ത് സര്‍വ്വകലാശാലയിലെ സോഷ്യല്‍ സയന്‍സ് വകുപ്പില്‍ നടത്തിയ പ്രസംഗത്തില്‍ മലയാളി സ്ത്രീകളെ പറ്റി നടത്തിയ പ്രസ്ഥാവന കുപ്രസിദ്ധമാണ്. ‘വിവാഹം കഴിഞ്ഞ സ്ത്രീകള്‍ ബ്രാഹ്മണരില്‍ നിന്ന് ഗര്‍ഭം ധരിക്കുവാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും നല്ല തലമുറ ഉണ്ടാകാനുള്ള അവരുടെ ഇംഗിതത്തെ Cross breading എന്ന തരത്തില്‍ പരിഗണിക്കണം’ എന്നുമാണ് അയാള്‍ പ്രസംഗിച്ചത്. ആര്‍എസ്എസ് എന്ന ഭീകര സംഘടനയുടെ ഭാഗമായവര്‍ക്കെ ഇങ്ങനെ ഒക്കെ പറയാന്‍ കഴിയൂ.
ഇന്ത്യയുടെ ഇന്നത്തെ പ്രധാനമന്ത്രി തന്റെ രാഷ്ട്രീയ പൂര്‍വ്വികര്‍ ഉയര്‍ത്തിയ ആശയങ്ങളില്‍ അഭിമാനപുളകിതനായി വാഴുമ്പോള്‍, അദ്ദേഹത്തിന്റെ മാതൃകാ രാജ്യത്തെ ശൂര്‍പ്പണക, താടക വധവും സീതയെ ഉപേക്ഷിക്കലും ഭഗവത് ഗീതയില്‍ പാപയോനികളായി സ്ത്രീകളെ പരിഗണിക്കുന്നതും എല്ലാം മാതൃകയായി വാഴ്ത്തി വരുമ്പോഴാണ് അതെ നാവുകൊണ്ട് സ്ത്രീ സംവരണത്തെ പറ്റി നിലവിളിക്കുവാന്‍ മടിക്കാത്തത്.
