August 14 Friday 2026

ആര്‍എസ്സ്എസ്സും ലീഗും ഭരണത്തിലെ ഇടപെടലുകളും

കേരളത്തിലെ ഭരണ മാറ്റവുമായി ബന്ധപ്പെട്ട്, മുസ്‌ലിം ലീഗിനെ പ്രമുഖ സ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ആര്‍എസ്എസ്സ് – ബിജെപി സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വിദ്വേഷ പ്രചരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ‘കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയാല്‍ മുസ്‌ലിം ലീഗ് ആയിരിക്കും സംസ്ഥാനം ഭരിക്കുക’ എന്നും, ‘വിദ്യാഭ്യാസം ലീഗിന് നല്‍കരുതെ’ന്നും ഉള്ള കാമ്പൈനുകളാണ് അതില്‍ പ്രധാനം.

22 എംഎല്‍എമാരുമായി യുഡിഎഫ് ഭരണകക്ഷിയില്‍ സുപ്രധാന പ്രാതിനിധ്യം വഹിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് കേരളത്തിന്റെ ഭരണനേതൃത്വത്തെ സംബന്ധിച്ച് അഭിപ്രായം പറയാനും അതിനകത്ത് സമ്മര്‍ദ്ദം ചെലുത്താനും സവിശേഷ വകുപ്പുകള്‍ ആവശ്യപ്പെടാനും ഉള്ള അവകാശം നിലനില്‍ക്കെയാണ് ബിജെപി തങ്ങളുടെ വിദ്വേഷ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. അതേസമയം, കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രകോപനപരമോ, നിര്‍ബന്ധം ചെലുത്തുന്നതോ ആയ ഒരു പ്രസ്താവനയും ലീഗിന്റെ ഭാഗത്തുന്നിനും ഉണ്ടായിട്ടുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് രാജ്യത്തെ മുസ്‌ലിംകളെ മൊത്തത്തില്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വെറുപ്പ് നിറഞ്ഞ പ്രസ്താവനയുമായി സംഘപരിവാരങ്ങള്‍ ഇറങ്ങിയിരിക്കുന്നത്.

ഈയൊരു സന്ദര്‍ഭത്തില്‍ പ്രത്യേകം ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. നിലവില്‍ ഒരു തരത്തിലുമുള്ള ഔദ്യോഗിക രജിസ്ട്രേഷനോ, അഫിലിയേഷനോ ഇല്ലാത്ത ആര്‍എസ്സ്എസ്സ് എന്ന സംഘടനയ്ക്കും അതിന്റെ നേതൃത്വങ്ങള്‍ക്കും മോദി സര്‍ക്കാരിന് കീഴില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക പദവി സംബന്ധിച്ചാണത്.

ഇന്ത്യാ ഗവണ്‍മെന്റില്‍ ഒരു തരത്തിലുമുള്ള ഔദ്യോഗിക പദവികളും വഹിക്കാത്ത ആര്‍എസ്എസ്സ് ചീഫ് മോഹന്‍ ഭാഗവതിന് കിട്ടിക്കൊണ്ടിരിക്കുന്ന അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ നോക്കുക. സെന്‍ട്രല്‍ ഇന്‍ഡസ്ട്രീസ് സെക്യൂരിറ്റി ഫോര്‍സിന്റെ സെഡ് പ്ലസ് സെക്യൂരിറ്റി ബ്ലാങ്കറ്റിന് കീഴിലാണ് മോഹന്‍ ഭാഗവത് സഞ്ചരിക്കുന്നത്. എന്നുമാത്രമല്ല, രാജ്യത്തിന്റെ സുപ്രധാന നയ തീരുമാനങ്ങളില്‍ ശക്തമായി ഇടപെടുന്നതിനും ആര്‍എസ്എസ്സിന് യാതൊരു മടിയുമില്ലെന്ന് കാണാം. ഇന്ത്യാ ഗവണ്‍മെന്റില്‍ യാതൊരു ഔദ്യോഗിക പദവികളും വഹിക്കാത്ത, ആര്‍എസ്സ്എസ്സിന്റെ മറ്റൊരു നേതാവായ, രാം മാധവനെപ്പോലുള്ളവര്‍ രാജ്യത്തിന്റെ വിദേശ നയത്തില്‍ ഇടപെടുന്നതും, വിദേശ സ്ഥാനപതികളുമായി സംസാരിക്കുന്നതും നമുക്ക് കാണാന്‍ കഴിയും.

ഇന്ന് ഇന്ത്യയുടെ ആഭ്യന്തര-വിദേശ നയങ്ങള്‍ രൂപപ്പെടുത്തുകയും പുത്തന്‍ ചരിത്ര നിര്‍മ്മിതികള്‍ നടത്തുകയും കോര്‍പ്പറേറ്റ് വികസന അജണ്ടകള്‍ നടപ്പിലാക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് ആര്‍എസ്സ്എസ്സുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള താഴെപ്പറയുന്ന എട്ട് സ്ഥാപനങ്ങള്‍ വഴിയാണ്.
1. വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍
2. ഇന്ത്യാ ഫൗണ്ടേഷന്‍
3. ഫോറം ഫോര്‍ ഇന്റഗ്രേറ്റഡ് നാഷണല്‍ സെക്യൂരിറ്റി
4. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന്‍
5. ഇന്ത്യാ പോളിസി ഫൗണ്ടേഷന്‍
6. ഫോറം ഫോര്‍ സ്ട്രാറ്റജിക് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ്
7. പബ്ലിക് പോളിസി റിസര്‍ച്ച് സെന്റര്‍
8. സെന്റര്‍ ഫോര്‍ പോളിസി സറ്റഡീസ്

മേല്‍ സൂചിപ്പിച്ച സ്ഥാപനങ്ങളിലൂടെയല്ലാതെ നിര്‍ണ്ണായകമായ ഒരു പോളിസി മാറ്റങ്ങളും സാധ്യമല്ലാത്ത രീതിയിലാണ് ഇവയുടെ ഘടന. ഈ എട്ട് സ്ഥാപനങ്ങളുടെയും ഡയറക്ടര്‍മാരോ തലവന്മാരോ ഒരു കാലത്തും ‘ദലിത് ബ്രാഹ്മണന്മാ’രോ, മറ്റ് പിന്നോക്ക ബ്രാഹ്മണന്മാരോ അല്ലെന്ന് അറിയുക. രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസരിച്ച് പല വേഷങ്ങള്‍ കെട്ടാന്‍ സംഘപരിവാറുകള്‍ നിര്‍ബ്ബന്ധിതരാകുമ്പോഴും ആര്‍എസ്സ്എസ്സിന്റെയും മേല്‍പ്പറഞ്ഞ നയരൂപീകരണ സംഘങ്ങളുടെയും തലപ്പത്ത് ‘അശുദ്ധി’ കലരാന്‍ അവര്‍ അനുവദിച്ചിട്ടില്ല എന്നത് മറ്റൊരു കാര്യം.

ഈ രീതിയില്‍, നിലവിലെ രാജ്യത്തെ ഒരു നിയമങ്ങളും അംഗീകരിക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആര്‍എസ്സ്എസ്സ് എന്ന രഹസ്യ സംഘടന, ദേശീയ രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കെയാണ്, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട 26 എംഎല്‍മാരുള്ള മുസ്‌ലിം ലീഗ് ഭരണത്തില്‍ ഇടപെടുന്നു എന്ന നിര്‍ല്ലജ്ജമായ, വെറുപ്പു നിറഞ്ഞ പ്രസ്താവനയുമായി സംഘ്പരിവാരങ്ങള്‍ മുന്നിട്ടിറങ്ങുന്നത്.

Related