October 10 Saturday 2026

രാഹുലിന്റെ ‘ഹൈഡ്രജൻ ബോംബ് ’ പറഞ്ഞു വെക്കുന്നത്

1996 ലെ ബീഹാർ തിരഞ്ഞെടുപ്പ് കാലം. ലാലു പ്രസാദ് യാദവുമായി തുറന്ന ഏറ്റുമുട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ. ആ കാലത്ത് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനും പിന്നീട് ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എസ് വൈ ഖുറൈശിയോട് ടി എൻ ശേഷൻ പറയുന്ന ഒരു വാചകമുണ്ട്

“Don’t worry. Nothing will happen — except a bomb on your face and a bullet through your stomach!”

” പേടിക്കേണ്ട,ഒന്നും സംഭവിക്കില്ല – മുഖത്ത് ഒരു ബോംബും വയറ്റിൽ ഒരു വെടിയുണ്ടയും ഒഴികെ!”

ബൂത്തുകളെ തോക്കിൻ മുനയിൽ നിർത്തി ബൂത്ത് പിടുത്തം സർവ്വസാധാരണമായ നോർത്ത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പന്ത്രണ്ടു മണി നേരത്താണ് ശേഷൻ ഇത് പറയുന്നത് എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.അപ്പോഴാണ് ടി എൻ ശേഷനെയും അദ്ദേഹത്തിന്റെ വാചകത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന നിശ്ചയദാർഢ്യത്തിന്റെയും സുതാര്യതയുടെയും ആഴവും ഓളവും മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ.

പതിനാറാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നവിൻ ചൗളക്ക്‌ ശേഷൻ നൽകിയ ഉപദേശം ഇങ്ങനെയായിരുന്നു :

“Look at my skin carefully. It is the skin of a rhinoceros, and if you are to do your job properly, you better develop it. Put your head down and work”

“എന്റെ തൊലി ശ്രദ്ധയോടെ നോക്കൂ. ഇത് ഒരു കാണ്ടാമൃഗത്തിന്റെ തൊലിയാണ്, നിങ്ങളുടെ ജോലി ശരിയായി ചെയ്യണമെങ്കിൽ, നിങ്ങൾ അത് വികസിപ്പിക്കുന്നതാണ് നല്ലത്. നിങ്ങളുടെ തല താഴ്ത്തിവെച്ച് പ്രവർത്തിക്കൂ.”

കാലചക്രം പിന്നീട് ഒരുപാട് കറങ്ങി, ഹിമാലയത്തിൽ പിന്നെയും ഉരുകിയ മഞ്ഞു പാളികൾ ജലകണമായി ആഴിയിൽ അഭയം കണ്ടെത്തി.ആസേതുഹിമാചലം പിന്നെയും ഒട്ടേറെ രാഷ്ട്രീയ പടയോട്ടങ്ങൾക്ക് രാജ്യം സാക്ഷിയായി.ഒടുവിൽ ടി എൻ ശേഷൻ എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികവുറ്റ ബ്യൂറോക്രാറ്റ് ഗാനേഷ് കുമാർ എന്ന അഭിനവ ഇലക്ഷൻ കമ്മീഷണർക്ക് മുന്നിൽ വഴിമാറി.കാലചക്രത്തിന്റെ ഗതിവിധികൾ അത്തരമൊരു മാറ്റത്തെ ആവശ്യപ്പെടുന്നുണ്ടെങ്കിലും ആ മാറ്റം വ്യക്തികളുടെ മാത്രം മാറ്റം ആകുന്നിടത്താണ് ആരോഗ്യപ്രദമാകുന്നത്. അതായത് വ്യക്തിയോടൊപ്പം വ്യക്തി മുന്നോട്ടുവച്ച നൈതിക മൂല്യത്തെ കൂടി സമ്പൂർണ്ണമായി തുടച്ചുനീക്കപ്പെട്ട അവസ്ഥയായി അത് രൂപാന്തരപ്പെടരുത്. ഇവിടെ സംഭവിച്ചത് രണ്ടും കൂടിയാണ് എന്നതാണ് രാജ്യത്തെ ഏറെ വിഷമിപ്പിക്കേണ്ടത്.

“I cherish my rigid attention to integrity

“സത്യസന്ധതയിലേക്കുള്ള എന്റെ കർശനമായ ശ്രദ്ധയെ ഞാൻ വിലമതിക്കുന്നു”

എന്നു പ്രഖ്യാപിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറിൽ നിന്നും ജനാധിപത്യത്തെ തുച്ഛമായ വിലയ്ക്ക് വിറ്റ ഒറ്റുകാരൻ എന്ന പ്രതിച്ഛായയിലേക്ക് നിലവിലെ രാജ്യത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും സംഘവും അധപ്പതിച്ചിരിക്കുന്നു എന്നത് ഭരണഘടന ജനായത്തം നിലനിൽക്കുന്ന രാജ്യത്തിന് നൽകുന്ന മരണമണിയാണ് എന്ന് പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല.

വോട്ടുചോരി ആരോപണത്തെ മുൻനിർത്തി രാഹുൽ ഗാന്ധിയുടെ അവസാന മൂന്ന് പത്രസമ്മേളനങ്ങളും ഇത്തരം ഒരു നിഗമനത്തിലേക്ക് എത്തുവാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്.വോട്ട് കൊള്ള നടക്കുന്നത് കേവലം നിയോജക മണ്ഡലങ്ങളിൽ മാത്രമല്ല.അതും കടന്ന് സംസ്ഥാന-ദേശീയതലത്തിൽ നടക്കുന്ന ഒരു പ്രക്രിയയാണ് എന്ന വസ്തുതയാണ് ഒടുവിലത്തെ രാഹുലിന്റെ പത്രസമ്മേളനം രാജ്യത്തോട് വിളിച്ചു പറഞ്ഞത്.കോൺഗ്രസിന്റെ വൻവിജയം പരാജയത്തിലേക്ക് പരിവർത്തിപ്പിക്കുവാൻ ഭരണകക്ഷിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു എന്ന് പറയപ്പെടുന്ന ഈ നീക്കം ജനാധിപത്യം ശീലിച്ച ഒരു സമൂഹത്തിന് ഏറെ വ്യഥയും വ്യസനവുമാണ് സമ്മാനിക്കുന്നത്.ഹരിയാനയിലെ ഒട്ടുമിക്ക എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു ബ്രസീലിയൻ മോഡൽ ഉൾപ്പെട്ട വിവരം രാഹുൽ ഗാന്ധി പറയുന്നുണ്ട്.പത്തു ബൂത്തുകളിലായി ഇരുപത്തിരണ്ട് തവണയാണ് ഈ ബ്രസീലിയൻ മോഡൽ വോട്ട് ചെയ്തിട്ടുള്ളത് പോലും!
സംഗതി അവിടം കൊണ്ടും തീരുന്നില്ല. 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ ഹരിയാനയിലുണ്ട് എന്നാണ് രാഹുൽഗാന്ധി ആരോപിക്കുന്നത്.25 ലക്ഷം വോട്ടർമാർ വ്യാജന്മാരാണ്.ഒരു വോട്ടറുടെ ഒപ്പ് 223 തവണ രണ്ടു ബൂത്തുകളിലായി വ്യത്യസ്ത പേരുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് ഉദാഹരണങ്ങൾ സമാനമായി നിരത്താൻ സാധിക്കുമെന്ന് രാഹുൽഗാന്ധി വ്യക്തമാക്കുന്നുണ്ട്.

1,24,177 വോട്ടർമാർക്ക് ഹരിയാനയിൽ ഒരേ ഫോട്ടോയാണ്.സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഇലക്ഷൻ കമ്മീഷൻ ആഗ്രഹിക്കുന്നില്ല എന്ന വസ്തുതക്ക്‌ അടിവര ഇടുകയാണ് ഈ തെളിവുകളൊക്കെ.ആയിരക്കണക്കിന് പേർ ഉത്തർപ്രദേശിലും ഹരിയാനയിലും ഒരേസമയം വോട്ട് ഉള്ളവരാണ്.ബി.ജെ.പി എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിന്റെ കൃത്യമായ തെളിവുകളാണ് ഇവയെല്ലാം.

ബി.ജെ.പി നേതാക്കന്മാരടക്കം ഒരേസമയം രണ്ടു സംസ്ഥാനങ്ങളിൽ വോട്ടുകൾ ഉള്ള വരാണ് എന്ന് വസ്തുതകൾ നിരത്തി രാഹുൽ സമർത്ഥിക്കുന്നുണ്ട്.ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ തൃശ്ശൂർ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വിജയത്തിനായി അധാർമികമായ രീതിയിൽ വോട്ടേഴ്സ് ലിസ്റ്റിൽ വോട്ടർമാരെ ചേർക്കുന്ന പ്രക്രിയ ഞങ്ങൾ ആവർത്തിക്കും എന്ന് പറയുന്ന കേരള ബി.ജെ.പി വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനയും വീഡിയോയായി രാഹുൽഗാന്ധി വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.എന്നാൽ രാഹുൽ ഹാജരാക്കിയ പ്രസ്തുത വീഡിയോ കൃത്രിമമായി നിർമ്മിച്ചതാണ് എന്ന ബാലിശമായ മറുപടി പറയുന്നതിലൂടെ സ്വയം നാണം കെടുകയാണ് കേന്ദ്രമന്ത്രി കിരൺ റിജിജു.

തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയുമായും ആഭ്യന്തരവകുപ്പ് മന്ത്രിയുമായും കൂട്ടുകെട്ടിലാണ്,അവർ ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിച്ചു എന്ന് രാജ്യത്തെ പ്രതിപക്ഷ നേതാവ് പറയുമ്പോൾ സാഹചര്യ തെളിവുകളുടെ ബലത്തിൽ അതിനെ പിന്തുണക്കുകയേ നിർവാഹമുള്ളൂ.

വോട്ടേഴ്സ് ലിസ്റ്റിൽ എന്തുകൊണ്ട് ഇത്തരം അന്യായങ്ങൾ നിങ്ങൾ കണ്ടു പിടിച്ചില്ല എന്ന ന്യായമായ ചോദ്യത്തിന് വോട്ടർ പട്ടിക അവസാന നിമിഷമാണ് കയ്യിൽ ലഭിച്ചത് എന്ന വ്യക്തമായ ഉത്തരവും പ്രതിപക്ഷത്തിനുണ്ട്.ബിഹാറിലെ ജാമുയി ജില്ലയിലെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തവരെയും പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി ഹാജരാക്കി.രാഹുൽ ഗാന്ധിയുടേത് അടിസ്ഥാനരഹിതമായ ആരോപണമാണ് എന്നാണ് ഇലക്ഷൻ കമ്മീഷൻ പറയുന്നത്.ആരോപണങ്ങളും എതിർപ്പുകളും കോൺഗ്രസിന്റെ ബൂത്ത് ഏജന്റ്മാർ വോട്ടർ പട്ടികയുടെ അവലോകന വേളയിൽ എന്തുകൊണ്ട് കണ്ടെത്തിയില്ല എന്ന ചോദ്യമാണ് ഇലക്ഷൻ കമ്മീഷൻ മുന്നോട്ടുവയ്ക്കുന്നത്.

വ്യാജം,അസംബന്ധം,യുക്തിരഹിതം എന്നൊക്കെയാണ് രാഹുൽഗാന്ധിയുടെ പത്രസമ്മേളനം കഴിഞ്ഞ തൊട്ടുടനെ ബി.ജെ.പി വക്താവും കേന്ദ്രമന്ത്രിയുമായ കിരൺ റിജിജു രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ വിശേഷിപ്പിച്ചത്.

ഈ സംവിധാനം (വോട്ട് മോഷണം) വ്യാവസായികവൽക്കരിക്കപ്പെട്ടിരിക്കുന്നു, ബീഹാറിൽ അവർ അത് ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് എന്നുകൂടി രാഹുൽഗാന്ധി സൂചിപ്പിക്കുന്നുണ്ട് എന്നിരിക്കെ SIR(Special intensive revision)അനന്തരം നടത്തപ്പെടുന്ന ബീഹാർ ഇലക്ഷൻ ഫലം ഇപ്പോൾ തന്നെ സാമാന്യ യുക്തിയിൽ ആലോചിച്ചാൽ കൃത്യമായി ലഭിക്കും.

തിരഞ്ഞെടുപ്പിനെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും രക്ഷപ്പെടുത്തുകയെ ഇനി നിർവാഹമുള്ളൂ…

Related