September 16 Wednesday 2026

September 16 Wednesday 2026

കെഎസ്ആർടിസിയെ സംരക്ഷിക്കാൻ ജനകീയ പങ്കാളിത്തം; ബസ് വാങ്ങി നൽകാൻ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘം

പൊതുമേഖലാ സ്ഥാപനങ്ങളെ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ മാതൃകയായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘത്തിന്റെ ഇടപെടൽ. കെ എസ് ആർ ടി സിക്ക്‌ പുതിയ ബസ് വാങ്ങി നൽകാൻ സംഘത്തിന്റെ പൊതുനന്മ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ വിനിയോഗിക്കാനുള്ള തീരുമാനമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കെ എസ് ആർ ടി സിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സഹകരണ പ്രസ്ഥാനം പൊതുമേഖലാ ഗതാഗത സംവിധാനത്തെ വീണ്ടെടുക്കുന്നതിനായി ഇത്തരമൊരു ഇടപെടലുമായി മുന്നോട്ടുവരുന്നത്.

കോഴിക്കോട് നിന്ന് പാലക്കാട് ജില്ലയിലെ മുതലമട വഴി പറമ്പിക്കുളത്തേക്ക് കെ എസ് ആർ ടി സി സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന്റെ ഭാഗമായാണ് ബസ് വാങ്ങി നൽകാനുള്ള ഈ തീരുമാനം. ഇതോടെ മുതലമടയിലേക്കുള്ള യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം പറമ്പിക്കുളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് കൂടുതൽ ഊർജം നൽകാനും പുതിയ സർവീസ് സഹായിക്കുമെന്നാണ് പ്രതീക്ഷ. മുൻപ് നെന്മാറ മണ്ഡലത്തിൽ മത്സരിച്ച സമയത്ത് പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതം നേരിട്ട് മനസിലാക്കിയ അനുഭവത്തിൽ നിന്നാണ് എം വി ആർ കാൻസർ സെന്റർ ചെയർമാനും ഡയറക്ടറുമായ സി.എൻ. വിജയകൃഷ്ണൻ ഈ ആശയത്തിലേക്ക് എത്തിയതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. ജനങ്ങളുടെ ദൈനംദിന യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം മേഖലയിലെ ടൂറിസം വികസനത്തിനും സർവീസ് സഹായകമാകുമെന്നാണ് വിലയിരുത്തൽ.

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിൽ ജനകീയ പങ്കാളിത്തം നിർണായകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാതൃകയെ സർക്കാർ സ്വാഗതം ചെയ്തിരിക്കുന്നത്. സഹകരണ സംഘങ്ങൾക്ക് അവരുടെ പൊതുനന്മ ഫണ്ട് കെ എസ് ആർ ടി സിയെ പിന്തുണയ്ക്കുന്നതിനായി വിനിയോഗിക്കാൻ അനുമതി നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ഉടൻ അനുകൂല തീരുമാനമുണ്ടാകുമെന്നുമാണ് അറിയിപ്പ്. കെ എസ് ആർ ടി സിയെ ശക്തിപ്പെടുത്തുന്നതിനായി 2000 പുതിയ ബസുകൾ നിരത്തിലിറക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളിൽ ഇത്തരം ജനകീയ കൂട്ടായ്മകൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നാണ് വിലയിരുത്തൽ. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘം കാണിച്ച മാതൃക പിന്തുടർന്ന് മറ്റ് തദ്ദേശ സ്ഥാപനങ്ങളും സഹകരണ പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും കെ എസ് ആർ ടി സിയെ പിന്തുണയ്ക്കാൻ മുന്നോട്ടുവരണമെന്ന ആവശ്യവും ഉയർന്നിരുന്നു. പൊതുഗതാഗത സംവിധാനത്തെ സംരക്ഷിക്കുന്നതിനും കൂടുതൽ ജനസൗഹൃദമാക്കുന്നതിനും ജനങ്ങളുടെ സഹകരണമാണ് ഏറ്റവും വലിയ കരുത്തെന്നും ഈ ഇടപെടൽ വ്യക്തമാക്കുന്നു.

Related