ഹിന്ദുത്വ ഭീകരവാദികള്‍ പൊളിച്ച ബാബരി മസ്ജിദ് ഭൂമിയിൽ നിര്‍മിച്ചു കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് ജനുവരി 22 ന് ദേശീയാഘോഷം എന്ന നിലക്കാണ് മോദി ഗവൺമെന്റ് നടത്തിയത്. ഇത് യഥാര്‍ത്ഥത്തില്‍ ഒരമ്പലത്തിന്റെ പ്രാണപ്രതിഷ്ഠയല്ല; ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ട് പ്രതിഷ്ഠയാണ്. തിരഞ്ഞെടുപ്പിന് മതം ഉപയോഗപ്പെടുത്താന്‍ ഇലക്ഷന്‍ കമ്മീഷന്റെ വിലക്കുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, ഹിന്ദുത്വം എന്നത് ഒരു മതമല്ലെന്നും അതൊരു സംസ്‌കാരമാണെന്നും സുപ്രീംകോടതി നേരത്തേ പറഞ്ഞു വെച്ചിട്ടുണ്ട്. ഹിന്ദുമതത്തിന്റെ പേരില്‍ ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് യഥേഷ്ടം വോട്ട് പിടിക്കാനും എന്നാല്‍ ഹിന്ദുത്വയെ എതിര്‍ക്കുന്നവരെ മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരില്‍ പിടികൂടാനുമുള്ളതാണ് ഫലത്തില്‍ ഇലക്ഷന്‍ കമ്മീഷന്റെ വിലക്ക്. അതിനാല്‍ ഒരു സംശയവും വേണ്ട, അടുത്ത തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലെയും ബി.ജെ.പിയുടെ പ്രചാരണ വിഷയം രാമജന്മഭൂമിയായിരിക്കും.

രാമജന്മഭൂമി പ്രക്ഷോഭം അടിമുടി ഹിന്ദുത്വവാദികളുടെ ഒരു രാഷ്ട്രീയ പ്രൊജക്ടായിരുന്നുവെന്നതാണ് സത്യം. അവരെ സംബന്ധിച്ചിടത്തോളം അത് പൊൻമുട്ടയിടുന്ന താറാവായിരുന്നു. 1949 മുതല്‍ പൂട്ടിക്കിടന്നിരുന്ന ബാബരി മസ്ജിദ് 1986 ല്‍ ഏകപക്ഷീയമായി ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്നു കൊടുത്തതോടു കൂടിയാണ് ഒരു കോടതി വ്യവഹാരം മാത്രമായിരുന്ന രാമജന്മഭൂമി – ബാബരി മസ്ജിദ് പ്രശ്‌നം ഒരു രാഷ്ട്രീയ പ്രശ്‌നമായി മാറുന്നത്. നിര്‍ഭാഗ്യവശാല്‍, അതില്‍ ആദ്യം രാഷ്ട്രീയ നേട്ടം കണ്ടത് മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് തന്നെയാണ്. ഷാബാനു കേസിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സർക്കാർ ജീവനാംശ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന്റെ പേരില്‍ ഹിന്ദുത്വവാദികളും ഇടതുപാര്‍ട്ടികളും രാജീവ് ഗാന്ധിയുടെ മേല്‍ മുസ്്ലിം പ്രീണനം ആരോപിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനാണ് രാജീവ് ഗാന്ധി ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് തുറന്ന് കൊടുക്കുക എന്ന കടുംകൈ ചെയ്തത്. ബാബരി മസ്ജിദ് പൊളിച്ചു കളഞ്ഞ് അവിടെ രാമക്ഷേത്രം നിര്‍മിക്കാനുള്ള ഒരു വന്‍ പ്രക്ഷോഭത്തിനുള്ള അവസരമാണ് അതിലൂടെ കോണ്‍ഗ്രസ് ഹിന്ദുത്വവാദികളുടെ കൈവെള്ളയില്‍ വെച്ച് കൊടുത്തത്.
മുസ്‌ലിംകളുടെ 1989ൽ കോടതി അതുവരെയും
ഒരു തീരുമാനത്തിലെത്താത്ത തർക്കഭൂമിയിൽരാമക്ഷേത്രത്തിനുള്ള ശിലാന്യാസം നടത്താനും
കോൺഗസ് ഹിന്ദുത്വവാദികളെ അനുവദിച്ചു.
അതിലൂടെ ബാബരി മസ്ജിദ് പൊളിക്കാൻ ഒരു
ചുവട് കൂടി വെക്കാനുള്ള അവസരമാണ്
ഹിന്ദുത്വവാദികൾക്ക് കൈവന്നത്.
പക്ഷേ, കോണ്‍ഗ്രസ് അതിന്റെ തെറ്റ് അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. 1989ല്‍ കോടതി അതുവരെയും ഒരു തീരുമാനത്തിലെത്താത്ത തര്‍ക്കഭൂമിയില്‍ രാമക്ഷേത്രത്തിനുള്ള ശിലാന്യാസം നടത്താനും കോണ്‍ഗസ് ഹിന്ദുത്വ വാദികളെ അനുവദിച്ചു. അതിലൂടെ ബാബരി മസ്ജിദ് പൊളിക്കാന്‍ ഒരു ചുവട് കൂടി വെക്കാനുള്ള അവസരമാണ് ഹിന്ദുത്വവാദികള്‍ക്ക് കൈവന്നത്. ഇന്ത്യയിലാകമാനം രക്തപ്പുഴ ഒഴുക്കി മുന്നേറിയ അദ്വാനിയുടെ രഥയാത്ര അതിന്റെ ഭാഗമായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കുകയെന്ന വികാരം ഹിന്ദുക്കളില്‍ വളര്‍ത്തിയതില്‍ അദ്വാനിയുടെ രഥയാത്ര വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ത്യന്‍ മുസ്്ലിംകളെ ഉദ്ദേശിച്ചു കൊണ്ട് ‘ബാബര്‍ കെ ഔലാദ്, മാര്‍ ഡാലോ’ (ബാബറിന്റെ മക്കള്‍, അവരെ കൊല്ലൂ…) എന്ന മുറവിളി ഇന്ത്യന്‍ തെരുവുകളില്‍ ആദ്യമായി ഉയര്‍ന്ന് കേട്ടതും രഥയാത്രയിലാണ്. ബീഹാറില്‍ വെച്ച് അദ്വാനിയുടെ രഥയാത്ര തടയപ്പെട്ടെങ്കിലും ഇന്ത്യയിലുടനീളം മുസ്്ലിം വിരുദ്ധ വംശീയ കലാപങ്ങളുടെ പരമ്പര തന്നെ അത് ഇളക്കിവിട്ടു. ഇതില്‍ ഓരോ വംശീയ കലാപവും 1984 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രം ലഭിച്ചിരുന്ന ബി.ജെ.പിയുടെ വോട്ട് ബാങ്കില്‍ വലിയ വര്‍ധനവുണ്ടാക്കി. ഇനി ഒരു പണി മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. ബാബരി മസ്ജിദ് തല്ലിത്തകര്‍ക്കുന്ന പണി. അതു പോലും ബി.ജെ.പിക്ക് ഒറ്റക്ക് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കോണ്‍ഗ്രസ് പ്രധാനമന്ത്രി പി.വി നരസിംഹ റാവുവാണ് 1992 ഡിസംബര്‍ ആറിന് അതിന് കാര്‍മികത്വം വഹിച്ചത്.
ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്
ശേഷം 2014 ൽ നരേന്ദ്ര മോദിഅധികാരത്തിൽ വരുന്നത് വരെ ഏകദേശം 20
വർഷത്തോളം ബാബരി മസ്ജിദ് ഭൂമി
തർക്കവും ഹിന്ദുത്വവാദികൾ പ്രതികളായബാബരി മസ്ജിദ് ധ്വംസനക്കേസും
കോടതിയിൽ തീരുമാനമാകാതെ കിടന്നു.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം 2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നത് വരെ ഏകദേശം 20 വര്‍ഷത്തോളം ബാബരി മസ്ജിദ് ഭൂമി തര്‍ക്കവും ഹിന്ദുത്വവാദികള്‍ പ്രതികളായ ബാബരി മസ്ജിദ് ധ്വംസനക്കേസും കോടതിയില്‍ തീരുമാനമാകാതെ കിടന്നു. അതില്‍ 15 വര്‍ഷത്തോളം ഭരിച്ചത് ബി.ജെ.പി ഇതര മതേതര കക്ഷികളാണ്. അക്കാലത്തൊന്നും അത് കോടതി തീര്‍പ്പാക്കുന്നതില്‍ മതേതര കക്ഷികള്‍ക്ക് താല്‍പര്യമില്ലാത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ബി.ജെ.പിക്കാകട്ടെ, വിഷയത്തില്‍ കോടതി തങ്ങള്‍ക്കനുകൂലമായി വിധിക്കും എന്നതില്‍ യാതൊരു വിശ്വാസവും ഉണ്ടായിരുന്നില്ല. ഭൂമിപ്രശ്‌നം നിയമപ്രശ്‌നമല്ലെന്നും വിശ്വാസത്തിന്റെ പ്രശ്നമാണെന്നുമാണ് അവര്‍ നിരന്തരം വാദിച്ചത്. അതിനാല്‍, നിരുപാധികം ഭൂമി തങ്ങള്‍ക്ക് വിട്ടു തരുന്ന വിധത്തിൽ, കോടതിക്ക് വെളിയിലുള്ള ചര്‍ച്ചക്കാണ് അക്കാലങ്ങളിലെല്ലാം അവര്‍ താല്‍പര്യമെടുത്തിരുന്നത്. കൈയൂക്കിന് വിധേയപ്പെട്ട് മസ്ജിദ് വിട്ട് കൊടുക്കാന്‍ മുസ്്ലിം നേതാക്കളും തയ്യാറായില്ല. പ്രശ്‌ന പരിഹാരാർത്ഥം നടന്ന നിരവധി ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം ഇതാണ്. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം പത്ത് വര്‍ഷം കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍. അവര്‍ വിചാരിച്ചിരുന്നുവെങ്കില്‍ ആ കാലയളവില്‍ ഈ രണ്ട് കേസും കോടതിയില്‍ തീര്‍പ്പാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവര്‍ക്കതില്‍ താല്‍പര്യമില്ലായിരുന്നു.

2014 ല്‍ നരേന്ദ മോദി അധികാരത്തില്‍ വന്നതോടെ കോടതി തങ്ങളുടെ വരുതിയില്‍ നില്‍ക്കും എന്ന ബോധ്യം ബി.ജെ.പിക്കുണ്ടായി. അവര്‍ക്ക് പൊടുന്നനെ നിയമത്തില്‍ വിശ്വാസം വരാന്‍ തുടങ്ങുകയും രണ്ട് കേസുകള്‍ക്കും കോടതിയില്‍ ജീവന്‍ വെക്കുകയും ചെയ്തു. ബി.ജെ.പി ആഗ്രഹിച്ച വിധി തന്നെ രണ്ട് കേസുകളിലും കോടതിയില്‍ നിന്നുണ്ടായി. പട്ടാപ്പകല്‍ ലോകത്തിന് മുമ്പില്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ല. ജനാധിപത്യമില്ലാത്ത രാജ്യങ്ങളിലെ കങ്കാരു കോടതികള്‍ എന്ന അധിക്ഷേപത്തിന് ഇരയാകുന്ന ഭരണകൂട നിയന്ത്രിത കോടതികളില്‍ നിന്ന് പോലും ഇത്തരമൊരു വിധി വരില്ല.

ബാബരി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധി അതിലേറെ രസകരമാണ്. മസ്ജിദ് ഭൂമിയുടെ അവകാശം മുസ്്ലിംകള്‍ക്കാണെന്നും ബാബരി മസ്ജിദ് ഏതെങ്കിലും ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചത് എന്നതിന് യാതൊരു തെളിവുമില്ലെന്നും വ്യക്തമായി പ്രസ്താവിച്ചതിന് ശേഷം തര്‍ക്കഭൂമി നിരുപാധികം രാം ലല്ലയ്ക്ക് വിട്ടുകൊടുക്കാനാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചത്. ഈ രാം ലല്ല ഒരു വ്യക്തിയല്ല, വിഗ്രഹമാണ്. അതിനെ പ്രതിനിധീകരിക്കുന്നതാകട്ടെ തുടക്കത്തില്‍ രാമജന്മഭൂമി തര്‍ക്കത്തില്‍ ഒരു കക്ഷിയേയല്ലാത്ത വിശ്വ ഹിന്ദുപരിഷത്തുമാണ്. തുടക്കം മുതൽ തര്‍ക്കത്തില്‍ കക്ഷിയായ നിര്‍മോഹി അഗാഢ അതില്‍ നിന്ന് പുറത്താവുകയും ചെയ്തു. അചേതന വസ്തുവായ രാം ലല്ലക്ക് അവകാശം വിട്ടു കൊടുത്തതിലൂടെ വിഷയം നിയമപ്രശ്നമല്ലെന്നും വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നുമുള്ള സംഘ്പരിവാര്‍ വാദത്തിന് കോടതി മോലൊപ്പ് ചാര്‍ത്തി. അഞ്ചംഗ ബെഞ്ചില്‍ അംഗമായിരുന്ന ഇന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഈയിടെ അത് തുറന്ന് സമ്മതിക്കുകയും ചെയ്തു. ബാബരി കോടതിവിധി രാഷ്ട്രീയ തീരുമാനമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്ര ഗവണ്‍മെന്റിന്റെ രാഷ്ട്രീയ തീരുമാനമാണ് കോടതി വിധിയായി പുറത്തുവന്നത് എന്നർത്ഥം.

1992 ല്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ രാജ്യത്ത് നിലനിന്നിരുന്ന പൊതുബോധത്തിന് ഇപ്പോള്‍ 2024 ല്‍ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോള്‍ ഉണ്ടായ മാറ്റം ഇന്ത്യ എങ്ങോട്ടാണ് പോകുന്നത് എന്നതിന്റെ വ്യകതമായ സൂചനയാണ്. മിക്കവാറും മാധ്യമങ്ങളും രാഷ്ട്രീയ – സാംസ്കാരിക നേതാക്കളും ബാബരി മസ്ജിദ് തകര്‍ത്തതിനെ രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനുമേറ്റ കളങ്കമായിട്ടാണ് അന്ന് വിശേഷിപ്പിച്ചിരുന്നത്. രാജ്യം നാണിച്ച് കുമ്പിടുന്നു എന്ന് വരെ എഴുതിയ പത്രങ്ങളുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ഭരണകൂടം മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ ഔദ്യോഗികമായിത്തന്നെ പ്രാണപ്രതിഷ്ഠ നടത്തുമ്പോള്‍ മാധ്യമങ്ങളും കലാകാരന്മാരും ആ ആഘോഷത്തില്‍ പങ്ക് ചേരുകയാണ്. എതിര്‍ ശബ്ദങ്ങള്‍ വളരെ കുറച്ചേയുള്ളൂ. ‘മൗനം ഭൂഷണ’മാക്കിയവരും ഉണ്ട്.
ഗോൾവാൾക്കർ വിചാരധാരയിൽ വിഭാവന
ചെയ്തതുപോലെ അപരവിരോധത്തിൽ
അധിഷ്ഠിതമായ ഒരു ഹിന്ദു വംശീയ
രാഷ്ട്രത്തിന്റെ അടിത്തറയാണ്
ജനുവരി 22 ലെ അയോധ്യയിലെ
പ്രാണപ്രതിഷ്ഠ ചടങ്ങ്.

രാജ്യത്തെ ഇരുപത് ശതമാനത്തോളം വരുന്ന മുസ്‌ലിംകളുടെ മേല്‍ നേടുന്ന വിജയമായിട്ടാണ് ഹിന്ദുത്വവാദികള്‍ പ്രാണപ്രതിഷ്ഠയെ ആഘോഷിച്ചത്. 1947 ല്‍ രാജ്യം നേടിയത് ഭൗതിക സ്വാതന്ത്യം മാത്രമാണെന്നും ആത്മീയ സ്വാതന്ത്ര്യം നേടുന്നത് 2024 ജനുവരി 22 നാണെന്നുമാണ് ഹിന്ദുത്വ വംശീയ വാദികള്‍ പരസ്യമായി പറയുന്നത്. ഈ ആത്മീയ സ്വാതന്ത്ര്യം എന്ന ജല്‍പ്പനത്തിന് സവർക്കറിന്റെ മതത്തിൽ വളരെ വലിയ പ്രധാന്യമുണ്ട്. കാരണം, സവര്‍ക്കര്‍ രൂപപ്പെടുത്തിയ ഹിന്ദുത്വയില്‍ ദൈവവും മതവുമെല്ലാം ഭാരതം എന്ന വിശുദ്ധ ഭൂമിയാണ്. അവിടെ ബാബറാകട്ടെ, ഔറംഗസീബാകട്ടെ, ആര് പള്ളി പണിതിട്ടുണ്ടെങ്കിലും അത് തങ്ങളുടെ വിശുദ്ധ ഭൂമിയെ കളങ്കപ്പെടുത്തലാണ്. ആ കളങ്കം മായ്ച്ച് കളയുമ്പോൾ മാത്രമേ ഇന്ത്യക്ക് ആത്മീയ സ്വാതന്ത്യം ലഭിക്കൂ എന്നാണവര്‍ കരുതുന്നത്. ബാബരിയില്‍ അവരത് വിജയകരമായി നടപ്പാക്കി. വാരണസിയുടെയും മഥുരയുടെയും മണ്ണ് “കളങ്ക”ത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമം അവര്‍ ആരംഭിച്ചു കഴിഞ്ഞു. അതിന് അവരുടെ മുമ്പില്‍ യാതൊരു നിയമവും തടസ്സമല്ല. ബാബരി മസ്ജിദ് ഒഴികെയുള്ള എല്ലാ ആരാധനാലയങ്ങളും 1947 ല്‍ ഏതവസ്ഥയിലായിരുന്നുവോ ആ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്ന് പാര്‍ലമെന്റ് നിയമം പാസാക്കിയതാണ്. സുപ്രീം കോടതി പോലും ആ നിയമത്തെ കണ്ടില്ലെന്ന് നടിച്ചു കൊണ്ടാണ് വാരാണസിയിലും മഥുരയിലും നിയമ വ്യവഹാരത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഈ കളങ്കം മായ്ക്കല്‍ അവിടെയും നില്‍ക്കില്ല. പൊളിക്കേണ്ട 3000 പള്ളികളുടെ ഒരു ലിസ്റ്റ് ഹിന്ദുത്വ വംശീയവാദികളുടെ കൈവശം 90 കളിൽ തന്നെയുണ്ട്.
അഫ്ഗാനിസ്ഥാന്‍ വരെ നീളുന്ന അഖണ്ഡ ഭാരതത്തെ കുറിച്ച വാഴ്ത്താരിയും പ്രാണപ്രതിഷ്ഠ ചടങ്ങിനിടയില്‍ സംഘ്പരിവാര്‍ നേതാക്കളില്‍ നിന്ന് കേള്‍ക്കുകയുണ്ടായി. ഹിന്ദുത്വവാദികള്‍ ഒളിപ്പിച്ചുവെച്ച സാമ്രാജ്യത്വ മോഹമാണ് അതിലൂടെ പുറത്തുവരുന്നത്. ഈ ഹിന്ദുത്വ വംശീയതയെ തടഞ്ഞില്ലെങ്കില്‍ ജര്‍മനിയില്‍ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കും. ഒരു ഭാഗത്ത് സാമ്രാജ്യത്വ മോഹവും മറുഭാഗത്ത് ജൂത വംശീയ വിരോധവുമാണല്ലോ ജര്‍മനിയില്‍ ഹിറ്റ്ലര്‍ എന്ന സ്വേച്ഛാധിപതിയെ സൃഷ്ടിച്ചത്. ഹിറ്റ്ലര്‍ക്ക് ഏതാണ്ട് സമാനമായ രീതിയിലാണ് നരേന്ദ്ര മോദി ഇന്ത്യയില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ സൂചിപ്പിച്ച വോട്ട് പ്രതിഷ്ഠക്കുമപ്പുറം ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ വിഭാവന ചെയ്തതുപോലെ അപരവിരോധത്തില്‍ അധിഷ്ഠിതമായ ഒരു ഹിന്ദു വംശീയ രാഷ്ട്രത്തിന്റെ അടിത്തറയാണ് ജനുവരി 22 ലെ അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങ്. ഭരണഘടനയോ നിയമങ്ങളോ അതിന് തടസ്സമാകില്ലെന്ന സൂചനയാണ് പ്രാണ പ്രതിഷ്ഠ ചടങ്ങ് നല്‍കുന്നത്.
