August 9 Sunday 2026

അധികാരാരോഹണം ഒരു ആട്ടക്കഥ | കൂത്തും കുത്തും | Political Satire

സുധാകരബന്ദി നാടകം
‘കോൺഗ്രസ് ഒരു ജനാധിപത്യപാർടി’ (അരാജകപാർടിയല്ലേയല്ല) യാണെന്ന് അടിക്കടി അതിൻറെ നേതാക്കൾ പൊങ്ങച്ചം പറയുന്നുണ്ടെങ്കിൽ , അതിൻറെ പിന്നിൽ കടുത്ത അച്ചടക്കലംഘനം മണക്കുന്നുണ്ടാകണം. സ്ഥാനാർഥി നിർണയവേളയിൽ ആദ്യമാവാചകമടി വന്നത് സുധാകരൻജി അവർകളുടെ തിരുനാവിൽ നിന്നാണ്. വയസായാലാളുകൾ ശിശുക്കളെപോലെ പെരുമാറുമെന്ന് പറയുന്നത് അക്ഷരം പ്രതി ശരിയാണെന്ന് ആ മാന്യദേഹം തെളിയിച്ചു. ലോക്സഭാ മെമ്പറായ തനിക്ക് കൊച്ചുകേരളത്തിൽ മൽസരിക്കണമെന്ന് വാശിപിടിച്ച് ഹൈകമാൻഡിനെ ദിവസങ്ങളോളം ഈ കൊടുംനേതാവ് ബന്ദിയാക്കി മുൾമുനയിൽ നിർത്തി. ഒടുവിൽ ആട്ടമവസാനിക്കുമ്പോൾ ഏതു ആകാശമിട്ടായിയാണ് പാർടി ടിയാന് വായിൽവെച്ച് നൽകിയത് എന്ന് ഇതുവരേ മനസിലായിട്ടില്ല. ബന്ദി നാടകത്തിന് കർട്ടൻ വീഴുമ്പോൾ അദ്ധേഹം കോൺഗ്രസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യപാർടിയാണെന്ന് വീമ്പിളക്കുന്നുണ്ടായിരുന്നു.

സ്ഥാനാർഥി നിർണയ ചവിട്ടുനാടകം
പുതുയുഗയാത്രയുടെ സമാപനദിവസമാണ് കേരളത്തിന് സൌജന്യപെരുമഴ സമ്മാനിച്ച ഇന്ദിരാഗാരണ്ടി, രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. ആ യാത്രയിലുടനീളം പക്ഷെ സതീശൻ നൽകിയ മറ്റൊരു ഗ്യാരണ്ടിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ തിയ്യതി പ്രഖ്യാപിച്ചാൽ അടുത്ത നിമിഷം കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന്. വളരെ ചെറിയ ആ ഗ്യാരണ്ടിപോലും നടപ്പാക്കാൻ കഴിയാതെ കോൺഗ്രസ് വിയർത്തു. സ്ഥാനാർഥി നിർണയം ബാലികേറാമലയും ഭാഗ്യക്കുറിയുമായി. ‘നാളെ നാളേ നീളേ നീളേ’ എന്ന് പറഞ്ഞ് പ്രഖ്യാപനം നീണ്ടു. ‘ഇന്നു ഞാൻ നാളേ നീ’ എന്ന തരത്തിൽ അക്കാലയളവിൽ പാർടി ചർച്ചാവേദികളിൽ മഹാകേരളയുദ്ധം തന്നെ അരങ്ങുതകർത്തു. ആരും സ്വയം സ്ഥാനാർഥികളായി പ്രഖ്യാപിച്ച് അവതാരങ്ങളാകരുത് എന്ന ഉത്തരവ് ഹൈകമാൻഡ് നൽകിയിട്ടുണ്ടായിരുന്നു. പക്ഷെ അവ കാറ്റിൽ പറത്തി തെരുവ് യുദ്ധങ്ങളാലും പ്രകടനങ്ങളാലും ഇന്ദിരാഭവനുകൾ പ്രകമ്പനം കൊണ്ടു. വിഗ്രഹസമാനങ്ങളായ കട്ടൌട്ടുകൾ തെരുവിൽ സ്ഥാപിച്ച് പലരും വിലപേശി. അച്ചടക്ക ലംഘനത്തിൻറെ ചവിട്ടുനാടകങ്ങൾ കണ്ട് നിരാശരായ ജനങ്ങളോട്, അതിലെ കഥാപാത്രങ്ങളും നായകരുമായ നേതാക്കൾ മൊഴിഞ്ഞതും കോൺഗ്രസ് ഏറ്റവും വലിയ ജനാധിപത്യപാർടിയാണ് എന്നതായിരുന്നു.

ഒറ്റത്തലനാടകം

മൂന്നാം വട്ടവും എളുപ്പിത്തിലധികാരത്തിലെത്തുമെന്നാണ് സഖാവ് മുഖ്യന് ഇൻറലിജൻസ് ഏജൻസികൾ എപ്പോഴും നൽകിയിരുന്ന പ്രവചനക്യാപ്സൂളുകൾ. കള്ളവും ചതിയുമില്ലാത്ത, എള്ളോളം പൊളിവചനമില്ലാത്ത കേരളത്തെ സൃഷ്ടിച്ചതിനാൽ, ജനങ്ങൾ അരിവാൾ ചുറ്റിക നക്ഷത്രത്തിന് വോട്ട് ചെയ്യാൻ വെമ്പി നിൽക്കുകയാണെന്നും അവർ തട്ടിവിട്ടു. മഹാകേരളത്തെ നയിക്കാൻ ഇറങ്ങി വന്ന സുകൃതവാനാണ് പിണറായിയെന്ന് വാഴ്ത്തുപാട്ടും പാടിപുകഴ്ത്തി. ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞുകിട്ടായിൽ മതിയെന്ന പൂതിയിലായിരുന്നു പിണറായിയും സഖാവ് ഗോവിന്ദൻ മാഷും. ഉചിതമായൊരു മുദ്രാവാക്യം അപ്പോൾ തന്നെ അന്തപുരവാസികളെഴുതിക്കൊടുത്തു. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’. മുഖ്യമന്ത്രിയുടെ മാത്രം തല പുറത്തുകാണിച്ചാലേ വോട്ടുകൾ സമൃദ്ധമായി ബീപ് ശബ്ദത്തോടെ വോട്ടിംഗ് മെഷിനിൽ വീഴൂവെന്ന തള്ളും താളത്തോടെ തുള്ളി. കൂറ്റൻ ഫ്ലക്സുകളായി ഒറ്റത്തല നാടൊട്ടുക്കും നിവർത്തി. നായകൻ ഏകസ്വരത്തിൽ നിർണയിച്ച സ്ഥാനാർഥി പട്ടിക , തലകുലുക്കിയും മുട്ടിലിരുന്നും കമിഴ്ന്നു കിടന്നും സെക്രട്ടറിയേറ്റും സംസ്ഥാനസമിതിയും നിമിഷങ്ങൾക്കകം അംഗീകരിച്ചു. പക്ഷെ, പാർടി സഖാക്കളിൽ പതിവിന് വിപരീതമായി മുറുമുറുപ്പുയുർന്നു. പ്രചാരണപലകകളിൽ പിന്നെ നടന്നത് തള്ളുകളുടെ ഘോഷയാത്രയായിരുന്നു. ‘യുഡിഎഫിൻറെ ഇരുണ്ടകാലത്തിൽ നിന്നും കേരളത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമായിരുന്നു ജനത്തിന് ഏറ്റവും കൂടുതൽ വെറുപ്പുണ്ടാക്കിയ, ഇടത് ഗർവിൻറെ അഹങ്കാരവാചകം. ഇനിയൊരു തുടർഭരണം വന്നാൽ കേരളം ബംഗാളാകുമെന്ന മുന്നറിയിപ്പും വിപ്പും പാർടിയെ സ്നേഹിക്കുന്നവർ, സിരകളിൽ ചുവപ്പു പതഞ്ഞൊഴുകുന്നവർക്ക് നൽകി. പാർടിയെ സ്നേഹിക്കുന്ന സഖാക്കൾ ചുവടുറപ്പിച്ച് പോളിംഗ് ബൂത്തിലേക്ക് ചുവപ്പുസേനായായി ഇരച്ചുകയറി. പിണറായി മൂന്നാം വട്ടഭരണ പൂതിയിൽ പരാ(വി)ജയനായി. മുഖ്യനെ തന്നെയും ജനങ്ങൾ ആദ്യ ഏഴു വട്ടം വിറപ്പിച്ചു. പാർടിയുടെ നെടുംകോട്ടയിൽ മന്ത്രി പുംഗവന്മാർ ഇടറിവീണു. മുംതാസിനോടുള്ള സ്നേഹത്താൽ താജ്മഹൽ പണിത ഷാജഹാൻ ചക്രവർത്തിയെ പോലെ ചരിത്രത്തിലിടംപിടിക്കാൻ .തളിപ്പറമ്പിൽ, സെക്രട്ടറി തിരുകികയറ്റിയ അരുമ പത്നി ചിന്താവിഷ്ടയായ ശ്യാമളയും വീണു. പക്ഷെ, ഭരണവിരുദ്ധവികാരമുണ്ടായിട്ടില്ലെന്നും തോറ്റത് ജനമാണെന്നുമുള്ള പ്രത്യയശാസ്ത്ര വിചിന്തനത്തിലാണ് ഇപ്പോഴും സിപിഎമുള്ളത്. സി.എമ്മാണ് സിപിഎമ്മിൻറെ പരാജയകാരണമെന്ന് ജില്ലാ കമ്മിറ്റിയിലെ വെളിവുള്ള ചില ചെറിയ കുട്ടികൾ വിളിച്ചു പറഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്നിട്ടും പാർട്ടി സ്തുതിപാടകർ ചേർന്ന് വീണ്ടും ഒറ്റക്കെട്ടായി തന്നെ, പരാജയപ്പെട്ടവനെ പ്രതിപക്ഷനേതാവാക്കി വിജയനാക്കുകയാണ് ചെയ്തിട്ടുള്ളത്. ആ പാർടിയെ ദൈവം തന്നെ രക്ഷിക്കട്ടെ.

കെട്ടിയിറക്കൽ നാടകം

മെയ് നാലിന് പെട്ടി തുറന്നപ്പോൾ മൂന്നാം വട്ട മോഹങ്ങളൊലിച്ചു പോയി. യുഡിഎഫിന് നൂറ്റിരണ്ട് പൂക്കൾ വിരിഞ്ഞു. കേരളത്തിൻറെ തലയും തലവരിയും മാറുന്നതിൽ ജനങ്ങളാർത്തുല്ലസിച്ചു. പക്ഷെ, ആരു നയിക്കുമെന്ന ചോദ്യത്തിനുത്തരമായി പഴയ ത്രില്ലർ വാചകം പുറത്തുവന്നു. ‘കോൺഗ്രസ് ഏറ്റവും വലിയ ജനാധിപത്യപാർടിയാണന്നേ’ എന്ന് ചിലർ ചാനലുകളിരുന്ന് വിളിച്ചുകൂവി. അതിനാൽ കേരളം ഭരിക്കാൻ ഹൈകമാൻഡിൽ നിന്നും ‘അരോ പറന്നുവരും പറന്നുവരും പത്താം മാസത്തിലെന്ന്’ അവർ സിനിമപ്പാട്ട് പാടി. മൂന്നാളുകളുടെ പേരുകൾ പറഞ്ഞുകേട്ടു. അവരെ ചുറ്റിപ്പറ്റി ചർച്ചകൾ പൊടിപൊടിച്ചു. അതിൽ രണ്ടുപേർ നിയുക്ത എംഎൽഎമാരായിരുന്നു. പക്ഷെ, ഒരാൾ നിലവിൽ എംപിയും അഖിലേന്ത്യജനറൽ സെക്രട്ടറിയുമാണ് എന്നതായിരുന്നു കൌതുകം. ജയിച്ച എംഎൽഎമാരിൽ ഭൂരിപക്ഷം പേരും എംപിയെ പിന്തുണച്ചുവെന്നറിഞ്ഞ കുതന്ത്രി, ഇവരെ എന്തിനാണ് ജനം തെരഞ്ഞെടുത്തതെന്ന് കുണ്ഠിതപ്പെട്ടു. നമക്ക് കുണ്ഠിതപ്പെടാനല്ലേ കഴിയൂ. പക്ഷെ, വിജയത്തിൻറെ പത്താം നാൾ ഹൈകമാൻഡിന് വെളിവ് വെക്കുകകയും ജനവികാരത്തോടൊപ്പം വെളുത്തപ്പുക ഉയർത്തുകയും ചെയ്തു.

പുകനാടകം

വെളുത്തപുക തൽക്കാലത്തേക്ക് ഉയർന്നുവെങ്കിലും ഗ്രൂപ് മരത്തിൽ ചില്ലകളിൽ കയറി ആടിയും പാടിയും തലകുത്തിമറിഞ്ഞും, ഭരണത്തിന് കുന്തിരിക്കത്തിൻറേയും ചന്ദനത്തിരിയുടേയും പുക, സമ്മാനിക്കുന്നതിൽ മാന്യകോൺഗ്രസുകാർ മൽസരിക്കുമെന്നാണ് കുതന്ത്രിയുടെ ചെറിയബുദ്ധിയിൽ തോന്നുന്നത്.
പത്തുവർഷത്തിൻറെ ഭരണതിമിർപ്പിൽ ജനത്തെ മറന്നപോയ ഇടതുപക്ഷത്തിൻറെ പരാജയ ശവമഞ്ചം പാർടി ആപ്പീസുകളിൽ കിടപ്പുണ്ട്. അതിൽ നിങ്ങൾ കുന്തിരിക്കവും ചന്ദനത്തിരിയും കത്തിച്ചു ആദരാഞ്ജലികളർപ്പിക്കുക. പക്ഷെ, ശവത്തിൽ കുത്തി നോവിപ്പിക്കരുത്.

Related