കൂറക്കൂറ്
കൂറകൾ അങ്ങിനെയാണ്. വൃത്തിയുണ്ട് എന്ന് നാം വിചാരിക്കുന്ന വീടിൻറെ തലസ്ഥാനമായ അടുക്കളയിൽ, രാത്രി ഒന്ന് ലൈറ്റിട്ട് നോക്കൂ. അടുക്കള കൂറകൾ ഭരിക്കുന്നത് കാണാം. ഇത്ര നേരം ഇവർ എവിടെയാണ് ഒളിച്ചിരുന്നതെന്ന് നാം അൽഭുതം കൂറും. വെളിച്ചത്തിൽ നാമവരെ മർദ്ധിക്കും എന്ന് തോന്നേണ്ട താമസം, കൂറകൾ പെടുന്നനെ അപ്രത്യക്ഷരാകും. ഇനി അടിച്ചാൽ തന്നെ അത്ര വേഗമൊന്നും കഥ കഴിയില്ല. അടിച്ചു ചമന്തിയാക്കിയെന്ന് കരുതുമ്പോഴാണ്, അവർ എഴുന്നേറ്റ് ജീവനും കൊണ്ടോടുന്നത്. തീറ്റയില്ലാതെ ഒരു മാസം പട്ടിണികിടന്നാലും ചാവില്ല. തല അറ്റുപോയാലും ഒരാഴ്ച്ച ജീവിക്കും. ഭൂമിയിൽ മനുഷ്യർ ഉണ്ടായിട്ട് വെറും രണ്ടു ലക്ഷം വർഷം. പക്ഷെ, കൂറകൾ ഉണ്ടായിട്ട് 20 കോടി വർഷമായി. ഇനിയൊരു ആറ്റംബോംബ് വീണുവെന്ന് വിചാരിക്കുക. സർവജീവികളും കൊല്ലപ്പെട്ടാലും കൂറകൾ അവശേഷിക്കും. പെറ്റിപെരുകാനും പോറ്റിവളരാനും പറ്റിനിൽക്കാനും അവർക്കുള്ള ശേഷി മനസിലായികാണുമല്ലോ. കൂറകൾക്കുള്ള കൂറ് കേളികേട്ടതാണ്. കൂറകളൊന്നിനെതൊട്ടാൽ കോടിക്കണക്കിന് കൂറകൾ ഇളകിയെത്തും. അത്കൊണ്ട് ഭരിക്കുന്നവർ, കുറച്ച് ജാഗ്രത പാലിക്കുന്നതാണ് നല്ലത്. കുതന്ത്രങ്ങൾ കൂറയോട് വേണ്ട. കുടിക്കുന്ന കഞ്ഞിയിൽ കൂറ വീഴാതെ നോക്കുന്നതാണ് ധർമപ്രധാനും പ്രധാനധർമനുമൊക്കെ നല്ലത്. ഏകെ 47, പെല്ലറ്റ്, ഇലക്ട്രിക്ക് ലാത്തി എന്നിവകൊണ്ടൊന്നുമുള്ള ഉമ്മാക്കി പാറ്റകളോട് വേണ്ട.
‘മങ്കീബാത്ത്’
പാറ്റകൾ പുറത്തിറങ്ങുന്നത് പാതിരാത്രിയാണെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി, അസമയത്ത് ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ പുറത്തുവിട്ടുതുടങ്ങി. ‘ഹലോ ഫ്രണ്ട്സ്’ എന്ന പറഞ്ഞതിന് ശേഷം ഏറെ നേരം കഴിഞ്ഞാണ് ഓരോ വാചകങ്ങളും വായിച്ചൊപ്പിച്ചത്. കണ്ണട വെച്ചത് ഭാഗ്യം. പ്രോംറ്ററിൽ നോക്കിയാണ് വായിക്കുന്നത് എന്ന് ചില്ലുകളിൽ നിന്നും തെളിഞ്ഞു. ഇംഗ്ലീഷിലും ഹിന്ദിയിലും നമ്മുടെ പ്രധാനമന്ത്രി ഉജ്ജ്വലമായ പ്രഭാഷണങ്ങൾ നടത്തും. മൻകിബാത്ത് ഏറെ പ്രസിദ്ധവുമാണ്. ജന്തർമന്തറിലെ കുട്ടികളെ അഭിസംബോധന ചെയ്ത് പ്രോംപ്റ്റർ നോക്കി വായിക്കുന്ന പ്രഭാഷണത്തിന് ജൻസികൾ ഒരു പേര് നൽകി. ‘മങ്കീബാത്ത്’.
ജന്തർമന്തറിലെ കുട്ടികൾ നടത്തിയ സമരം ഓൺലൈനിലൂടെയായിരുന്നു. ലക്ഷക്കണക്കിന് വിദ്യാർഥികളാണ് അവിടെ ഒഴുകിയെത്തിയത്. ഞൊടിയിടനേരം കൊണ്ട് സമരവേദിയിൽ കുടിവെള്ളകുപ്പികളെത്തി. ഓൺലൈനായി തന്നെ ഭക്ഷണപ്പൊതികൾ വന്നു. സമരക്കാർക്ക് ഭക്ഷണമെത്തിച്ചവരിൽ ഒരാളുടെ പേര് ജുനൈദ് എന്നായതോടെ അയാളുടേയും കുടുംബത്തിൻറേയും വിത്തും വേരും ദേശസുരക്ഷസേന ചികഞ്ഞുനോക്കിതുടങ്ങിയിട്ടുണ്ട്. അരിയും പച്ചക്കറിയും പാകിസ്ഥാനിൽ നിന്ന് കൊണ്ടുവന്നതാണെന്ന് സംഘമിത്രങ്ങൾ പ്രചാരണമാരംഭിച്ചു.
ചൈനാ ചാരന്മാർ, അർബൻനക്സലുകൾ, ദേശദ്രോഹികൾ തുടങ്ങിയ പട്ടങ്ങൾ ജെൻസികൾക്ക് പതിച്ചു നൽകുന്നുണ്ട്. സമരത്തെ ക്രൂരമായാണ് ഭരണകൂടം തല്ലിച്ചതച്ചത്. പോലീസ് നരനായാട്ടിൽ കടുത്ത പ്രതിഷേധമുയർന്നു. ആഭ്യന്തരമന്ത്രി അമിഠ് ഷായെ കാൺമാനില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം വെച്ചു. പോലീസ് നരനായിട്ടിൽ പ്രധാനമന്ത്രി മാപ്പു പറയണെന്ന് ആവശ്യമുയർന്നു. അർധരാത്രി പ്രധാനമന്ത്രി വീണ്ടും ഇൻസ്റ്റഗ്രമിൽ പ്രത്യക്ഷപ്പെട്ടു. മാപ്പു പറയനായിരിക്കുമെന്ന് കരുതി എല്ലാവരും ഓൺലൈനിൽ കുത്തിയിരുന്നു. സമരം ചെയ്ത എല്ലാ വിദ്യാർഥികൾക്കും താൻ മാപ്പു നൽകുന്നതായി തമ്പുരാൻ ഉത്തരവിട്ടു. ആ മാപ്പ് കേട്ട് പുതുതലമുറ ആദ്യം ചിരിച്ചു. ഇത്തരമൊരു അവതാരത്തെയാണല്ലോ രാജ്യത്തിനൊരു പ്രധാനമന്ത്രിയായി കിട്ടിയതെന്നോർത്ത് പിന്നെയവർ കരയുകയും ചെയ്തു.
കീചകവധം
മുഖ്യമന്ത്രി പദത്തിനായുള്ള ഓട്ടമൽസരത്തിൽ വടശേരി ദാമോദരൻ മേനോൻ സതീശൻ ജയിച്ചുവെന്നുള്ളത് ശരിയാണ്. പക്ഷെ, മുറിവേൽപ്പിച്ച് വിട്ടിരിക്കുന്നത് കമ്യൂണിസ്റ്റ് സഖാക്കളെയാണ്. മുന്നാം വട്ടവും അധികാരകസേരയിലെത്തുമെന്ന് സ്വപ്നം കണ്ടാണ് പിണറായി തെരഞ്ഞെടുപ്പിനെ നയിച്ചത്. അപ്രകാരമൊരു സ്വർഗരാജ്യം പ്രമുഖ പാർടി സഖാക്കളും പുലരുമെന്ന് വിചാരിച്ചു. ഉറങ്ങിയെഴുന്നേറ്റപ്പോൾ പാർടി പൊട്ടി. മോഹഭംഗം സംഭവിച്ച പാർടി സഖാക്കളുണ്ടോ സതീശനെ ഭരിക്കാൻ വിടുന്നു. വിമർശനങ്ങളുടെ ശരശയ്യയിൽ അവർ സതീശനെ കിടത്തിപ്പൊരിക്കുകയാണ്. ആഗസത് പിറന്നപ്പോൾ പാർടി സഖാക്കൾ, സാമൂഹ്യമാധ്യമങ്ങളിൽ ഓണപ്പാട്ട് ‘പിണറായി നാടു വാഴും കാലും’ എന്ന് മാറ്റിപ്പാടിതുടങ്ങിയിട്ടുണ്ട്. മാസങ്ങൾക്കുള്ളിലെ സതീശഭരണം കൊണ്ട് കേരളം പാതാളത്തിലേക്ക് താണുപോയെന്നാണ് വിമർശനം.
മുഖ്യമന്ത്രി എന്തെല്ലാം ചെയ്യുന്നു. എവിടെയെല്ലാം പോകുന്നു, ആരെയെല്ലാം കാണുന്നു, എവിടന്ന് ഭക്ഷണം കഴിക്കുന്നു എന്നെല്ലാം നിരീക്ഷിക്കാൻ പാർടി ചാരന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരത് സൈബർ സഖാക്കൾക്ക് റിപ്പോർട് ചെയ്യും. ‘സതീശൻ പൊന്നാനിയിലൂണ് കഴിക്കാൻ പോയത്പോലെ’ എന്ന ചെല്ലും പാർടി ക്ലാസിലെ പുതിയൊരു ചൊല്ലായിട്ടുണ്ട്. പൊന്നാനിയിൽ ആര് ഊണ് കഴിക്കാൻ പോയാലും പൊന്നാനിക്കാർ പൊന്നിൻകുടം പോലം സൽക്കരിക്കും. സഖാക്കളും ഒന്നു പോയിനോക്കു. അതിനവരോട് പരിഭവിച്ചിട്ടും പുലഭ്യം പറഞ്ഞിട്ടും കാര്യമില്ല.
മുഖ്യമന്ത്രി പട്ടം ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ടവരും ഒട്ടും ചില്ലറക്കാരല്ല. വാരിക്കുഴിക്കളാണ് അവർ സതീശന് ചുറ്റും ഒരുക്കിവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രഹസ്യവീഡിയോകളും വാർത്തകളും പ്രതിപക്ഷത്തിന് ചോർത്തികൊടുക്കാൻ കരാറെടുത്തിരിക്കുന്നത് ചുറ്റുമുള്ള സ്വന്തം പാർടിക്കാരാണ്. പുറത്തെ ശത്രുക്കളെ നോക്കിയിരുന്ന് തോൽപ്പിക്കാം. പക്ഷെ, അകത്തെ ശത്രുവിനെ നക്കിക്കൊല്ലുന്നതാണ് നല്ലത്. ഗ്രൂപ്പ് യുദ്ധങ്ങളിലെ കീചകവധത്തിനായി കച്ചകെട്ടിയിറങ്ങാൻ മുഖ്യമന്ത്രിക്ക് നേരമായെന്നർഥം.
കാരണഭൂതം
അവർ ഇപ്പോഴും തിരയെണ്ണികൊണ്ടിരിക്കുകയാണ്. ലോക്കൽ കമ്മിറ്റിയും ജില്ലാകമ്മിറ്റിയും സംസ്ഥാനസമിതിയും കഴിഞ്ഞു. ഇടക്കിടക്ക് സിസിയും ഇടവേളയിൽ പിബിയും ചേർന്നു. എന്നിട്ടും യഥാർത്ഥ പരാജയകാരണങ്ങൾ ഇതുവരേയും കണ്ടത്താൻ കഴിഞ്ഞിട്ടില്ല. പാർടിയെ തോൽപ്പിച്ച കാരണഭൂതം കുപ്പിയിൽ നിന്നും പുറത്തേക്ക് വന്നിട്ടില്ല. പത്തുവർഷക്കാലം പാർടിയെ മുന്നിൽ നിന്നും നയിച്ചവർ ഒന്നു കണ്ണാടിയിൽ നോക്കിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും. പക്ഷെ, പൂച്ചക്കാര് മണികെട്ടുമെന്നതാണ് ചോദ്യം. മാറ്റം വേണമെന്ന് എല്ലാവരും വാവിട്ട് പറയുന്നുണ്ട്. എന്നിട്ടും ഒലക്ക വിഴുങ്ങിയത് പോലൊണ് നേതാക്കന്മാർ നിൽക്കുകയും സംസാരിക്കുകയും ചെയ്യുന്നത്.
ദേശാഭിമാനി വാരാന്തപതിപ്പിൽ വി.എസിൻറെ അനുസ്മരണലേഖനത്തിന് ‘മുഴങ്ങിന്നിപ്പോഴും ആ കടലിരമ്പം’ എന്ന തലകെട്ട് എന്തുകൊണ്ടും ഉചിതമായി. വലിയൊര് കടലിന് മുന്നിൽ ബക്കറ്റിലെ വെള്ളം വെറും നിസാരമെന്ന്, ശംഖുമുഖം കടലിനേയും വിഎസിനേയും സാക്ഷിനിറുത്തി പരിഹസിച്ചത് പിണറായിയാണ്. അടുത്തദിവസം തന്നെ ഗോർബച്ചോവുമാർ വറ്റിച്ച കടലിനെ കുറിച്ച് പറഞ്ഞ് വിഎസ് തിരിച്ചടിച്ചു. അതിനിടയിലാണ് വാരാന്തപതിപ്പിൻറെ അവസാന പേജിൽ , നാടകനടനായ ‘കള്ളൻ വിജയനെ’ കുറിച്ച് മറ്റൊരു ലേഖനം അച്ചടിച്ചത്. കള്ളൻ വിജയൻ എന്ന് കേൾക്കുമ്പോൾ സഖാക്കൾക്ക് മുഖം മാറിപ്പോകുമെന്ന് കരുതിയാണ് പത്രം പുറത്തിറക്കാതെ പിടിച്ചുവെച്ചത്. കഥ വിസ്തരിച്ച് സാമൂഹികമാധ്യമങ്ങളിൽ പാട്ടാവുകയും ചെയ്തു. എന്നിട്ടും കള്ളം ഒളിച്ചുവെക്കാൻ അച്ചടിച്ച ഭാഷയിൽ അലക്കിത്തേച്ച് സംസാരിക്കുന്ന സ്വരാജിനെ കാണുമ്പോൾ ഇവർ ഈ നൂറ്റാണ്ടിൽ മാറില്ലെന്ന് മനസിലാകും. മീൻ പിടക്കാനായി മുക്കുവരാരും കടൽ വറ്റിക്കാറില്ല. തോറ്റതിൻറെ കാരണത്തേയും കാരണഭൂതനേയും കണ്ടെത്താനും ഇനിയുമധികം തിരയെണ്ണേണ്ട കാര്യവുമില്ല.
