ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയിലെ വിവിധ സ്റ്റുഡന്‍സ് യൂണിയനുകള്‍ സംയുക്തമായി നടത്തിയ ഫലസ്തീന്‍ ഐക്യദാഢ്യ പരിപാടിക്ക് നേരെ അതി ക്രൂരമായ ആക്രമണമാണ് എബിവിപിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഐക്യദാഢ്യ പരിപാടിക്ക് നേതൃത്വം കൊടുത്ത, യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറി കൂടിയായ നൂറ മൈസൂണ്‍ അനുഭവം പങ്കുവെക്കുന്നു.
ഒക്ടോബര്‍ ഏഴിന് ആഗോള ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനത്തിന്റെ ഭാഗമായി ഇഫ്‌ലു കാമ്പസില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിച്ചിരുന്നു. തെലങ്കാന സ്റ്റുഡന്‍സ് ഫോറം, എന്‍എസ്‌യു, എസ്എഫ്‌ഐ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നിവര്‍ അടങ്ങുന്ന സ്റ്റുഡന്‍സ് യൂണിയന്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് നേരെ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായി. പൊലീസിന്റെ സാന്നിധ്യത്തിലാണ് ആക്രമണം അരങ്ങേറിയത്. സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റി മാര്‍ച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. കാമ്പസ് കെട്ടിടത്തിന് പുറത്തായതിനാല്‍ അനുവാദം ആവശ്യമില്ലെന്ന നിലപാടാണ് വിദ്യാര്‍ഥികള്‍ കൈക്കൊണ്ടത്. ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് അപ്പഴേ അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്ന് നല്‍കിയിരുന്നു. ഇതില്‍നിന്ന്തന്നെ ആക്രമണത്തിന് അഡ്മിനിസ്‌ട്രേഷന്റെ പിന്തുണയുണ്ടെന്നത് വ്യക്തമാണ്. പ്രതിഷേധ പരിപാടി സമാപിച്ച ഉടന്‍ തന്നെ വന്ദേ ഭാരത് വിളികളുമായി കാമ്പസിലെ സാഗര്‍ ചത്വരത്തില്‍ എത്തിയ എ.ബി.വി.പി സംഘം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പോസ്റ്ററുകള്‍ വലിച്ചു കീറുകയും പ്രകോപന മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് എത്തിയ പോലീസ് തികച്ചും ഏകപക്ഷീയമായാണ് പെരുമാറിയത്.
പ്രതിഷേധത്തിന്റെ ഭാഗമായി കഫിയ ധരിച്ച വിദ്യാര്‍ഥിയെ പൊലീസിന്റെ സാന്നിധ്യത്തിലാണ് എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികളോട് പൊലീസ് മോശമായാണ് പെരുമാറിയാത്. വിദ്യാര്‍ഥികളെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ രണ്ടു വനിത പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉണ്ടായിരുന്നത്. യൂണിയന്‍ ഭാരവാഹികളായ വിദ്യാര്‍ഥിനികളോട് പൊലീസ്
അപമര്യാദയായാണ് പെരുമാറിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് കാമ്പസില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുന്നതിനെയും യൂണിവേഴ്‌സിറ്റി അധികൃതര്‍ വിലക്കി. പൊലീസ് കാമ്പസിനുള്ളില്‍ പ്രവേശിച്ചത് അഡ്മിന്റെ സമ്മതമില്ലാതെയാണ് എന്നാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ വാദം. എന്നാല്‍, ഈ വാദം തികച്ചും തെറ്റാണ്.
പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികളെ കൈയേറ്റം ചെയ്യുകയും വിദ്യാര്‍ഥികളെ തോക്കുമായി തള്ളി മാറ്റുകയും ചെയ്തു. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ഈ അക്രമത്തില്‍ നിന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമൂഹത്തെ സംരക്ഷിക്കാന്‍ യൂണിവേഴ്‌സിറ്റി അഡ്മിന്‍ അംഗങ്ങളില്‍ ആരും എത്തിയില്ല. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് കഠിനമായ രീതികള്‍ ഉപയോഗിച്ചു, അതേസമയം എ.ബി.വി.പി അംഗങ്ങളെ അഡ്മിനും പൊലീസും സംരക്ഷിച്ചു. പൊലീസിന്റെയും എബിവിപിയുടെയും ഗുണ്ടായിസത്തിന് അഡ്മിന്റെയും പിന്തുണയുണ്ടായിരുന്നുവെന്നത് ഇതില്‍നിന്ന് വ്യക്തമാണ്. സമാധാനപരമായ വിദ്യാര്‍ഥി സമ്മേളനങ്ങളോടുള്ള ഭരണകൂടത്തിന്റെ അസഹിഷ്ണുത വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വ്യക്തമായിരിക്കുന്നു.
നിയമപരമല്ലാത്ത കൂടിച്ചേരല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, സാമുദായിക സൗഹാര്‍ദം തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ്-എബിവിപി ഗുണ്ടായിസത്തെ അപലപിച്ചു കൊണ്ട് ഇഫ്‌ലുവിലെ സ്റ്റുഡന്‍സ് യൂണിയനുകള്‍ രംഗത്ത് വന്നിട്ടുണ്ട്.
