ഒരാള്‍
നാട്ടിന്‍ പുറങ്ങളില്‍ ഏറെ പ്രശസ്തമായ ചില ചായമക്കാനികളുണ്ട്. ആരെങ്കിലും അവിടെ കയറി ഒരു ചായ എന്നു പറഞ്ഞാല്‍ ഒരാള്‍ ഉടന്‍ ചായ എന്നു വിളിച്ചുകൂവും. എന്നിട്ട് അയാള്‍ തന്നെ അടുക്കളയിലേക്കോടി സമോവറില്‍ ചായ തിളപ്പിക്കും. ചിരിച്ചുകൊണ്ട് ആവി പറക്കുന്ന ചായ മേശപ്പുറത്ത് സമര്‍പ്പിക്കും. കുടിച്ചു കഴിഞ്ഞതും കാശുവാങ്ങുന്ന മേശയില്‍ വന്നിരുന്ന് പത്തുരൂപ കൈപറ്റും. തികവാര്‍ന്ന മെയ്‌വഴക്കത്തോടെയായിരിക്കും അയാള്‍ ഇതെല്ലാം ചെയ്യുന്നത്. ഇപ്രകാരം ഒരാള്‍ മാത്രം നടത്തുന്ന ചായമക്കാനികളെ നാം ഏകാംഗചായമക്കാനികള്‍ എന്നു വിളിക്കും. ഒരാള്‍ മാത്രമുള്ള പള്ളിക്കൂടമാണെങ്കില്‍ ഏകാംഗവിദ്യാലയം. ഒരാള്‍ മാത്രം അഭിനയിക്കുന്ന നാടകമാണെങ്കില്‍ ഏകാംഗനാടകം. ഒരാള്‍ മാത്രം ഒരു പാര്‍ടിയിലും ഒരു മുന്നണിയിലും ഒരു സംസ്ഥാനത്തും കാര്യങ്ങള്‍ തീരുമാനമെടുക്കുന്നതിനെ ഏകഭരണരാജനീതി എന്നു വിളിക്കാനാകുമോയെന്ന് കുതന്ത്രിക്ക് നിശ്ചയമില്ല. അപ്രകാരം വിളിപ്പേര് നല്‍കാനാവുമെങ്കില്‍ അതിന് ഏറ്റവും യോജിച്ച പാര്‍ടി സിപിഎമ്മാണെന്നതില്‍ കാര്യഗ്രഹണശേഷിയുള്ള ആര്‍ക്കും സംശയമുണ്ടാകാന്‍ സാധ്യതയില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ, ഒരു തിരുമൂഹുര്‍ത്തത്തില്‍ പിഎംശ്രീയില്‍ ഒപ്പിടുന്നതിലൂടെ വെളിവാക്കിയത്. വലതു കൈ അറിയാതെ ഇടതുകൈ ആ ദൗത്യം നിര്‍വ്വഹിച്ചു. സഭയിലും മന്ത്രിസഭയിലും തൊട്ടും ഉരുമ്മിയുമിരിക്കുന്ന സിപിഐ മന്ത്രിമാരുടെ ഇരുചെവിയറിയാതെയാണ് ഇപ്പണിയൊപ്പിച്ചത്. ഒപ്പിടണമെന്ന കാര്യത്തില്‍ ബോധ്യവും ബോധോദയവുമുണ്ടായത് ഒരേയൊരാള്‍ക്ക് മാത്രം. മഹാരാജാ ശ്രീമൂലം പിണറായിതമ്പുരാന്‍ അതങ്ങ് ഇഛിച്ചു. അടിമകളായ പ്രജകള്‍ ഇഛ നടപ്പാക്കി. ഞങ്ങളുടെ പാര്‍ടിയില്‍ എല്ലാ നല്ല കാര്യങ്ങളും ഒരാള്‍ മാത്രം തീരുമാനിക്കും എന്നാണ് ഗോവിന്ദനും ബേബിയും പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരിക്കുന്നത്. മൂന്നാമൂഴം കോഴികൂകാന്‍ കാത്തിരിക്കുന്ന പാര്‍ടിസഖാക്കള്‍ അപ്രകാരമാണ് നയം വ്യക്തമാക്കുന്നത്.
ആള്‍ക്കൂട്ടം
കോണ്‍ഗ്രസ് ഏറെ പഴക്കമുള്ള പാര്‍ടി എന്ന നിലയില്‍ പുരാവസ്തുവകുപ്പിന്റെ സവിശേഷ അംഗീകാരം അര്‍ഹിക്കുന്നു എന്നത് തര്‍കമറ്റ കാര്യമാണ്. ആ പാര്‍ടിയില്‍ ലോകാല്‍ഭുതം പോലെ സംഭവിക്കുന്ന ഒന്നാണ് ഭാരവാഹി തെരഞ്ഞെടുപ്പ്. അന്ത്യനാളായാലും പ്രക്രിയ അവസാനിക്കുകയില്ല. ഭാരവാഹി പ്രഖ്യാപനം സംഭവിച്ചാലാകട്ടെ, വമ്പിച്ച ആള്‍ക്കൂട്ടമായിരിക്കും നേതൃതലങ്ങളിലുണ്ടാവുക. ജംബോ കമ്മിറ്റിയെന്നാണ് അതിന്റെ വിളിപ്പേര്. പ്രഖ്യാപനം കഴിഞ്ഞ മുറക്ക് പാര്‍ടിയില്‍ ചെറിയ പടലപ്പിണക്കങ്ങളും പടക്കം പൊട്ടലുകളുമുണ്ടാകും. അടുത്ത ദിവസം മുതല്‍ ചേരിപ്പോരും കോഴിപ്പോരും കാളപ്പോരുമാരംഭിക്കും. നേതാക്കളെ സള്‍വാറും കമ്മീസും ധരിപ്പിച്ച് ദില്ലിക്ക് വിളിപ്പിക്കും. സമവായം സംഭവിച്ചതായി പ്രഖ്യാപനമുണ്ടാകും. പക്ഷെ ഒളിപ്പോര് തുടരുകയും ചെയ്യും. നൂറുകണക്കിന് നേതാക്കളുടെ ഭാരവാഹിപട്ടികയായിരിക്കും ഹൈക്കമാന്‍ഡ്, പുറത്തുവിടുന്നത്. ഒടുവില്‍ ഇപ്രകാരം ഒരു വിളംബരമുണ്ടാകും.
ആരൊക്കെ ഏതൊക്കെ സ്ഥാനത്തേക്ക് എന്ന് ഓര്‍ത്തിരിക്കാന്‍ ദൈവംതമ്പുരാന് മാത്രമേ സാധിക്കൂ. അത് എഴുതിവെക്കണമെങ്കില്‍ പേജുകള്‍ തികയുകയുമില്ല. അതിനാല്‍ ദയവായി ഓരോരുത്തരും അവരുടെ ഭാരവാഹിത്തങള്‍ ഓര്‍ത്തുവെക്കണമെന്ന് ഇതിനാല്‍ അറിയിക്കുന്നു. ഇപ്രകാരം പാര്‍ടി നടത്തുന്നതിനെകുറിച്ചുള്ള വിശേഷണമാണ് ആള്‍ക്കൂട്ട ജനാധിപത്യം. പക്ഷെ, ഇവിടെ ഒരു സുപ്രധാനകാര്യം സംഭവിക്കും. ആരും ആരേയും അംഗീകരിക്കുകയില്ല, അനുസരിക്കുകയുമില്ല.
മുഖ്യമന്ത്രികുപ്പായം
തെരഞ്ഞെടുപ്പ് എന്നു കേള്‍ക്കുമ്പോള്‍ കോണ്‍ഗ്രസില്‍ എപ്പോഴും അമിത ആത്മവിശ്വാസമായിരിക്കും. എല്ലാവരും ജയിക്കുമെന്ന് എല്ലാവര്‍ക്കും തോന്നിത്തുടങ്ങും. നേതാക്കന്മാര്‍ നല്ല വൃത്തിയുള്ള കുപ്പായങ്ങള്‍ തുന്നുത്തുടങ്ങും. ബ്യൂട്ടി പാര്‍ലറുകളില്‍ പോയി മുടി കറുപ്പിക്കും. മുഖം വെളുപ്പിക്കും. മഹാതാരങ്ങളെ പോലെ സിനിമ പോസ്റ്ററുകള്‍ എമ്പാടും പതിപ്പിക്കും. പ്രധാന നേതാക്കന്മാര്‍ തട്ടകം മാറ്റി ചവിട്ടുനാടകം കളിക്കും. മുഖ്യമന്ത്രി പദത്തിനായി പൊരുന്ന് കോഴികളെ പോലെ പരസ്പരം അങ്കം വെട്ടും. ഒടുവില്‍ ചിറകുകള്‍ കൊത്തിപ്പറിച്ച് പരാജിതരായി പൂട പോലുമില്ലാതെ തലതല്ലിക്കരയും. ഇപ്രാവിശ്യം ഹൈകമാന്‍ഡ് ഒരു കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ല. മല്‍സരിക്കുക, ജയിക്കുക. ബാക്കികാര്യങ്ങള്‍ തല്‍സമയം ചിന്തിക്കാം. പക്ഷെ എന്നിട്ടും കുപ്പായം തുന്നലും മുഖം മിനുക്കളും അങ്കം വെട്ടും ഇതുവരേയും അവസാനിപ്പിച്ചിട്ടില്ല.
അമ്പലവും കളിസ്ഥലവും
കാര്യമവര് കമ്യൂണിസ്റ്റുകാരാണെങ്കിലും ഭരണപക്ഷം പക്ഷെ നല്ല ഭക്തവല്‍സരന്മാരാണ്. എത്ര ആവേശത്തോടെയാണ് അവര്‍ ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത്. അയ്യപ്പസംഗമം കഴിഞ്ഞപ്പോഴാണ് ഒരു കാര്യം വെളിപ്പെട്ടത്. സന്നിധാനത്തെ സ്വര്‍ണപാളികള്‍ കാണ്‍മാനില്ല. പാര്‍ടിക്കാര്‍ പോറ്റിവളര്‍ത്തിയ ആരൊക്കെയോ അത് എടുത്തുകൊണ്ടുപോയി വിറ്റുതിന്നുവെന്നാണ് കരക്കമ്പി. ഭക്തന്മാര്‍ കണ്ണടച്ചു പ്രാര്‍ഥിക്കുന്നതിനിടയില്‍ സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചുവെന്നാണ് ദേവസ്വം മന്ത്രി വിശദീകരിച്ചത്. അമ്പലം വിഴുങ്ങി എന്നു കേട്ടിട്ടുണ്ട്. അവരെ നേരിട്ടുകാണാനുള്ള ഭാഗ്യം ഇപ്പോള്‍ സിദ്ധിച്ചു.
തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മെസി ഇന്നുവരും നാളെ വരും മറ്റന്നാള്‍ വരും എന്ന പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. മെസി അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു പോലെ സഖാക്കളുടെ കൂറ്റന്‍ പോസ്റ്ററുകള്‍ ഇറങ്ങാനും സാധ്യത കാണുന്നുണ്ട്. പക്ഷെ അതിന്റെ പേരില്‍ കലൂര്‍ അന്താരാഷ്ട്രാ സ്റ്റേഡിയം ഒരു ആനവിഴുങ്ങിക്ക് പണയം വെച്ചതിന്റെ ഗുട്ടന്‍സ് കുതന്ത്രിക്ക് ഇതുവരേ മനസിലായിട്ടില്ല.
ചേറും ചൊറിയും
തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രിക്ക് ഒന്നുകില്‍ ഗുഹയില്‍ ധ്യാനനിമഗ്‌നനാകണം. അല്ലെങ്കില്‍ നദിയില്‍ ദേഹം നിമഞ്ജനം ചെയ്യണം. ഇപ്രാവിശ്യം യമുനയില്‍ മുങ്ങിക്കുളിക്കണമെന്നായിരുന്നു വ്രതം. അതിനായി കോടികള്‍ മുടക്കി യമുന ശുദ്ധിയാക്കുകയും ചെയ്തു. എന്നിട്ടും നദി മലിനമുക്തമായില്ല. ഭക്തജനങ്ങള്‍ പക്ഷെ യമുനിയില്‍ മുങ്ങി തങ്ങളുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞു. എന്നിട്ടും പ്രധാനമന്ത്രിക്ക് അതിനുള്ള ധൈര്യമുണ്ടായില്ല. ചൊറിപിടിക്കാതിരിക്കാന്‍ യമുനയുടെ തീരത്ത് കൃത്രിമ കുളം നിര്‍മിച്ച് അതില്‍ മുങ്ങിനിവരാനായിരുന്നു തീരുമാനം. ശരിയാണ്. ശരീരത്തിലും മനസിലും ചേറും ചൊറിയുമില്ലാത്ത ഒരു പ്രധാനമന്ത്രിയേയാണ് രാജ്യത്തിനാവശ്യം.
