കേരളത്തിലപ്പോൾ വീര്യം കുറഞ്ഞ മദ്യമൊഴുക്കാനുള്ള തത്രപാടുകൾ, വിവാദമായികൊണ്ടിരിക്കുകയാണല്ലോ. വീര്യം കുറഞ്ഞ മദ്യത്തിൻറെ പ്രത്യേകതയെന്താണെന്ന് ചോദിച്ചാൽ അതിൽ വെള്ളം ചേർക്കേണ്ടതില്ലായെന്നുള്ളതാണ്. ഒരു ബോട്ടിൽ വാങ്ങിയാൽ എവിടെയിരുന്നാലും സൗകര്യമായിരുന്ന് സേവിക്കാം. വെള്ളമോ സോഡയോ എകസ്ട്രാഫിറ്റിംഗ് ആയി വാങ്ങേണ്ടിവരികയില്ല. ടച്ചിംഗ്സിൻറെ പോലും ആവശ്യമുണ്ടാവുകയില്ല എന്നാണ് അടിവീരന്മാർ പറയുന്നത്. വിദ്യാർഥികൾക്കും കുട്ടികൾക്കും സ്ത്രീകൾക്കും പ്രിയപ്പട്ടതാകുന്ന ജെൻസി ബ്രാൻറായി അത് വികസിക്കാനുള്ള സാധ്യതയുണ്ട്. പൂക്കി മുഖ്യമന്ത്രി തന്നെ ധനമന്ത്രിയാകയാൽ പുച്ചപെറ്റു കിടക്കുന്ന ഖജനാവിൽ, പട്ടിപ്പേറ് നടത്താനുള്ള പുറപ്പാടാണ്. ഏതായാലും തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് പ്രദർശിപ്പിച്ച വീര്യമൊന്നും ഭരണമേറ്റെടുത്ത, വടശേരി ദാമോദരമേനോൻ സതീശനിൽ കാണാനില്ലെന്നാണ് കോൺഗ്രസ് പുംഗവന്മാർ തന്നെ ഇപ്പോൾ പാടി നടക്കുന്നത്.
മറ്റാരുണ്ട് ഞങ്ങളല്ലാതെ
മൂന്നാം വട്ടവും ഭരണത്തിലേറുമെന്നാണ് പിണറായി വിജയനും ഗോവിന്ദൻ മാഷും കണക്കുകൂട്ടിയിരുന്നത്. മറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ എന്നു പറയാനുള്ള ധൈര്യം അതുകൊണ്ടാണ് അവർക്ക് കരഗതമായത്. മാറ്റമാണ് എല്ലാറ്റിനുമടിസ്ഥാനമെന്ന് മാഷ് എപ്പോഴും സ്റ്റഡീക്ലാസ് എടുക്കാറുള്ളതാണ്. പക്ഷെ, ഭരണമാറ്റം മാത്രം അവർക്ക് മുൻകൂട്ടി കാണാനായില്ല. കവലകളിലെല്ലാം പിണറായിത്തല കൂറ്റൻ ബോർഡിൽ പ്രദർശിപ്പിച്ചാൽ, വോട്ടെല്ലാം പാട്ടിലാകുമെന്നാണ് വിശ്വസിച്ചുപോന്നിരുന്നത്. മുൻ യുഡിഎഫ് ഭരണത്തെ, ഇരുണ്ടകാലമെന്നൊക്കെ വിളിക്കാനുള്ള ധൈര്യം വരേ ഇടുതുനേതാക്കൾക്കുണ്ടായി. തെരഞ്ഞെടുപ്പ് കമീഷൻ ഫലം പ്രഖ്യാപിച്ചതിനുശേഷവും തോൽവി വിശ്വസിക്കാൻ നേതാക്കന്മാർ തയ്യാറായില്ല. ലോകത്ത് ഏറ്റവും വലിയ അൽഭുതങ്ങളിലൊന്നാണത്രെ കമ്യൂണിസ്റ്റ് നേതാക്കളെ തോറ്റു എന്ന് വിശ്വസിപ്പിക്കുന്നത്. ഇപ്പോഴും തോറ്റത് ജനങ്ങളാണെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു മുൻമന്ത്രി സിനിമക്ക് പോയപ്പോൾ, നിങ്ങൾ എന്തിനാണ് തോറ്റത് എന്നാണത്രെ പൊതുജനം ചോദിച്ചത്. അപ്പോഴെങ്കിലും തങ്ങൾ തോറ്റുവെന്ന് മുൻമന്ത്രിക്ക് ബോധ്യംവന്നുകാണും.
സീറ്റെണ്ണം കുറവാണെങ്കിലും പക്ഷെ, പിണറായിയെ തന്നെ മുന്നിൽ നിറുത്തുവാനാണ് ഇടതുപക്ഷം തീരുമാനിച്ചത്. നിയമസഭയിൽ അൽപ്പം വീര്യം കുടിയ അവസ്ഥയിലാണ് അവർ പ്രതികരിച്ചുവരുന്നത്. പിഎംശ്രീ കരാർ ചെങ്കടലിൽ, വിഴിഞ്ഞത്തെ ഓഹരിവിൽപ്പന ബൂർഷ്വാകുത്തകവത്കരണം, വീര്യം കുറഞ്ഞ മദ്യം പടിക്ക് പുറത്ത് തുടങ്ങിയ പ്രതിഷേധക്കൊടുങ്കാറ്റാണ് ഇടതുപക്ഷം അഴിച്ചുവിടുന്നത്. ഇതെല്ലാം പക്ഷെ തൻകുഞ്ഞ് പൊൻകുഞ്ഞാണെന്ന് അംഗീകരിക്കുവാനും കണ്ണുതുറന്നുകാണാനുമുള്ള സാമാന്യബോധം സഖാക്കൾക്കില്ലായെന്നതാണ് സങ്കടകരം. പ്രതിഷേധങ്ങൾ നാടുനീളെ ജോറായി നടത്തണമെന്ന് അവർക്ക് ആഗ്രഹമുണ്ടെങ്കിലും യോജിച്ച നീക്കം നിയമസഭയിൽ ഇതുവരേ ഉണ്ടായിട്ടില്ല. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ ഇനിയും ആട്ടുംതുപ്പുമേറ്റ് ഏകെജി സെൻററിൻറെ ഉമ്മറത്ത് നിൽക്കാനാവില്ല എന്ന കലിപ്പിലാണ്. ഇതുവരേയുള്ള നോക്കുകൂലിയായി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്നാണ് അവരുടെ ആവശ്യം. പടപേടിച്ച് മര്യാദക്കൊരു ഇടതുമുന്നണിയോഗം പോലും വിളിക്കാൻ പറ്റാതെ നട്ടം തിരിയുകയാണ് പിണറായി.
അമ്പലം വിഴുങ്ങികൾ
ശബരിമലയിലെ സ്വർണപാളികൾ കട്ടുവിറ്റുപുട്ടടിച്ചതിനുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷം ഒരുവഴിക്കായത്. മതവും ദൈവവും വിശ്വാസവുമെല്ലാം ബ്രാഞ്ചിലും എൽസിയിലും പാടില്ലെന്നാണ് മാർക്സിസ്റ്റു പ്രമാണം. പക്ഷെ, ആരാധനാലയങ്ങളുടെ അരമനയിൽകയറിയിരുന്ന് സ്വത്തുവഹകൾ കൈകാര്യം ചെയ്യുന്നതിന് ചില ഇളവുകൾ പാർട്ടി അടുത്തകാലത്തായി സഖാക്കൾക്ക് നൽകിയിരുന്നു. കിട്ടിയ ചാൻസിൽ അൽപ്പം കയ്യിട്ടുവാരൽ ശബരിമലയടക്കമുള്ള ആരാധനാലയങ്ങളിൽ നടന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കള്ളന്മാർക്ക് കട്ടൻചായയും പരിപ്പുവടയും നൽകി സൽകരിക്കുകയായിരുന്നു പാർട്ടി. സമാനമായ അമ്പലം കൊള്ളയുടെ വാർത്തയാണ് ഇപ്പോൾ സാക്ഷാൽ അയോധ്യയിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ബിജെപിയെ അധികാരത്തിലെത്താൻ സഹായിച്ച രാമക്ഷേത്രത്തിൻറെ കാണിക്കവഞ്ചിയിൽ നിന്ന്, കോടികളുടെ സ്വത്താണ് സംഘപരിവാരമിത്രങ്ങൾ അടിച്ചുമാറ്റിയിരിക്കുന്നത്. ഭക്തന്മാർ നൽകിയ വിശുദ്ധപണം കട്ടെടുത്തവർ അത് സൂക്ഷിച്ചുവെച്ചത് ചാണകക്കുഴിയിലും ക്ലോസറ്റിലുമായിരുന്നുവത്രെ. ദൈവത്തിൻറെ പേരിൽ ഇപ്രകാരം കൊള്ള നടത്താൻ ചാണകസംഘികൾക്ക് മാത്രമേ ധൈര്യമുണ്ടാവുകയുള്ളൂ.
സുകുമാരകുറുപ്പും സുകുമാരൻനായരും
വാർത്തകളിൽ രണ്ടു സുകുമാരന്മാർ ഇപ്പോൾ നിറഞ്ഞുനിൽക്കുകയാണ്. അതിലൊന്ന് പിടികിട്ടാപുള്ളിയായ സുകുമാരകുറുപ്പാണ്. സുകുമാരകുറുപ്പ് മരിച്ചിട്ടില്ലായെന്നാണ് തെളിവുകൾ സഹിതം ആ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥാന്മാർ വാദിച്ചുവരുന്നത്. അദ്ധേഹം കാണാമറയത്തെവിടെയോയിരുന്ന് ഈ കേസിലെ സ്ഥിതിഗതികൾ വിലിയിരുത്തിവരികയാണത്രെ. സുകുമാരൻ നായരും ഇപ്പോൾ വാർത്തകളിലെ നായകനാണ്. ദാമോദരൻ മേനോൻ സതീശനെ കാണാൻ അനുവാദം ചോദിച്ച് കാത്തിരുന്നിട്ടും അനുമതി ലഭിച്ചില്ലെന്നും ഇനി താൻ ആ വഴിക്ക് പോകില്ലെന്നും നായർ തുറന്നടിച്ചിട്ടുണ്ട്. ഹിന്ദുഐക്യവേദി നേതാക്കളടക്കം കണ്ണിൽ കണ്ടവരെല്ലാം മുഖ്യമന്ത്രിയെ കണ്ട് കടാക്ഷിച്ച് പ്രസാദം തേടി ചിരിച്ച് തിരിച്ചുപോകുമ്പോഴാണ് സുകുമാരൻ നായരുടെ ഈ കാത്തിരുപ്പ്. ഇപ്പോഴിതാ കേരളത്തിലെ നായൻമാരെ തോൽപ്പിക്കാൻ ഭാരതതലസ്ഥാനത്ത് ഒരു മന്നം സ്മൃതിമണ്ഠപം തന്നെ സ്ഥാപിച്ചു തിരിച്ചടിച്ചിരിക്കുകയാണ് ബിജെപി കേന്ദ്രങ്ങൾ. ഉപരാഷ്ട്രപതിയാണ് മണ്ഠപം ഉദ്ഘാടനം ചെയ്തത്. ഞാനാണ് സെക്രട്ടറി എന്ന ഭാവവും നിങ്ങൾ ഇങ്ങോട് വരണ്ട എന്ന വാദവും അഹങ്കാരമാണെന്നാണ് ഉപരാഷ്ട്രപതിയുടെ തുറന്നുപറച്ചിൽ. കമീഷണർ സ്റ്റൈലിൽ ചില ഡയലോഗുകൾ പരിപാടിയിൽ പങ്കെടുത്ത സുരേഷ് ഗോപിയും കാച്ചിയിട്ടുണ്ട്. ഇവരെ രണ്ടുപേരേയും മന്നം സ്മാരകത്തിൽ കയറ്റാത്തതിൻറെ ഗർവ്വാണത്രെ അവർ പ്രകടിപ്പിക്കുന്നത്. സുരക്ഷാപരിശോധനയുടെ പേരിൽ സ്മാരകത്തിൽ നായയെ കയറ്റാൻ താൻ സമ്മതിക്കില്ല എന്ന നിലപാടിലാണ് നായർ.
കസേരകളി
യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയതു മുതൽ തലസ്ഥാനത്തിപ്പോൾ ഖദർധാരികളുടെ തിക്കുംതിരക്കുമാണ്. ഖദർ ഷോറുമുകളിലും അത്യാവശ്യം കച്ചവടം പൊടിപൊടിക്കുന്നുണ്ട്. കോൺഗ്രസ് ഇനി അധികാരിത്തിലെത്തില്ലെന്ന് കരുതി കൂറുമാറിയവരുടേയെല്ലാം തിരിച്ചോഴുക്കാണ് ഖദർ കച്ചവടം തകൃതിയാകുന്നതിൻറെ പിന്നിൽ. ഇപ്പോൾ ഓണത്തിനുമുമ്പ് തന്നെ കസേരകളി കേരളത്തിലാരംഭിച്ചിട്ടുണ്ട്. പുതിയ കെപിസിസി പ്രസിഡണ്ടിനെ കണ്ടെത്താനുള്ള ചർച്ചകൾ തുടങ്ങിയതാണ് കാരണം. നേതാക്കൾ പക്ഷെ യോഗ്യനായ പുതിയൊരാളെ നിർദേശിക്കുന്നതായി കാണുന്നില്ല. പകരം ഓരോരുത്തരും അവരവരുടെ യോഗ്യതകൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ആണ്ടി യോഗ്യനാണെന്ന് പറയുന്നത് ആണ്ടി തന്നെയാണ്. ഫിഫ ഫുട്ബോളിൽ ഒരു പന്തിൻറെ പിന്നിൽ ഇരുപത്തിരണ്ട് പേർ പാഞ്ഞോടുകയാണല്ലോ. ഇവിടെ പന്തിന് പകരം കസേരയാണെന്ന് മാത്രം. ഫിഫയിൽ പിന്നെ കളി നിയന്ത്രിക്കാൻ റഫറിയുണ്ടാകും. കോൺഗ്രസിൽ റഫറിയും കസേരക്ക് വേണ്ടിയുള്ള പിടിവലിയിൽ മുൻപന്തിയിലുണ്ടാകും കട്ടായം.
