‘ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ അടച്ചുപൂട്ടിയ ദേശീയപാതാവികസനം ഞങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി’ എന്നാണ് പിണറായി വിജയന്‍സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതാണ് അവരുടെ പ്രചാരണസംഘങ്ങള്‍ ചെണ്ടകൊട്ടി പാടുന്നത്. വാസ്തവമെന്താണ്?
2014 മെയ് 15ന് കേരളത്തിലിറങ്ങിയ പത്രങ്ങഷിലെ പരസ്യചിത്രം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട ജനപക്ഷ നിലപാടിന്റെ സാക്ഷ്യരേഖയാണ്. അന്നത്തെ മിക്കവാറും എല്ലാ പത്രത്തിലും ഈ അരപ്പേജ് സര്‍ക്കാര്‍പരസ്യം കാണാം. അത് ഒരറിയിപ്പാണ്. ആറുവരിപ്പാതയുടെ ചിത്രത്തിനു താഴെ ഇങ്ങനെ എഴുതിയിരിക്കുന്നു: ’30 മീറ്റര്‍ വീതിയില്‍ മീഡിയനോടുകൂടി ആറുവരിയായി കേരളം വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ദേശീയപാതയുടെ മാതൃക’. അപ്പോള്‍ അതായിരുന്നു 2014 മെയ് മാസത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നിശ്ചയം. ജനപക്ഷത്തുനിന്ന് ഉയര്‍ന്ന ആശങ്കകളും നിര്‍ദ്ദേശങ്ങളും പഠിച്ചശേഷം കോര്‍പറേറ്റ് ചുങ്കപ്പാതയല്ല കേരളത്തിന് അഭികാമ്യമെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ എത്തിയതിന്റെ മറച്ചുപിടിക്കാനാവാത്ത രേഖയാണത്.
അപ്പോള്‍ എന്‍.എച്ച്.എ.ഐ അഥവാ ദേശീയപാതാ അതോറിറ്റിയുടെ നേരിട്ടു ചുമതലയിലല്ലാതെ സംസ്ഥാനങ്ങള്‍ക്ക് ദേശീയപാതാവികസനം നടത്താന്‍ അധികാരമുണ്ട്. എല്ലാ സംസ്ഥാനത്തെ ദേശീയപാതകളും ദേശീയപാതാ അതോറിറ്റി നിശ്ചയിച്ചപ്രകാരം നിര്‍മിച്ചവയല്ല. നിയമാനുസരണമുള്ള സര്‍ക്കാറുകളുടെ നികുതിവിഹിതം മതിയാകാതെ വന്നാല്‍ ആഭ്യന്തര കടമെടുപ്പിലൂടെത്തന്നെ റോഡ് നിര്‍മിക്കാനാവുമെന്ന് അക്കാലത്ത് ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു. സഹകരണ ബാങ്കുകളിലെ പണം പ്രയോജനപ്പെടുത്താമെന്ന് ചര്‍ച്ച വന്നിരുന്നു. കോര്‍പറേറ്റുകളുടെ ചുങ്കക്കൊള്ളയ്ക്കു പകരം സര്‍ക്കാറിന്റെ മാന്യമായ ചുങ്കപ്പിരിവ് കടംവീടുംവരെ പതിവുരീതിയില്‍ ചെയ്താലും പ്രശ്‌നമാവില്ല എന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം ചര്‍ച്ചകള്‍ക്കുശേഷം എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന തരത്തിലുള്ള ഒരു ആറുവരിപ്പാതയാണ് അന്ന് സര്‍ക്കാര്‍ വിഭാവനം ചെയ്തത്. അത് കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാത്ത പാതയായിരുന്നു. കോര്‍പറേറ്റുകളുടെ വരുതിയില്‍ ഒറ്റുകാശില്‍ കണ്ണുടക്കിയവരാണ് ആ തീരുമാനം അട്ടിമറിച്ചത്. ഇതേ സംഘംതന്നെയാണ് വി.എസ് സര്‍ക്കാര്‍ മുന്നോട്ടു വെച്ച പാതാ ഡിസൈനും പദ്ധതിയും തള്ളിക്കളയാന്‍ മുന്നിട്ടിറങ്ങിയത്.
2014ല്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ഈ തീരുമാനം എടുത്തതോടെയാണ് കോര്‍പറേറ്റ് പങ്കുള്ള വികസനത്തിനുള്ള ദേശീയപാതാ അതോറിറ്റിയുടെ ദേശീയപാതാ വികസന ഓഫീസുകള്‍ അടച്ചുപൂട്ടേണ്ടിവന്നത്. അത് കേരളത്തിലെ ജനകീയറോഡ് വികസനത്തിന് അത്യാവശ്യമായിരുന്നു. ഈ ജനപക്ഷ നിലപാട് തള്ളി കോര്‍പറേറ്റ് കൊള്ളയ്ക്ക് ജനങ്ങളുടെ പൊതുപാത വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാറാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രകടിപ്പിച്ച ഇച്ഛാശക്തിയും ചുവടുവെപ്പും അക്കാലംതൊട്ടേ അട്ടിമറിക്കാന്‍ ശ്രമിച്ചുതുടങ്ങിയിരുന്നു. അധികാരം കിട്ടിയതോടെ അത് എളുപ്പമായി. നരേന്ദ്രമോദിയും ഗഡ്ഗരിയും പിണറായിയും ഒത്തുചേര്‍ന്ന് ഒറ്റക്കെട്ടായാണ് ഈ കോര്‍പറേറ്റ് ചുങ്കപ്പാത എന്ന കൊള്ളയ്ക്ക് തുടക്കമിട്ടത്.

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് എന്‍.എച്ച്.എ.ഐ ആപ്പീസ് അടച്ചുപൂട്ടി പിന്‍വാങ്ങിയതല്ല. അവരുടെ പി.പി.പി സേവനം ആവശ്യമില്ലെന്ന് സംസ്ഥാനം കയ്യൊഴിഞ്ഞതാണ്. അതാണ് പിണറായിസര്‍ക്കാര്‍ തിരിച്ചു കൊണ്ടുവന്നത്. ജനങ്ങളുടെ പൊതുപാത ജനങ്ങള്‍ക്ക് നഷ്ടപ്പെടുകയും വെറും മുപ്പതു ശതമാനംവരുന്ന ഉപരി ഇടത്തരം വര്‍ഗത്തില്‍പെട്ട പൗരപ്രമുഖരുടെ സുഖയാത്രയ്ക്ക് അത് പരിമിതപ്പെടുകയും ചെയ്തു. കേരളത്തെ നെടുകെ പിളരുന്ന മതിലായി അത് ബഹുസഹസ്രം ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തി. പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കി. ഈ വഞ്ചന മറച്ചു പിടിച്ചാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ വികസന വായ്ത്താരികള്‍ മുഴക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ ഭള്ള് പറയുന്നത്.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ സര്‍വ്വകക്ഷിയോഗത്തിലല്ലാതെ സമര സംഘടനകളുടെ സാന്നിദ്ധ്യത്തില്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് പിണറായി 2016ല്‍ അധികാരമേറ്റ ഉടന്‍ എടുത്തത്. സമരക്കാരുമായി സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കുന്ന മുന്നണി നേതാക്കളെ കോര്‍പറേറ്റ് മധുരത്തിലാഴ്ത്താന്‍ പിണറായി മോദി വികസന തന്ത്രത്തിന് എങ്ങനെ കഴിഞ്ഞുവെന്ന് അറിയില്ല. അതാണ് സംഭവിച്ചത്. ഒരു ജനവഞ്ചന, ഒരു ഒറ്റുകൊടുക്കല്‍ കേരളത്തില്‍ 2016ല്‍ അധികാരമേറ്റ പിണറായി സര്‍ക്കാര്‍ നടത്തിയതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അക്കാര്യത്തിലുള്ള പുരോഗമന നിലപാട് തഴയപ്പെട്ടത്. ആ വഞ്ചനയുടെ സാക്ഷ്യരേഖയായി 2014 മെയ് 15ന്റെ പത്രപ്പരസ്യം നമ്മുടെ ആര്‍ക്കൈവുകളില്‍ ഉണര്‍ന്നിരിക്കുന്നുണ്ട്. അതിനാല്‍, കള്ളപ്രചാരണങ്ങളില്‍ ജനങ്ങളെ വീഴ്ത്താം എക്കാലത്തും എന്ന് കരുതേണ്ടതില്ല.
(ആസാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)
