മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമാണ് എന്‍.പി ചെക്കുട്ടി. മതേതരവും ജനാധിപത്യപരവുമായ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തന മണ്ഡലത്തില്‍ അരനൂറ്റാണ്ടായി അദ്ദേഹം സജീവമായുണ്ട്. ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ സിപിഎം പ്രതിനിധിയായ ഡോ. ഗോപന്‍ അദ്ദേഹത്തെ മുസ്‌ലിം തീവ്രവാദിയെന്ന് ആക്ഷേപിക്കുന്നത് കണ്ടു. അത്ഭുതവും ഞെട്ടലും വ്യസനവുമുണ്ടാക്കുന്ന കാഴ്ച്ചയായിരുന്നു അത്.
പണ്ടൊക്കെ അഭിപ്രായം പറയുന്നവരെ കമ്യൂണിസ്റ്റാക്കുന്ന രീതിയുണ്ടായിരുന്നു. നട്ടെല്ലു നിവര്‍ത്തി അനീതിക്കെതിരെ പൊരുതുന്നവരുടെ പൊതുനാമമായി അതു മാറിയിരുന്നു. ‘ഞാന്‍ എങ്ങനെ കമ്യൂണിസ്റ്റായി’ എന്നോ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്നോ പറയുന്ന വിവരണങ്ങള്‍ ധാരാളമായി കണ്ടിരുന്നു. അത് ഓര്‍മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോഴുള്ള മുസ്‌ലിം തീവ്രവാദി, അര്‍ബന്‍ നക്‌സല്‍ തുടങ്ങിയ ചാപ്പകുത്തലുകള്‍. മുസ്‌ലിം അപരത്വ നിര്‍മാണവും കൊലവിളിയും വംശഹത്യാപ്രേരണയും ഫാഷിസ്റ്റ് ആശയപ്രയോഗത്തിന്റെ കുടിലകൗശലങ്ങളാണല്ലോ. ചോരചൊരിച്ചിലില്‍, വംശഹത്യയില്‍ അത് ചെന്നവസാനിക്കണമെന്ന് ഫാഷിസ്റ്റുകള്‍ മോഹിക്കുന്നു. ഇന്ത്യയില്‍ ആര്‍എസ്എസ്സും സംഘപരിവാരങ്ങളും ഈ ഭീകരവാദത്തിന്റെ ദുര്‍മുഖവ്യാളികളാണ്. അവരെ നമ്മുടെ ‘വിപ്ലവകക്ഷി’കളും മാധ്യമങ്ങളും ഭീകരവാദികളെന്നോ തീവ്രവാദികളെന്നോ വിളിക്കാന്‍ മടിക്കുന്നു. എന്നാല്‍, ഭീതിതരും സംഭ്രമികളുമായി കഴിയുന്ന ന്യൂനപക്ഷ മുസ്‌ലിംം വിഭാഗത്തെ രൂപം നോക്കിയും പേരു നോക്കിയും മുസ്‌ലിം തീവ്രവാദിയായി ചാപ്പ കുത്തുന്നു. ഇത് കേരളത്തില്‍ ചെയ്യുന്നത് ആര്‍എസ്എസ്സോ സംഘപരിവാരങ്ങളോ ആണെങ്കില്‍ വലിയ ഞെട്ടലുണ്ടാവേണ്ടതില്ല. സിപിഎമ്മിന്റെ ഭാഗത്തുനിന്നാവുമ്പോള്‍ ആദ്യം അത്ഭുതവും പിന്നീട് ഞെട്ടലും തുടര്‍ന്ന് വ്യസനവും ഉണ്ടാവുന്നത് സ്വാഭാവികം. എന്തൊക്കെയായാലും എത്ര വലതുജീര്‍ണതയിലടിഞ്ഞാലും ഒരു ചുവന്ന കൊടി പിടിച്ചതിന്റെ ഇത്തിരിഗുണംപോലും അവരില്‍ അവശേഷിച്ചില്ലെന്നു വരുമോ? അങ്ങനെ മനസ്സിലാക്കേണ്ടി വരുന്നതിന്റെ ധര്‍മ്മവ്യഥ ചെറുതല്ല.
ചെക്കുട്ടി മുസ്‌ലിമോ തീയനോ നായരോ എന്നതൊന്നും എന്റെ കുറിപ്പിന്റെ വിഷയമല്ല. മുസ്‌ലിം തീവ്രവാദി എന്നു വിളിക്കുന്നവന്റെ മാനസികാവസ്ഥയും രാഷ്ട്രീയബോധവുമാണ് എന്റെ വിഷയം. ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ വംശീയപദാവലി നിര്‍ലജ്ജം പരസ്യമായി എടുത്തുപയോഗിക്കുന്ന സാക്ഷരപൗരന്റെ ബോധമില്ലായ്മയാണ് എന്റെ പ്രശ്‌നം. അയാളുടെ ജനാധിപത്യ മതേതര സംസ്‌കാരമാണ് അമ്പരപ്പിക്കുന്നത്. അയാളുടെ കമ്യൂണിസ്റ്റ് മുഖംമൂടിയാണ് ഞെട്ടിക്കുന്നത്. സ്വന്തമായി ഒരു ദര്‍ശനമോ നിലപാടോ ഇല്ലാതെ ജാതിഹിന്ദുത്വ കോലായില്‍ പിച്ചതേടുന്ന ഭിക്ഷാംദേഹിയുടെ ബൗദ്ധികവിപ്ലവ നാട്യമാണ് ലജ്ജാകരം.
ഹിന്ദുത്വം ഇങ്ങനെയൊരു വിപരീതം സൃഷ്ടിച്ച് സഹോദരങ്ങളെ ബലിനല്‍കാന്‍ തയ്യാറെടുക്കുമ്പോള്‍ ഞങ്ങള്‍ സംശയിക്കാതെ പറയും. ചെക്കുട്ടി മുസ്‌ലിമാവുന്നു. ഞാനും മുസ്‌ലിമാണ്. നിങ്ങള്‍ ഹിന്ദുത്വഫാഷിസ്റ്റുകള്‍ നീതിക്കുവേണ്ടി പൊരുതുന്നവര്‍ക്ക് നല്‍കുന്ന പേര് അതാണെങ്കില്‍ ഞങ്ങളെ അത് തെല്ലും ഭയപ്പെടുത്തുന്നില്ല. മറിച്ച് നിങ്ങളുടെ ഭയമാണ് നിങ്ങളെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുന്നത്. നിങ്ങളിലെ ഹിന്ദുത്വ ഭൂതബാധയുടെ കപാലനൃത്തമാടലാണത്. അതിനു വഴങ്ങിത്തരാന്‍ ഒരു ജനാധിപത്യ വാദിക്കുമാവില്ല.
ഡോ. ഗോപന്‍, താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കും കമ്യൂണിസ്റ്റ് മുഖംമൂടി ഇനി എന്തിനാണ്? ഭൂരിപക്ഷഹിന്ദുത്വ പാര്‍ട്ടിയായി തീവ്രഹിന്ദുത്വം അംഗീകരിച്ച് ആശീര്‍വദിച്ച ഒരു രാഷ്ട്രീയകക്ഷി എന്നതിലധികം എന്ത് വിലാസമാണ് ഇപ്പോള്‍ താങ്കളുടെ പാര്‍ട്ടിക്കുള്ളത്? അതെല്ലാം താങ്കള്‍തന്നെ തുറന്നു സമ്മതിക്കുകയായിരുന്നല്ലോ. അതേതായാലും നന്നായി.
എന്‍ പി ചെക്കുട്ടിയോടൊപ്പം ജനാധിപത്യ മതേതര കേരളമുണ്ടാവും. ചെക്കുട്ടി മുസ്ലീമാണോ ഹിന്ദുവാണോ എന്ന് നോക്കാന്‍ കുനിയുന്ന ഹീനജന്മങ്ങളെ ആവരാരും കാര്യമാക്കുകയില്ല. ജാഗ്രതൈ.
(ആസാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്)
